യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തിരമായി നിയമ പ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകൾ മാർച്ച് 31നകം നിയമ പ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുന്നതല്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലറിൽ അറിയിച്ചു.
ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനൊടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കും.
പൊതുജനങ്ങൾ പഴയ വാഹനങ്ങൾ വിൽക്കുന്നതിനോ, വാങ്ങുന്നതിനോ അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകളെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതായും യൂസ്ഡ് കാർ ഷോറൂമുകൾക്ക് മോട്ടോർ വാഹന നിയമ പ്രകാരം വിൽപ്പന നടത്തുന്നതിനുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള വിശദവിവരങ്ങൾ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ www.parivahan.gov.in പോർട്ടലിൽ ലഭ്യമാണെന്നും സർക്കുലറിൽ അറിയിച്ചു.