ഇന്ത്യയിലെ ഹൈന്ദവ വിശ്വാസ സമൂഹത്തിന്റെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി .നവരാത്രിയെന്നത് ഒൻപതുരാത്രികളാണെങ്കിലും നവം എന്നാൽ പുതിയതെന്ന അർഥത്തിൽ മനസ്സിലെ ദുഖങ്ങളും പ്രയാസങ്ങളും കളങ്കങ്ങളും ഉൾപ്പടെ എല്ലാം കഴുകിക്കളഞ്ഞു സ്‌ഫുടം ചെയ്ത മനസിനെ ആവാഹിക്കാനുള്ള പുതിയ ഒൻപതു ദിനരാത്രങ്ങൾ ആണ് .
ശരത് നവരാത്രിയാണ് പൊതുവെ ആഘോഷിക്കപ്പെടുന്നതെങ്കിലും
രാമനവമിയോടനുബന്ധിച്ചു വേനലിന്റെ ആരംഭമായ വസന്ത ഋതുവിൽ (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി വടക്കേ ഇന്ത്യയിൽ ആഘോഷിക്കുന്നു കൂടാതെ വാരാഹി പഞ്ചമി ദേവിയുടെ ഉപാസകർ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ആഷാഡ നവരാത്രി ആഘോഷിക്കുന്നുണ്ട്. ഇന്ത്യയിലെ ഔദ്യോഗിക കലണ്ടറായ ശകവർഷ കലണ്ടർ പ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ പ്രഥമയ്ക്കാണു നവരാത്രി ആരംഭം.വനത്തിലേക്കു പലായനം ചെയ്ത സുരഥൻ എന്ന ചക്രവർത്തിക്കും സ്വന്തക്കാരിൽ നിന്ന് വഞ്ചിതനായ സമാധി എന്ന വ്യാപാരിക്കും ദേവിയുടെ നവാവതാരചരിത്രം “മേധസ്സ് “എന്ന മഹർഷി പഠിപ്പിച്ചു കൊടുക്കുന്നതാണ് 700 ശ്ലോകങ്ങളടങ്ങുന്ന ദേവീമാഹാത്മ്യം. പിന്നീട് മാർക്കാണ്ഡേയ മുനി തന്റെ ശിഷ്യർക്കു ഒൻപതു ദിവസങ്ങളിലായി വിവരിച്ചു കൊടുത്തതിന്റെ സ്മരണയാണ് നവരാത്രി ആഘോഷത്തിന്റെ നിദാനം എന്ന് ഐതീഹ്യമുണ്ട് .
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഇതോടനുബന്ധിച്ചു കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്.
കേരളത്തിൽ പാലക്കാട് കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏകവുമായ ആഘോഷമാണ് നവരാത്രി ഉത്സവം.കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര , കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, മലപ്പുറം ജില്ലയിലെ കാടാമ്പുഴ, കണ്ണൂരിലെ മൃദംഗശൈലേശ്വരി ക്ഷേത്രം, കോഴിക്കോട് ശ്രീ അഴകൊടി ദേവിക്ഷേത്രം, മാവേലിക്കര ചെട്ടികുളങ്ങര ക്ഷേത്രം തട്ടാരമ്പലം സരസ്വതി ക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, ഇടുക്കി പെരുവന്താനം വള്ളിയാംകാവ് ദേവി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം ആറ്റുകാൽ ഭഗവതി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം,തുടങ്ങി കേരളത്തിൽ പ്രസിദ്ധമായ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിലെ ദശ ഭാവചാർത്തും എടുത്തു പറയേണ്ടതാണ് .
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ്(സെപ്റ്റംബർ-ഒക്ടോബർ) ശരത് നവരാത്രിആഘോഷിക്കുന്നത്.ഇതിനു മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്.
വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ മറ്റു ചിലർ ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മക്കായും ആഘോഷിക്കുന്നു. പാണ്ഡവർ ശമീവൃക്ഷ ചുവട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ അജ്ഞാത വാസത്തിനുശേഷം ശ്രീകൃഷ്ണന്റെ നിർദ്ദേശാനുസരണം തിരിച്ചെടുത്ത് ധര്‍മ്മ യുദ്ധത്തിനായി പ്രാപ്തരായ ദിനമാണ് വിജയദശമി എന്നും ഐതീഹ്യമുണ്ട്. മൈസൂർ ചാമുണ്ഡി ക്ഷേത്രത്തിലെ ദസ്സറ പ്രസിദ്ധമാണ്. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന വൃതാനുഷ്ഠാനവും .കിടക്കയില്ലാതെ വെറും തറയിലുറങ്ങണം എന്നതും നവരാത്രിയുടെ ഭാഗമാണ് .
തമിഴ് നാട്ടിലും കർണാടക ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളിലും ദേവീദേവന്മാരുടെയും പുരാണ കഥാപാത്രങ്ങളുടെയും ചെറുപ്രതിമകൾ തട്ടുതട്ടായി നിരത്തിവച്ച് അലങ്കരിക്കുന്നതും ആഘോഷ പൂർവ്വം കൊണ്ടാടുന്നതുമായ ബൊമ്മക്കൊലു നവരാത്രിയുടെ വ്യത്യസ്തമായ മുഖമാണ്. നവരാത്രി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ക്ഷേത്രദർശനവും ഉദ്ധിഷ്ഠ കാര്യ സിദ്ധിക്കായി ദേവീ മന്ത്രങ്ങൾ ജപിക്കുന്നതും. സരസ്വതീ ദേവിയുടെ മൂലമന്ത്രമായ “ഓം സം സരസ്വെത്യെ നമഃ” ദിവസവും 108 തവണ ജപിക്കുന്നതും ലളിത സഹസ്രനാമം, ദേവീ മാഹാത്മ്യം തുടങ്ങി നിരവധി ആചാരാനുഷ്ഠാനങ്ങളും നവരാത്രിയുടെ ഭാഗമാണ്. വ്രതങ്ങളുടെ റാണി എന്നാണ് വിശ്വാസികൾ നവരാത്രി വ്രതത്തെ വിശേഷിപ്പിക്കുന്നത്.
എന്നാൽ കേരളത്തിൽ ഇത് സരസ്വതീ പ്രധാനമാണ് അത് കൊണ്ട് തന്നെ പുസ്തക പൂജയും തുടർന്ന് കേരളത്തിൽ ഉൾപ്പടെ വിജയദശമി നാളിൽ വിദ്യാരംഭവും ഇതോട് അനുബന്ധിച്ചു നടക്കുന്നു.നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളേയും നന്ദിയോടും ആദരവോടുംകൂടി സമീപിക്കുക. മനസ്സില്‍ സ്നേഹവും കൂറുമില്ലെങ്കില്‍ അവ വേണ്ടതുപോലെ പ്രയോജനപ്പെടുകയില്ല എന്നാണ് വിശ്വാസം .ആചാരാനുഷ്ഠാനങ്ങൾക്കു അപ്പുറം പണിയായുധങ്ങളെയും പഠനോ പകരണങ്ങളെയും പസ്തകങ്ങളെയും ബഹുമാനിക്കുക എന്ന വലിയ സന്ദേശം മാനവ സമൂഹത്തിനാകെ നൽകുന്ന ആഘോഷവും അന്ധതയെയും തിരിച്ചറിവില്ലായ്മയെയും തുടച്ചു നീക്കി അറിവിന്റെ ദിവ്യക്ഷരങ്ങൾ
പകർന്നു നൽകി അക്ഷരങ്ങളെന്ന അനശ്വര ശക്തിയിലൂടെ വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചത്തിലേയ്ക്കു നയിക്കുക എന്ന ബ്രിഹത് സന്ദേശം കൂടി നവരാത്രി
ആഘോഷങ്ങളും വിജയദശമിദിനവും പകർന്നു നൽകുന്നു .
“വന്ദേ വഞ്ചിത്‌ലാഭായ് ചന്ദ്രാര്‍ധാകൃഷ്ഠശേഖരം. വൃഷാരൂഢം ശൂല്‍ധരം ശൈല്‍പുത്രി യശ്വിനിം.”
നവരാത്രി ആശംസകൾ …