ഉള്ള് ഉലച്ചു കളഞ്ഞ ഉള്ളൊഴുക്ക്. ലാലേട്ടൻ ഇല്ലാത്ത സിനിമ,പാട്ട്, ഡാൻസ്, തമാശകൾ, അടിപിടി, മീശ പിരിക്കൽ…… ഇതൊന്നുമില്ലാത്തതുള്ള സിനിമകൾ കാണാൻ എൻറെ കുടുംബത്തിലുള്ളവർ ഒരിക്കലും സമ്മതിക്കാത്തത് കൊണ്ട്തന്നെ ഇരിഞ്ഞാലക്കുട ‘ചെമ്പകശ്ശേരി സിനിമാസിൽ ‘എൻ്റെ സഹോദരങ്ങൾക്കൊപ്പം ഒരു അവസരം ഒത്തു കിട്ടിയപ്പോൾ അത് കാണാനായി പുറപ്പെട്ടു.
നല്ലൊരു എന്റെർറ്റൈനർ എന്നൊന്നും അവകാശപ്പെടാനാവില്ല. എന്നാൽ കിരീടം, ആകാശദൂത് പോലുള്ള നെഞ്ചുപൊട്ടുന്ന കരച്ചിലും ഉണ്ടാകില്ല.
വളരെ ചെറിയൊരു കഥ. ശരിയേത്, തെറ്റേത് അതൊരു പ്രഹേളിക പോലെ തോന്നും. ഉർവ്വശിയുടെ ഭാഗം ചിന്തിച്ചു നോക്കുമ്പോൾ തോന്നും എന്താണ് ആ അമ്മ ചെയ്ത തെറ്റ്? പണ്ടെന്നോ അസുഖം വന്നു എന്ന് കരുതി തൻറെ മകന് ഒരു കുടുംബജീവിതം നിഷേധിക്കുന്നത് ശരിയാണോ? ഏത് അമ്മയാണ് ആഗ്രഹിക്കാത്തത് തൻറെ മകൻറെ സ്വസ്ഥമായ ഒരു കുടുംബ ജീവിതം? ഇനി പാർവ്വതിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴോ അന്യ മതത്തിൽ പെട്ട ഒരു പയ്യനെ സ്നേഹിച്ചിരുന്ന അവളെ സമൂഹത്തിൻറെ ചാട്ടവാറടിയ്ക്ക് വിട്ടു കൊടുക്കാൻ തയ്യാറാകാതെ കുടുംബമഹിമയുള്ള സാമ്പത്തിക സ്ഥിതിയുള്ള, അതേ ജാതിയിലുള്ള ഒരു പയ്യനെ കൊണ്ട് വിവാഹം കഴിപ്പിച്ച് അയക്കുന്നു.എല്ലാവരും ഇവിടെ നന്മയ്ക്കായി ചെയ്യുന്ന ഒരു കാര്യം.പക്ഷേ ഉണ്ടാകുന്നതോ വലിയ പ്രത്യാഘാതങ്ങൾ, സങ്കടങ്ങൾ, സങ്കടകടലുകൾ……… ഇനി അഭിനയത്തിന്‍റെ കാര്യം പറഞ്ഞാൽ സിനിമ തുടങ്ങുമ്പോൾ മുതൽ നമ്മൾ തിയേറ്ററിൽ ഇരുന്നു സിനിമ കാണുകയാണെന്ന് തോന്നുകേയില്ല. അടുത്ത വീട്ടിൽ നടക്കുന്ന ഒരു സംഭവം നമ്മൾ നേരെ കാണുന്നത് ആയിട്ടാണ് അനുഭവപ്പെടുക. ആ സിനിമയിലെ ഒരു അഭിനേതാവും മേക്കപ്പ് അണിഞ്ഞിട്ടില്ല. ഞങ്ങൾ സിനിമ കാണാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ ചെയ്ത മേക്കപ്പ് പോലും അഭിനേതാക്കൾക്കില്ല. 😜😜
അഭിനയ ചക്രവർത്തിനിമാരായ ഉർവശിയുടെയും പാർവ്വതിയുടെയും അഭിനയം– അഭിനയം എന്ന വാക്ക് ഒന്നും അവിടെ ഉപയോഗിക്കാൻ പറ്റില്ല. ഗംഭീര പ്രകടനം! ആർക്കെങ്കിലും ഒരാൾക്ക് സ്റ്റേറ്റ് അവാർഡ് ഉറപ്പ്. കാരണം അവർ അഭിനയിച്ചിരിക്കുന്നത് മത്സരിച്ചാണ്. പതിവ് കുസൃതികളിൽ നിന്നൊക്കെ വ്യത്യസ്തമായി പക്വതയാർന്ന