കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം നിന്നുവെന്നും അസമത്വത്തിനെതിരെ നിര്‍ഭയം സംസാരിച്ചുവെന്നും രാഹുല്‍ പറയുന്നു. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ ദശലക്ഷക്കണക്കിന് മനുഷ്യരെ അദ്ദേഹം പ്രചോദിപ്പിച്ചുവെന്നും രാഹുല്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ എപ്പോഴും ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാര്‍പാപ്പയുടെ വിയോഗമെന്ന് വത്തിക്കാന്‍ അറിയിച്ചത്. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം മാര്‍ച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത്.
2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു. ?ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടിയും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.