മാടായിപ്പാറ എന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറേയേറെക്കാലമായി. സൂക്ഷം പറഞ്ഞാൽ 1986 ൽ എം വി രാഘവൻ സി എം പി രൂപികരിച്ച സമയം സി പി എമ്മുകാർ ജാഥയും പ്രകടങ്ങളും നടത്തുമ്പോൾ ‘മാടായി മാടൻ’ എന്നു സംബോധന ചെയ്തുള്ള മുദ്രാവാക്യം വിളിയിലൂടെയാണ് മാടായി എന്ന സ്ഥലത്തെപ്പറ്റി കേൾക്കാൻ തുടങ്ങിയത്. അന്ന് ഞാൻ കാസറഗോഡ് ആണ്. വിവാഹശേഷമാണ് കണ്ണൂരേയ്ക്ക് വന്നത്. ഇവിടെ വന്നതിന് ശേഷം വീണ്ടും മാടായിയെപ്പറ്റി കേട്ടുതുടങ്ങിയത് മാടായിപ്പാറ ടൂറിസ്റ്റ് കേന്ദ്രമായി പ്രവർത്തനം തുടങ്ങിയപ്പോളാണ്. പാറപ്പുറത്തു വിരിയുന്ന കാക്കപ്പൂക്കളുടെ ചിത്രങ്ങൾ കണ്ട് ആവേശം മൂത്തു മോനോട് അവിടെ പോകണമെന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.
മോനാണെങ്കിൽ പലവട്ടം അവിടെപോയിട്ടുണ്ട്. അവൻ കാക്കപ്പൂവ് പോയിട്ട് അവിടൊരു തൊട്ടാവാടി പോലുമില്ല എന്ന് ആണയിട്ടു പറഞ്ഞിട്ടും ഞാനുണ്ടോ വിടുന്നു.
ഗൂഗിളിൽ തപ്പി മാടായിപ്പാറയിലെ കാക്കപ്പൂക്കളുടെ സകലമാന ഫോട്ടോസും കാണിച്ചു കൊടുത്തു. ഇപ്പോൾ ഓണക്കാലമല്ലേ, കാക്കപ്പൂക്കളുടെ സമയമാണ്. നീ പൂക്കളില്ലാത്ത സമയത്തു പോയി പാറയുടെ ഏതെങ്കിലും മൂലയ്ക്ക് പോയിരുന്നിട്ടാണ് പൂക്കൾ കാണാത്തതെന്നും പറഞ്ഞു അവനെ ഒരു വിവരദോഷിയും പ്രകൃതിസ്നേഹമില്ലാത്തവനുമൊക്കെ ആക്കി. എന്നാൽപ്പിന്നെ മമ്മയ്ക്ക് മാടായിപ്പാറ കാണാഞ്ഞിട്ടു ഉറക്കം വരാതിരിക്കേണ്ട എന്നു പറഞ്ഞു കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു ഞങ്ങൾ അങ്ങോട്ടേയ്ക്ക് യാത്രതിരിച്ചു. വിശാലമായ പാറപ്പുറം നിറയെ നീല കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ദൃശ്യമാണ് മനസ്സ് നിറയെ. ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അതിവിശാലമായ മാടായിപ്പാറയിലെത്തി.
ഇതാണ് മാടായിപ്പാറ. ഇവിടെ എവിടെയാണ് മമ്മാ കാക്കപ്പൂക്കൾ? മകന്റെ ചോദ്യം കേട്ട് ഞാൻ ചുറ്റും നോക്കി. പരന്നുകിടക്കുന്ന വിശാലമായ പാറപ്പുറമല്ലാതെ ഒന്നും അവിടെ കണ്ടില്ല. ആകെ വിഷമിച്ചു നിൽക്കുമ്പോൾ മോൻ പറഞ്ഞു വാ നമുക്ക് അങ്ങോട്ട് നടന്നു നോക്കാം. എവിടെയെങ്കിലും ഒരു പൂവുണ്ടോ എന്ന്. പാറപ്പുറത്തേയ്ക്ക് ഒരു കാൽ സൂക്ഷിച്ചു വെച്ചില്ലെങ്കിൽ കുപ്പിച്ചില്ലു കാലിൽ കയറും. അതുപോലെ ബിയർ കുപ്പികൾ പാറ നിറയെ പൊട്ടിച്ചിട്ടിരിക്കുകയാണ്. കുപ്പിച്ചില്ലുകൾ ഇല്ലാത്ത ഒരിഞ്ചു സ്ഥലം ആ പാറയിലില്ല.
