Friday, January 3, 2025
Homeഅമേരിക്കഔദ്യോഗിക മാനങ്ങളില്ലാത്ത അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം ✍അഫ്സൽ ബഷീർ തൃക്കോമല .

ഔദ്യോഗിക മാനങ്ങളില്ലാത്ത അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം ✍അഫ്സൽ ബഷീർ തൃക്കോമല .

അഫ്സൽ ബഷീർ തൃക്കോമല .

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനം ആയ ഒക്ടോബർ 15 എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഐക്യരാഷ്ട്രസഭ ഇതുവരെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല .അതുകൊണ്ടു തന്നെ ഈ ദിനത്തിന് ഔദ്യോഗിക മാനങ്ങൾ ഇതുവരെയും ഇല്ല .ഇന്ത്യയിലും 2010 മുതലാണ്  ഒക്ടോബർ 15 വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത് എന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമോ പ്രഖ്യാപനമോ ഉള്ളതായി കാണുന്നുമില്ല. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ, ഒക്ടോബർ 15 ഗ്രാമീണ സ്ത്രീകളുടെ അന്താരാഷ്ട്ര ദിനമായി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഐക്യരാഷ്ട്രസഭ ഏതെങ്കിലും ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ, അത് ഒരു അംഗരാജ്യം ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുകയും തുടർന്ന് വിഷയം ചർച്ച ചെയ്യുകയും വോട്ടിനിടുകയും വേണം. ഭൂരിപക്ഷ അഭിപ്രായ സമന്വയം ഉണ്ടായാൽ ആ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കും .അതൊന്നും ലോക
വിദ്യാർത്ഥി ദിനത്തിൽ ഉണ്ടായിട്ടില്ല .

അതേ സമയം 1939 ഒക്ടോബർ 28 ന്, ചെക്കോസ്ലോവാഖ്യയിൽ സംഘർഷത്തിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും ശവസംസ്കാര വിലാപ യാത്ര പ്രതിഷേധമായി മാറിയതിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി ഓഫ് പ്രേഗിലേക്ക് ഇരമ്പിക്കയറി അവിടത്തെ 1200 ലേറെ വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോയി പീഢന ക്യാമ്പുകളില്‍ കൊണ്ടിടുകയും ചെക്കോസ്ളോവാക്കിയയിലെ എല്ലാ സര്‍വകലാശാലകളും കോളേജുകളും പൂട്ടിയിടുകയും ചെയ്തതിന്‍റെ നടുക്കുന്ന ഓർമ്മ ദിനമാണ് നവംബര്‍ 17 അന്തർ ദേശീയ വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നത്.1941-ൽ, ലണ്ടനിൽ വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് , എല്ലാ വർഷവും നവംബർ 17 ന് വിദ്യാർത്ഥി ദിനമായി ആചരിക്കാൻ ആഹ്വനം ചെയ്തത് . 1755-ൽ, എലിസബത്ത് ചക്രവര്തിനി തന്റെ ഉത്തരവിലൂടെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കാനായി രക്തസാക്ഷി ടാറ്റിയാനയുടെ ബഹുമാനാർത്ഥം ജനുവരി 25 ന് ടാറ്റിയാന ദിനത്തിൽ ഒരു വിഭാഗം വിദ്യാർത്ഥി ദിനം ആചരിക്കുന്നുണ്ട് .

ഹൈന്ദവ ക്ഷേത്രങ്ങളുടെ നാടായ തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് ‘അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ‘ഡോ. എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്.

രാമേശ്വരം സ്കൂൾ ,തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി . ഇംഗ്ലീഷ് സാഹിത്യത്തോടുള്ള താല്പര്യവും ‘ആകാശങ്ങളിൽ പറക്കുക’ എന്ന സ്വപ്നവും യാഥാർത്ഥ്യമാക്കാൻ 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു.

1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി . വിമാനങ്ങളുടെ പൈലറ്റാകാനാഗ്രഹിച്ച അദ്ദേഹം വ്യോമസേനയുടെ പൈലറ്റ് പരീക്ഷയിൽ പരാജയപെട്ടു .എട്ട് ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂവിൽ ഒൻപതാമത്തെ സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത് .പിന്നീട് എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതിക വിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് വിശേഷിപ്പിക്കാറുണ്ട്.

പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. . മാത്രമോ ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന (2002-2007) അദ്ദേഹത്തിന്റെ ജന്മ ദിനമാണ് “ദേശീയ വിദ്യാർത്ഥി ദിനമായി” ആചരിക്കുന്നത് . രാഷ്ട്രപതിസ്ഥാനത്തേക്കു ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി യായതും മറ്റൊരു ചരിത്രം .മികച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്‍റെ ആന്മകഥയായ “അഗ്നിച്ചിറകുകളി”ലൂടെ വിദ്യാർത്ഥികളിലേയ്ക്ക് പകര്‍ന്നത് വെറും അനുഭവപാഠങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് എങ്ങനെ ഒരു മനുഷ്യനായി മാറാം അതിനു ഏതു മാതൃക സ്വീകരിക്കണം എന്നത് കൂടിയായിരുന്നു. ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം ,ഇന്ത്യ-മൈ-ഡ്രീം,എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ ,ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ്, ചിൽഡ്രൺ ആസ്ക് കലാം,ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ ,സയന്റിസ്റ്റ് ടു പ്രസിഡന്റ് തുടങ്ങിയ മികച്ച സൃഷ്ടികളുടെ കർത്താവ് കൂടിയാണദ്ദേഹം .

