എഴുതാപ്പുറങ്ങളുടെ കണ്ടെത്തലുകളിൽ നിങ്ങൾ സംതൃപ്തരോ ?
നമ്മൾ മനുഷ്യന്മാരൊക്കെ എഴുതാപ്പുറങ്ങളെക്കുറിച്ച് വായിച്ചെടുക്കാനും ഊഹിച്ചെടുക്കാനും, ചില നിഗമനങ്ങളിൽ, കണ്ടെത്തലുകളിൽ അവയെ പോഷിപ്പിക്കാനും കൊട്ടിഘോഷിച്ച് പരസ്യമായും രഹസ്യമായും മറ്റുള്ളവർക്ക് നേരെ വിധിയെഴുതാനുമൊക്കെ ചിലപ്പോഴെങ്കിലും തുനിയാറുണ്ട്. അവസരോചിതമായി സന്ദർഭങ്ങൾ ഒത്തു വരുമ്പോൾ സ്വാഭാവികമായും അതങ്ങു സംഭവിച്ചു പോകും! ആർക്കും ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വലിയ സമയം ഒന്നും ഉണ്ടായിട്ടുമല്ല. ഇതൊക്കെ മനുഷ്യസഹജം.. എന്നാലുംപലപ്പോഴും പലർക്കും മറ്റുള്ളവരുടെ ഈ എഴുതാപ്പുറങ്ങൾ വായനകൊണ്ട് വലിയ രീതിയിൽ കിടക്കപ്പൊറുതിയില്ലാതായിട്ടുണ്ട്. “ങാ…എഴുതാപ്പുറങ്ങൾ വായിക്കല്ലേ?..നീ കടന്നു പോ” !..എന്ന് പറഞ്ഞ് പണ്ടത്തെ കാരണവന്മാർ കാര്യസ്ഥന്മാരെ ആട്ടിയോടിക്കുന്നത് ഈയവസരത്തിൽ ഓർമ്മവരുന്നു..
മറ്റുള്ളവരുടെ ചെയ്തികൾക്കും ചിന്തകൾക്കും, കാണലുകൾക്കും കേൾക്കലുകൾക്കും അപ്പുറത്തേക്ക് കടന്നു ചെന്ന് നിഗമനങ്ങൾ വിളമ്പാൻ ഈ എഴുതാപ്പുറങ്ങൾക്ക് ഒരു പ്രത്യേക പ്രാവീണ്യമുണ്ട്. രോഗം മൂർച്ഛിച്ച് കണ്ടവന് മരണം വിധിക്കുക, അറിയാതെ സംഭവിച്ചു പോയ ഒരു ചെറിയ തെറ്റിനെ ,കുറ്റത്തെ ആജീവനാന്ത വിലക്കിന് മാപ്പുസാക്ഷിയാക്കുക. വേണുന്നിടത്തു കണ്ടവനെ വേണ്ടാത്തിടത്തെന്ന് കൂട്ടിച്ചേർക്കുക..
ഒരിക്കൽ തോറ്റവൻ്റെ നിഘണ്ടുവിലെ ജയത്തെ പാടെ എടുത്തെറിയുക, മുഖം ഒന്നു വാടിപ്പോയതിനെ ഉള്ളിൽ നീറ്റുന്ന പ്രശ്നക്കാരനാക്കുക. ഒരിക്കൽ കടം വാങ്ങിയവനെ സ്ഥിരം കടക്കാരനാക്കുക, എന്നു തുടങ്ങി കുട്ടികൾ മുതൽ പ്രായമായവരെ വരെ ഈ പൊല്ലാപ്പ് തളച്ചിടുന്നു.
സൗഹൃദവഴിയിലെ സ്നേഹച്ചങ്ങലകൾ തുരുമ്പിച്ചു പൊട്ടാനും ബന്ധങ്ങൾക്കിടയിൽ വിള്ളലുകളും പൊട്ടിത്തെറികളുമുണ്ടാക്കാനും, സമൂഹത്തിൽ നോക്കുകുത്തിയാക്കാനും ഒക്കെ ഈ എഴുതാപ്പുറങ്ങൾ കാരണമാകുന്നു. ഇതിനൊക്കെ തിരികത്തിച്ച് കടന്നുപോകുന്നവർ ഒന്നു ചിന്തിക്കാൻ പോലും മിനക്കെടുന്നുണ്ടാകില്ല ? ഇതിനിടയിൽ മറ്റുള്ളവർ അനുഭവിക്കുന്ന മനോവേദനയെക്കുറിച്ചും മാനസികസമ്മർദ്ദങ്ങളെക്കുറിച്ചും.
മറ്റുള്ളവരുടെ ജീവിതത്തെയും വികാരങ്ങളെയും വ്രണപ്പെടുത്താതിരിക്കുക.
നിങ്ങൾ ഈ എഴുതാപ്പുറങ്ങൾ ചുമ്മാതങ്ങ് വായിച്ചെഴുതുക മൂലം വിഷാദം, പക, വിദ്വേഷം, മാനഹാനി, ജീവനൊടുക്കൽ വരെ സംഭവിച്ചേക്കാം.
ഇതുമൂലം നിങ്ങൾക്കൊരുല്ലാസവും, രസവും, സന്തോഷവും ഒക്കെ നിമിഷനേരങ്ങളിൽ തോന്നിയേക്കാം.. എന്നാലും കണ്ടെത്തലുകൾ കടന്ന കൈയ്യാകരുത്. ചിലർ പൊട്ടിത്തെറിച്ച് കയ്യാങ്കളിക്ക് മുതിർന്നേക്കാം.
പൊക്കിയെടുത്ത് ദൂരെ എറിഞ്ഞേക്കാം..വെറുതെയങ്ങ് ഊഹാപോഹങ്ങൾ
നിരത്തരുത്. നിങ്ങൾക്കും ഒരു കരുതലാകാം.. എഴുതാപ്പുറങ്ങളെക്കുറിച്ച്
സ്വയം ഉള്ളിൽ ഒന്ന് വിധിയെഴുതി ഒന്നു സല്ലപിച്ച് രസിച്ച് അവിടെതന്നെ ഉപേ
ക്ഷിക്കുക. കാറ്റിൽ പൊടി മണം തൂവി പറത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി.