കോട്ടയ്ക്കൽ. ബാബറിമസ്ജിദിന്റെ തകർച്ചയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) രൂപംകൊണ്ട സമയം. ഇബ്രാഹിം സുലൈമാൻ സേട്ട്, യു.എ.ബീരാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർട്ടി മുസ് ലിംലീഗിന് ശക്തമായ വെല്ലുവിളി ഉയർത്തി. തുടർന്ന് 1996ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകൾ ഐഎൻഎല്ലിന് നൽകാൻ എൽഡിഎഫ് തീരുമാനിച്ചു. അതിലൊന്നായിരുന്നു തിരൂർ. കോട്ടയ്ക്കൽ സ്വദേശിയായ യു.എ.ബീരാന്റെ മകൻ യു.എ.നസീറാണ് സിറ്റിങ് എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഇ.ടി.മുഹമ്മദ്ബഷീറിനെതിരെ മത്സരിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നസീർ ഇ.ടിയോട് അടിയറവ് പറഞ്ഞു.
ദീർഘകാലമായി അമേരിക്കയിൽ കഴിയുന്ന, യുഎസ്എ, കാനഡ കെഎംസിസി പ്രസിഡന്റ് കൂടിയായ നസീർ 28 വർഷം മുൻപ് നടന്ന ആ തീപ്പൊരിമത്സരത്തെക്കുറിച്ച് ഇപ്പോൾ പറയുന്നത് ഇങ്ങനെ: “ഞാൻ കണ്ട, മറക്കാൻ ശ്രമിക്കുന്ന ദുസ്വപ്നം”.
സുഹൃത്തുക്കൾ അങ്കത്തട്ടിൽ
— – – – – – – – – – –
1978ൽ യു.എ.നസീർ മാവൂർ ഗ്വാളിയർ റയോൺസിൽ ഉദ്യോഗസ്ഥനായി എത്തുമ്പോൾ ഇ.ടി.മുഹമ്മദ്ബഷീർ അവിടെ ജോലി ചെയ്യുന്നുണ്ട്. അഖിലേന്ത്യാ ലീഗിന്റെ നിയന്ത്രണത്തിലുള്ള എസ്ടിയുവിന്റെ നേതാവാണ് ഇ.ടി. അന്നുതുടങ്ങിയതാണ് അദ്ദേഹവുമായുള്ള സൗഹൃദമെന്ന് നസീർ പറയുന്നു. ഡൽഹിയിൽ പാർലമെന്റ് കാണാൻ പോയതടക്കം ഒന്നിച്ചുള്ള ഒട്ടേറെ യാത്രകൾ. 1985ൽ അഖിലേന്ത്യാ ലീഗ് മുസ് ലിം ലീഗിൽ ലയിച്ചതോടെ ഒരേ ദിശയിലായി പിന്നീടുള്ള പ്രവർത്തനങ്ങൾ.
ഇതിനിടെയാണ് തിരൂരിൽ ഇരുവരും തമ്മിൽ മത്സരത്തിനിറങ്ങിയത്. ശക്തമായ പോരാട്ടം നടക്കുമ്പോഴും സുഹൃദ്ബന്ധം കോട്ടംതട്ടാതെ നിലനിർത്തിയിരുന്നതായി നസീർ പറയുന്നു. വീടുകളിലും തെരുവുകളിലും വച്ചു കണ്ടപ്പോഴെല്ലാം ഹസ്തദാനം നടത്താൻ മറന്നില്ല. വളരെ കുറഞ്ഞ വോട്ടുകൾക്കാണ് അന്ന് പരാജയപ്പെട്ടത്. ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ നിന്നു ലഭിക്കേണ്ട വോട്ട് കിട്ടാഞ്ഞതും പിഡിപി വോട്ടുകൾ യുഡിഎഫിന് പോയതുമാണ് തോൽവിക്കു കാരണമെന്നാണ് നസീറിന്റെ പക്ഷം.
പിന്നീട്, നസീർ ലീഗിലേക്കു തിരിച്ചെത്തിയ ശേഷവും ഇ.ടിയുമാള്ള സ്നേഹബന്ധം ഊഷ്മളമായി തുടർന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പൊന്നാനിയിൽ മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഉപാധ്യക്ഷനായിരുന്നു നസീർ. 24 വർഷമായി അമേരിക്കയിൽ കഴിയുന്ന നസീർ കഴിഞ്ഞമാസം നാട്ടിലേക്കുവരുമ്പോൾ ഡൽഹിയിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് ഇ.ടി. അറിയിച്ചിരുന്നു.
– – – – – – – – –