സാഹോദര്യം പുലരട്ടെ? (യാക്കോ.2:1-7)
“നിങ്ങൾ മോടിയുള്ള വസ് ത്രം ധരിച്ചും പൊൻമോതിരം ഇട്ടും വരുന്നവനെ നോക്കി,ഇവിടെ സുഖേന ഇരുന്നാലും എന്നും, ദരിദ്രനോടു നീ അവിടെ നില്ക്ക, അല്ലെങ്കിൽ എന്റെ പാദപീഠത്തിൽ ഇരിക്ക എന്നും പറയുന്നുവെങ്കിൽ, നിങ്ങൾ ഉള്ളിൽ ന്യായപ്രമാണമില്ലാതെ, ന്യായരഹിതമായി വിധിക്കു
ന്നവരായില്ലയോ? (വാ. 3, 4).
ആദിമ സഭയിൽ രൂപപ്പെട്ടു തുടങ്ങിയ സാഹോദരരാഹിത്യത്തിന്റെയും, വേറുകൃത്യത്തിന്റെയും വെളിച്ചത്തിൽ, നീതിയുടെ അപ്പൊസ്തലനായ വി. യാക്കോബ് എഴുതിയിരിക്കുന്ന കർക്കശമായ തർജ്ജനത്തിന്റെ വാക്കുകളാണു നാമിന്നു ധ്യാനിക്കുന്നത്. ധനീകരുടെ പാപങ്ങൾക്കെതിരെ ചാട്ടവാറോങ്ങുകയും, അത്തരം ക്രിസ്തു വിരുദ്ധ സമീപനങ്ങളും ക്രിസ്തുവിരുദ്ധനടപടികളും പിഴുതു മാറ്റണമെന്നുമുള്ള കർക്കശമായ നിർദ്ദേശമാണ്, അപ്പൊസ്തലൻ നൽകുന്നത്. മുഖ പക്ഷം കാണിക്കാതിരിക്കാനും, സാഹോദര്യ ഭാവം ഉൾക്കെണ്ടു മാത്രം പ്രവർത്തിക്കാനുമുള്ള ശക്തമായ അപ്പൊസ്തലിക പ്രബോധനമാണു നാമിവിടെ കാണുന്നത്.
പണക്കാരെ ബഹുമാനിക്കുകയും, ദരിദ്രരെ അവഗണിക്കയും ചെയ്യുന്ന പ്രവണതയ്ക്ക്, മാനവരാശിയോളം തന്നെ പഴക്കം ഉണ്ടായിരിക്കാനാണു സാദ്ധ്യത. ന്യായത്തിലും, നീതിയിലും, സാഹോദര്യത്തിലും, സമത്വത്തിലും പങ്കിടുന്ന സംസ്ക്കാരത്തിലും അധിഷ്ഠിതമായ ദൈവരാജ്യ കൂട്ടായ്മയുടെ മുൻകുറിയായ, സഭാകൂട്ടായ്മയിൽ, ലോക മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ അവസ്ഥകൾ അല്ല, സ്നേഹത്തിലും സാഹോദര്യത്തിലും അടിസ്ഥാനപ്പെട്ട ബദൽ മാതൃകകളാണു വളർന്നു വരേണ്ടത് എന്നാണു അപ്പൊസ്തലൻ ചൂണ്ടിക്കാണിക്കുന്നത്.
യേശു, “സമ്പന്നൻ ആയിരുന്നിട്ടും, അവന്റെ ദാരിദ്രത്താൽ നിങ്ങൾ സമ്പന്നർ
ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രൻ ആയിത്തീർന്നവനാണ് ” എന്നാണു വി.
പൗലൊസ് പറയുന്നത്( 2 കോരി. 8:9). ക്രിസ്തുഭാവം ഉൾകൊണ്ട്, ക്രിസ്തു
വെളിപ്പെടുത്തിയ സാഹോദര്യത്തിന്റെ മാതൃക, സമൂഹത്തിൽ പ്രാവർത്തികമാക്കി
കാണിക്കേണ്ടവരാണ് ക്രിസ്തു വിശ്വാസികൾ. എന്നാൽ, ദൈവരാജ്യത്തിന്റെ പരിച്ഛേദമായിരിക്കുന്നതിനു പകരം, ഈ ലോകത്തിന്റെ പരിച്ഛേദമായിരിക്കുവാനാണ്, സഭകളും, വിശ്വാസികളും, പൊതുവേ ശ്രമിക്കുക. “ലോകത്തിൽ ആയിരിക്കുമ്പോൾ ഇങ്ങനെയൊക്കെയേ സാധിക്കൂ” എന്ന പൊട്ടൻ ന്യായവും അവർ കണ്ടെത്തും. നാം ധ്യാനിക്കുന്ന ഈ വാക്യങ്ങൾ, നമ്മിൽ അനുതാപത്തിന്റെ അനുരണനങ്ങളെങ്കിലും ഉണർത്തിയിരുന്നെങ്കിൽ? ദൈവം സാഹായിക്കട്ടെ.
ചിന്തയ്ക്ക്: നീതിയും ന്യായവും സാഹോദരര്യവുമില്ലാത്തിടത്ത് ക്രിസ്തീയത മരിക്കുന്നു!