Thursday, December 26, 2024
Homeകഥ/കവിതഊർമ്മിള (കവിത)✍സൂര്യഗായത്രി

ഊർമ്മിള (കവിത)✍സൂര്യഗായത്രി

സൂര്യഗായത്രി

മൗനം മുറിയ്ക്കുകയൂർമ്മിളേ!
നിൻ്റെ നാഡികളിലെ മരവിച്ച
പ്രാണപ്രവാഹത്തെയുണർത്തുക.
ശതവർഷങ്ങൾ വിണ്ടെരിഞ്ഞു
പോയതല്ലേ

നിശബ്ദതയുടെ ഗരിമ വിട്ടുണരുക.
കാലമിതു മാറിയതറിഞ്ഞുവോ നീ
മൃദുല താളത്തിലുത്ഭുതമാകട്ടെ
ഗമനമടഞ്ഞ നിൻ കുചഭരങ്ങൾ

ഊഷ്മാവുറഞ്ഞ നിൻ നാഭീപത്മങ്ങൾ
കൂമ്പിടാതിനി വിടർന്നിടട്ടെ.
തപിയ്ക്കട്ടെ നിൻ ഹൃദയ മാപിനികൾ.
രാമായണം കഴിഞ്ഞൂർമ്മിളേ !

സീതായനമാണിനി
ശാപശിലകളുണരുന്നു.
ഉയിർത്തെഴുനേൽക്കുന്നു
നവയുഗത്തിൻ്റെയഹല്യമാർ

മുറജപത്തിൻ്റെ ഭൂമികയല്ലിത്
ദുരിതപർവ്വം പേറാതെ
നയിയ്ക്കുക നിൻ്റെ സൗമിത്രിയെ
രാജശാസനങ്ങളുടെ തണുത്ത
നിശ്വാസങ്ങൾ
നിൻ്റെ കാമനകളിലുറഞ്ഞു മൂടട്ടെ.
ഉത്ഥാനം ചെയ്യട്ടെ പുതിയ
ഭാരതഖണ്ഡങ്ങൾ

✍സൂര്യഗായത്രി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments