Sunday, December 22, 2024
Homeകഥ/കവിതഭൂമിദേവി വീണ്ടും പുഷ്പിണിയായി (കഥ) ✍ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

ഭൂമിദേവി വീണ്ടും പുഷ്പിണിയായി (കഥ) ✍ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

“മോനേ, ഉണ്ണീ.. ഇപ്രാവശ്യത്തെ ഓണത്തിനെങ്കിലും ഒരു രണ്ടുരുള ചോറ് നിന്നോടൊപ്പം കഴിക്കാനുള്ള യോഗം ഈ തൊണ്ണൂറുകാരിക്ക് ഉണ്ടാകുമോ?”
മുത്തശ്ശിയുടെ കത്തിലെ വരികൾ ഒരു അശരീരിയായി മനസ്സിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. നീണ്ട ഇടവേളകൾക്കുശേഷം കണ്ണിൻ്റെ നോട്ടം വീണ്ടും കലണ്ടറിനെ തേടിയെത്തി. നാടിനെ എന്നിൽനിന്നകറ്റിയിട്ട് കാലം ഇരുപതു വയസ്സിലേക്കെത്തിയിരിക്കുന്നു. സർക്കാർ സർവ്വീസിലായിരുന്നെങ്കിൽ എനിക്കും ഇപ്പോൾ ഏതാണ്ട് പെൻഷനാവേണ്ട പ്രായമായിക്കാണും.

ഇത്രയും വർഷം ഗൾഫ് മരുഭൂമിയിൽ കെട്ടിയിടപ്പെട്ട ഏക മലയാളി മനുഷ്യജന്മം ചിലപ്പോൾ എൻ്റേതുമാത്രമായിരിക്കും. ജനനമരണങ്ങൾ, വിവാഹങ്ങൾ, വിവാഹമോചനങ്ങൾ, പിറന്നാളുകൾ, വരൾച്ച, വെള്ളപ്പൊക്കം മററു പ്രകൃതിക്ഷോഭങ്ങൾ… നാട്ടുവിശേഷങ്ങൾ ഒന്നൊഴിയാതെ മുത്തശ്ശിയിൽ നിന്നും കത്തിൽകൂടി ഈ മൊബൈൽഫോൺ യുഗത്തിലും അറിയുന്നതായിരുന്നു, ആകക്കൂടെ നാടിനെ ഞാനുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി.

അച്ഛനെയും അമ്മയേയും കണ്ട ഓർമ്മയില്ല. ജനിച്ചിട്ടധികം കഴിയുന്നതിന്നുമുമ്പേ അവർ മരണപ്പെട്ടിരുന്നു. പിന്നീട് എനിക്കെല്ലാം മുത്തശ്ശിയായിരുന്നു. എന്തിനും ഏതിനും മുത്തശ്ശിയായിരുന്നു.

മുത്തശ്ശൻ മരിക്കുന്നതുവരെ തട്ടിമുട്ടി മുന്നോട്ടുപോയിരുന്ന കുടുംബ ബന്ധങ്ങൾ പിന്നീട് പാടേ തകർന്നു. വഴക്കും വക്കാണവുമായി. ഒടുവിൽ ഭാഗം വെപ്പായി. മൂന്നുവിള കൊയ്യുന്ന പൊന്നാര്യൻ പാടങ്ങളും കല്പവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ പുരയിടങ്ങളും അമ്മാവൻമാർ മത്സരിച്ചു കയ്യടക്കി. തകർന്നു വീഴാറായ തറവാടുവീട്ടിന് അവർ താജ്മഹലിനെക്കാൾ വലിയ മതിപ്പുവില കണക്കാക്കി. അങ്ങിനെ ചിതലും ചീവീടുകളും വവ്വാലുകളും ഉരഗങ്ങളും നാല്ക്കാലികളും എട്ടുകാലികളും മത്സരിച്ചാക്രമിച്ചു കീഴടക്കിക്കൊണ്ടിരുന്ന ആ രാജധാനിയിൽ ആകക്കൂടിയുള്ള രണ്ടു ഇരുകാലി അന്തേവാസികളായി ലക്ഷ്മി മഹാരാജ്ഞിയെയും പൗത്രൻ പത്മനാഭൻ രാജകുമാരനെയും സ്ഥാനാരോഹണം ചെയ്യിച്ചു!..

