Thursday, December 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* ഗാസ വെടിനിർത്തൽ – ഈജിപ്ത് സംഘം ടെൽ അവീവിൽ ചർച്ച നടത്തി. വെടിനിർത്തലിനായി ഇസ്രയേൽ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പഠിച്ചുവരികയാണെന്നു ഹമാസ് വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപു ഹമാസ് നൽകിയ വെടിനിർത്തൽ വ്യവസ്ഥകൾക്കു മറുപടിയായുള്ള നിർദേശങ്ങളാണ് ഇസ്രയേൽ കൈമാറിയിരിക്കുന്നത്. നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാമെന്നാണ് ഇസ്രയേലിന്റെ നിർദേശം.
മധ്യസ്ഥരായ ഈജിപ്തിന്റെ ഉന്നത സംഘം വെള്ളിയാഴ്ച ടെൽ അവീവിലെത്തി ഇസ്രയേൽ നേതൃത്വവുമായി ചർച്ച നടത്തി. ഈജിപ്ത് അതിർത്തിയോടു ചേർന്ന തെക്കൻ ഗാസയിലെ റഫ ആക്രമിക്കുമെന്ന നിലപാടിൽ ഇസ്രയേൽ ഉറച്ചുനിൽക്കവേയാണ് വീണ്ടും സമാധാനചർച്ച.
എന്നാൽ, ഗാസയിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്. ഈ മാസാദ്യം കയ്റോയിൽ നടന്ന ചർച്ച പരാജയമായിരുന്നു. അതേസമയം വെടിനിർത്തലിനു വഴങ്ങരുതെന്ന നിലപാടുമായി ഇസ്രയേൽ സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികൾ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനുമേൽ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. റഫ അക്രമണത്തിൽനിന്നു പിന്നാക്കം പോയാൽ അതു നാണംകെട്ട തോൽവിയാകുമെന്നു ധനമന്ത്രി ബെസലെൽ സ്മോട്രിക് പറഞ്ഞു. വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ നെതന്യാഹു സർക്കാരിന്റെ അന്ത്യമായിരിക്കുമെന്നു ദേശീയ സുരക്ഷാ മന്ത്രി ഇതമർ ബെൻഗിറും മുന്നറിയിപ്പു നൽകി.

* ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു. നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ചെങ്കടലിൽ വച്ചായിരുന്നു ഹൂതി ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. 3 ബാലിസ്റ്റിക് മിസൈലുകളാണു കപ്പലിനുനേരെ തൊടുത്തത്. കപ്പലിനു നിസ്സാര കേടുപാടു പറ്റിയെന്നാണു യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത്. ഹൂതി സൈനിക വക്താവ് ആക്രമണം സ്ഥിരീകരിച്ചിരുന്നു. റഷ്യയിലെ പ്രിമോർസ്കിൽനിന്ന് ഗുജറാത്തിലെ വാദിനാറിലേക്കുള്ള യാത്രയ്ക്കിടെ യെമനിലെ മോച്ച തീരത്തിനു സമീപമാണ് ആക്രമണമുണ്ടായത്. നവംബറിനുശേഷം ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ 50ൽ ഏറെ മിസൈൽ ആക്രമണങ്ങളാണു ഹൂതികൾ നടത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം നിർത്തുംവരെ കപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്.

* ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ച് ഒരാഴ്ച തികയും മുൻപ് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്ക് ബിസിനസ് ചർച്ചയ്ക്കായി ചൈനയിൽ. രാജ്യാന്തര വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാനുള്ള ചൈനീസ് സമിതിയുടെ ക്ഷണം സ്വീകരിച്ചെത്തിയ മസ്ക് പ്രധാനമന്ത്രി ലീ ചിയാങ്ങുമായി ബെയ്ജിങ്ങിൽ കഴിഞ്ഞദിവസം ചർച്ച നടത്തി. മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ ചൈനീസ് വിപണി വികസനം ലക്ഷ്യമിട്ടുള്ള കൂടിയാലോചനകളാണു സന്ദർശനലക്ഷ്യം. ബെയ്ജിങ് ഓട്ടോ ഷോയും ഇപ്പോൾ നടക്കുന്നു. 2020ൽ ഉൽപാദനം തുടങ്ങിയ ടെസ്‍ല ഫാക്ടറി ഷാങ്ഹായ് നഗരത്തിലുണ്ട്. ടെസ്‌ല വാഹനങ്ങളുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ നടപ്പാക്കാനുളള ചൈനീസ് വിവരശേഖരം കൈമാറിക്കിട്ടുന്നതിന് സർക്കാരിന്റെ അനുമതി നേടിയെടുക്കുകയെന്നതും ചർച്ചകളുടെ ഭാഗമാണ്. ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റു തിരക്കുകൾ പറഞ്ഞാണ് സന്ദർശനം മാറ്റിവച്ചത്.

