ജനന തീയതിയെന്നാണന്നു അറിയാത്ത പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഫാത്തിമ ബീവിയെന്ന തങ്കമ്മയാണ് എന്റെ വല്യമ്മച്ചി. പുരാതന യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ പിതാവ് പുന്തല മീരാസാഹിബിന്റെയും നായനാർ ബീവിയുടെയും ഏക മകൾ. കൗമാരത്തിൽ മേപ്രത്ത് കറുത്ത തമ്പി റാവുത്തരുടെ മകനായ ഹസ്സൻ റാവുത്തരുടെ ഭാര്യയായി എത്തിയെങ്കിലും അഞ്ചു മക്കളിൽ ഇളയ ആളായ എന്റെ പിതാവിന്റെ ഒന്നര വയസിൽ കേവലം മുപ്പത്തി മൂന്നാമത്തെ വയസിൽ വൈധവ്യം അനുഭവിക്കേണ്ടി വന്ന വലിയമ്മച്ചിയുടെ ജീവിതം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും യാതനകളും നിറഞ്ഞതായിരുന്നു .
കേവലം ഇസ്ലാമിക മദ്രസ്സ വിദ്യാഭ്യാസം മാത്രമുള്ള വല്യമ്മച്ചിയുടെ ചിന്തകളും
നാട്ടറിവുകളും ഇച്ഛാ ശക്തിയും എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. പഴയ കാലത്തിന്റെ ദുഖകരമായ നാളുകളിൽ അഭിമാനത്തോടെ മാത്രമേ ജീവിക്കാവൂ എന്ന് മക്കളോട് നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. അമിതമായ ദുഖവും ആഹ്ലാദവും പ്രകടിപ്പിക്കാത്ത വല്യമ്മച്ചി ജീവിതത്തെ സമരമായി കണ്ടു.
അധ്യാപകരായ രണ്ടു മക്കളും മികച്ച അനുഭവ പാഠങ്ങളുള്ള മറ്റു മൂന്ന് മക്കളും അടങ്ങുന്ന വല്യമ്മച്ചിയുടെ പരമ്പരയിൽ കച്ചവടക്കാരും സർക്കാർ ഉദ്ധ്യോഗത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരും സ്വദേശത്തും വിദേശത്തും മികച്ച അവസരങ്ങൾ നേടിയവരും ഉണ്ട്. എല്ലാവരും സ്വന്തം മണ്ണിൽ നിന്ന്
പറിച്ചു നട്ടുവെങ്കിലും അവരെല്ലാം സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ഏറെ സംതൃപ്തി നൽകുന്നത് .
“നിന്ന കഴുവിൽ ചെന്നു കയറരുത് “എന്ന പ്രയോഗവും “അന്ന് ഫലിപ്പ്ത് ചെയ്താലും നിന്ന് ഫലിപ്പ്ത് ചെയ്യരുതെന്ന” മികച്ച വാക്കും
“വാ ചീത്തയായാൽ എത്ര സൗന്ദര്യമുണ്ടായിട്ടും പ്രയോജനമില്ലെന്ന ” തത്വ ശാസ്ത്രവും “അനുഭവത്തിൽ വരുമ്പോൾ പഠിച്ചോളുമെന്ന” സാമാന്യ വചനവും എല്ലാം അവസരോചിതമായി ഉപയോഗിക്കുന്ന വല്യമ്മച്ചി സാഹിത്യത്തിൽ എന്നെ ചെറുതായല്ല സഹായിച്ചിട്ടുള്ളത് .
ഒന്ന് കാണാതെ മറ്റൊന്ന് ചെയ്യാത്തവരാണധികമെന്നും, മഴ ഒന്ന് പെയ്യും മരം ഒൻപതു പെയ്യുമെന്നും തുടങ്ങിയ നാട്ടു പ്രയോഗങ്ങളും ബന്ധങ്ങളിലെ വൈകല്യങ്ങളും ആളുകളോട് എങ്ങനെ പെരുമാറണമെന്നും ഒക്കെ വല്യമ്മച്ചിയിൽ നിന്ന് ലഭിച്ച പാഠങ്ങൾ ചെറുതല്ല.
പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലായിരുന്നെങ്കിലും അത്രത്തോളം ദീർഘ വീക്ഷണമുള്ള മറ്റൊരാളുമായും ഞാനിടപഴകിയിട്ടില്ല ….