ഞാനും മോനും ഇതിനിടയിലൂടെ സൂക്ഷിച്ചു ബാലൻസ് ചെയ്തു കുറച്ചു നടന്നുനോക്കി. ഭൂതക്കണ്ണാടി വെച്ചു നോക്കിയാൽ കാണുന്നത്ര ചെറിയ ഒരുകൂട്ടം പൂക്കൾ കണ്ടു. കുത്തിയിരുന്നു നോക്കണം പൂക്കൾ കാണണമെങ്കിൽ. അവധി ദിവസമായതുകൊണ്ട് ആളുകൾ വരുന്നുണ്ട്. ആകെ മനസ്സു മടുത്തു എങ്ങനെയും അവിടുന്നു തിരിച്ചുപോയാൽ മതിയെന്നായി.
മമ്മാ പൂവ് കണ്ടല്ലോ ഇനി തിരിച്ചുപോയാലോ? മകന്റെ ആക്കിയ സംസാരം കേട്ടപ്പോൾ ഞാൻ വീണിടത്തു കിടന്നുരുളാൻ നോക്കി.
ഇക്കൊല്ലം പൂവ് വിരിയാഞ്ഞിട്ടാണെന്നൊക്കെ പറഞ്ഞു ഞാൻ എന്നെത്തന്നെ ന്യായീകരിച്ചു.
ഓ..സമ്മതിക്കരുത്. വീണ്ടും മകൻ ആക്കിച്ചിരിച്ചു.
അപ്പോളാണ് ഒരു മൂലയ്ക്ക് വടുകുന്ദ ക്ഷേത്രത്തിന്റെ ഗോപുരവും അതിനു മുന്നിൽ പാറയിൽ രൂപീകൃതമായ ഒരു തടാകവും കണ്ടത്. ഏതായാലും വന്നതല്ലേ അതുകൂടി കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് ക്ഷേത്രത്തിന്റെ മുന്നിലും തടാകക്കരയിലും പോയി കുറച്ചു ഫോട്ടോസ് എടുത്തു നേരെ ചൂട്ടാട് ബീച്ചിലേക്ക് വിട്ടു. ഇടുങ്ങിയ വഴിയുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടിരിക്കുന്നതുകൊണ്ട് വഴി മുഴുവൻ ബ്ലോക്ക് ആണ്. ബ്ലോക്കിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ടു ബീച്ചിലെത്തി. വെറുതെ അവിടെയൊന്നു ചുറ്റിയടിച്ചു പെട്ടെന്ന് തിരിച്ചുപോന്നു. ബീച്ചിൽ ഇതിനു മുൻപും പോയിട്ടുള്ളതിനാലും അവധിദിവസത്തെ തിരക്കും കൊണ്ട് പെട്ടെന്ന് ബോറടിച്ചു. ബീച് ഫെസ്റ്റ് നടക്കുകയാണ്. പ്രവേശന കവാടത്തിൽ ദിനോസർ കാട്ടുപോത്ത് ഏതാനും പക്ഷികൾ എന്നിവയുടെ മിനിയേച്ചർ രൂപങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് എന്തിനാണെന്ന് ഒരു പിടിയും കിട്ടിയില്ല. കാശുണ്ടാക്കാൻ വേണ്ടി മാത്രം നടത്തുന്ന ടൂറിസമാണെന്നു അത് കണ്ടാൽത്തന്നെ മനസ്സിലാകും.
ബീച്ചിൽ പ്രവേശിക്കാൻ ഒരാൾക്ക് 70 രൂപ കൊടുക്കണം. അതിന്റെതായ യാതൊരു മെച്ചവും അവിടെ കണ്ടുമില്ല.
ഒട്ടും ആസൂത്രിതമല്ലാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഈ ബീച് എന്നു തോന്നി. കാറ്റാടി മരങ്ങൾക്കിടയിൽ തുരുമ്പിച്ച കുറെ കസേരകളും മറ്റും കിടക്കുന്നതിൽ ഇരിക്കാൻ പോലും പറ്റില്ല. പിന്നിലെ കായലിൽ ബോട്ടിങ് നടത്തുന്നുണ്ട്. ആകെ മൊത്തം മുഷിഞ്ഞ ഒരു സ്ഥലം. കുട്ടികൾക്കായി കുറച്ചു ആക്ടിവിറ്റിസുകളും റൈഡുകളും ഉണ്ടെന്നത് മാത്രമാണ് മെച്ചം.
ഇനി മറ്റൊരു പാറയെപ്പറ്റി;
കാഞ്ഞങ്ങാട് നിന്നും പാണത്തൂർ റൂട്ടിലും ഒടയഞ്ചാൽ നിന്നും കോടോം ഉദയപുരം റൂട്ടിലും മാടായിപ്പാറയേക്കാൾ മനോഹരമായ പാറപ്പുറം ഉണ്ട്. വൈകുന്നേരമാകുമ്പോൾ അറബിക്കടലിൽ സൂര്യൻ അസ്തമിക്കുന്ന മനോഹര കാഴ്ച്ച പലപ്പോഴും ഇവിടെനിന്നും കണ്ടിട്ടുമുണ്ട്. അവിടെക്കൂടിയൊക്കെ കുപ്പിച്ചില്ലു ചവിട്ടാതെ നടക്കാം എന്നൊരു മെച്ചം കൂടിയുണ്ട്. അവിടെയുമുണ്ട് മനോഹരമായ പേരറിയാത്ത പൂക്കൾ.
അതിലേക്കൂടിയൊക്കെ നടന്നു വളർന്ന ഞാൻ ഈ മാടായിപ്പാറയിൽ എന്തു കാണാൻ പോയതാണോ എന്നോർക്കുമ്പോൾ ഇത്തിരി വിഷമം.
സാമൂഹ്യദ്രോഹികൾക്ക് വൈകിട്ട് വന്നിരുന്നു മദ്യപിക്കാനും കുപ്പി പൊട്ടിച്ചെറിയാനും മാത്രമായി മാടായിപ്പാറ എന്ന പ്രദേശം ഇങ്ങനെ നിരന്നു കിടക്കുന്നു. ഇതൊന്നും നിയന്ത്രിക്കാൻ ആരുമില്ല എന്നതും പോരായ്മ്മയാണ്. അടുത്ത പ്രദേശങ്ങളിലുള്ളവർക്ക് വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം മാത്രമാണ് മാടായിപ്പാറ. അസ്തമയത്തിനും ഒരുപക്ഷേ ഭംഗിയുണ്ടാകാം.
ഈ സ്ഥലം സംരക്ഷിക്കാൻ പരിസരപ്രദേശങ്ങളിലുള്ളവർ ഓരോരുത്തരും മുന്നിട്ടിറങ്ങിയാലെ നടക്കൂ. ഏതാണ്ട് അഞ്ഞൂറേക്കറിൽ പരന്നു കിടക്കുന്ന ഇവിടം സംരക്ഷിക്കുക എന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ടൂറിസ്റ്റുകൾ യഥേഷ്ടം വരുന്ന സ്ഥലമാണ് ഇത്ര നിരുത്തരവാദപരമായി ഇട്ടിരിക്കുന്നത്.
മാടായിപ്പാറ എന്നതിന് പകരമായി ‘കുപ്പിച്ചില്ലു ടൂറിസം പാറ’ എന്നതായിരിക്കും കൂടുതൽ ചേരുക. വിവിധ നിറത്തിലും ആകൃതിയിലും സൂര്യപ്രകാശത്തിൽ കുപ്പിച്ചില്ലുകൾ ഇങ്ങനെ തിളങ്ങിക്കിടക്കുന്നതുകാണാൻ ആഹാ, എന്താ ഭംഗി!