അമ്പലത്തിൽ കഴകമുണ്ടായിരുന്നതുകൊണ്ട്, മറ്റുരണ്ടുനേരം വായുഭക്ഷണമായിരുന്നെങ്കിൽക്കൂടെ, ഒരു നേരമെങ്കിലും തിരുവക്കാടിയെന്ന മൃഷ്ടാന്ന ഭോജനം തൻ്റെ പൗത്രന് നല്കാൻ മുത്തശ്ശിക്കു കഴിഞ്ഞിരുന്നു. പച്ചമുളകും പുളിയും ഉപ്പുംചേർന്ന സദ്യവിഭവങ്ങളോടൊപ്പം പഴയ കാര്യസ്ഥൻ അപ്പുനായരുടെ ദയാവായ്പിൽ വല്ലപ്പോഴും കിട്ടിയിരുന്ന സംഭാരവും ചേർന്നാൽ അമൃതേത്ത് കെങ്കേമമാകും!

എങ്ങിനെയൊക്കെയോ എസ്സ്.എസ്സ്.എൽ.സി വരെയെത്തി. മെറിറ്റിൽത്തന്നെ ടി.ടി.സിക്ക് അഡ്മിഷനും കിട്ടി. പക്ഷെ, അകലേ താമസിച്ചുകൊണ്ടുള്ള പഠനച്ചെലവുകൾ താങ്ങാൻ ഒരു മാർഗ്ഗവും കണ്ടില്ല. കൂടാതെ, എന്റെ ഉള്ളിൻ്റെയുള്ളിൽ മുത്തശ്ശിയെ തനിച്ചാക്കിപ്പോകാനുള്ള മടിയുമുണ്ടായിരുന്നു.

തറവാടിനോടുചേർന്ന് മുത്തശ്ശിക്കു കിട്ടിയ ചെറിയ പുരയിടത്തിലും കാരണവന്മാർക്ക് മടിച്ചുമടിച്ചു, എനിക്കു മാത്രമായി ഭാഗംവെച്ചു തരേണ്ടിവന്ന കുറച്ചുവയലിലും കൃഷിപ്പണി ചെയ്തുകൊണ്ട്, വലിയ പട്ടിണി കൂടാതെ രണ്ടുചാൺ വയറുകൾ ഒരുവിധം മുന്നോട്ടുപോയി. നാട്ടിലെ നൂറേക്കർ ജന്മിയായിരുന്ന ശേഖരവാര്യരുടെ പൗത്രൻ, മറ്റുള്ളവരുടെ വയലിലെ ചെളിയിൽ കിടന്നുരുളുന്നതിലെ നാട്ടുകാരുടെ മനോവിഷമവും പരിഹാസവും പുച്ഛവും കൂരമ്പുകളും കണ്ടില്ലെന്നു നടിച്ച്, ഇടയ്ക്കിടക്ക് ഒരു കർഷകത്തൊഴിലാളിയുടെ വേഷംകൂടെ കെട്ടിയാടിയതുകൊണ്ട്, മറ്റു ചെലവുകൾക്കുള്ള വകയും കഷ്ടി മുഷ്ടി ഒത്തുവന്നു. കെട്ടുപ്രായം കഴിഞ്ഞ ഒരു പുരുഷൻ വീട്ടിലുള്ളതിൻ്റെ ആവലാതിയും വേവലാതിയും നാട്ടുകാരോടൊപ്പം മുത്തശ്ശിയും പങ്കുവെച്ചു തുടങ്ങിയെങ്കിലും മുന്നാമതൊരു ചാൺ വയറിനെക്കൂടെ പട്ടിണിക്കിടാൻ മനസ്സ് സമ്മതിക്കാത്തതുകൊണ്ട്, വിവാഹത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.

അങ്ങിനെയിരിക്കുമ്പോഴാണ്, നാട്ടിൽ മൊത്തം വസൂരിദീനം പടർന്നു പിടിച്ചത്. എഴുപതിലേക്കെത്തിയിരുന്ന മുത്തശ്ശിക്ക് ജ്വരം കലശലായി. മുത്തശ്ശി ചില സമയങ്ങളിൽ അബോധാവസ്ഥയിലേക്കുപോലും വഴുതിവീണു. മറ്റുസമയങ്ങളിൽ അത്തും പിത്തും പറഞ്ഞുതുടങ്ങി. ജീവൻ രക്ഷിക്കണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി കോഴിക്കോടോ മണിപ്പാലിലേക്കോ കൊണ്ടുപോകണം. യാത്രാ, ചികിത്സാച്ചെലവുകൾ എങ്ങിനെ കണ്ടെത്തും? ഒടുവിൽ രണ്ടുംകല്പിച്ച് നാട്ടിലെ അറിയപ്പെടുന്ന ബ്ലെയിഡായ സൂലൈമാൻ ഹാജിയെ ചെന്നു കണ്ടു.

“ബാര്യരൂട്ടി ഗൾഫിലുള്ള ഞമ്മളെ എളേ മോൻ മമ്മതിൻ്റെ ഒപ്പരം പടിച്ചതാന്നൊക്കെ ശരിതന്നെ. പക്കെങ്കിലു്, എന്തേലും പണയം ബെക്കണം. അതുംപോരാണ്ട് ഒരുറുപ്പ്യക്ക് പയിനഞ്ച്കായി ബെച്ച് പലിശേം ബേണം. പിന്നെ കായീൻ്റെ കാര്യത്തില് ഞമ്മക്ക് ബാപ്പേം ഉമ്മേം ബന്തോം ഒന്നുംല്ല. രണ്ടുമാസം കയീന്ന മലയാളമാസം ഒന്നാംതീക്ക്തന്നെ ഈട പലിശപ്പണം കിട്ടിത്തൊടങ്ങണം. ഇല്ലെങ്കി ഞമ്മളെ ബിദം മാറും. ബാവം മാറും.”

തന്നപണം എണ്ണി നോക്കുകകൂടെ ചെയ്യാതെ, മുത്തശ്ശിയെ അടിയന്തിരമായി മണിപ്പാലിലെത്തിച്ചു. മുന്നാഴ്ചത്തെ ചികിത്സക്കുശേഷം മുത്തശ്ശി ഒരുവിധം രോഗവിമുക്തി കൈവരിച്ചു. പക്ഷെ, സുലൈമാൻ്റെ പണം മുഴുവനായും തീർന്നിരുന്നു!

മുത്തശ്ശിക്കുശേഷം രോഗം എനിക്കും പടർന്നു. ഒരുമാസത്തെ സ്വയം ചികിത്സയിലൂടെ ഒരുവിധം ആര്യോഗ്യനില തിരിച്ചുകിട്ടി. പക്ഷെ, സൂലൈമാൻ്റെ പലിശയടവു മുടങ്ങി. പറഞ്ഞതുപോലെ ഹാജിയുടെ കിങ്കരന്മാർ ഭീഷണിയുമായി വീട്ടിലെത്തിയപ്പോഴാണ്, തറവാടിൻ്റെ ആധാരമാണ് പണയം വെച്ചതെന്ന കാര്യം മുത്തശ്ശിപോലും അറിയുന്നത്. പിന്നീട് നാട്ടുകാരറിഞ്ഞു. കാരണവൻമാർ അറിഞ്ഞു.

മൂത്തകാരണവരുടെ കുലംകുത്തിയെന്ന അധിക്ഷേപ വാക്കുകൾക്ക് മറ്റു
കാരണവൻമാരും നാട്ടുപ്രമുഖരും കുടപിടിക്കുന്നതു കണ്ടപ്പോൾ, എന്റെ മനസ്സ് അത്രയ്ക്കങ്ങട്ടു പതറിയില്ല. എന്നാൽ അന്നേവരെ എന്നോട് മുഖം കറുപ്പിച്ച് ഒരു വാക്കുപോലും പറയാതിരുന്ന മുത്തശ്ശി, എൻ്റെ മുഖത്തുനോക്കി ദ്വേഷ്യത്തിൽ
” ഉണ്ണീ..ഈ കിഴവി മരിക്കുന്നെങ്കിൽ മരിച്ചോട്ടെ എന്നുവെച്ചാൽ മതിയായിരുന്നു. അതിനുവേണ്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള, ഈ തറവാട് കണ്ണിൽക്കണ്ട മാപ്പിളമാർക്ക് പണയം വെച്ചത്, കൊടുംപാതകമായിപ്പോയി. നിൻ്റെ തെറ്റിനു മാപ്പില്ല. നിൻ്റെ തലയിൽ ഇടിത്തീ……എൻ്റെ ദുർഗ്ഗാ ഭഗവതിയമ്മേ..എൻ്റെ ഉണ്ണിയെ പിതൃശാപങ്ങളിൽനിന്നു രക്ഷിക്കാൻ നീയേ തുണ.. ”
എന്നുച്ചത്തിൽ വിളിച്ചു പറഞ്ഞതു കേട്ടപ്പോൾ… വായിൽ വന്ന ആദ്യത്തെ ശാപവാക്കുകൾ മുഴുവനാക്കാതെ മുത്തശ്ശി പിന്നീട് ചില തിരുത്തലുകൾ വരുത്തിയെങ്കിലും… ഹിരോഷിമയിലെക്കാൾ കൂടുതൽ ബോംബുകൾ എൻ്റെ മനസ്സിലേക്ക് വർഷിച്ചു കഴിഞ്ഞിരുന്നു.

