Monday, December 23, 2024
Homeസ്പെഷ്യൽഅറബിമലയാളം - ചരിത്രവും സാഹിത്യവും ✍ടി. മന്‍സൂറലി

അറബിമലയാളം – ചരിത്രവും സാഹിത്യവും ✍ടി. മന്‍സൂറലി

ടി. മന്‍സൂറലി, അസി.പ്രൊഫസർ- മലയാളവിഭാഗം, ഫാറൂഖ് കോളേജ്, കോഴിക്കോട്

പ്രാചീനകാലം മുതല്‍ തന്നെ വിദേശികളുമായി കച്ചവടം നടത്തിയ നാടാണ് കേരളം. സുഗന്ധദ്രവ്യങ്ങള്‍, മലഞ്ചരക്കു കള്‍, രത്നങ്ങള്‍, തുടങ്ങിയവയുടെ അപൂര്‍വ്വമായ ശേഖരമാണ് വിദേശകച്ചവടക്കാരെ കേരളത്തിലേക്കാകര്‍ഷിച്ചത്. മണ്‍സൂണ്‍ കാറ്റുകളുടെ ഗതിക്കനുസരിച്ചാണ് വ്യാപാരികള്‍ കേരളക്കരയില്‍ എത്തിയത്. മറ്റ് വിദേശരാജ്യങ്ങളേ ക്കാള്‍ കൂടുതല്‍ അറബികളുമായുള്ള വ്യാപാരമാണ് കേരളത്തിനുണ്ടായിരുന്നത്. ഏതാനും നൂറ്റാണ്ടുകളോളം കേരള ത്തിലേക്കുള്ള കച്ചവടമാര്‍ഗ്ഗം അവര്‍ക്കുമാത്രമേ അറിയുമായിരുന്നുള്ളൂ. അറബികളാണ് കേരളീയ പ്രകൃതിവിഭവങ്ങളെ യൂറോപ്യന്‍മാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.
കൊടുങ്ങല്ലൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം തുടങ്ങിയ തുറമുഖങ്ങളായിരുന്നു കേരളത്തിലെ അക്കാലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. ഉള്‍നാടുകളില്‍ നിന്നും ശേഖരിച്ചുകൊണ്ടുവരുന്ന കേരളീയ വിഭവങ്ങള്‍ വിദേശവ്യാപാരി കള്‍ക്ക് കൈമാറ്റം ചെയ്തിരുന്നത് ഈ കേന്ദ്രങ്ങളില്‍ വെച്ചായിരുന്നു. തങ്ങള്‍ക്കാവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചു തീരുന്നതുവരെ കേരളക്കരയില്‍ താമസിക്കാന്‍ വിദേശവ്യാപാരികള്‍ നിര്‍ബന്ധിതരായി. ഇങ്ങനെ കുറച്ചുകാലം കേരളത്തില്‍ കഴിയേണ്ടിവന്ന വിദേശവ്യാപാരികള്‍ സ്വാഭാവികമായും നാട്ടുകാരുമായി പലതരത്തില്‍ സമ്പര്‍ക്ക ത്തിലേര്‍പ്പെട്ടു. വിദേശ വ്യാപാരികള്‍ തദ്ദേശീയരായ സ്ത്രീകളെ വിവാഹം കഴിക്കുക അക്കാലത്തെ പതിവായിരുന്നു. ഇത്തരത്തിലുള്ള ബന്ധം കേരളീയ സമൂഹത്തില്‍ പലതരത്തിലുള്ള ആദാനപ്രദാനങ്ങള്‍ക്കും കാരണമായി.

