തിരുവനന്തപുരം : തദ്ദേശീയ ക്രയോജനിക് സാങ്കേതിക വിദ്യയിൽ ജിഎസ്എൽവി എഫ് 15 റോക്കറ്റ് കുതിച്ചു. ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാം വിക്ഷേപണം വിജയകരം. 1979ലായിരുന്നു ആദ്യ വിക്ഷേപണം. ഗതി നിർണയത്തിനുള്ള ഏറ്റവും ആധുനിക ഉപഗ്രഹത്തെയാണ് ബുധനാഴ്‌ച ഐഎസ്ആർഒ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചത്. ബുധൻ രാവിലെ 6.23 എൻഎൻവിഎസ്–-02 ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നു. മഞ്ഞ് മൂടിയ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ആദ്യ വിക്ഷേപണം.
സജീവമായ ക്രയോജനിക്ക് ഘട്ടം അഞ്ചാം മിനിറ്റിൽ കൃത്യതയോടെ ജ്വലിച്ചു. പത്തൊമ്പതാം മിനിട്ടിൽ റോക്കറ്റിൽനിന്ന് പേടകം വേർപെറ്റ് താൽക്കാലിക ഭ്രമണപഥത്തിലേക്ക് നീങ്ങി. തുടർന്ന് സൗരോർജ പാനലുകൾ വിന്യസിപ്പിച്ചു. പേടകത്തിൽനിന്നുള്ള സിഗ്‌നലുകൾ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ പേടകത്തെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് സ്ഥിരം ഭ്രമണപഥത്തിലുറപ്പിക്കും.
ഗതാഗതം, വാർത്താവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള പുതുതലമുറ ഉപഗ്രഹമാണ് എൻവിഎസ് –-02. സ്ഥാന നിർണയം, ഗതി നിർണയം, സമയം കൃത്യതയ്‌ക്കും കപ്പൽ–- വിമാന യാത്ര സുഗമമാക്കുന്നതിനും ഗുണകരമാകും 2250 കിലോയാണ് ഭാരം.
ഐഎസ്ആർ ഒ ഡോ. വി നാരായണൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്‌ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ എം മോഹൻ, ഇസ്‌ട്രാക്ക് ഡയറക്ടർ ഡോ എ കെ അനിൽകുമാർ, ഐഐഎസ്‌യു ഡയറക്ടർ ഇ എസ് പത്മകുമാർ, ഷാർ ഡയറക്ടർ എ രാജരാജൻ തുടങ്ങിയവർ വിക്ഷേപണത്തിന് നേതൃത്വം നൽകി. തോമസ് കുര്യനാണ് മിഷൻ ഡയറക്ടർ.