കരിഞ്ഞുണങ്ങിയ മനസ്സിന്, ചിന്താശക്തിയും വകതിരിവും നഷ്ടപ്പെട്ടിരുന്നു. രണ്ടാമതൊന്നാലോചിക്കാതെ രാത്രിക്കുരാമാനം നാടുവിട്ട് ബോംബെയിലെത്തി. കുറച്ചുദിവസം അലഞ്ഞുതിരിഞ്ഞു. പിന്നീട്, ഒരു തമിഴൻ്റെ ഹോട്ടലിൽ കയറിപ്പറ്റി. രണ്ടുമൂന്നുമാസം കടിച്ചു പിടിച്ചുനിന്നു. പിന്നീട് മുത്തശ്ശിവിചാരം മനസ്സിനെ വല്ലാതെകണ്ട് മഥിച്ചപ്പോൾ, ഒരെഴുത്തിൽക്കൂടെ മുത്തശ്ശിയെ എല്ലാ വിവരങ്ങളും അറിയിച്ചു.

ഞാൻ പറഞ്ഞ വാക്കുകൾ ഉണ്ണിയെ നോവിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന മുത്തശ്ശിയുടെ മറുപടിക്കത്തിൽ, അവരോടുള്ള എന്റെ പിണക്കം പൂർണ്ണമായും വിട്ടുമാറിയിരുന്നു. നാട്ടുകാരുടെയും മറ്റും ഇടപെടൽമൂലം സുലൈമാൻ മുത്തശ്ശിയെ വഴിയാധാരമാക്കിയില്ല. തിരിച്ചെടുക്കാനുള്ള കാലാവധി കുറച്ചുകൂടെ നീട്ടിത്തരുകയും ചെയ്തു.

ഗൾഫിൽ ജോലി ചെയ്തിരുന്ന മമ്മത് ബാപ്പയെപ്പോലെ നിഷ്ക്കരുണനായിരുന്നില്ല. അഞ്ചാംക്ലാസുവരെ ഒരേ ബെഞ്ചിലിരുന്നു പഠിച്ച അവൻ്റെ പ്രിയപ്പെട്ട പപ്പനെ അവൻ മറന്നില്ല. എല്ലാ ചെലവുകളും സ്വയം വഹിച്ചുകൊണ്ട് അവൻ എന്നെ ദുബായിലേക്കെത്തിച്ചു. അറബിയുടെ പലചരക്കുകടയിൽ ഗുമസ്തനായി ജോലിയും തരപ്പെടുത്തി. വർഷങ്ങൾ അറിയാതിരിക്കാൻ കലണ്ടർപോലും വാങ്ങിച്ചുവെയ്ക്കാൻ കൂട്ടാക്കാതെയുള്ള ജീവിതയാത്രയായിരുന്നു, പിന്നീടങ്ങോട്ട്. ചില്ലുകൊട്ടാരങ്ങളിലും ശീതീകരണമുറികളിലും ജീവിക്കുന്നവരുടെ ശിശിരവും ഹേമന്തവും വസന്തവുംചേർന്ന കാലങ്ങളെല്ലാം എനിക്കു പിന്നീട് അന്യമായിത്തീർന്നു. അവയെല്ലാം മണലാരണ്യത്തിലെ ഉഷ്ണക്കാറ്റിൽ ഹോമിക്കപ്പെട്ടു.

