പത്തനംതിട്ട –കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് അടിത്തറയിടുന്ന ഇടമാണ് അങ്കണവാടികളെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വായ്പ്പൂര്‍ തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കുട്ടികള്‍ക്കൊപ്പം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വീടുകളില്‍ നിന്ന് കുട്ടികള്‍ സമൂഹത്തിലേക്ക് വരുന്ന ആദ്യ ഇടം അങ്കണവാടികളാണ്. ഇവിടെ കുഞ്ഞുങ്ങള്‍ സുരക്ഷിതമായി ഇരിക്കണം. വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 12 വരെയുള്ള ക്ലാസ്റൂമുകള്‍ സ്മാര്‍ട്ട് ആക്കി.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലുകളാണ് എംഎല്‍എ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അങ്കണവാടിക്ക് സ്ഥലം വിട്ടു നല്‍കിയ ടി. കെ പുരുഷോത്തമനെ മന്ത്രി ആദരിച്ചു.
ത്രിതല പഞ്ചായത്ത് സംയുക്തമായി ഫണ്ട് ലഭ്യമാക്കിയാണ് അങ്കണവാടി പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വര്‍ഗീസ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.