ശ്രീമതി മേരി ജോസി മലയിൽ – ൻ്റെ ‘ വ്യത്യസ്തപാഷനും മറ്റു ചില കഥകളും ‘ എന്ന പുസ്തകം കയ്യിൽ കിട്ടിയപ്പോൾ, ഈ പുസ്തകം ഇനി പുറകിൽ നിന്നാണോ വായിച്ചു തുടങ്ങേണ്ടത് എന്ന് ഞാൻ സംശയിച്ചു പോയി. പുസ്തകത്തിൻ്റെ പുറം ചട്ടയിലെ ആ മനോഹരമായ കാർട്ടൂണുകൾ എന്നെ എൻ്റെ ബാല്യകാലത്തിലേക്ക് കൂട്ടി കൊണ്ടു പോയി. പുസ്തകം ആദ്യം കയ്യിൽ കിട്ടുമ്പോൾ അതിൻ്റെ അവസാന പേജ് വായിക്കാൻ കാത്തിരുന്നിരുന്ന ആ നാളുകൾ .
കുസൃതിക്കുടുക്കകളായ ‘ ബോബനും മോളിയും ഹിപ്പിയും …….‘! പുറം ചട്ട തന്നെ ചുമ്മാ ഒരു പുഞ്ചിരി സമ്മാനിക്കും.
ഇന്നസെന്റിന്റെ അതേ കുടുംബാംഗവും അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിന്റെ അനന്തരവളും ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻറെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം നർമ്മ കഥകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം എന്ന മട്ടിലാണെന്ന് തോന്നുന്നു . നൂലു സാബു, തിരുടൻ തിരുമാരൻ, തേൻ കണി അഥവാ തേൻകെണി, ബുൾസൈ അപ്പം . …… ഓരോ കഥയുടെ പേരുകൾ തന്നെ അതിന് ഉദാഹരണമാണല്ലോ ?
പ്രണയം, അമ്മ , മരണം ….. എന്നിങ്ങിനെ സ്ഥിരമായി കാണുന്ന സോഷ്യൽ മീഡിയയിലെ കഥകളിൽ നിന്നും വ്യത്യസ്തമായി കടയുടെ ഷട്ടറിലെ ശ്രീവിദ്യയെ വരയ്ക്കാൻ ആഗ്രഹിച്ചിരുന്ന …… അത് മോഡേൺ ആർട്ടാകുന്നതും . ആപ്പുകൾ കാരണം ആപ്പിലായ യശോദയും ഫേസ് ബുക്ക്, റീലുകൾ , ഇൻസ്റ്റായിലെ അറിവില്ലായ്മ കൊണ്ട് ബിബിസി നബീസയുടെ രോദനം കേൾക്കുമ്പോൾ ഇവരല്ലേ , നമ്മുടെ പുരയിടത്തിൻ്റെ അവിടെ താമസിക്കുന്ന…… എന്ന് തോന്നിയെങ്കിൽ അതിശയിക്കാനില്ല.
‘കോളാമ്പി മൈക്ക് ‘കളിയിലൂടെ അല്പം കാര്യമാണെങ്കിൽ ‘ ഫുട്ബോൾ പ്രേമിയുടെ കഥ ‘ ഒരു ഫുട്ബോൾ കളിയിൽ ഒതുങ്ങി നിൽക്കാതെ ‘ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാതെ ആ നാട്ടിലെ എല്ലാവരും തമ്മിൽ തമ്മിൽ ഒരു സൗഹൃദ ബന്ധം തുടങ്ങി എന്നുള്ളതാണ് ‘ – ഒരു പക്ഷെ നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന ആ സൗഹൃദ ബന്ധത്തെയാണ് കാണിക്കുന്നത്.
‘ ഡീസൻ്റ് പപ്പൻ്റെ സുന്ദര ഓർമ്മകൾ അത്ര ഡീസൻ്റ് അല്ലെങ്കിലും വായനയിലൂടെ ലഭിക്കുന്ന ആ സീനുകൾ രസകരമാണ്.
ഹിന്ദി പരീക്ഷ എന്നും കീറാമുട്ടി ആയിരുന്ന എനിക്ക് ഏലമ്മയുടെ ദുഃഖം മനസ്സിലാവും . എന്നാലും എനിക്ക് പരീക്ഷയ്ക്ക് കാണിച്ചു തരാൻ ഇയോച്ചന്മാരെ കണ്ടില്ലല്ലോ എന്ന ദുഃഖമായിരുന്നു
‘ കലം മേം ക്യാ ഹെ ?’ എന്ന കഥ വായിച്ചപ്പോൾ തോന്നിയത്. ജീവിതാനുഭവങ്ങൾ കൊണ്ട് ഏറെ പാഠങ്ങൾ പഠിച്ച റുഖിയ യ്ക്ക് വലിയൊരു നമസ്കാരം
36 കഥകളുള്ള ഈ പുസ്തകത്തിൽ ഓരോ കഥകളും നമ്മുടെ നിത്യ ജീവിതത്തിന്റെ തമാശകളും, ആനുകാലിക സാമൂഹിക സംഭവങ്ങളും കോർത്തിണക്കിയിട്ടുള്ളതാണ്.
പാലാ നിയോജക മണ്ഡലത്തിലെ നിലവിലെ നിയമസഭാംഗമായ ശ്രീ മാണി.സി. കാപ്പൻ , പ്രശസ്ത സിനിമാ നടിയായ ശ്രീമതി കാർത്തിക, അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ ഷീല, ഓൺലൈൻ പത്രമായ മലയാളി മനസ്സ് ചീഫ് എഡിറ്ററായ ശ്രീ രാജു ശങ്കരത്തിൽ, പ്രശസ്ത തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുടെ അവതാരിക തുടങ്ങിയ പ്രശസ്തരോടൊപ്പം ഈ എളിയ വായനക്കാരിയായ എൻ്റേയും എല്ലാവിധ ആശംസകൾ നേരുന്നു. ഇനിയും എഴുത്തിൻ്റെ വഴികളിലൂടെ ഒരു പാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ…….
ഈ പുസ്തകം എറണാകുളത്തുള്ള ഒരു സ്റ്റാർട്ട് അപ്പ് കമ്പനി ആയ loremipsum ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.
ശ്രീ രാജീവ് -9061288988
ശ്രീ ബ്ലൈസ് – 9995683304.
Thanks