ജനങ്ങൾ എന്നും അദ്ദേഹത്തെ അധ്യാപകനായി ഓ‍ര്‍മ്മിക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കു വെച്ചിട്ടുണ്ട് ,

ഭാരതരത്ന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .പഠനത്തിലും ലാളിത്യത്തിലും
അക്കാദമിക് തലത്തിലും എന്ന് വേണ്ട വിദ്യാഭ്യാസ രംഗത്ത് ഉൾപ്പടെ അബ്ദുൽ കലാം മഹനീയ മാതൃകയാണ് .”സ്വപ്നം കാണുക ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക “അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് ലോക വിദ്യാർത്ഥി സമൂഹത്തിനു ലഭിക്കാവുന്ന ഏറ്റവും മികച്ച ഉപദേശം .”ഒരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെ പോലെ തന്നയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു”.എന്ന വാക്കുകൾ എല്ലാ കാലത്തും പ്രസക്തമാണ് .

“കഷ്ടപാടുകൾ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ”എന്ന അദ്ദേഹത്തിന്റെ പ്രയോഗം സ്വന്തം ജീവിതത്തിൽ നിന്ന് തന്നെയാണ് . “ഇന്ത്യ 2020 ,എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം,ഇന്ത്യ-മൈ-ഡ്രീം ,എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ,ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ, ഗൈഡിംഗ് സോൾസ്,ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ് ,ചിൽഡ്രൺ ആസ്ക് കലാം ,ഇഗ്നൈറ്റഡ് മൈൻഡ്സ്,അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ,സയന്റിസ്റ്റ് ടു പ്രസിഡന്റ് ” തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ .

“മതം എന്നത് മഹാന്മാർക്ക് സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള മാർഗ്ഗമാണ്. അല്പമാർക്ക് അതൊരു ആയുധവും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഒരു മതേതര വാദിയുടെതായിരുന്നു ‘കലാം അയ്യർ” എന്ന് അദ്ദേഹത്തിന്റെ വിളിച്ചത് ഒരു മതേതര ചിന്തകനായത് കൊണ്ടാണ് .

2015 ജൂലൈ 27ന് ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീണു ഈ ലോകത്തോട് വിടപറഞ്ഞു.

“നിങ്ങൾ പരാജയപ്പെടുകയാണ് എങ്കിൽ ഒരിക്കലും ആ ശ്രമം ഉപേക്ഷിക്കരുത്. കാരണം പരാജയം എന്നാൽ പഠനത്തിലെ ആദ്യ ശ്രമം എന്നാണ്. അല്ലാതെ അവസാനമല്ല. എൻഡ് എന്നത് പ്രയത്‌നം ഒരിക്കലും മരിക്കില്ല എന്നാണ് അർത്ഥമാക്കുന്നത്. നോ എന്നത് അടുത്ത അവസരം എന്നാണ് കരുതേണ്ടതെന്നും” പറഞ്ഞ അദ്ദേഹത്തിന്റ ജന്മദിനം അന്താരാഷ്‌ട്ര വിദ്യാർത്ഥി ദിനമായി മാറേണ്ടതുണ്ട്. അതിനായിഅന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തി നേടിയെടുക്കാൻ ഭാരത സർക്കാർ മുൻപോട്ടു വരേണ്ടതുമുണ്ട് .

ജ്ഞാന തൃഷ്ണയോടെ സ്ഥാപനങ്ങളിലോ വ്യക്തികൾക്ക് മുന്പിലോ എത്തുന്നവരെ വിദ്യാർത്ഥികൾ എന്ന് പറയാം.കടഞ്ഞെടുത്ത ഏഴു വാക്കുകളുടെ ചുരുക്കെഴുത്താണ് STUDENT സ്മാർട്നെസ്സ് ചുറുചുറുക്ക് ,തോട്‌ ഫുൾ ചിന്തകൻ ,അൺ ബേസ്ഡ് നിക്ഷ്പക്ഷത ,ഡ്യൂട്ടിഫുൾ കർമ്മ നിരതൻ ,എനെർജിറ്റിക് ഊർജ്ജസ്വലത ,നോബിലിറ്റി മഹിമ ,ടാലെന്റ്റ് ജന്മസിദ്ധി ഇത്രയും ഒത്തിണങ്ങിയ ഒരാളാണ് വിദ്യാർത്ഥി എന്ന് പറയുന്നത് എന്ന് കൂടി ഓര്മ്മിക്കാം .

“ഒരു രാഷ്ട്രത്തിന്റെ നല്ല തലച്ചോറുകൾ ക്ലാസ്സ് മുറികളിലെ
അവസാന ബഞ്ചിലായിരിക്കും”

അഫ്സൽ ബഷീർ തൃക്കോമല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments