Tuesday, December 24, 2024
Homeകേരളംജസ്റ്റിസ് കെ.വി.ശങ്കരനാരായണൻ അന്തരിച്ചു.

ജസ്റ്റിസ് കെ.വി.ശങ്കരനാരായണൻ അന്തരിച്ചു.

തൃശൂർ: കേരള ഹൈക്കോടതി മുൻ ജഡ്ജി കെ.വി.ശങ്കരനാരായണൻ (83) അന്തരിച്ചു. പൂങ്കുന്നം ക്യാപിറ്റൽ ഹോംസിലെ പുഷ്പഗിരി അഗ്രഹാരത്തിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

അഡ്വ. വെങ്കടാദ്രി അയ്യരുടെ പുത്രനായ ശങ്കരനാരായണൻ ഒറ്റപ്പാലം ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം വിക്‌ടോറിയ കോളേജിൽ നിന്നു ബിരുദം നേടി.

മദ്രാസ് ലാ കോളേജിൽ നിന്ന് ബി.എൽ ജയിച്ച് 1961ലാണ് അഭിഭാഷകനായത്. പിതാവിനോടൊപ്പം പ്രാക്ടീസ് ആരംഭിച്ചു. പിതാവിന്റെ മരണശേഷം എ.ബി.സുബ്രഹ്മണ്യയ്യർ, പി.ബി.സൂര്യനാരായണയ്യർ എന്നിവർക്കൊപ്പം പ്രാക്ടീസ് ചെയ്തു.

നെയ്യാറ്റിൻകര, കൊട്ടാരക്കര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ മുൻസിഫായി സേവനമനുഷ്ഠിച്ചു. 1973ൽ മലപ്പുറം- പാലക്കാട് ജില്ലകളുടെ ലാൻഡ് ട്രൈബ്യൂണലായി. 1982ൽ എറണാകുളത്ത് സബ് ജഡ്ജിയും 1984ൽ പത്തനംതിട്ടയിലെ ആദ്യജില്ലാ ജഡ്ജിയുമായി. 1992ൽ ഹൈക്കോടതി രജിസ്ട്രാറായി.

1996ൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അപ്പലേറ്റ് ട്രിബ്യൂണലായും പ്രവർത്തിച്ചു. തൃശൂരിൽ അഡിഷണൽ ജില്ലാ ജഡ്ജിയുമായി.

1997 ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശങ്കരനാരായണൻ 2001 ജൂൺ 14ന് വിരമിച്ചു.

തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിഭാഗം ജൂനിയർ എൻജിനിയറായിരുന്ന കെ.എ.ദൊരൈസ്വാമി അയ്യരുടെയും പി.എ.ശാരാദാംബാളുടെയും മകൾ ഡി.സാവിത്രിയാണ് ഭാര്യ.
മകൾ സീത ലണ്ടനിലാണ്.
മരുമകൻ: ലാൽജിത്ത്.

RELATED ARTICLES

Most Popular

Recent Comments