ഓരോ യാത്രകളും അവിസ്മരണീയമാക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളും ഓർമ്മകളുമാണല്ലോ. പല പ്രാവശ്യം അവിടം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഓരോ യാത്രയിൽ നിന്നുള്ള ഓർമ്മകൾ ഒന്നിനൊന്ന് വിഭിന്നമാണ്. ആദ്യമായിട്ട് ഞാൻ അങ്ങോട്ട് പോകുന്നത് , കുടുംബത്തിലെ എല്ലാവരുമായിട്ടുള്ള പിക്നിക്കിന്റെ ഭാഗമായിട്ട്. വായ മുഴുവനായി തുറന്നും അടച്ചും പാടുന്ന, കൂട്ടത്തിലുള്ള പുതുതലമുറക്കാരുടെ കൂടെ എന്നെപ്പോലെയുള്ളവർ മുഖം ചുളിച്ചും ഞരങ്ങിയും മൂളിയും വാണിയാമ്മയുടേയും ചിത്രാ മ്മയുടേയും പാട്ടുകൾ പാടി പിടിച്ചു നിന്നു എന്നു തന്നെ പറയാം.
KSEB യിലെ ഉദ്യോഗസ്ഥനായിരുന്ന എന്റെ അച്ഛന്റെ ഉദ്യോഗപർവ്വത്തിന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങി വെച്ച അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അടുത്തുള്ള പൊരിങ്ങൽകുത്തിലെ രണ്ടാം പവ്വർ ഹൗസ് കാണാനായിട്ടാണ് ആദ്യം പോയത്. പദ്ധതിയുടെ പണി പകുതിയായപ്പോഴെക്കും അച്ഛൻ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചിരുന്നു.
1950 കളിലെ ഈ പദ്ധതി കൊച്ചിയിലെ ഉപയോഗത്തിനു വേണ്ടിയാണ് പണിതത്. എന്നാൽ പള്ളിവാസൽ പദ്ധതി തുടങ്ങിയത് തിരുവിതാംകൂർ സംസ്ഥാനത്തിനു വേണ്ടിയാണ്. ആ നാളുകളിൽ തിരുവിതാംകൂറിൽത്തന്നെ മുഴുവൻ വൈദ്യുതി ചിലവില്ല.
1949 July 1 നു തിരുവിതാംകൂറും കൊച്ചിയും യോജിച്ചു.തിരുവിതാംകൂറും കൊച്ചിയും കൂടി യോജിച്ച സ്ഥിതിക്കു രണ്ടിടത്തും കൂടി ഉണ്ടാക്കുന്ന വൈദ്യുതിക്ക് ചിലവുണ്ടാവില്ല എന്നോർത്ത് ആ കാലത്ത് ഈ പദ്ധതിയുടെ വലിപ്പം കുറയ്ക്കാനായിരുന്നു പ്ലാൻ.
എന്നാൽ വൈദ്യുതിയുടെ ആവശ്യം വർദ്ധിച്ചു കൊണ്ടേയിരുന്നു. അങ്ങനെ 16 മെഗാവാട്ടിന്റെ യന്ത്രം കൂടി സ്ഥാപിച്ച് വിപൂലീകരണ പദ്ധതി നടത്താനുള്ള ദൗത്യം തുടങ്ങി . എന്നാൽ അതും അത്ര എളുപ്പമായിരുന്നില്ല. ആദ്യം പഴയ പവർ ഹൗസ് വലുപ്പം കൂട്ടാനാണ് ആലോചിച്ചത്. അതത്ര എളുപ്പമല്ല എന്ന് മനസ്സിലായി. അപ്പോൾ പുതിയൊരു പവർഹൗസിനെപ്പറ്റി ചിന്തിച്ചു. ബോർഡിന്റെ തന്നെ കൈവശമുള്ള സ്ഥലമാണ് തിരഞ്ഞെടുത്തത്. അവിടെ അഞ്ചാറ് കയ്യേറ്റക്കാരുണ്ട്. അവർക്ക് അന്നത്തെ നിയമപ്രകാരം അർഹതപ്പെട്ട തുക കണക്കാക്കി.
അവരെല്ലാം ഭരിക്കുന്ന മന്ത്രിയുടെ പാർട്ടിക്കാരായിരുന്നു. അതുകൊണ്ട് എളുപ്പത്തിൽ എല്ലാം നടക്കുമല്ലോയെന്ന് കരുതി. പക്ഷെ ഒറ്റ ദിവസം കൊണ്ട് ആ പാർട്ടിയിൽ നിന്ന് അവർ മറുകണ്ടം ചാടി വേറെയൊരു പാർട്ടിയിൽ ചേർന്നു. കാര്യത്തിൽ വലുത് അവനവന്റെയാണല്ലോ. ആദർശം തത്ക്കാലം അലമാരിയിൽ ഇരിക്കട്ടെയെന്ന് നിശ്ചയിച്ചു കാണും.എങ്കിലും കുറച്ചു നാളുകൾക്ക് ശേഷം അവരെ ഒഴിപ്പിക്കുകയും പതിനാറ് മെഗാവാട്ടിന്റെ ഒരു യന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കുകയും ചെയ്തു. ഇതെല്ലാം അച്ഛൻ എഴുതിയ ‘സർവ്വീസ് സ്‌റ്റോറി’ യിൽ നിന്നാണ്. രസകരമായി തോന്നിയതുകൊണ്ട് നിങ്ങളുമായി പങ്ക് വെച്ചുവെന്ന് മാത്രം.
ഞങ്ങൾ ആ പവ്വർഹൗസിൽ എത്തിയപ്പോൾ, വിദ്യുൽപ്പാദകയന്ത്രത്തിന്റെ (Turbine) ആയിരിക്കാം. ചെവി പൊട്ടിപ്പോകുമാറുള്ള ശബ്ദം . ആ സ്ഥലത്തെ ഉദ്യോഗസ്ഥൻ അവിടെയിരുന്ന് പത്രം വായിക്കുകയാണ്. ആ ശബ്ദം അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ല എന്ന മട്ടിലാണ്. 34 വർഷത്തെ ഔദ്യോഗിക ജീവിതം അച്ഛന് സമ്മാനിച്ചത് കേൾവിശക്തി ഭാഗികമായി കുറഞ്ഞു എന്നുള്ളതാണ്.
അച്ഛൻ സ്വയം അവിടെയുള്ളവരെ പരിചയപ്പെടുത്തി. അവർ രണ്ടു പേരും സന്തോഷമായി അവിടെയെല്ലാം ചുറ്റിക്കറങ്ങി കണ്ടു. ബാക്കിയുള്ളവരെല്ലാം ആ ശബ്ദത്തിൽ നിന്നു രക്ഷപ്പെട്ട് ഓടുകയായിരുന്നു.പേഴ്സണൽ സേഫ്റ്റിക്ക് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ആ കാഴ്ച ഇന്നും മനസ്സിൽ മായാതെയുണ്ട്.ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന നമ്മുടെ ഉദ്യോഗസ്ഥരുടെ ഗതികേട്. പക്ഷെ സ്വപ്നങ്ങളും ഭാവനകളും നടപ്പിലാക്കിയത് നേരിൽ കണ്ട സന്തോഷത്തിലായിരുന്നു അച്ഛൻ.
80 അടി ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം കാണാനാണ് ഞങ്ങൾ അവിടെ നിന്നും പോയത്.അന്നത്തെ യാത്രയിൽ വെള്ളച്ചാട്ടം കാണാനായിട്ടുള്ള പാത നിരപ്പല്ലാത്തതു കൊണ്ട് എല്ലാവരും ബുദ്ധിമുട്ടി.
തുടക്കത്തിൽ സുഗമമായി ഒഴുകുന്ന ചാലക്കുടി നദി അതിരപ്പിള്ളിക്ക് സമീപം കൂടുതൽ പ്രക്ഷുബ്ധമാവുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ, വലിയപാറകൾക്ക് ചുറ്റും വെള്ളം പൊങ്ങുകയും മൂന്നു വ്യത്യസ്ത തൂണുകളായി താഴേക്ക് പതിക്കുകയും ചെയ്യുന്നു. ആ മനോഹരമായ കാഴ്ച ആസ്വദിക്കാൻ സാധിച്ചോ എന്ന് സംശയമാണ്. അതിലും കാണാൻ താൽപ്പര്യം തോന്നിയത് കോളേജിൽ നിന്ന് പിക്നിക് ആയി വന്ന കുട്ടികൾ
“ഞങ്ങളെ തല്ലണ്ട ഞങ്ങൾ നന്നാവില്ല “എന്ന് പറയുന്നതുപോലെ, ഗാർഡിന്റെ കണ്ണ് വെട്ടിച്ച് വെള്ളത്തിൽ നീന്തിക്കളിക്കുന്നതും പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകൾ വകവെയ്ക്കാതെ വെള്ളത്തിലിറങ്ങുന്ന കുട്ടികളെ , വലിയ വടി എടുത്ത് അടിക്കാൻ തയ്യാറായി നിൽക്കുന്ന ഗാർഡുകളെയുയാണ്. അന്ന് ഏതാനും ഫോട്ടോകളെടുത്ത് അവിടെ നിന്നു മടങ്ങി.
2019 -ൽ തൃശ്ശൂരിൽ നിന്നും എറണാകുളത്തോട്ടുള്ള യാത്രയിൽ ചാലക്കുടിയിൽ എത്തിയപ്പോൾ, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന ബോർഡ് , “എന്തേ കാണാൻ വരുന്നില്ലേ, എന്ന് ചോദിച്ചപോലെ , എന്നാൽ അങ്ങനെ ആകട്ടെ എന്ന് വിചാരിച്ചു കൊണ്ട് അങ്ങോട്ടേക്ക് തിരിഞ്ഞു. വളഞ്ഞു പുളഞ്ഞ റോഡുകളും ചെറിയ ഗ്രാമങ്ങളുടെ പച്ചപ്പും അതിനിടയിലെ മനോഹരമായ സൗധങ്ങളും അതിനു മുൻപിലെ പൂന്തോട്ടങ്ങളും മനോഹരമായ കാഴ്ചകളാണ്. ആഗസ്റ്റ് മാസത്തിലെ കണക്കിലധികമുള്ള മഴയും കഴിഞ്ഞ വർഷമുണ്ടായ പ്രളയവുമാകാം ആകെ പേടിച്ചരണ്ട അന്തരീക്ഷമാണ് എവിടേയും. ഏതാനും ദിവസം അടച്ചിട്ടതിനു ശേഷം അന്നാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥലം തുറന്നിരിക്കുന്നത്. അങ്ങോട്ടേക്കുള്ള പാതയും നന്നാക്കിയിരിക്കുന്നു. വെള്ളച്ചാട്ടമാണെങ്കിൽ മഴ കാരണം വെള്ളം കൂടിയതു കൊണ്ടായിരിക്കാം ” അതിമനോഹരം”. കേരളത്തിന്റെ നയാഗ്ര എന്ന് നിസ്സംശയം പറയാം.
ഞങ്ങളുടെ കൂടെ വടക്കേന്ത്യയിൽ നിന്നും വന്ന ഏതാനും സഞ്ചാരികളും സിനിമാ ഷൂട്ടിംഗിനായി ലോക്കെഷൻ അന്വേഷിച്ചു വന്ന ആൾക്കാരുമാണ് ഉണ്ടായിരുന്നത്. ഹിന്ദി, തമിഴ്, മലയാളം സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷനാണ് ഇവിടെ. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പ്രധാന സീസൺ സമയം. ആ സമയത്ത് ഏകദേശം 7 ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്താറുണ്ടെന്നാണ് കണക്ക്.
വെള്ളച്ചാട്ടം കണ്ടു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പല ഭക്ഷണ ശാലകളുമുണ്ട്. ആ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ചൂടുചായയും പഴം പൊരിയുടേയും രുചി പ്രത്യേകം പറയേണ്ടല്ലോ അല്ലെ.
അതിരപ്പിള്ളി ജലപാതത്തിന് ഇരുവശങ്ങളായി കാണുന്ന വനങ്ങളിൽ തേക്ക് , ഈട്ടി, മരുത്, വേങ്ങ — തുടങ്ങിയ വാണിജ്യവൃക്ഷങ്ങൾ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, …. അതുപോലെ നിരവധി പക്ഷികളെ കാണാമെന്ന് ബോർഡുകൾ കണ്ടെങ്കിലും അവരെയാരെയും കണ്ടില്ല. ഏതാനും കുരങ്ങന്മാരെ കണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പിന്നീട് എറണാകുളത്തോട്ടുള്ള യാത്ര തുടരുമ്പോൾ മനോഹരമായ ആ കാഴ്ച കാണാനായി ചിലവഴിച്ച രണ്ടു മണിക്കൂർ സമയം ഒട്ടും നഷ്ടമായി തോന്നിയില്ല. പക്ഷെ ആ വിശേഷം ചില കൂട്ടുകാരുമായി പങ്ക് വെച്ചപ്പോൾ , August/2019 ലെ ആ യാത്രയെ അവരെല്ലാം വഴക്കു പറയുകയാണുണ്ടായത്. അതുകൊണ്ട് ഞാൻ പിന്നീടു ആരോടും പറഞ്ഞില്ല. നിങ്ങളും ആരോടും പറയണ്ട ട്ടോ.
Thanks