ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച അദ്ദേഹം ഇന്ത്യയ്ക്ക് പൂർണ പിന്തുണ അറിയിച്ചു.
മോദി അദ്ദേഹത്തിന് നന്ദി പറയുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അറിയിക്കുകയൂം ചെയ്തു. അതേസമയം, കശ്മീരിലെ ഭീകരാക്രമണം അത്യന്തം വേദനാജനകമാണെന്നും ഭീകര വാദത്തിനെതിരെ അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്തിൽ കുറിച്ചു.
ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്തിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, ‘കശ്മീരിൽ നിന്നുള്ള വാർത്ത അത്യന്തം വേദനാജനകമാണ്. ഭീകരവാദത്തിനെതിരെ അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുന്നു. കൊല്ലപ്പെട്ടവരുടെ ആത്മാക്കൾക്കായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനും ഞങ്ങൾ പ്രാർഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ മഹത്തായ ജനതയ്ക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. അനുശോചനം അറിയിക്കുന്നു. ഞങ്ങൾ നിങ്ങൾ എല്ലാവരോടുമൊപ്പവുമുണ്ട്.’ ട്രംപ് ട്രൂത്തിൽ കുറിച്ചു.
വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ഡൊണാൾഡ് ട്രംപ് മോദിയുമായി സംസാരിച്ച വിവരം എക്‌സിലൂടെ പങ്കുവച്ചു. ‘പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ വിളിച്ച് ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ അനുശോചനം അറിയിച്ചു. പ്രസിഡന്റ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഈ ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിൽക്കുന്നു’. രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാരനിലാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. ട്രക്കിംഗിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ മലയാളിയുൾപ്പെടെ 28 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.