ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് നമ്മുടെ നാട്ടിൻപുറങ്ങളിലെ മിക്ക ചായക്കടകളിലും ഉത്സവപ്പറമ്പിലെ താൽക്കാലിക ചായക്കടകളിലും ഉള്ള ചില്ല് അലമാരകളിൽ വളരെ ഭംഗിയായി ആരും നോക്കിപ്പോകുന്ന വിധത്തിലും അതു കാണുന്നവരെ കൊതിപ്പിക്കുന്ന വിധത്തിലും അടുക്കി വച്ചിരിക്കുന്ന മടക്കുബോളിയെ കുറിച്ചാണ്. ഇത് ഒരു തവണയെങ്കിലും വാങ്ങി കഴിച്ചിട്ടില്ലാത്തവർ നമ്മുടെ ഇടയിൽ കുറവായിരിക്കും. എന്നാൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
a, മൈദ രണ്ട് കപ്പ്
b, അരിപ്പൊടി കാൽ കപ്പ്
c, പഞ്ചസാര ഒരു കപ്പ്
d, മുട്ട ഒരെണ്ണം
e, എള്ള് കാൽ ടീസ്പൂൺ
f, നെയ്യ് കാൽ കപ്പ്
g, ഫുഡ് കളർ അല്ലെങ്കിൽ മഞ്ഞൾപൊടി കാൽ ടീസ്പൂൺ
h, ഏലക്കാപ്പൊടി കാൽ ടീസ്പൂൺ
i, ഉപ്പ് ആവശ്യത്തിന്
j, വെളിച്ചെണ്ണ ആവശ്യത്തിന്
k, വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
🧉🧉🧉🧉🧉🧉🧉🧉🧉🧉🧉🧉
1 – ഒരു കപ്പ് പഞ്ചസാര ഒരു പരന്ന പാത്രത്തിലിട്ട് ഇതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് അതിലേക്ക് കാൽ ടീസ്പൂൺ ഏലക്കാപ്പൊടി കൂടി ചേർത്ത് ഇളക്കി മാറ്റി വെക്കുക.
2 – ഒരു ബൗളിൽ മൈദ, ഉപ്പ്, മുട്ട, കളർ അല്ലെങ്കിൽ മഞ്ഞൾപൊടി, എള്ള്, കാൽ ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ നന്നായി കുഴച്ച് ചെറിയ ബോൾസ് ആക്കി എടുക്കുക. അതിനുശേഷം പത്തിരി പൊടി വിതറി ചപ്പാത്തി പരത്തുന്ന പോലെ ഓരോന്നും കനം കുറച്ചു പരത്തി മാറ്റിവയ്ക്കുക.
3 – ഒരു ബൗളിൽ നാലു ടീസ്പൂൺ നെയ്യ് ഉരുക്കിയത് ഒഴിച്ച് ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പത്തിരിപ്പൊടിയും ചേർത്ത് നന്നായി കുഴമ്പ് രൂപത്തിൽ ആക്കി വെക്കുക.
4 – ഓരോ ചപ്പാത്തിയുടെയും മുകളിൽ നെയ്യും അരിപ്പൊടിയും യോജിപ്പിച്ച മിക്സ് നന്നായി തേച്ചു കൊടുക്കുക. അതിനു മുകളിൽ അടുത്ത ചപ്പാത്തി വെച്ച് ആദ്യം ചെയ്തതുപോലെ തുടരുക. ഇങ്ങനെ ഒന്നിനുമുകളിൽ ഓരോന്നായി 5 ചപ്പാത്തി വരെ അടുക്കിവെച്ച് നന്നായി ചുരുട്ടിയെടുത്ത് ഒന്നര ഇഞ്ച് വീതിയിൽ മുറിച്ചു വെക്കുക. ഓരോന്നും നീളത്തിൽ പതുക്കെ പരത്തിയെടുക്കുക.
5 – ചീനചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് തിളച്ച എണ്ണയിൽ ഓരോന്നും തിരിച്ചും മറിച്ചും ഇട്ട് തീ കൂട്ടിയും കുറച്ചും കരിഞ്ഞു പോകാതെ വറുത്തെടുക്കുക.
6 – മാറ്റിവെച്ച പഞ്ചസാര ലായനി ഒരു സ്പൂൺ ഉപയോഗിച്ച് ഇതിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കുക. രുചികരമായ മടക്കുബോളി തയ്യാർ.
✍ റീന നൈനാൻ വാകത്താനം
(മാജിക്കൽ ഫ്ലേവേഴസ്)