മാപ്പിളമാര്‍

അറബി-കേരളബന്ധത്തിന്‍റെ ഫലമായ് ഉയര്‍ന്നുവന്ന ജനവിഭാഗമാണ് മാപ്പിളമാര്‍. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കുന്നതിന് എത്രയോ മുമ്പുതന്നെ മാപ്പിളമാര്‍ ഉണ്ടായിരുന്നു. വിദേശികളുമായി രക്തബന്ധമുണ്ടായിരുന്ന കേരളീയരെയാണ് മാപ്പിള എന്നു വിളിച്ചിരുന്നത് “മാപ്പിളയെന്ന് മുസ്ലീംകളെയെന്നപോലെ ക്രിസ്ത്യാനികളേയും ജൂതډാരേയും വിളിച്ചിരുന്നു. ജോനകമാപ്പിള, നസ്രാണിമാപ്പിള, ജൂതമാപ്പിള എന്നിങ്ങനെ വിളിക്കുന്ന രീതി ഇന്നും തെക്കന്‍കേരളത്തില്‍ പരിചിതമാണ്. പുറമെ നിന്നുവന്ന് വിദേശവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ മാപ്പിളമാരായി കരുതുന്നത് പഴയ പതിവായിരുന്നു എന്നനുമാനിക്കാവുന്നതാണ്. നസ്രാണിയും ജൂതനും ഏറെയി ല്ലാത്ത വടക്കന്‍ കേരളത്തില്‍ വേര്‍തിരിക്കേണ്ട പ്രശ്നമില്ലാത്തതിനാല്‍ മുസ്ലീംകളെ മാപ്പിള എന്നുമാത്രം വിളിച്ചു.” (ഗംഗാധരന്‍, 2004,11) ഇങ്ങനെ നോക്കുമ്പോള്‍ മലബാറില്‍ ഇസ്ലാമിനു മുമ്പും മാപ്പിളമാരുണ്ട്. അന്നവര്‍ മുസ്ലിം കളായിരുന്നില്ലെന്ന് മാത്രം. അറേബ്യയിലെ പ്രവാചകന്‍റെ പ്രബോധനത്തെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം ഈ മാപ്പിളമാരാണ് കേരളത്തില്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഇങ്ങനെ അറബിബന്ധത്തില്‍പ്പെട്ട ഇസ്ലാം സ്വീകരിച്ചവര്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടു.

മലയാളത്തില്‍ മാപ്പിള എന്ന പദത്തിന്‍റെ അര്‍ത്ഥം ജാമാതാവ് എന്നാണ്. തമിഴിലും ‘മാപ്പിളൈ’ എന്ന പദത്തിന് ഇതേ അര്‍ത്ഥമാണുള്ളത്. വിദേശികള്‍ ഇവിടെനിന്ന് തദ്ദേശിയരെ വിവാഹം ചെയ്തപ്പോള്‍ അവരെ ഇവിടത്തുകാര്‍ ജാമാതാവ് എന്ന അര്‍ത്ഥത്തില്‍ മാപ്പിള എന്നു വിളിക്കാന്‍ തുടങ്ങി. അറബികള്‍ നാട്ടുകാരുടെ മണവാളന്‍മാരായി തീര്‍ന്നതുകൊണ്ടാണ് അവരുമായി ബന്ധപ്പെട്ട സമൂഹത്തെ മാപ്പിളമാര്‍ എന്നു വിളിച്ചതെന്നാണ് ലൂയിസ്മൂര്‍ പറയുന്നത്. ഇന്നും മലബാറിലെ മുസ്ലീംകള്‍ വരനെ ‘മാപ്പിള പുതുമാപ്പിള (പുതിയാപ്ല)’ എന്നു വിളിക്കാറുണ്ട്. മാത്രമല്ല തമിഴ്നാട്ടിലും വരനെ ‘മാപ്പിളൈ’ എന്നാണ് വിളിക്കാറ്.

മാപ്പിളമലയാളം

നിത്യജീവിത വ്യവഹാരത്തിനായി മലബാറിലെ മാപ്പിളമാര്‍ ഉപയോഗിക്കുന്ന മലയാളത്തിന്‍റെ ഒരു ഭാഷാ ഭേദമായി വേണം മാപ്പിളമലയാളത്തെ കാണാന്‍ ‘ചരിത്ര രേഖകളിലും ഔദ്യോഗിക വ്യവഹാരങ്ങളിലും മലബാര്‍ മുസ്ലിംകള്‍ ‘മാപ്പിളമാര്‍’ എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്.’ അവരുടെ വാമൊഴി ‘മാപ്പിളമലയാളം’ എന്നറിയപ്പെടുന്നു. (കാരശ്ശേരി 1989,78) മലയാളത്തിനു പുറമെ അറബി, പേര്‍ഷ്യന്‍, ഉറുദു, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ നിരവധി ഭാഷകളില്‍ നിന്ന് സ്വീകരിച്ച പദങ്ങളാലും പ്രയോഗങ്ങളാലും സമ്പന്നമാണ് മാപ്പിളമലയാളം. പദസ്വീകരണത്തിലോ, അവയുടെ വിന്യാസത്തിലോ വ്യാകരണവിധികളിലോ വ്യവസ്ഥാപിതമായൊരു സമ്പ്ര ദായം മാപ്പിളമലയാളം പുലര്‍ത്തുന്നില്ല. മലയാളത്തിന്‍റെ പ്രാദേശികശൈലിയോടൊപ്പം കേരളവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റു ഭാഷകളിലെ പദങ്ങളും പ്രയോഗങ്ങളും കടമെടുക്കുകകൂടി ചെയ്തു എന്നതാണ് മാപ്പിള മലയാളത്തിന്‍റെ സവിശേഷത. കേരളത്തിലെ മുസ്ലീം സാംസ്കാരിക സ്വത്വത്തെ ആവിഷ്കരിക്കുന്ന ധാരാളം പദങ്ങള്‍ മാപ്പിളഭാഷയില്‍ കാണാം. പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് മാപ്പിള ഫോക്ലോര്‍ എന്ന പുസ്തകത്തില്‍ ഇത്തരം ചില ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

മാപ്പിളമലയാളം മലയാളം

തക്കാരം – വിരുന്ന്
ബര്‍ക്കത്ത് – ഐശ്വര്യം
എടങ്ങേറ് – ബുദ്ധിമുട്ട്
കായി – പണം
ബേജാറ് – പേടി
മണവാട്ടി – നവവധു
നസീബ് – ഭാഗ്യയോഗം
മാപ്പിളമലയാളം എന്നത് വെറുമൊരു സംസാരഭാഷമാത്രമായിരുന്നില്ല. സാഹിത്യഭാഷകൂടിയായിരുന്നു. വാമൊഴി യായും വരമൊഴിയായും നിരവധി സാഹിത്യരൂപങ്ങള്‍ മാപ്പിളമലയാളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവ രേഖപ്പെടുത്തി യിരുന്നത് അറബിമലയാളത്തിലായിരുന്നു എന്നുമാത്രം.

അറബിമലയാളം

അറബി മലയാളലിപി എന്നു പ്രചാരത്തില്‍ വന്നു എന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. കേരളത്തിലെ ഇസ്ലാമിന്‍റെ വര്‍ദ്ധിച്ച പ്രചാരമാണ് അറബിമലയാളത്തെ വളര്‍ത്തിയതെന്നതില്‍ ഒരു തര്‍ക്കവുമില്ല. അറബി മലയാളത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും രണ്ട് ചിന്താഗതികളാണുള്ളത്. അതിലൊന്ന് അറബിമലയാളം രൂപീകരിച്ചത് അറബികളാണ് എന്നതാണ്. വ്യാപാരം എന്നതോടൊപ്പം മതപ്രചരണവും അറബികളുടെ കേരളീയയാത്രയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. പരിമിതമായ ഭാഷാജ്ഞാനവും ആശയവിനിമയമാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തി മതപ്രചരണം നടത്തുക അസാധ്യമായിരുന്നു. ഇസ്ലാമികമായ ആശയങ്ങളും ആചാരാനു ഷ്ഠാനങ്ങളും തദ്ദേശീയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ പര്യാപ്തമായ ഒരു ഭാഷ അനിവാര്യമായിത്തീര്‍ന്നു. എന്നാല്‍ ഈ ആവശ്യം നിര്‍വ്വഹിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇരുകൂട്ടര്‍ക്കും അറിയാവുന്ന ഒരു ഭാഷയുടെ അസാന്നിധ്യം വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചു. അറബിലിപിജ്ഞാനം മേല്‍പ്പറഞ്ഞ ഭാഷാപ്രതിസന്ധി പരിഹരി ക്കാന്‍ എളുപ്പം വഴിയൊരുക്കി. പ്രാദേശികഭാഷ അതിന്‍റെ തന്നെ ലിപി ഉപയോഗിച്ച് എഴുതുന്നതിന് പകരം അറബിലിപി ഉപയോഗിച്ച് പ്രാദേശികഭാഷ എഴുതുന്ന രീതി അറബികള്‍ സ്വീകരിച്ചു. അങ്ങനെയാണ് പ്രാദേശിക ഭാഷയ്ക്ക് അറബിലിപി ഉപയോഗിക്കുന്ന സമ്പ്രദായം രൂപപ്പെട്ടത്. അറബിത്തമിഴ്, അറബികന്നട, അറബിസിന്ധി, അറബിബംഗാളി, അറബിഇംഗ്ലീഷ് തുടങ്ങിയ ലിപികള്‍ ഇവയ്ക്കുദാഹരണമാണ്. ആശയവിനിമ യത്തിനും മതപ്രചരണത്തിനുമായി വിദേശഭാഷകളെ അറബിലിപിയില്‍ എഴുതല്‍ അക്കാലത്ത് സാധാരണ മായിരുന്നു.
അറബിമലയാളം വിദേശീയരായ അറബികളുടെ ബോധപൂര്‍വ്വമായ സൃഷ്ടിയല്ല എന്നും അറബിലിപിജ്ഞാനം നേടിയ തദ്ദേശീയരുടെ വ്യവഹാരശ്രമത്തിന്‍റെ ഫലമായി രൂപം കൊണ്ടതാണെന്നുമുള്ളതാണ് അറബി മലയാള ത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള രണ്ടാമത്തെ കാഴ്ചപ്പാട്. മതപരമായ ആവശ്യങ്ങള്‍ക്കായി മാപ്പിളമാര്‍ അറബിലിപി വിജ്ഞാനം നേടി. ഈ ലിപി മാപ്പിളമാര്‍ അവരുടെ വ്യവഹാരാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി. തങ്ങളുടെ വാമൊഴിയിലെ മതപരമായ കാര്യങ്ങള്‍ രേഖപ്പെടുത്താനായിരിക്കും ആദ്യം ഈ രീതി ഉപയോഗിച്ചത്. ഖുര്‍ആനിലേയും മറ്റും വിശുദ്ധവചനങ്ങളും സൂക്തങ്ങളും ഭക്തിഗീതങ്ങളും മലയാളത്തിലോ ആര്യലിപിയിലോ എഴുതുന്നത് കുറ്റകരമാണെന്ന ഒരു ധാരണ മത പ്രബോധനത്തിന്‍റെ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. അറബിഭാഷ ദൈവദത്തമാണെന്നും മതകാര്യങ്ങള്‍ അറബിയില്‍ത്തന്നെ എഴുതണമെന്നുമുള്ള വിശ്വാസമായിരിക്കാം ഇതിന് പ്രചോദനമായിട്ടുണ്ടാവുക. അതിന്‍റെ ഭാഗമായി ഒരു പുതിയ ലിപി കണ്ടെത്തുവാന്‍ കേരളീയ മുസ്ലിംകള്‍ നിര്‍ബ്ബ ന്ധിതരായി. ഇതിന്‍റെ പരിണതഫലമായിട്ടാണ് അറബിമലയാളലിപി രൂപപ്പെട്ടതെന്ന് കാണാം.

അറബി അക്ഷരങ്ങളെ ആധാരമാക്കി മലയാളഭാഷയ്ക്ക് ഒരു ലിപി നല്‍കിയുണ്ടാക്കിയതാണ് അറബിമലയാളം. അറബിയിലേയും മലയാളത്തിലേയും അക്ഷരങ്ങള്‍ എഴുതാവുന്ന രൂപത്തില്‍ അറബിലിപിമാലയില്‍ ചിലമാറ്റങ്ങള്‍ വരുത്തിയാണ് അറബിമലയാളലിപി രൂപപ്പെടുത്തിയത്. അറബിലിപിയെപോലെ വലത്തുനിന്ന് ഇടത്തോട്ടാണ് അറബിമലയാളവും എഴുതുന്നത്.

അറബിമലയാളത്തില്‍ മുദ്രണം ചെയ്യപ്പെട്ട കൃതികള്‍ മാപ്പിളസമൂഹത്തിനിടയില്‍ പ്രചരിച്ചു തുടങ്ങിയ സമയത്തു തന്നെ മറ്റുരണ്ടുതരം ഗദ്യരീതികള്‍ ലിഖിതപാഠങ്ങളായി കേരളത്തില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. സംസ്കൃത വാക്യരീതിയുടെ സ്വാധീനമുള്ള ആഖ്യാന രീതിയായിരുന്നു അതിലൊന്ന്. മറ്റേത് ക്രൈസ്തവമിഷനറി മലയാളം. സുറിയാനി, ഹീബ്രു പദങ്ങളുടെ ആധിക്യവും ഒരുതരം കൃത്രിമത്വവുമായിരുന്നു ഇതിന്‍റെ പ്രത്യേകത.

മലയാളികള്‍ക്ക് അറബിയുമായും അറബികള്‍ക്ക് മലയാളവുമായും സമ്പര്‍ക്കം പുലര്‍ത്താനുള്ള സൗകര്യത്തെ മുന്‍നിര്‍ത്തി രൂപം കൊണ്ട ലിപി വ്യവസ്ഥയാണ് അറബിമലയാളം എന്നതില്‍ തര്‍ക്കമില്ല. അറബിമലയാള ലിപി രൂപപ്പെടുന്നതിനു മുമ്പു തന്നെ കച്ചവടപരമായും മറ്റുമുള്ള ഇടപഴക്കത്തിന്‍റെ ഫലമായി മലയാളപദങ്ങള്‍ അറബി യിലേക്കും അറബിപദങ്ങള്‍ മലയാളത്തിലേക്കും പകര്‍ന്നിരുന്നു. അറബി മലയാളം എന്നത് മലയാളത്തില്‍ നിന്ന് വ്യതിരിക്തമായ ഒരു സ്വതന്ത്രഭാഷയല്ല. അതിന്‍റെ ലിപി മാത്രമാണ് അറബി. അത് വായിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും ആശയവുമെല്ലാം മലയാളം തന്നെയാണ്.

അറബിമലയാളസാഹിത്യം

ഹിജ്റ 10-ാം നൂറ്റാണ്ടില്‍ പരിമിതമായ ആവശ്യത്തിനുമാത്രം ഉപയോഗിച്ചിരുന്ന അറബിമലയാളം നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും ആ കാലത്തെ മലയാളത്തോട് കിടപിടിക്കത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് തികച്ചും അല്‍ഭുതാവഹമായ വസ്തുതയാണ്. കേരളീയ മുസ്ലീം സര്‍ഗ്ഗാത്മകതയുടെ വിസ്ഫോടനമാണ് ഈ കാലഘട്ടത്തില്‍ നടന്നത്. ഈ വിസ്ഫോടനം ഊര്‍ജ്ജസ്വലമായൊരു ധൈഷണിക ജീവിതം അവരില്‍ സംജ്ജാതമാക്കി. കേരളക്കരയില്‍ സാഹിത്യത്തില്‍ പുതിയ മൂല്യങ്ങളും മാനദണ്ഡങ്ങളും രൂപപ്പെട്ടു. കവിതയില്‍ പുതിയ വൃത്തങ്ങളും അലങ്കാരങ്ങളും ആവിഷ്കരിക്കപ്പെട്ടു.

ധാരാളം എഴുത്തുകാര്‍ അറബിമലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രതിപാദനത്തില്‍ നൂതനത്വവും മൗലികതയും കൊണ്ട് ശ്രദ്ധേയമായ ധാരാളം കൃതികള്‍ ഇവര്‍ രചിച്ചിട്ടുണ്ട്. പുതിയ സങ്കേതങ്ങളുടെ ഉപജ്ഞാതാക്കള്‍ എന്ന അര്‍ത്ഥ ത്തില്‍ ഖാസിമുഹമ്മദ്, കുഞ്ഞായിന്‍മുസ്ല്യാര്‍, മാപ്പിള ആലിം ഉമര്‍ ലബ്ബ, മാനാന്‍റെകത്ത് കുഞ്ഞിക്കോയതങ്ങള്‍, മുണ്ടമ്പ്ര ഉണ്ണിമമ്മദ്, ചാക്കീരിമൊയ്തീന്‍കുട്ടി, എം. എ. ഇമ്പിച്ചി, നല്ലളം ബീരാന്‍, നാലകത്ത് കുഞ്ഞിമൊയ്തീന്‍കുട്ടി, കുഞ്ഞിസീതിക്കോയതങ്ങള്‍, പി.ടി. ബീരാന്‍കുട്ടി, സുജായി മൊയ്തു മുസ്ല്യാര്‍, ഇച്ചമസ്താന്‍, മാട്ടുങ്ങല്‍ കുഞ്ഞിക്കോയ, ചേറ്റുവായ് പരീക്കുട്ടി, സി. എ. ഹസ്സന്‍കുട്ടി, പുലിക്കോട്ടില്‍ ഹൈദര്‍, മോയിന്‍കുട്ടി വൈദ്യര്‍, കെ. എന്‍. മമ്മുഞ്ഞി, ബീരാന്‍കുട്ടി മുസ്ല്യാര്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒട്ടേറെസ്ത്രീ എഴുത്തുകാര്‍ അറബിമലയാളത്തില്‍ രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഇവരില്‍ പരിഗണനാര്‍ഹമായ സൃഷ്ടികളുടെ കര്‍ത്താക്കളാണ് കെ. ആമിനക്കുട്ടി, പി.കെ. ഹലീമ, വി. ആയിശക്കുട്ടി, സി.എച്ച് കുഞ്ഞായിഷ എന്നിവര്‍.

ഗദ്യരൂപത്തിലും പദ്യരൂപത്തിലുമായി ആയിരക്കണക്കിന് സര്‍ഗ്ഗാത്മക സൃഷ്ടികള്‍ അറബിമലയാളത്തിലുണ്ട്. മതപരമായ വിജ്ഞാന സമ്പാദനം ലക്ഷ്യംവെച്ചുകൊണ്ട്തന്നെ രൂപപ്പെടുത്തിയതിനാല്‍ അറബിമലയാളത്തിലെ ഒട്ടുമിക്കകൃതികളിലേയും പ്രതിപാദ്യം ഇസ്ലാം മതചിന്തകളോടും ചരിത്രത്തോടും ബന്ധപ്പെട്ടു കിടക്കുന്നു. മതേതരമായ കൃതികള്‍ താരതമ്യേന കുറവാണ്. മതം, ചരിത്രം, വൈദ്യം, ജ്യോതിഷം, നോവല്‍, സഞ്ചാരസാഹിത്യം തുടങ്ങിയ മേഖലകളിലെ കൃതികള്‍ അറബിമലയാളത്തിലുണ്ട്.

അറബിമലയാളത്തില്‍ ഗദ്യകൃതികളെന്നാല്‍ തര്‍ജ്ജമകളാണ്. എന്നാല്‍ ഒരു കൃതിയും പദാനുപദതര്‍ജമയല്ല. ഗദ്യമെന്നതിനുപകരം തര്‍ജ്ജമ എന്നാണ് പറയുക. മിക്കവാറും ഗദ്യകൃതികളും തര്‍ജ്ജമകളായതിനാലായിരിക്കാം ഗദ്യകൃതികളെയെല്ലാം തര്‍ജ്ജമ എന്നു വിശേഷിപ്പിക്കുന്ന രീതിയുണ്ടായത്. ഗ്രന്ഥകര്‍ത്താക്കള്‍ തന്നെ തങ്ങള്‍ എഴുതുന്ന സ്വതന്ത്ര ഗദ്യകൃതികളെ തര്‍ജ്ജമ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഗദ്യത്തിലെ ഭാഷ ലളിതവും വാമൊഴിരൂപത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതുമാണ്. കര്‍ത്താവ് അനുവാചകരോട് നേരിട്ട് സംവദിക്കുന്ന രീതിയിലാണ് മിക്കവാറും കൃതികള്‍. കൃതിക്ക് വിശ്വാസപരവും മതപരവുമായ അംഗീകാരം നേടിയെടുക്കാന്‍ വേണ്ടിയാവണം സ്വതന്ത്രകൃതികള്‍പോലും തര്‍ജ്ജമകള്‍ എന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. അറബികൃതികളുടെ തര്‍ജ്ജമയാണ് എന്ന് പറഞ്ഞാല്‍ ആധികാരികത ലഭിക്കുകയും പ്രതിപാദ്യത്തിന്‍റെ സാംഗത്യം ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യും.

മാപ്പിളപ്പാട്ടുകള്‍
കണ്ടുകിട്ടിയതില്‍ വെച്ചേറ്റവും പഴക്കമുള്ള അറബിമലയാളകൃതി മുഹിയുദ്ദീന്‍മാലയാണ്. മതപണ്ഡിതനും കോഴിക്കോട്ട് ഖാസിയുമായിരുന്ന ഖാസിമുഹമ്മദാണിതിന്‍റെ കര്‍ത്താവ്. ഒരു കാലത്ത് കേരളീയ മുസ്ലീം ഭവനങ്ങളില്‍ ഭക്തിപൂര്‍വ്വം പാരായണം ചെയ്യപ്പെട്ട കൃതിയാണ് മുഹിയുദ്ദീന്‍മാല. ഖുര്‍ആന്‍ ഓതാനും, മാല ചൊല്ലാനും പഠിക്കുക എന്നതായിരുന്നു അക്കാലത്തെ മാപ്പിളമാരുടെ വിദ്യഭ്യാസരീതി. ഭക്തിമാര്‍ഗ്ഗങ്ങളിലെ ഒരു പ്രധാന ചടങ്ങായിരുന്നു മുഹിയുദ്ദീന്‍മാലയുടെ പാരായണം. പുണ്യ പുരുഷനായ മുഹിയുദ്ദീന്‍ ശൈഖിന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുകയാണിവിടെ. അത്ഭുതസിദ്ധികളുള്ള മഹാനാണ് മുഹിയുദ്ദീന്‍ ശൈഖ്. പടച്ചവന് പ്രിയപ്പെട്ടവരില്‍ ഒരുവന്‍. അതിനാല്‍തന്നെ മുഹിയുദ്ദീന്‍ ശൈഖിന്‍റെ അപദാനങ്ങളെ പാടിപ്പുകഴ്ത്തുന്നത് പുണ്യപ്രവൃത്തിയായാണ് മാപ്പിളമാര്‍ കരുതിയത്. മുഹിയുദ്ദീന്‍ മാലയുടെ രചനാകാലം പ്രസ്തുത കൃതിയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം എളുന്നൂറ്റി എമ്പത്തിരണ്ടില്‍ ഞാന്‍
കൊത്തേന്‍ ഈ മാലേനെ നുറ്റമ്പത്തഞ്ചുമ്മല്‍
മുത്തും മാണിക്യവും ഒന്നായി കോത്തപോല്‍
മുഹ്യുദ്ദീന്‍ മലനെ കോത്തേന്‍ ഞാന്‍ ലോകരേ.