ഗൾഫിൽ എനിക്ക് അനുഭവഭേദ്യമായ ഏകഋതു ഗ്രീഷ്മം മാത്രമായിരുന്നു. എന്തായാലും പറഞ്ഞ തീയ്യതിക്കുമുമ്പേതന്നെ സുലൈമാൻ്റെ കടങ്ങൾ വീട്ടി, ആധാരം തിരിച്ചെടുത്തു. തറവാടുവീട് പുതുക്കിപണിതു. ലാൻഡ്ഫോൺ വെച്ചു കൊടുത്തെങ്കിലും മുത്തശ്ശിക്കു സഹായിയായി നിർത്തിയിരുന്ന പ്രദീപൻ മാത്രമെ അതിൻ്റെ ഗുണഭോക്താവായുള്ളൂ. ആ സാധനം കൈകൊണ്ട് തൊടില്ലെന്ന വാശിയിലായിരുന്നു, മുത്തശ്ശി.
ആ ഉർവ്വശീശാപം ഒരു കണക്കിനു എനിക്കും ഉപകാരമായി. കണ്ണിനും കാതിനും കരളിനും കുളിർത്തെന്നലായി, മരുഭൂമിയിൽ മരുപ്പച്ചയായി, മുത്തശ്ശിയുടെ, നാട്ടുവിശേഷങ്ങൾ ഒന്നുപോലും വിട്ടുപോകാത്ത കത്തുകൾ എല്ലാ മലയാളമാസത്തിൻ്റെയും ആദ്യദിനം മുടക്കംകൂടാതെ അതുകാരണം ഗൾഫിലേക്ക് പറന്നു വന്നുകൊണ്ടിരുന്നു. ശരിക്കു പറഞ്ഞാൽ ആ കത്തുകളായിരുന്നു, ഊഷരഭൂമിയിൽ എനിക്കു ഋതുഭേദങ്ങൾ സമ്മാനിച്ചത്. ഞാൻ നാടുവിടുന്നതിന്നും നാലു വർഷങ്ങൾക്കുമുമ്പ് പൂവിട്ടിരുന്ന അമ്പാടി മലനിരകളിലെ നീലക്കുറിഞ്ഞികൾ ഇപ്രാവശ്യം വീണ്ടും പുഷ്പിണികളായതും ആ കത്തിലൂടെയാണ് ഞാനറിഞ്ഞത്.

ഓണത്തെക്കുറിച്ച് ഞാൻ ഓർക്കുന്നതുപോലും ചിങ്ങമാസത്തിൽ വരുന്ന മുത്തശ്ശിയുടെ എഴുത്തു വായിക്കുമ്പോൾ മാത്രമായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രത്യേകിച്ചും എൺപതിലേക്കെത്തിയതു മുതൽ എല്ലാ ഓണക്കാലത്തും മുത്തശ്ശി എന്നെ നാട്ടിലേക്ക് നിർബ്ബന്ധപൂർവ്വം ക്ഷണിക്കാറുണ്ട്. ചിങ്ങമാസത്തിലെ തിരുവോണനക്ഷത്രക്കാരിയായ മുത്തശ്ശിയുടെ പിറന്നാളും ഓണ ദിവസം തന്നെയായതുകൊണ്ട്, ആദ്യത്തെ ആവേശത്തിന് പലപ്പോഴും പുറപ്പെടാൻ ഒരുങ്ങിയിട്ടുമുണ്ട്. പക്ഷെ, എങ്ങിനെയെങ്കിലും പണക്കാരനാവുകയെന്നുള്ള മനസ്സിൻ്റെ പിൻവിളിയിൽ പിന്നീട് ആവേശമെല്ലാം തണുത്തുപോകാറാണ് പതിവ്.

പക്ഷെ, ഇപ്രാവശ്യം മനസ്സിൻ്റെ ഉൾവിളിയും മുൻവിളിയും പിൻവിളിയും എല്ലാംതന്നെ നാട്ടിലേക്കു പോകാനനുകൂലമായിരുന്നു. മുത്തശ്ശിയുടെ നവതി ഒരു സംഭവമാക്കണം. ഒപ്പം ഇരുപതു വർഷമായിട്ടു കാണാൻ കൊതിയോടെ കാത്തിരിക്കുന്ന അമ്പാടി മലമുകളിലെ നീലക്കുറിഞ്ഞിപ്പൂക്കളെ മനംനിറയെ കാണണം. എൻ്റെ മനസ്സ് തീരുമാനങ്ങളെടുത്തു കഴിഞ്ഞിരുന്നു.

കോഴിക്കോട് എയർപോർട്ടിലിറങ്ങി. ഇരുപതു വർഷങ്ങൾ നാടിനും നാട്ടുകാർക്കും വരുത്തിയ മാറ്റങ്ങൾ കണ്ട്, മനസ്സ് അത്ഭുതംകൂറി.
സംസ്ഥാനപാതയിൽനിന്നും തറവാട്ടിലേക്കുള്ള നഗരസഭാ പാതയിലേക്കു ടാക്സി കടന്നപ്പോൾ ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്നു. ഇനി വയൽ പ്രദേശമാണ്. വയൽ എന്നു കേട്ടപ്പോൾ തന്നെ എൻ്റെ പഴഞ്ചൻ കർഷകമനസ്സ്, പഴയ ഓർമ്മകളിലേക്ക് ഊളിയിട്ട്, എന്നെ അറിയിക്കാതെ ടാക്സിയിൽ നിന്നും പുറത്തേക്കു കടന്നു. നെൽവയലുകൾ ഉഴുതുമറിക്കുമ്പോൾ നുരഞ്ഞു പൊന്തുന്ന ചെളിവാസന ആവോളം ആസ്വദിച്ചനുഭവിക്കാനുള്ള നാസാരന്ധ്രങ്ങളുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഞാൻ മൂക്കുകൾ കഴിയുന്നത്ര വിടർത്തി വെച്ചു. പക്ഷേ, വിടർത്തിയ നാസികകളിലേക്ക് പതിച്ചത്, ചെളിമണമായിരുന്നില്ല. ചീറിപ്പാഞ്ഞുപോയ ബുള്ളറ്റു ബൈക്കിൽനിന്നു പുറത്തേക്കു വമിച്ച പെട്രോൾപുകയുടെ മൂക്കടപ്പിക്കുന്ന ഗന്ധമായിരുന്നു. മണത്തിൻ്റെ വ്യത്യാസത്താൽ ഉണർന്നുപോയ കണ്ണുകളിൽ ദൃശ്യമായത്, ചുറ്റുമുള്ള കോൺക്രീറ്റിൽ പൊതിഞ്ഞ റോഡുകളും പറമ്പുകളും വയലേലകളുമായിരുന്നു.

മഴക്കാലമായതിനാൽ വീടുവരെ വാഹനം പോകില്ലെന്ന്, മുത്തശ്ശിയുടെ എഴുത്തിൽ ഉണ്ടായിരുന്നതുകൊണ്ട്, ചന്ദ്രന്റെ വീടിന്നുസമീപം കാർ നിർത്തി.
ബാഗുമെടുത്ത്, ദുർഗ്ഗാക്ഷേത്രം റോഡിലേക്കുനടന്നു. തൈക്കണ്ടി വീടിന്നു സമീപമുള്ള പഴയ ഇടവഴിയിൽ കണ്ണുടക്കി. പാറക്കല്ലും മൺതിട്ടയും മതിലും കൂനയും തിണ്ടയും ചെളിയും മണ്ണും കുറ്റിക്കാടും ഉറവയും തവളകളും ഞണ്ടുകളും നീർക്കോലികളും നിറഞ്ഞ വഴിയായിരുന്നു, മുമ്പ് ഈ ഇടവഴി. ആ വഴിയിലെ ഓരോ ഇഞ്ചുസ്ഥലവും മനസ്സിന്ന് സുപരിചിതമായിരുന്നതുകൊണ്ട്, മുമ്പ് അമാവാസിക്കുപോലും പ്രകൃതിയൊരുക്കിയ മിന്നാമിനുങ്ങിൻ്റെ പ്രകാശത്തെ മാത്രം കൂട്ടുപിടിച്ചായിരുന്നു, ആ വഴി യാത്ര ചെയ്തിരുന്നത്. എങ്കിൽപ്പോലും, ആ ഇടവഴികൾ പല തരത്തിലുള്ള വിഷജന്തുക്കളുടെകൂടെ ആവാസകേന്ദ്രങ്ങൾ ആയിട്ടുപോലും, നാട്ടിലെ ആർക്കെങ്കിലും ഇതുവരെ വിഷം തീണ്ടിയ ചരിത്രം ആരും പറഞ്ഞു കേട്ടിട്ടില്ല. അല്ലെങ്കിലും അമ്പാടിക്കുന്നിലെ ഔഷധക്കൂട്ടുകൾ മുഴുവൻ അലിയിച്ചെടുത്ത്, മീനമാസത്തിലെ സൂര്യനുപോലും എത്ര കത്തിജ്വലിച്ചാലും ഒരു തുള്ളിപോലും കുറവു വരുത്താൻ കഴിയാത്ത, കൊക്കർണി കിണറിലെ കുളിർവെള്ളത്തോടു കിന്നാരം പറഞ്ഞ്, അമ്പലക്കുളത്തിനോടു ചെവിയിൽ സ്വകാര്യമോതി, ചെറുപാദസരം കിലുക്കി, ഇടവഴിയിലൂടെ മന്ദംമന്ദം ഒഴുകിയൊഴുകിവരുന്ന നീരുറവ, പാദങ്ങളെ പുല്കിപ്പുണരുമ്പോൾ വിഷപ്പല്ലുകൾ വർഷിക്കുന്ന വിഷമെല്ലാം അമൃതായി മാറിയിട്ടുണ്ടാകുമല്ലോ!..

“ങ്ങള് ആ ബയി പോണ്ടാ കേട്ടാ. ആ ബയി ഇപ്പോ മുട്ടിച്ചിന്. തൈക്കണ്ടി മാതവിയേടത്തീൻ്റെ മുമ്പിക്കൂടി ഇപ്പം റോഡുണ്ട്. ആ ബയി പോയ്ക്കോ.”
അടുത്തുള്ള വീട്ടിൽനിന്നും ഉയർന്ന ഒരു സ്ത്രീശബ്ദം എന്നെ തിരിച്ചു വീണ്ടും റോഡിലേക്കെത്തിച്ചു.

ആരോടും ഇരുപതുവർഷം മുമ്പിലത്തെ പരിചയം പുതുക്കാൻ നിന്നില്ല. മുത്തശ്ശിയെ കാണാൻ എന്റെ മനസ്സും ശരീരവും കുതിക്കുകയായിരുന്നു. ഞാനും മൂത്തമ്മാൻ്റെ മകൻ ശശിയേട്ടനുംകൂടെ മത്സരിച്ച്, കലക്കി മറിച്ചിരുന്ന അമ്പലക്കുളം കണ്ടപ്പോൾ ഒരാവേശത്തിന് കാലുകൾ എന്നെ കുളത്തിലേക്കിറക്കി. ധൃതിയിൽ കാലും മുഖവും കഴുകി വീട്ടിലേക്കുള്ള ചവിട്ടുപടികൾ കയറി.

മുത്തശ്ശി, എന്നെയും പ്രതീക്ഷിച്ച് ഉമ്മറക്കോലായിൽതന്നെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. കൂടെ പ്രദീപനും. ഞാൻ ഓടിച്ചെന്ന് മുത്തശ്ശിയുടെ കൈപിടിച്ചു. കാൽക്കൽ വീണു നമസ്കരിച്ചു. മുത്തശ്ശിയുടെ കരലാളനസ്പർശങ്ങൾ എന്നെ വീണ്ടും പഴയ ഉണ്ണിക്കുട്ടനാക്കി. മുത്തശ്ശി എന്റെ കൈകൾ മുത്തശ്ശിയുടെ കൈകളോടൊപ്പം ചേർത്തുവെച്ചു. എൻ്റെ രണ്ടു കൈയ്യിലെയും വിരലുകൾ ഒരുമിച്ചെടുത്ത് ഒരു പ്രത്യേകരീതിയിൽ ഉയർച്ച താഴ്ചകൾ വെച്ച് ക്രമീകരിച്ചു. ഏററവും മുകളിലത്തെ പിരമിഡ് പോലെ തോന്നിക്കുന്ന സ്ഥലം അമ്പലം. അതിനു തൊട്ടു താഴെയുള്ള മദ്ധ്യഭാഗം മുറ്റം. ഏറ്റവും താഴ്ന്നു കിടക്കുന്ന സ്ഥലം കുളം. അങ്ങനെ അമ്പലം; മുറ്റം; കുളം, കളി തുടങ്ങിയപ്പോഴേക്കും എന്നിലെ അമ്പത്തഞ്ചിലെ ഒരഞ്ച് അപ്രത്യക്ഷമായി, ഞാൻ വെറും അഞ്ചു വയസ്സുകാരനായി മാറിക്കഴിഞ്ഞിരുന്നു.

മുത്തശ്ശിയുടെ നവതിയും ഓണവും തറവാട്ടുമുറ്റത്ത് ഒരു വലിയ പന്തലിട്ട്, മുത്തശ്ശിയുടെ ആഗ്രഹപ്രകാരം നാട്ടുകാരെ മൊത്തം വിളിച്ചുകൂട്ടി, ഗംഭീരമായിത്തന്നെ നടത്തി. മണലാരണ്യത്തിലേക്ക് തിരിച്ചുപോകാനുള്ള എൻ്റെ മുൻതീരുമാനങ്ങളെല്ലാം മുത്തശ്ശിയുടെ വാത്സല്യമതിലിൽ തട്ടി അമ്പേ തകർന്നടിഞ്ഞു. നാട്ടിൽ എന്തുചെയ്യുമെന്ന എൻ്റെ ചോദ്യത്തിന്, ആദ്യം കൈപൊക്കിയത് എന്നിലെ കർഷകനായിരുന്നു. ഉറച്ച പിന്തുണയുമായി മുത്തശ്ശിയും തൊട്ടു പിറകിലുണ്ടായിരുന്നു.

പിന്നെ താമസിച്ചില്ല. നാട്ടിലെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ പുതുതലമുറയും എന്നോടൊപ്പം അണിചേർന്നു. കൃഷിവകുപ്പും നഗരസഭയും എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പു നല്കി. തറവാട്ടിലെ തരിശായി കിടന്നിരുന്ന വയലിൽ മാത്രമല്ല, കോൺക്രീറ്റ് ബാധയിൽനിന്നും രക്ഷപ്പെട്ടു നില്ക്കുന്ന നാട്ടിലെ മറ്റു വയലേലകളിലും ജൈവ നെൽകൃഷി ചെയ്യാൻ തീരുമാനിച്ചു. വിജയദശമി ദിവസംതന്നെ ഒരു പുതിയ കാർഷിക സംസ്കാരത്തിനുള്ള ഹരിശ്രീ കുറിച്ചു. പ്രായത്തിൻ്റെ അസ്ക്യതകളെല്ലാം മാറ്റിവെച്ച് മുത്തശ്ശിയും വയലിലെത്തി. തൊണ്ണൂറാനെയും പൊന്നാരിയനെയും നാട്ടിനടുന്ന നാട്ടിസംഘം ചുണ്ടുകളിൽ നാട്ടിപ്പാട്ടു മൂളിയപ്പോൾ ആവേശം കൊണ്ട്, മുത്തശ്ശിയും ഏറ്റുചൊല്ലി.

“തച്ചോളി ഓതേന കുഞ്ഞോതേനൻ… ഊണും കയിഞ്ഞിറ്റങ്ങൊറക്കമായി… ഒറക്കത്ത് സൊപ്നവും കണ്ടൂ ചേകോൻ…”

മുത്തശ്ശിയുടെ ആവേശം എന്നിലേക്കും പടർന്നുകയറി. ഞാൻ കാളക്കൊമ്പൻമാർ നുകം പൂട്ടി ഉഴുതു മറിച്ച് നെയ്പ്പായസ പരുവത്തിലേക്കാക്കിയ വയലിലേക്കിറങ്ങി. ചെളിയിൽ ഉരുണ്ടു പിരണ്ടു. ഗൾഫിൽനിന്നും വന്ന ദിവസം അനുഭവിക്കാൻ കഴിയാതെപോയ ചെളിയുടെ സുഗന്ധം ആവോളം നാസികയിലേക്കു വലിച്ചുകയറ്റി. ശരിക്കും ഒരഞ്ചുവയസ്സുകാരനായി, ഞാറ്റുകറ്റകൾ എടുത്ത് ജാവലിൻ ത്രോകളാക്കി കളിച്ചു രസിച്ചു.

മൂന്നുമാസത്തിനുശേഷം കൊയ്തു സംഘത്തോടൊപ്പം പൊന്നാര്യൻകതിരു കൊയ്യാനിറങ്ങുമ്പോൾ, വീണ്ടും ഒരു കൃഷിക്കാരനായ ആത്മാഭിമാനത്തോടെ ഞാൻ മലനിരകളിലേക്കു നോക്കി. അപ്പോൾ അവിടെ ഉദയസൂര്യൻ പുഷ്പിണിയായ ഭൂമിയെ നോക്കി പുഞ്ചിരി പൊഴിക്കുകയായിരുന്നു. കുറിഞ്ഞിപ്പൂവുകൾ, തങ്ങളുടെ പഴയ കാമുകനെ തിരിച്ചുകിട്ടിയ ആമോദത്തോടെ വ്രീളാഭരിതകളായ് തലയും കുമ്പിട്ട് നില്ക്കുകയായിരുന്നു!!…

✍ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments