1948-ൽ ഇന്ത്യാ ഗവൺമെൻ്റ് വിനോദസഞ്ചാരത്തെ ഒരു പ്രധാന സാമ്പത്തിക ചാലകമായി പ്രോത്സാഹിപ്പിക്കാൻ ഒരു ടൂറിസ്റ്റ് ട്രാഫിക് കമ്മിറ്റി രൂപികരിച്ചു തുടങ്ങിയതോടെയാണ് ദേശീയ വിനോദസഞ്ചാര ദിനത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് 1950 കളിലും 1960 കളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിനും കാര്യമായ ശ്രമങ്ങൾ നടന്നു. 1958 പ്രത്യേക ടൂറിസം വകുപ്പ് സ്ഥാപിച്ചു,പിന്നീട് ജനുവരി 25 വിനോദസഞ്ചാരത്തെയും രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അതിൻ്റെ സംഭാവനകളെയും ആഘോഷിക്കുന്നതിനായി ദേശീയ വിനോദസഞ്ചാര ദിനം പ്രഖ്യാപിച്ചു. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം 1980 മുതൽ മാത്രമാണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെപ്തംബർ 27 ന് ലോക ടൂറിസം ദിനമായി പ്രഖ്യാപിച്ചത് .
ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ, ആശ്വാസകരമായ പ്രകൃതിദൃശ്യങ്ങൾ, ചരിത്രപരമായ അടയാളങ്ങൾ എന്നിവയുടെ ഓർമ്മപ്പെടുത്തലായി കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ വിനോദ സഞ്ചാര ദിനം രാജ്യത്തിൻ്റെ തനതായ പൈതൃകം സംരക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം യാത്രയുടെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു. 2024-ൽ, “സുസ്ഥിരമായ യാത്രകൾ, കാലാതീതമായ ഓർമ്മകൾ” എന്ന പ്രമേയം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് .
വിനോദത്തിനും ആനന്ദത്തിനുമായി നാട് വിട്ടു നടത്തുന്ന ആഭ്യന്തരമോ അന്തർദ്ദേശീയമോ ആയ സന്ദര്ശനങ്ങളാണ് വിനോദസഞ്ചാരം അല്ലെങ്കിൽ ടൂറിസം (Tourism).വാണിജ്യാവശ്യത്തിനും ആരോഗ്യ പഠന ആവശ്യത്തിനും സുഖചികിത്സയ്ക്കും ഒക്കെയായി നടത്തുന്ന ദൂരയാത്രകളും പലപ്പോഴും വിനോദ സഞ്ചാരങ്ങളായി മാറാറുണ്ട് .
ഇന്ന് ലോക വ്യാപകമായി മിക്ക രാജ്യങ്ങൾക്കും വിദേശ നാണ്യം ഉൾപ്പടെ നേടിത്തരുന്ന വൻ സാധ്യതകളുള്ള ഒരു വ്യവസായം കൂടിയാണ് ഇത്. മാത്രമല്ല വിനോദ സഞ്ചാരത്തെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുന്ന സമ്പത് വ്യവസ്ഥകളുള്ള രാജ്യങ്ങളും ഉണ്ട്. വിവിധ ജനവിഭാഗങ്ങളെയും അടുത്തറിയാനും, ജീവിത രീതികളെയും സംസ്കാരങ്ങളെയും പറ്റി പഠിക്കാനും മറ്റു പ്രദേശങ്ങളുടെ വികസനത്തേയും മുന്നേറ്റങ്ങളെയും പറ്റി മനസിലാക്കാനും, കൂടുതൽ അറിവു നേടാനും, ആധുനിക സൗകര്യങ്ങൾ ആസ്വദിക്കാനും വിനോദ സഞ്ചാരം ഉപകരിക്കുന്നു .
പ്രതിവര്‍ഷം പത്തു ദശ ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നത് എന്നാണു കണക്കാക്കുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ 7.7 ശതമാനം പേര്‍ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രശേഷിപ്പുകളും പ്രകൃതിയുടെ വരദാനങ്ങളും ലോകത്തിലെ ഒന്നാമത്തേതെന്നോ ലോകാത്ഭുദങ്ങളെന്നോ പറയാവുന്നതുൾപ്പടെ നമ്മുടെ രാജ്യത്തെ നിറഞ്ഞു നിൽക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കന്യാകുമാരി മുതൽ കശ്‍മീർ വരെ വ്യത്യസ്ത സംസ്‌കാരവും ജനവിഭാഗങ്ങളും ഒക്കെ കൂടി ലോക സഞ്ചാരികളുടെ പറുദീസാ മാറുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു .കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ ഈ ദിനത്തിൽ നാം പ്രത്യേകം ചർച്ച ചെയ്യേണ്ടതുമുണ്ട് . മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും,കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട് .
21-ആം നൂറ്റാണ്ടിൽ സന്ദർശിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ “ഏൻഡ് ലിഷർ മാഗസിൻ” കേരളത്തിന് പ്രഥമ സ്ഥാനം നൽകുന്നുണ്ട് .580 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം,വർക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയ കായലുകളും നെയ്യാർ, മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം, പൊൻമുടി, വയനാട്, പൈതൽ മല, വാഗമൺ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളായ പെരിയാർ കടുവ സംരക്ഷിത പ്രദേശം, ഇരവികുളം ദേശീയോദ്യാനം എന്നിവയും ഉൾപ്പെടുന്നു. ഇത് കൂടാതെ വിവിധ മത വിഭാഗങ്ങളുടെ നൂറിലധികം തീർത്ഥാടന കേന്ദ്രങ്ങളും നാല്പത്തി നാല് പുഴകളും ഉൾപ്പടെ കേരളം സമ്പൂർണ്ണമായി ഒരു വിനോദ സഞ്ചാര കേന്ദ്രമായതു കൊണ്ടാണ് പ്രാചീന കാലത്തെ അറബി സഞ്ചാരികൾ “ഖൈറുള്ള” അഥവാ ദൈവം അനുഗ്രഹിച്ചത് എന്ന് കേരളത്തെ വിശേഷിപ്പിച്ചത് . കേരളത്തിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ഗോവക്കാരനായ വാൾട്ടർ മെൻഡിസ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് പറഞ്ഞതും വെറുതെയല്ല.