The Bard of Avon എന്ന് വില്യം ഷെയ്ക്സ്പിയറെപ്പറ്റി പറയാറുണ്ട്.
ഓരോ പുഴയും ഒരു എഴുത്തുകാരനെ സൃഷ്ടിച്ചിട്ടുണ്ട്. ഒന്നിലധികം കലാകാരന്മാരെ കൈമാറിയ പുഴകളും ഉണ്ട്. ഒരുപാട് എഴുത്തുകാരെ എടുത്തുവളർത്തിയ പുഴയാണ് നിള . എഴുത്തച്ഛനും വള്ളത്തോളും അക്കിത്തവും സി.രാധാകൃഷ്ണനും ഒക്കെ നിള ദത്തെടുത്ത എഴുത്തുകാരാണ്.
കൂടല്ലൂരിൽ ജനിച്ച് ഭാരതം മുഴുവൻ പലരംഗങ്ങളിൽ നിറഞ്ഞുനിന്ന എം.ടി. വാസുദേവൻ നായർ നിളയുടെ ദാനമാണ്. അദ്ദേഹത്തിൻ്റെ നിര്യാണം നിളയ്ക്കും നിളാതീരത്തിനും മാത്രമല്ല മലയാളത്തിനും ഭാരതത്തിനും വലിയ നഷ്ടമാണ്.
നിളക്കരയിലെ എഴുത്തുകാരൻ്റെ മനസ്സിൽ എപ്പോഴും നിള ഒഴുകിയിരുന്നു. കൂടല്ലൂരിൽനിന്ന് പാലക്കാട്ട് പോയി പഠിക്കുമ്പോഴും ജോലിയുടെ ഭാഗമായി കോഴിക്കോട്ടേക്ക് മാറിയപ്പോഴും നിള മനസ്സിൽ ഉണ്ടായിരുന്നതിൻ്റെ തെളിവാണ് എം.ടി. യുടെ കഥകളിലെ കുളിർമ്മയും ആർദ്രതയും.
കഥകളുടെയും നോവലുകളുടെയും ഇടവേളകളിൽ സിനിമയെ പ്രണയിച്ചപ്പോഴും നിളയുടെ വളവും തിരിവും അടിയൊഴുക്കും എം.ടി.യുടെ എഴുത്തിൽ പ്രതിഫലിച്ചു. “ഓളവും തീരവും ” , “കടവും” , “നിളയും കടന്ന് ” …എല്ലാം അതിൻ്റെ പ്രഖ്യാപനം കൂടിയാണ്. നിളയുടെ വരൾച്ചയും തകർച്ചയും തന്നെ വേദനിപ്പിച്ചപ്പോൾ അതിൻ്റെ സംരക്ഷണം ഏറ്റെടുക്കാനും എം ടി മുന്നിലുണ്ടായി.
യുവാവായിരിക്കുമ്പോൾ ഓരോ കഥയെഴുതിക്കഴിഞ്ഞാലും പുഴകടന്ന് അക്കിത്തത്തെ കാണിക്കാൻ എം.ടി. കുമരനല്ലൂർക്കു പോയിരുന്നു. “ഇരുട്ടിൻ്റെ ആത്മാവ്” എന്ന പേര് അക്കിത്തത്തിൻ്റെ കണ്ടെത്തലാണ് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
കോഴിക്കോട്ടെ ഏറ്റവും മികച്ച വായനക്കാരിൽ ഒരാൾ എം. ടി. യായിരുന്നു. എം.ടി.യും എൻ.പി. യും വായിക്കാത്ത പുസ്തകങ്ങൾ അന്ന് കോഴിക്കോട് ഉണ്ടായിരുന്നില്ല. ഒരുദിവസം മൂന്നുപുസ്തകം വരെ എം ടി വായിച്ചിരുന്നു എന്നാണ് ഒരറിവ്. വായനയിലൂടെ എം ടി യുടെ ലോകം വളർന്നു. ചെക്കോവിന്റെ കഥകളും ജെയിംസ് ജോയ്സിന്റെ നോവലുകളും ലാറ്റിനമേരിക്കൻ കൃതികളും എം ടി യുടെ വായനാലോകത്തെ വിസ്തൃതമാക്കി. എന്നാൽ വായിച്ച ഒരു പുസ്തകവും എഴുത്തിൽ എം ടി യെ സ്വാധീനിച്ചിട്ടില്ല. മനസ്സിലെപ്പോഴും സ്വന്തം നാട്ടിൻപുറവും ഇടവഴികളും വയൽവരമ്പുകളും പാടശേഖരങ്ങളും ആമ്പൽപൂക്കളും ആയിരുന്നു. നാട്ടിൻപുറത്തെ കഥകൾക്കു ശേഷം നഗരത്തിലെ കഥകൾ എഴുതുമ്പോഴും എം ടി യുടെ ഭാഷ എം ടി യുടെ മാത്രമായിരുന്നു. എം ടി യുടെ കഥകളിൽ കാണുന്ന പല നിരീക്ഷണങ്ങളും കുട്ടികൾക്ക് കോപ്പിയെഴുതാൻ പാകത്തിൽ വാർന്നുവീണ വാക്യങ്ങളാണ്. ജീവിതം എന്ന പുഴയും മരണം എന്ന കോമാളിയും എം ടി മലയാളികൾക്കു വേണ്ടി ബാക്കിവെച്ച നിരീക്ഷണങ്ങളാണ്.
ഞങ്ങളുടെ ഗ്രാമത്തിൽ ഒരു സ്കൂൾ വാർഷികത്തിന് എത്തിയ എം ടി യുടെ ഒരു വാക്യമാണ് എന്നെ വായനശാലയിലേക്കും പുസ്തകങ്ങളിലേക്കും എത്തിച്ചത്. പ്രഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞ ഒരു വാക്യം ഇങ്ങനെയാണ് “സ്ത്രീകൾക്ക് ചോര കണ്ടാൽ തലകറങ്ങുകയില്ല ; അവരത് എല്ലാ മാസവും കാണുന്നതാണ്, എന്ന് പേൾ എസ് ബക്ക് പറഞ്ഞിട്ടുണ്ട് ” . ഈ വാക്യമാണ് പിന്നീട് “ഗുഡ് എർത്ത്”എന്ന നോവൽ തേടിയെത്താനും, ഇത് ആരു പറഞ്ഞു, എവിടെ പറഞ്ഞു, എന്തിനു പറഞ്ഞു എന്ന് അന്വേഷിക്കാനും എന്നെ പ്രേരിപ്പിച്ചത്.
എം ടി തന്നെയാണ് ഞങ്ങൾക്കൊക്കെ ആദ്യമായി ആൻ്റൺ ചെക്കോവിനെ പരിചയപ്പെടുത്തിയത് പ്രശസ്തമായ “പന്തയം” എന്ന കഥ അദ്ദേഹം മറ്റൊരു പ്രഭാഷണത്തിൽ ചുരുക്കി പറഞ്ഞത് ഓർക്കുന്നു. ആ കഥ പിന്നീട് നമ്മുടെ പാഠപുസ്തകങ്ങളിൽ വന്നു.
എം ടി യുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നത് 1973 ലാണ് . ആ വർഷത്തെ വിഷുപ്പതിപ്പ് മത്സരങ്ങളിൽ എനിക്ക് രണ്ടു സമ്മാനങ്ങൾ കിട്ടി. ഏകാങ്കരചനയ്ക്ക് ഒന്നാം സമ്മാനവും കവിതാരചനക്ക് മൂന്നാം സമ്മാനവും . എന്നാൽ സമ്മാനം എം ടി യിൽനിന്ന് ഏറ്റുവാങ്ങാൻ എനിക്കന്ന് ഭാഗ്യമുണ്ടായില്ല. ഞാനൊന്നു വളരെദൂരെ മദ്രാസിൽ ജോലിയിലായിരുന്നു. പഠനം കഴിഞ്ഞ ഉടനെ കിട്ടിയ ജോലിയായിരുന്നു. ലീവ് എടുക്കാനും കോഴിക്കോട്ടേക്കുള്ള യാത്ര ഏറ്റെടുക്കാനും സൗകര്യമുണ്ടായില്ല. സത്യം പറഞ്ഞാൽ കാശും ഉണ്ടായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് എം ടി യിൽനിന്ന് ആ രണ്ട് സമ്മാനങ്ങളും നേരിട്ട് ഏറ്റുവാങ്ങാൻ സാധിച്ചില്ല എന്നുള്ളതാണ്. പിന്നെ അദ്ദേഹം സമ്മാനത്തുക അയച്ചു തരികയാണ് ഉണ്ടായത്.
വർഷങ്ങൾക്കുശേഷം എൻറെ നാടിനടുത്തുള്ള ഒരു വിദ്യാലയത്തിൽ പുതുതായി നിർമ്മിച്ച ലൈബ്രറികെട്ടിടം ഉദ്ഘാടനത്തിന് എം ടി യായിരുന്നു മുഖ്യാതിഥി. എൻറെ നാട്ടുകാർ എന്നെയും ക്ഷണിച്ചിരുന്നു. അങ്ങനെ എം ടി യുടെ ഒപ്പം ഒരേ വേദിയിൽ ഒരു ആശംസാപ്രസംഗകനാവാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. വീണ്ടും വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചപ്പോൾ കോയമ്പത്തൂർ മലയാളിസമാജം അദ്ദേഹത്തിന് ഒരു സ്വീകരണം ഏർപ്പെടുത്തി. അന്ന് പോത്തന്നൂർ കേരളസമാജത്തെ പ്രതിനിധീകരിച്ച് എം ടി ക്ക് അനുമോദനങ്ങൾ അർപ്പിക്കാൻ എനിക്ക് അവസരമുണ്ടായി.
പിന്നീട് പല വേദികളിലും അദ്ദേഹത്തെ കാണുവാൻ സാധിച്ചു . എൻറെ ആദ്യത്തെ കഥ മാതൃഭൂമിയിൽ വന്നത് എം ടി യുടെ കാലത്താണ്. എൻ്റെ ആദ്യത്തെ കഥാപുസ്തകം (ഭാരതപ്പുഴ) ഞാൻ നേരിട്ട് കോഴിക്കോട്ട് പോയി അദ്ദേഹത്തിന് കൊടുത്തു. വർഷങ്ങൾക്കുശേഷം എൻ്റെ ഒരു കഥാപുസ്തകം (മറ്റൊരിടത്ത് വീണ്ടും ) പ്രസിദ്ധീകരിക്കുമ്പോൾ അതിലേക്ക് ഒരു ആശംസ വാക്യം എഴുതിത്തരാൻ അദ്ദേഹത്തോട് അപേക്ഷിച്ചപ്പോൾ അദ്ദേഹം അത് എഴുതി അയച്ചു . എന്നാൽ അത് കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ഫോണിലൂടെ എനിക്ക് അദ്ദേഹത്തിൻ്റെ ആശംസാവാക്യങ്ങൾ വീണ്ടും പറഞ്ഞുതന്നു. അങ്ങനെ മൂന്നുവർഷം മുമ്പേ ഞാൻ പുറത്തിറക്കിയ പുസ്തകത്തിൽ അദ്ദേഹത്തിൻറെ അനുഗ്രഹവാക്യങ്ങൾ എനിക്കു നേടാൻ കഴിഞ്ഞു എന്നുള്ളതും എൻറെ വലിയൊരു ഭാഗ്യമാണ്.

മറ്റൊരിക്കൽ കോയമ്പത്തൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് വിജയകുമാർ കുനിശ്ശേരി യോടൊപ്പം ഞാനും അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ സംസാരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു , എനിക്ക് സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും വളർന്ന എഴുത്തുകാരെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്നുണ്ട് , ഞാൻ എവിടെ നിന്ന് തുടങ്ങണം എന്ന് ചോദിച്ചു . അന്ന് അദ്ദേഹം എന്നോട് പറഞ്ഞു, “എന്നാൽ സംശയിക്കേണ്ട ഏതൻസിൽ നിന്ന് തുടങ്ങിക്കോളൂ “. അങ്ങനെ ഞാൻ അത് ഹോമറിൽ നിന്ന് തുടങ്ങി, ഏകദേശം കണ്ണൂരിലെ ടി . പത്മനാഭൻ വരെ എത്തിയെങ്കിലും എനിക്കത് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇന്ന് അതിൻറെ ഒരു പേജുപോലും കയ്യിലില്ല.

എം ടി , വിടപറഞ്ഞു എന്നത് വ്യക്തികളുടെ ദുഃഖം മാത്രമല്ല . ഒരു സംസ്ഥാനത്തിൻ്റെ മാത്രമല്ല, ഏറെക്കുറെ ഒരു രാഷ്ട്രത്തിൻറെ മുഴുവൻ ദുഃഖമായി മാറിയിരിക്കുകയാണ് . ഇന്ത്യയുടെ പുറത്തേക്ക് ആ ദുഃഖം പടർന്നുകൊണ്ടിരിക്കുന്നു. ഇത്രയധികം പേരുടെ മനസ്സിൽ ഓളം സൃഷ്ടിക്കാൻ കഴിഞ്ഞ നിളയുടെ എഴുത്തുകാരന് നിത്യശാന്തി നേർന്നുകൊണ്ട് ഞാൻ കുമ്പിടുന്നു.
എം.ടി. മാത്രമല്ല,സാക്ഷാൽ വാസുദേവനും ഒരു പുഴയുടെ പാട്ടുകാരനായിരുന്നല്ലോ. യമുനയുടെ പാട്ടുകാരനായ ശ്രീ കൃഷ്ണൻ, ഗംഗയുടെ പാട്ടുകാരനായ വ്യാസന്റെ സൃഷ്ടി മാത്രമല്ല ഓരോ ഭാരതീയന്റെയും മനസ്സിൽ വേണുനാദമായി ഒഴുകുന്ന ഒരു വിശ്വാസമാണ് ഒരു മനോഹര സങ്കല്ലമാണ്. അതുപോലെ ഓരോമലയാളിയുടെ മനസ്സിലും എം ടി എന്ന എഴുത്തുകാരൻ ഭാരതപ്പുഴയുടെ പാട്ടുകാരനായി കുളിർമയുടെയും ആർദ്രതയുടെയും ആഴത്തിൻ്റെയും പരപ്പിൻ്റെയും പര്യായമായി എന്നുമുണ്ടാവും.