അഭിനയം ഉർവ്വശി കയ്യടക്കത്തോടെ ഒരുനിമിഷംപോലും അമിതാഭിനയത്തിലേക്ക് വഴുതിവീഴാതെ അഭിനയിച്ചു തകർത്തു. അതുപോലെ തന്നെ പാർവതിയും. നായികാ പ്രാധാന്യമുള്ള സിനിമയാണ്. അവരുടെ മനസ്സിനുള്ളിൽ മാത്രം ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങൾ. അമ്മായിഅമ്മയും മരുമകളും രണ്ടു പേരും പരസ്പരം പറ്റിക്കുന്നുണ്ട്.
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ട്. ഈ സിനിമ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ നമ്മളും അതേ കാര്യം ചിന്തിച്ചു പോകും. അവർ രണ്ടു പേരുടെയും അന്ത സംഘർഷങ്ങൾ, കുട്ടനാട്ടിലെ മനുഷ്യരുടെ ജീവിതം……. ഇതൊക്കെ കണ്ടു മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സിനിമ. സിറ്റിയിലെ ഫ്ലാറ്റുകളിൽ പത്താം നിലയിലോ പതിനൊന്നം നിലയിലോ താമസിക്കുന്നവർക്ക് മഴ വെറുതെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ ഇരുന്ന് ആസ്വദിക്കാനോ ഒരു കവിതയോ കഥയോ എഴുതാനോ സന്തോഷം നൽകുന്ന അനുഭവം മാത്രമാണ്. എന്നാൽ വീടിനകം മുഴുവൻ വെള്ളത്തിലായി, വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ആ മനുഷ്യ ജീവിതങ്ങൾ കാണുമ്പോൾ ഇങ്ങനെയും ഇവിടെ മനുഷ്യർ ജീവിക്കുന്നുണ്ടോ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നത് അപ്പോഴാണ്.
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം മകൻറെ ശവസംസ്കാര ചടങ്ങുകൾ മാറ്റിവച്ചു കൊണ്ടേയിരുന്നു. കുറച്ചുകാലമായി കുഴിച്ചിട്ടിരിക്കുന്ന ഓരോ രഹസ്യങ്ങളും നട്ടാൽ കുരുക്കാത്ത നുണകളും പതുക്കെപ്പതുക്കെ തലപൊക്കിത്തുടങ്ങി.
വേണമെങ്കിൽ ഇതൊരു ത്രികോണ പ്രേമം മാത്രമല്ലേ, ഇതിൽ എന്ത് പുതുമ? പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നൊക്കെ ദോഷൈകദൃക്കുകൾക്ക് പറയാം.പക്ഷേ ക്രിസ്റ്റോടോമി എഴുതി സംവിധാനം ചെയ്ത സിനിമയുടെ പോക്ക് മറ്റൊരു വീക്ഷണകോണിലൂടെയാണ് നോക്കിക്കാണേണ്ടത്. ഇത്തരത്തിൽ ഒരു സിനിമ സത്യം പറഞ്ഞാൽ ഞാൻ ആദ്യം കാണുകയാണ്. ഉർവശിക്കോ പാർവതിക്കോ അവാർഡ് കിട്ടുമ്പോൾ അയ്യോ! ഇത് തിയേറ്ററിൽ തന്നെ കാണേണ്ടതായിരുന്നു എന്നുപറഞ്ഞ് വിഷമിച്ചിട്ട് കാര്യമില്ല. എല്ലാവരും തീയേറ്ററിൽ തന്നെ പോയി കാണണം എന്നാണ് എൻറെ വ്യക്തിപരമായ ഒരു അഭിപ്രായം.
ഇവിടെ ആരും തെറ്റ് ചെയ്യുന്നില്ല….. ശരിയും ചെയ്യുന്നില്ല….. ചില ജീവിത സാഹചര്യങ്ങൾ ചിലരെ എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്നു എന്ന് മാത്രം.
സമൂഹത്തെ ഭയക്കുന്ന രണ്ട് അമ്മമാരുടെ കഥ എന്ന് വേണമെങ്കിലും പറയാം.
മഴയുടെ ആരവത്തിന്റെ അകമ്പടിയോടുകൂടി തീയേറ്ററിൽ കയറുന്ന പ്രേക്ഷകർക്ക് തിയേറ്ററിനുള്ളിൽ ഇരിക്കുമ്പോഴും യാഥാർത്ഥ്യം എന്നു തോന്നുന്ന മഴയുടെ സംഹാരതാണ്ഡവം കണ്ട് സിനിമ തീരുമ്പോഴും പുറത്തെ മഴയും തീർന്നിട്ടില്ല എന്ന് തോന്നും. അത്ര യാഥാർത്ഥ്യത്തോട് കൂടിയാണ് ഛായാഗ്രാഹകനും ശബ്ദ ലേഖകനും അവ ആലേഖനം ചെയ്തിരിക്കുന്നത്.
കല്യാണ ചെറുക്കൻമാർ,മൃതദേഹം…. എന്നിങ്ങനെ അപ്രസക്തമായ പല കഥാപാത്രങ്ങളെയും നമ്മൾ സിനിമയിൽ ധാരാളം കാണാറുണ്ടെങ്കിലും അവയൊന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കാറില്ല. എന്നാൽ ഇതിലെ രോഗിയായ കഥാപാത്രം പിന്നീട് മൃതദേഹം ആകുന്നതും അത് മറവുചെയ്യാൻ വൈകുന്നതും അപ്പോൾ മൃതശരീരത്തിന് വരുന്ന രൂപമാറ്റവും മറ്റും 100% യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നുണ്ട്.
എനിക്ക് നല്ലൊരു സിനിമ കണ്ട സന്തോഷമുണ്ട്. ക്രിസ്റ്റോടോമിയ്‌ക്ക് അഭിനന്ദനങ്ങൾ!ആശംസകൾ!
ഇനി എനിക്ക് മറ്റൊരു കാര്യം കൂടി എഴുതാനുണ്ട്. മേരി ജോസി ഇങ്ങനെ കഥ മുഴുവൻ റിവ്യൂ ആയി എഴുതിയാൽ ഞങ്ങൾ എങ്ങനെ തീയേറ്ററിൽ പോകും എന്ന് ഇതിനു മുമ്പൊക്കെ എഴുതിയപ്പോൾ പലരും വന്നു ചോദിച്ചിട്ടുണ്ട്. ഇതിന്റെ ക്ലൈമാക്സ് കണ്ടാൽ നിങ്ങൾ ഞെട്ടി പോകും എന്ന് ഒരുറപ്പ് എനിക്ക് തരാൻ പറ്റും. അത് ഒരു ഒന്നൊന്നര ക്ലൈമാക്സ് ആണ്. ഇനി മറ്റൊരു കാര്യം ഉർവശിയോടും പാർവതിയോടും മത്സരിക്കാൻ ഇന്ന്സൗത്ത് ഇന്ത്യയിൽ തന്നെ മറ്റൊരു നടി ഉണ്ടാകില്ല എന്നുറപ്പ്!