Thursday, January 2, 2025
Homeസിനിമ' എൺപതുകളിലെ വസന്തം: ' ഉർവശി ' ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

‘ എൺപതുകളിലെ വസന്തം: ‘ ഉർവശി ‘ ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

ആസിഫ അഫ്രോസ്, ബാംഗ്ലൂർ

ഉർവശിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾക്ക് ഉർവശി ഒരു തുറന്ന പുസ്തകമാണ്. അതിന്റെ ഓരോ ഏടുകളും മറിക്കുമ്പോൾ ചിരിച്ചും കരഞ്ഞും കുസൃതി കാട്ടിയും ഗൗരവം നടിച്ചും കുശുമ്പും കുന്നായ്മയും പിണക്കവും പരിഭവവും പ്രണയവും ദുഃഖവും എന്നുവേണ്ട, എല്ലാ സ്ത്രീ ഭാവങ്ങളും ഒരേ പക്വതയോടെ ഉൾക്കൊണ്ട്, അഭിനയിച്ച് മലയാളികളുടെ ഒരു കുടുംബാംഗം പോലെ ആയിത്തീർന്ന അഭിനേത്രി.

പാവാടയും ബ്ലൗസും അണിഞ്ഞ കൗമാരക്കാരിയായും ദാവണിയുടുത്ത യുവതിയായും സാരി അണിഞ്ഞ പക്വമതിയായ സ്ത്രീയായും ജീവിതത്തിന്റെ വിവിധ പടവുകൾ ഉർവശി കടന്നുകയറിയത് അവരുടെ ഓരോ കഥാപാത്രങ്ങളിലൂടെയും നമ്മൾ കണ്ടു. ആ നോട്ടവും ചിരിയും സംസാരവും ശബ്ദവും എല്ലാം തൊട്ടടുത്ത് ഇരിക്കുന്ന ഒരു സുഹൃത്തിനെ പോലെ നമുക്ക് മനക്കണ്ണിൽ കാണാൻ സാധിക്കും. അതാണ് ഉർവശി നമ്മളിൽ ചെലുത്തിയ സ്വാധീനം.

1969 ജനുവരി 25ന് ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി തിരുവനന്തപുരത്താണ് കവിതാരഞ്ജിനി എന്ന ഉർവശി ജനിച്ചത്. അച്ഛനും അമ്മയും നാടക പ്രവർത്തകർ. സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയുംപ്രശസ്തരായ അഭിനേത്രികൾ. സഹോദരൻ പ്രിൻസ് ലയനം എന്ന സിൽക്ക് സ്മിത ചിത്രത്തിലെ നായകനായിരുന്നു.

1978ല്‍ തന്റെ എട്ടാം വയസ്സിൽ ‘വിടരുന്ന മൊട്ടുകൾ’ എന്ന സിനിമയിലൂടെ ഉർവശി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. സഹോദരി കൽപ്പനയും ഇതിൽ അഭിനയിച്ചിരുന്നു. ഉർവശി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം മദ്രാസിലേക്ക് ചേക്കേറി.

ബാല്യത്തിൽ മിതഭാഷിയും പുസ്തകലോകവുമായി ഒതുങ്ങിക്കൂടുന്ന പ്രകൃതവുമായിരുന്നു ഉർവശയുടേത്. അച്ഛൻ കർശന സ്വഭാവക്കാരനായിരുന്നു. ചേച്ചിമാരുടെ പൊടിമോളായിരുന്ന ഉർവശിക്ക് ആൾക്കൂട്ടത്തെ ഭയമായിരുന്നുവെങ്കിലും സിനിമാ സെറ്റിൽ അനുസരണക്കേടിന്റെ പര്യായമായിരുന്നു.

‘എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി ‘ എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ നായികാ കഥാപാത്രം ചെയ്തുകൊണ്ട് മലയാളക്കരയിൽ പുതിയ താരോദയത്തിന് ഉർവശി തുടക്കം കുറിച്ചു. കരിമ്പിൻ പൂവിനക്കരെ, നിറക്കൂട്ട്, സുഖമോദേവി, ലാൽസലാം. ഒരു CBI ഡയറികുറിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങൾ പങ്കുവെച്ചുകൊണ്ട് , പകരം വയ്ക്കാനില്ലാത്ത പ്രകടനം വഴി ആ കാലഘട്ടത്തിൽ മലയാളീനായികാസങ്കല്പത്തിന്റെ പൂർണ്ണതയായി അഭ്രപാളികളിൽ തിളങ്ങി നിന്നു ഉർവ്വശി. രാപ്പകലില്ലാതെ സിനിമയുടെ ഭാഗമായി, അഞ്ഞൂറിൽ പരം മലയാള സിനിമകൾ ചെയ്തു.

ബാലതാരമായി കുറെ വേഷങ്ങൾ ചെയ്തിരുന്നുവെങ്കിലും, 1983 ൽ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത ‘മുന്താണൈ മുടിച്ച് ‘ ആയിരുന്നു ഉർവശിയുടെ തമിഴിൽ റിലീസ് ആയ ആദ്യ സിനിമ. ചിത്രം വൻ ഹിറ്റ് ആവുകയും ഉർവശി തമിഴിൽ തരംഗമായി മാറുകയും ചെയ്തു.

1994 ൽ ‘പിടക്കോഴി പോകുന്ന നൂറ്റാണ്ട്’ എന്ന സിനിമ നിർമ്മിച്ച് ഉർവശി ഒരു നിർമ്മാതാവായി മാറി ‘ഉത്സവമേളം’ ‘ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ‘ എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയതും ഉർവശിയാണ്.

1995ൽ എം. പി. സുകുമാരൻ നായരുടെ അവാർഡ് നേടിയ ‘കഴകം’ എന്ന സിനിമയിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുകയും മികച്ച നടിക്കുള്ള അവാർഡ് നേടുകയും ചെയ്തു ഉർവശി.

80കളിലും 90കളിലും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ പ്രമുഖ നായികയായിരുന്ന ഉർവശി സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യുന്ന നടിയായിരുന്നു.

2005ൽ അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉർവശിയ്ക്കായിരുന്നു.

മഴവിൽക്കാവടി, വർത്തമാനകാലം, തലയണമന്ത്രം, കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം, കഴകം, മധുചന്ദ്രലേഖ, ഉള്ളൊഴുക്ക് തുടങ്ങിയ സിനിമകളിൽ ഒരു നവരസ നായികയായി വിളങ്ങിയ ഉർവശി ആറുതവണയാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. രണ്ടു തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ അവാർഡുകളും നേടി. ( മകളിയർ മട്ടും) കന്നടയിലും മുൻനിര നായികമാരിൽ എടുത്തു പറയേണ്ട ഒരു നായികയാണ് ഉർവശി.

അനുജന്മാരായ പ്രിൻസിന്റെയും കമൽ റോയിയുടെയും സഹോദരി കൽപ്പനയുടെയും അകാല വിയോഗം ഉർവശിയെ മാനസികമായി ഏറെ തളർത്തിയപ്പോഴും ഇതിലെല്ലാം താങ്ങായി നിന്നത് സിനിമ തന്നെ.

തിരക്കുപിടിച്ച സിനിമാജീവിതത്തിനിടയിൽ മനോജ് കെ ജയനെ പരിചയപ്പെടുകയും എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഈ ദാമ്പത്യത്തിന് എട്ടുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇവർക്കൊരു മകളുണ്ട് തേജാലക്ഷ്മി. കൽപ്പനയുൾപ്പെടെ ഉർവശിയുടെ കുടുംബം തേജാലക്ഷ്മിയുടെയും മനോജ് കെ ജയന്റെയും ഭാഗം ചേർന്നത് ഉർവശിയെ തികച്ചും ഒറ്റപ്പെടുത്തി. വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങൾക്ക് വിധേയയായതും പൊതുസ്ഥലങ്ങളിൽ മദ്യപിച്ചെത്തി അപമര്യാദമായി പെരുമാറിയതും ഉർവശിയെ സോഷ്യൽ മീഡിയയിലെ പോസ്റ്റുമോട്ടങ്ങൾക്ക്‌ ഇരയാക്കി. ഇത് പ്രേക്ഷകഹൃദയങ്ങളെ ഏറെ ദുഃഖത്തിലാഴ്ത്തി.

സിനിമാജീവിതത്തിൽ നിന്നും വിട്ടു നിന്ന ഉർവശിയെ ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരാൻ പ്രേരിപ്പിച്ചത് കമൽഹാസനായിരുന്നു. മമ്മി ആൻഡ് മി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ഒരുപിടി നല്ല സിനിമകൾ ചെയ്ത ഉർവശി , ജീവിതം സാക്ഷി, ടേക്ക് ഇറ്റ് ഈസി ഉർവശി, സ്വർണ്ണമഴ, റാണി മഹാറാണി തുടങ്ങിയ ടിവി ഷോകളിൽ അവതാരകയായും ജഡ്ജ് ആയും ഗസ്റ്റായും അനേകം പെൺ ജീവിതങ്ങൾക്ക് കരുത്തായി, അതിജീവനത്തിന്റെ പ്രതീകമായി ഉർവശിക്ക് തുല്യം ഉർവശി മാത്രം എന്ന് തെളിയിച്ചു തന്നു.

2013ൽ ഉർവശി പുനർവിവാഹിതയായി. തമിഴ്നാട് സ്വദേശിയും ബിസിനസുകാരനും ബിൽഡറുമായ ശിവപ്രസാദ് ആണ് വരൻ. ഇവർക്ക് ഒരു മകനുണ്ട്. ഇഷാൻ പ്രജാപതി. സ്വതസിദ്ധമായ, തനിക്ക് മാത്രം സാധിക്കുന്ന അഭിനയ പാടവത്തോടെ ഒരുകാലത്ത് മലയാള സിനിമയെ വിസ്മയിപ്പിച്ച ഏറ്റവും പ്രതിഭ നിറഞ്ഞ നടിയായ ഉർവശി തന്റെ ആറാമത്തെ സംസ്ഥാന സർക്കാർ അവാർഡിന്റെ സന്തോഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണിപ്പോൾ. അവർക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്

അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments