ഹിമാചലിൽ പൊതുവെ ഉയർന്ന സ്ഥലങ്ങളിൽ പാസുകളുണ്ട് (ചുരങ്ങൾ) . കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജലോരി ചുരം കുളുവിനെയും ഷിംലയെയും ബന്ധിപ്പിക്കുന്നു . എന്നാൽ ഞങ്ങൾ താമസിച്ചിരുന്ന ജിബി യിൽ നിന്നും ഈ ചുരം അടുത്താണ്. ജലോരി വരെ റോഡുകൾ ഒറ്റവരിയുള്ളതും മനോഹരവുമാണ്. ചുരത്തിന് ചുറ്റുമുള്ള റോഡുകൾ ഒരു ലൂപ്പിന്റെ രൂപത്തിലാണ് പോകുന്നത്. ഹിമാചലിലെ ഏറ്റവും കുത്തനെയുള്ള മോട്ടോറബിൾ ചുരങ്ങളിൽ ഒന്നാണിത്.
വടക്കൻ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10500 അടി ഉയരത്തിലാണ്. അതുകൊണ്ടു തന്നെ ഒക്ടോബർ മാസത്തിലെ ഞങ്ങളുടെ യാത്രയിൽ വഴിയരികിൽ മഞ്ഞുവീണു കിടക്കുന്നത് കാണാമായിരുന്നു. ശൈത്യക്കാലത്ത് 10 അടിയോളമൊക്കെ മഞ്ഞു മൂടി കിടക്കുമെന്നാണ് പറയുന്നത്.
അവിടെ എത്തുന്നതോടെ ശരിക്കും ഒരു ടൂറിസ്റ്റ് സ്ഥലമായി മാറുന്നു. പതിവു പോലെ മാഗി നൂഡിൽസ്, ചായ കടകളൊക്കെ സുലഭം.
സെറോൾസർ തടാകം, തീർത്ഥൻ വാലി, ജലോരി മാതാ ക്ഷേത്രം …. പലതരം കാഴ്ചകളുമായി ജലോരി പാസ് റെഡി. പക്ഷെ എല്ലായിടവും എത്തിപ്പെടേണ്ടത് ‘ നടരാജ വാഹനത്തിൽ’ ആണെന്ന് മാത്രം. അതു കൊണ്ടു തന്നെ എവിടെയെല്ലാം പോകണമെന്ന് ആദ്യമെ തീരുമാനിക്കണം.
എന്നാൽ പിന്നെ അടുത്തുള്ള ആദ്യം 360 ഡിഗ്രി കാഴ്ച കാണാൻ പോകാം എന്നായി .അധികം നടക്കേണ്ടതില്ല പകരം കുറച്ചു കയറ്റമേയുള്ളൂ എന്നാണ് അവിടെയുള്ളവർ പറഞ്ഞത്. ആ പോകുന്ന വഴിയിൽ മൂന്നു – നാലു സ്ത്രീകൾ knitting ചെയ്യുകയും അത്തരം ചെയ്ത കമ്പിളി ഉത്പന്നങ്ങൾ വിൽക്കാനുമായി വെച്ചിട്ടുണ്ട്. ഇതെല്ലാം ഏതൊരു ‘ബ്രാൻഡഡ് കമ്പിളി വസ്ത്രങ്ങൾ’ നിന്നും ഒരു പടി കൂടുതൽ ചൂടു ഉള്ളതായിട്ടാണ് എന്റെ അനുഭവം. അതിനായി അവരോടെല്ലാം ‘വിലപേശി’ എങ്കിലും തിരിച്ചു വരുമ്പോൾ വാങ്ങിക്കാമെന്ന് പറഞ്ഞു കൊണ്ട് മുന്നിൽ കണ്ട പാതയിൽ നടപ്പു തുടങ്ങി.
പാതക്ക് ഇരുവശവും കുന്നിൻ മുകളിലുമുള്ള വൻ മരങ്ങൾ നല്ലൊരു കാഴ്ചയും തണലും തന്നതിനാൽ വഴിയെ പറ്റി ആരും ശ്രദ്ധിച്ചില്ല. നടന്നിട്ടും നടന്നിട്ടും കയറ്റം ഒന്നും കാണാത്തതു കൊണ്ട് , സംശയം ചോദിക്കാനായി ആ വഴിയിൽ ആരുമില്ല താനും. പിന്നെ എന്തിനും ഒരു രക്ഷ എന്നു പറയാനുള്ളത്, ‘ ഫോൺ’ ആണല്ലോ! ‘ മാപ്പ്’ നോക്കിയപ്പോൾ വഴി തെറ്റി ഒരു പാട് മുന്നിലോട്ട് എത്തിയിരിക്കുന്നു. ആ പാത പോകുന്നത് തടാകത്തിലേക്കാണ് അതിന് ഇനിയും ഒരു പാട് നടക്കേണ്ടിയിരിക്കുന്നു.
തടാകത്തിലോട്ട് പോകണോ 360 ഡിഗ്രി വ്യൂ പോയിന്റിലേക്ക് പോകണോ എന്നറിയാതെ നിൽക്കുമ്പോൾ ഒരു ബൈക്കിന്റെ ശബ്ദം. പിന്നീട് ആ ശബ്ദം കാതോർത്ത് നിൽപ്പായി. അവിടെയെല്ലാം നിശ്ശബ്ദതയായതു കൊണ്ട് അദ്ദേഹം വീട്ടിൽ നിന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യുുമ്പോഴേ ശബ്ദം ഇവിടെ കേൾക്കാവുന്നതാണ്. അതുകൊണ്ടു തന്നെ കാത്ത് നിൽപ്പ് നീണ്ടു പോയി എന്നാലും
ഒരു ‘ ഹീറോ’ യെ പോലെ അദ്ദേഹം ബൈക്കിൽ വന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞങ്ങളിലുണ്ടായ ആഹ്ളാദം കണ്ടപ്പോൾ അയാൾ ഞെട്ടി. അദ്ദേഹത്തിന് ആ വഴിയിൽ ഒരു ഫുഡ് സ്റ്റാൾ ഉണ്ട്. അങ്ങോട്ടേക്കുള്ള യാത്രയിലാണ്. വഴികളെ പറ്റി ചോദിച്ചു മനസ്സിലാക്കിയപ്പോൾ, ഞങ്ങൾക്ക് വഴി തെറ്റിയിരിക്കുന്നു. വന്ന അത്രയും ദൂരം ഇനി മുന്നോട്ട് പോയാൽ അതായത് ഏകദേശം രണ്ടു കി.മീ. യോളം ഞങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു. അവിടെ ഒരു ഫുഡ് സ്റ്റാൾ കാണും അവിടെ നിന്ന് കുന്നു കയറി നടന്നാൽ 360 വ്യൂ പോയിന്റിലെത്താം. ആ നടപ്പ് കുത്തനയുള്ള നടപ്പായിരിക്കില്ല എന്നാരാശ്വാസവുമുണ്ട്.
‘ ഞാനല്ല നീയാണ് അല്ലെങ്കിൽ നീ കാരണം ….’ എവിടെയാണ് വഴിതെറ്റിയത് അല്ലെങ്കിൽ അങ്ങോട്ടേക്കുള്ള വഴി കാണാഞ്ഞത് എന്ന വാദപ്രതിവാദങ്ങളായിരുന്നു പിന്നീടുള്ള ഓരോ കാൽവയ്പുകളിലും . പക്ഷെ നടന്നു – നടന്നു അടച്ചു കിടന്ന ആ ഫുഡ് സ്റ്റാൾ കണ്ടപ്പോൾ , പലരിലും നഷ്ടപ്പെട്ട ഉന്മേഷം തിരിച്ചു കിട്ടിയതുപോലെ. ക്രിക്കറ്റ് കളി TV യിൽ കാണുന്നതു പോലെയാണ് തോന്നിയത്. കളി കണ്ട് ബോറടിച്ചിരിക്കുമ്പോഴായിരിക്കും 4 / 6 / out ഉണ്ടാവുക അതോടെ ആകെ ഉഷാറാവുന്നതു പോലെ . ആ കട അടച്ചു കിടക്കുകയായിരുന്നു. അവിടെ നിന്നുള്ള യാത്രയും എളുപ്പമല്ലായിരുന്നു. പാത എന്നൊന്നില്ല പലയിടത്തും ആളുകൾ നടന്നു നടന്നുള്ള ഒറ്റവരി പാതയാണുള്ളത്. എന്നാൽ വഴി നിറയെ ചാണകവും അതു പോലത്തെ വൃത്തികേടുകൾ ധാരാളം. ഫോണിലെ മാപ്പും പലപ്പോഴും പിണങ്ങി നിന്നു. പ്രധാന വ്യൂ പോയൻറിൽ നിന്നും അകലെയായിട്ടാണ് ഞങ്ങൾ ആ മലയുടെ മുകളിൽ എത്തിച്ചേർന്നത്. അതു കൊണ്ടു തന്നെ മനുഷ്യർ ഉണ്ടാക്കിയെടുക്കുന്ന വൃത്തികേടുകൾ ഇല്ല പകരം താഴ്‌വരയുടെ മുഴുവൻ വ്യക്തമായ കാഴ്ച, പ്രകൃതി അതിൻ്റെ വർണ്ണാഭമായ ദൃശ്യങ്ങളാൽ അതിസുന്ദരി. ഫോട്ടോ എടുക്കണോ വീഡിയോ എടുക്കണോ അതോ ഒരിക്കലും കാണാൻ പറ്റാത്ത ഇത്തരം കാഴ്ചകൾ ആസ്വദിക്കണോ എന്നറിയാത്ത അവസ്ഥ. മലയുടെ മുകളിൽ പലഭാഗത്തും ഐസ് ഉരുകി കിടപ്പുണ്ട്.
“യേ ജവാനി ഹേ ദീവാനി” എന്ന സിനിമയിലെ രൺബീറും ദീപികയും ആയിട്ടുള്ള ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ടത്രേ! അവിടെ നിന്ന് ഞങ്ങൾ 360 ഡിഗ്രി വ്യൂ പോയിൻ്റിലേക്ക് നടന്നു വരുകയായിരുന്നു.
അവിടെ എത്തിയപ്പോഴേക്കും മനുഷ്യരേയും അവർ വന്നു പോയതിൻ്റെ അടയാളങ്ങളായ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കാണാം. നല്ലൊരു ദൃശ്യവിരുന്ന് ഞങ്ങൾക്ക് സമ്മാനിച്ച അവിടെത്തോട് നന്ദി പറഞ്ഞ് കുന്നിറങ്ങി വരുമ്പോൾ പലരും കുത്തനെയുള്ള കുന്ന് കയറാനുള്ള തത്രപ്പാടിലാണ്. അവരോടെല്ലാം ‘360 വ്യൂ പോയിന്റിൽ നിന്നും കുറച്ചു കൂടെ മുന്നോട്ട് പോകണെ’, എന്നു പറഞ്ഞായിരുന്നു ഞങ്ങളുടെ മടക്കം.
വേനൽക്കാലത്ത് വെറും അരമണിക്കൂർ നടത്തവും മഞ്ഞുവീഴ്ചയുണ്ടെങ്കിൽ ഏകദേശം ഒരു മണിക്കൂർ നടക്കേണ്ട സ്ഥലമാണിത്. അങ്ങോട്ടേക്കാണ് ഞങ്ങൾ കിലോമീറ്ററോളം നടന്നത്. എന്നാൽ ‘വിഷമിക്കണ്ട …. അതിനല്ലെ പ്രകൃതി അതിന്റെ ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകൾ സമ്മാനിച്ച് പരിഹാരം ചെയ്തിരിക്കുന്നത് ’ എന്ന് പരസ്പരം പറഞ്ഞ് ഞങ്ങൾ ആശ്വസിച്ചു.
‘നടരാജ വാഹനം’ ത്തിലുള്ള യാത്രയോട് വലിയ താൽപ്പര്യമൊന്നുമില്ലെങ്കിലും പല തരത്തിലുള്ള അബദ്ധങ്ങൾ കാരണം പലപ്പോഴും ‘ മടിയൻ മല ചുമക്കും’ എന്നു പറയുന്നതു പോലെയാകും എന്റെ യാത്രകൾ. ഈ യാത്രകൾ സമ്മാനിക്കുന്ന ഓരോ തമാശകളെ!
Thanks
നല്ല ഒരു യാത്ര വിവരണം. 360° view point എന്താണെന്ന് അറിയാൻ കഴിഞ്ഞു. അടുത്ത ആഴ്ച വീണ്ടും മറ്റൊരു സ്ഥലവുമായി വരുമല്ലോ..
Thanks
ഓരോ കാഴ്ചയും വായനക്കാരന് അനുഭവ തന്നെ..
ഒപ്പം യാത്ര ചെയ്യുന്നതുപോലെ
Thanks
വഴിതെറ്റിയെങ്കിലും അതും മുതലാക്കുന്ന വിവരണം
നല്ല അവതരണം
Thanks
നല്ല വിവരണം
Thanks