* കിഴക്കൻ മേഖലയിൽ റഷ്യൻ സേനയോടു പിടിച്ചുനിൽക്കാനാവാതെ യുക്രെയ്ൻ സൈന്യം 3 ഗ്രാമങ്ങൾ വിട്ടുനൽകി പിന്മാറ്റം തുടങ്ങി. ആവശ്യത്തിനു സൈനികരില്ലാത്തതും ആയുധക്ഷാമവുമാണു പിന്മാറ്റത്തിനു കാരണമെന്നു മുതിർന്ന കമാൻഡർ അറിയിച്ചു. കഴിഞ്ഞയാഴ്ച യുഎസ് അനുവദിച്ച ആയുധങ്ങൾ എത്തുന്നതോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ. ഡോണെറ്റ്സ്ക് പ്രവിശ്യയിൽ ഫെബ്രുവരിയിൽ റഷ്യൻ സൈന്യം പിടിച്ച അവ്ദിവ്ക പട്ടണത്തിനു സമീപമുള്ള ഗ്രാമങ്ങളിൽനിന്നാണു പിന്മാറ്റം. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിനു സമീപം കൂടുതൽ റഷ്യൻ സൈന്യം വിന്യസിക്കപ്പെട്ടതും ആശങ്കയുയർത്തുന്നു. റഷ്യയുടെ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണിത്. യുഎസ് നൽകുന്ന ആയുധങ്ങളുടെ വിതരണം തടയാനായി യുക്രെയ്നിലെ റെയിൽ പാളങ്ങൾ റഷ്യ ബോംബിട്ടു തകർക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെ, തുറമുഖ നഗരമായ മിക്കലൈവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹോട്ടലിനു തീപിടിച്ചു. ആളപായമില്ല. യുക്രെയ്നിന്റെ നേവൽ ഡ്രോണുകൾ സംഭംരിച്ചിട്ടുള്ള ഷിപ്‌യാഡിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കലുഗ മേഖലയിൽ യുക്രെയ്നിന്റെ 17 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യൻ സേന അവകാശപ്പെട്ടു.
അതേസമയം യുക്രെയ്നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിൽ റഷ്യൻ മിസൈൽ പതിച്ച് 5 പേർ മരിച്ചു. ആക്രമണത്തിനു സാക്ഷിയായ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. 4 വയസ്സുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. സ്ഥാപനത്തിന്റെ മേൽക്കൂര പൂർണമായി കത്തിനശിച്ചു. റഷ്യൻ മിസൈലുകൾ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ.

* കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മയ് മഹിയു മേഖലയിൽ കനത്ത മഴയിൽ അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 കുട്ടികൾ അടക്കം 45 പേർ കൊല്ലപ്പെട്ടു. 110 പേർക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടു തകർന്നു കുത്തിയൊലിച്ച വെള്ളത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന. രാജ്യത്ത് ആഴ്ചകളായി തുടരുന്ന പെരുമഴയിൽ ഇതിനകം നൂറിലേറെപ്പേർ മരിച്ചു. 1.85 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. റോഡുകളും പാലങ്ങളും മുങ്ങി. നയ്റോബി വിമാനത്താവളത്തിലേക്കുള്ള റോഡിലും വെള്ളം പൊങ്ങി. അയൽരാജ്യങ്ങളായ ടാൻസനിയ, ബുറുണ്ടി അടക്കം കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം തോരാത്ത മഴ തുടരുന്നു. ബുറുണ്ടിയിൽ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

* യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന രാജ്യാന്തര ക്രിമിനൽ കോടതി (ഇന്റർനാഷനൽ ക്രിമിനൽ കോർട്ട് – ഐസിസി ) ഗാസയിലെ 2 പ്രമുഖ ആശുപത്രികളിലെ ജീവനക്കാരിൽനിന്നു മൊഴിയെടുത്തതായി റിപ്പോർട്ട്. വടക്കൻ ഗാസയിലെ അൽ ഷിഫ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രികളിലെ സ്റ്റാഫിൽനിന്നാണു തെളിവെടുത്തത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 7നു ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണവും തുടർന്ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുമാണ് ഐസിസി അന്വേഷിക്കുന്നത്. വ്യക്തികൾക്കെതിരെയുള്ള വംശഹത്യ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയവയിലാണ് ഐസിസി നിയമനടപടി സ്വീകരിക്കുക.

* ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്. അമ്പതോളം വിദ്യാർഥികളെ അറസ്റ്റു ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ തമ്പടിച്ച സമരക്കാർ, ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്റെ സ്മരണയിൽ ‘ഹിന്ദ് ഹാൾ’ എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു. യുഎസ് സർവകലാശാല ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭം വ്യാപിച്ചതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. സമാധാനപരമായി നടന്ന പ്രക്ഷോഭം സംഘർഷഭരിതമായത് പുറത്തുനിന്നുള്ളവർ എത്തിയതോടെയാണെന്നും സാഹചര്യം ഗുരുതരമാവും വരെ കാത്തിരിക്കാനാവില്ലെന്നും ന്യൂയോർക്ക് മേയർ എറിക് ആദംസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്.

* കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയുടെ ആശങ്ക മാറും മുൻപേ യുഎഇയിൽ വീണ്ടും വ്യാപകമായി മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല. 13 വിമാനങ്ങൾ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായിൽ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസ് വൈകിയേക്കുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകിയെങ്കിലും ഇതുവരെ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല. റാസൽഖൈമ അൽഷുഹാദയിൽ മലവെള്ളപ്പാച്ചിലിൽ എമിറേറ്റ്സ് റോ‍ഡിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. ഉമ്മുൽഖുവൈനിൽ ചില റോഡുകൾ പൊലീസ് അടച്ചു. മഴക്കെടുതികൾ ഏറ്റവും രൂക്ഷമായി ബാധിച്ച ഷാർജയിൽ ബുധനാഴ്ച മുതൽ രക്ഷാപ്രവർത്തകർ വൻതോതിൽ അണിനിരന്നിരുന്നു. ദുബായിലെ ബീച്ചുകളും പാർക്കുകളും മാർക്കറ്റുകളും പകൽ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിച്ചു കൂട്ടി. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് സർക്കാർ, സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്കു മാറി. റോഡുകളിൽ തിരക്ക് കുറവായിരുന്നു. വെള്ളക്കെട്ടിനു സാധ്യതയുള്ള റോഡുകളിലേക്ക് വാഹനം അനുവദിച്ചില്ല.

* ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവത്തിൽ 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ സിടിവി ചാനൽ റിപ്പോർട്ട് ചെയ്തു. കാനഡയിൽ നടന്ന മറ്റു 3 കൊലപാതകങ്ങൾക്കു പ്രതികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽ വച്ച് നിജ്ജാറിനെ വെടിവച്ച് കൊന്നത്. കാനഡ– യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു വെടിയേറ്റിരുന്നു. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനെ തുടർന്നു വഷളായിരുന്നു.

* ഇറാൻ പിടിച്ച കപ്പലിലെ എല്ലാവർക്കും മോചനം. പോർച്ചുഗീസ് ചരക്കുകപ്പലായ എംഎസ്‌‌സി ഏരീസിലെ മുഴുവൻ ജീവനക്കാരെയാണ് വിട്ടയച്ചതെന്ന് ഇറാൻ അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് സഹ്‌കനയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. 3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് നിലവിൽ കപ്പലിലുള്ളത്. ജീവനക്കാരിലെ ഏക വനിത മലയാളി ആൻ ടെസ ജോസഫിനെ കഴിഞ്ഞ 18നു മോചിപ്പിച്ചിരുന്നു. മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് മറ്റുള്ളവർ. റഷ്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, എസ്തോണിയ എന്നീ രാജ്യക്കാരാണു മറ്റ് 8 ജീവനക്കാർ. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ നിന്ന് ഏപ്രിൽ 13നാണ് ഇറാൻ കമാൻഡോകൾ ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിനു ബന്ധമുള്ള കമ്പനിയുടെ കപ്പൽ പിടിച്ചെടുത്തത്. മോചിപ്പിച്ച മലയാളികൾ എന്നു തിരിച്ചെത്തുമെന്നു വ്യക്തമായിട്ടില്ല.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments