വിശുദ്ധിയിൽ നടക്കുക
(1 പത്രൊ.1:13 – 17)
“നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ളവരായി, എല്ലാ നടപ്പിലും വിശുദ്ധരാകുവീൻ. ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരാകുവീൻ
എന്നു എഴുതിയിരിക്കുന്നു
വല്ലോ” (വാ.15, 16) .
ദൈവത്തോടൊപ്പവും, ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചും ജീവിക്കുമ്പോ
ഴാണ്, ഒരാൾക്കു വിശുദ്ധിയിൽ ജീവിക്കാനാകുക. ദൈവം വിശുദ്ധനും വിശുദ്ധിയിൽ വസിക്കുന്നവനും ആകയാൽ, തന്റെ മക്കളും വിശുദ്ധിയിൽ വസിക്കുന്നവർ ആയിരിക്കണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ പങ്കാളിത്തംകൂടാതെ നമ്മെ വിശുദ്ധരാക്കുവാൻ ദൈവത്തിനു സാദ്ധ്യമല്ല. വിശുദ്ധി ആഗ്രഹിക്കുകയും, അതേ സമയം വിശുദ്ധിയുടെ വഴിയിൽ നടക്കുവാൻ നാം തയ്യാറാകാതിരിക്കുകയും ചെയ്താൽ, ഒരു വഴിയിലൂടെ പോകാൻ ആഗ്രഹിക്കുകയും മറ്റൊരു വഴിയിലൂടെ പോകുകയും ചെയ്യുന്നതു പോലെ ആയിരിക്കും അത്. ഒരിക്കലും ലക്ഷ്യത്തിലെത്താൻ അതിലൂടെ സാദ്ധ്യമല്ല.
വിശുദ്ധി പ്രാപിക്കുന്നതിനു കേവലം വിശ്വാസo മാത്രം മതി എന്നു പഠിപ്പിക്കുന്നതു ശരിയല്ല. ഒരു പ്രയത്നവും കൂടാതെ പരീക്ഷ പാസ്സാകാം എന്നു പറയുന്നതു പോലെ ആണത്. ജഡീകമായ സന്തം ഹിതങ്ങളും ആഗ്രഹങ്ങളും ബലിയർപ്പിച്ച്, ദൈവത്തിനു പുർണ്ണമായി സ്വയം സമർപ്പിക്കാതെ ആർക്കും വിശുദ്ധിയുടെ പാത പിൻപറ്റാൻ ആകയില്ല. പാപത്തിന്റെ സകല പ്രശ്നങ്ങളും പരിഹരിക്കത്തക്ക വണ്ണം വിശുദ്ധിയുടെ ഗുളികകൾ വിതരണം ചെയ്യുന്നവനല്ല, ദൈവം. വിശുദ്ധി പ്രാപിക്കുവാൻ കുറുക്കു വഴികളൊന്നുമില്ല. ധ്യാന ഭാഗത്തു സൂചിപ്പിക്കുന്നതുപോലെ, “പണ്ട് നിങ്ങളുടെ അജ്ഞാന കാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ, നിങ്ങളെ വിളിച്ച വിശുദ്ധനൊത്തവണ്ണം എല്ലാ നടപ്പിലും വിശുദ്ധരാകുന്നവർക്കു” (വാ.14,15) മാത്രമേ, വിശുദ്ധിയിൽ നടക്കുവാൻ സാധിക്കൂ.
രക്ഷ ലഭിക്കുന്നതു വിശ്വാസത്താൽ മാത്രമാണ്. എന്നാൽ, വിശുദ്ധി വിശ്വാസത്താലും പ്രവൃത്തിയാലുമാണു ലഭ്യമാകുന്നത്. വിശുദ്ധിയിലേക്കു ദിനം തോറും
വളരേണ്ടിയിരിക്കുന്നു. അതിനു “അത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുവാൻ” നാം തയ്യാറാകണം! (റോമ.8:13). ക്ഷീപ്രകോപികൾ, സ്നേഹമില്ലാത്തവർ, സ്വാർത്ഥ മോഹികൾ, ചതിയർ, കപടഭക്തിക്കാർ, പൊങ്ങച്ചക്കാർ, പേരിനും പ്രശസ്തിക്കുംവേണ്ടി പരക്കം പായുന്നവർ, വഷളർ, ദൈവനാമം ദുഷിക്കപ്പെടുംവിധം തിന്മയിൽ ജീവിക്കുന്നവർ, ഇവയിൽ ഒന്നോ അധിലധികമോ മേഖലയിൽ വീഴ്ചയുള്ളവരാണു നാമെങ്കിൽ, വിശുദ്ധി നമുക്കു അന്യമായിരിക്കും. വിശുദ്ധി പ്രാപിക്കണമെങ്കിൽ, ദൈവാത്മാവിൽ ആശ്രയിച്ചു അതിനായി കഠിനമായി പ്രയത്നിക്കണം. “താൻ പാതി; ദൈവംപാതി” എന്ന പഴമൊഴി അങ്ങേയറ്റം ബാധകമാണ് അതിന്. ദൈവം നമ്മെ അതിനു സഹായിക്കട്ടെ?
ചിന്തയ്ക്ക്: ദൈവജനം ദൈവാത്മാവിൽ ശരണപ്പെട്ടു വിശുദ്ധിയെ തികക്കുന്നവരായിരിക്കണം!