പൊതുവെ രാത്രികാലങ്ങളിലാണ് മാലപ്പാട്ടുകള്‍ പാടിയിരുന്നത്. അസുഖമോ ധനനഷ്ടമോ സംഭവിക്കുമ്പോള്‍ വീടുക ളില്‍ മാലപ്പാട്ട് നേര്‍ച്ചയാക്കുകയും ഫലസിദ്ധിക്ക് വേണ്ടി പാടിക്കുകയുമായിരുന്നു പതിവ്. മുഹ്യുദ്ദീന്‍ മാലയ്ക്കുശേഷം അനേകം മാലപ്പാട്ടുകള്‍ അറബിമലയാളത്തിലുണ്ടായി. ബദര്‍മാല, രിഫാഇമാല, നഫീസത്ത് മാല, മഞ്ഞക്കുളം മാല, മമ്പുറം തുടങ്ങി ആധുനികകാലത്തെ ബഷീര്‍മാല വരെ അവയുടെ എണ്ണം നീളുന്നു. ഇസ്ലാം മതത്തില്‍ രൂപംകൊണ്ട മത നവീകരണ പ്രസ്ഥാനങ്ങള്‍ മാലപ്പാട്ടുകളെ അനിസ്ലാമികമായി പ്രഖ്യാപിച്ചതോടെ മുസ്ലിം സമൂഹത്തില്‍ ഇതിന്‍റെ പ്രാധാന്യം കുറയുകയും മാലകള്‍ വിസ്മൃതിയിലാവുകയും ചെയ്തു.

മുഹിയുദ്ദീന്‍ മാല രചിച്ച് നൂറ്റി ഇരുപത്തിഅഞ്ചോളം വര്‍ഷങ്ങള്‍ക്ക് ശേഷം രചിച്ച കൃതിയാണ് നൂല്‍മദ്ഹ്, കുഞ്ഞാ യിന്‍ മുസ്ല്യാരുടെ കൃതികളാണ് നൂല്‍മദ്ഹും കപ്പപ്പാട്ടും. അറബിമലയാളത്തില്‍ കണ്ടുകിട്ടിയതില്‍വെച്ച് പഴക്കംകൊണ്ട് രണ്ടാമത്തെ കൃതിയായി പരിഗണിക്കുന്നത് ‘നൂല്‍മദ്ഹ്’ ആണ്. അതായത് കണ്ടുകിട്ടിയതില്‍ ഒന്നാമത്തെ കൃതിയും രണ്ടാമത്തെ കൃതിയും തമ്മിലെ വ്യത്യാസം ഒരു നൂറ്റാണ്ടിലധികമാണ്. ഇത്രയും കാലം അറബിമലയാളത്തില്‍ സാഹിത്യപ്രവര്‍ത്തനം നടന്നില്ല എന്ന് ധരിച്ചുകൂട. ഈ കാലഘട്ടത്തിലെ കൃതികള്‍ക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

പ്രവാചകൻമാരുടെയും പുണ്യപുരുഷൻമാരുടെയും ജീവിതകഥകള്‍ വര്‍ണ്ണഭംഗിയോടെ അവതരിപ്പിക്കുന്ന കഥാഗാന ങ്ങളാണ് കിസ്സപ്പാട്ടുകള്‍. ആദംനബി കിസ്സ, യൂസഫ് കിസ്സ, ഇബ്രാഹിം കിസ്സ, മറിയംബീവി കിസ്സ, മാലിക്കുബിനു ദിനാര്‍ കിസ്സ തുടങ്ങി നിരവധി കിസ്സകള്‍ ഈ വിഭാഗത്തിലുണ്ട്. മാപ്പിള സ്ത്രീകള്‍ തികഞ്ഞ ഭക്തി പാരവശ്യത്തോടെ ഈ കിസ്സകളില്‍ നിന്നുള്ള ഈരടികള്‍ ആലപിച്ചിരിക്കുന്നു. കിസ്സകളില്‍ ഏറ്റവും ശ്രദ്ധേയമായത് യൂസഫ് കിസ്സയാണ്.

അറബിമലയാളത്തിലെ അതിവിപുലമായ മറ്റൊരു ഗാനശാഖയാണ് പടപ്പാട്ടുകള്‍ എന്നറിയപ്പെടുന്ന യുദ്ധകാവ്യ ങ്ങള്‍. പതിനെട്ടാം നൂറ്റാണ്ട് മുതലാണ് ഇസ്ലാമിക യുദ്ധവൃത്തങ്ങളെ പ്രതിപാദിക്കുന്ന പടപ്പാട്ടുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ബദര്‍ പട, ഉഹ്ദ് പട, സഖും പട, ചേരുര്‍ പട, മലപ്പുറം പട തുടങ്ങി അന്‍പതോളം പടപ്പാട്ടുകള്‍ അറബി മലയാളത്തിലുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ദശാസന്ധികളെ ഭക്തിയുടെ മേമ്പൊടിചേര്‍ത്ത് വീരരസപ്രദാനമായി അവതരിപ്പിക്കുകയാണ് മിക്കപടപ്പാട്ടുകളിലും ചെയ്തിരിക്കുന്നത്. പ്രാദേശികമായ ഏറ്റുമുട്ടലുകളെക്കുറിച്ചും പടപ്പാട്ടുകളുണ്ടായിട്ടുണ്ട്. മലപ്പുറം പട, ചേരൂര്‍ പട എന്നിവ ഇതിനുദാഹരണമാണ്. മോയിന്‍കുട്ടി വൈദ്യര്‍ക്ക് അറബിമലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത് അദ്ദേഹത്തിന്‍റെ പടപ്പാട്ടുകളാണെന്ന് കാണാം.

ഗ്രന്ഥസൂചി

1. അബു, 1970, അറബിമലയാളസാഹിത്യചരിത്രം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
2. അഹമ്മദ് മൗലവി സി.എന്‍, മുഹമ്മദ് അബ്ദുല്‍കരീം കെ.കെ, 1978, മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം, ആസാദ് ബുക്സ്റ്റാള്‍, കോഴിക്കോട്
3. കാരശ്ശേരി എം.എന്‍, 1989, കുറിമാനം മലയാളം പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
4. കാരശ്ശേരി, എം.എന്‍, 2009, മാപ്പിളക്കലകളിലെ അനുഷ്ഠാനാംശം, മാപ്പിള കലാദര്‍ശനം, തൃശ്ശൂര്‍, കേരള സാഹിത്യ അക്കാദമി.
5. ഗംഗാധരന്‍ എം, 2004, മാപ്പിളപഠനങ്ങള്‍, വചനം ബുക്സ്, കോഴിക്കോട്.
6. ജമാല്‍ കൊച്ചങ്ങാടി (എഡി) 2003, കേരള സംസ്കാരത്തിലെ ആദാന പ്രദാനങ്ങള്‍, കോഴിക്കോട്, വചനം ബുക്സ്.
7. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, 2000, മാപ്പിള സംസ്കാരത്തിന്‍റെ കാണാപ്പുറങ്ങള്‍, കാപ്പിറ്റല്‍ ഇന്‍റര്‍നാഷണല്‍ പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
8. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, 1999, മാപ്പിളപ്പാട്ട് ഒരാമുഖപഠനം, പൂങ്കാവനം ബുക്സ്, കോഴിക്കോട്.
9. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഉമര്‍ തറമേല്‍, 2006, മാപ്പിളപ്പാട്ട് പാഠവും പഠനവും, ഡി.സി.ബുക്സ്, കോട്ടയം.
10. മുഹമ്മദ് അഹമ്മദ് ബി, 2006, മാപ്പിള ഫോക്ലോര്‍, സമയം പബ്ലിക്കേഷന്‍സ്, കണ്ണൂര്‍

✍ടി. മന്‍സൂറലി

അസി.പ്രൊഫസർ-
മലയാളവിഭാഗം,
ഫാറൂഖ് കോളേജ്,
കോഴിക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments