Saturday, May 18, 2024
Homeകേരളംവില്ലേജ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി: വിജിലൻസ്

വില്ലേജ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി: വിജിലൻസ്

തിരുവനന്തപുരം —-സംസ്ഥാനത്തെ തിരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിൽ “ഓപ്പറേഷൻ സുതാര്യത” എന്ന പേരിൽ (20/02/2024) മുതൽ വിജിലൻസ് നടത്തി വരുന്ന വ്യാപക മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വില്ലേജ് ഓഫീസുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക, അപേക്ഷകർ വില്ലേജ് ഓഫീസുകളിൽ വരുന്നത് പരമാവധി ഒഴിവാക്കുക, വില്ലേജ് ഓഫീസുകളിലെ അഴിമതി തടയുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഇ-ഡിസ്ട്രിക്ട് ഓൺലൈൻ പോർട്ടൽ സംവിധാനം ചില ഉദ്ദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം പൊതുജനങ്ങൾക്ക് വേണ്ട വിധത്തിൽ ഉപകാരപ്പെടുന്നില്ലായെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

സേവന അവകാശ നിയമം-2012 പ്രകാരം അപേക്ഷകർക്ക് സമയപരിധിക്കുള്ളിൽ ലഭിക്കേണ്ട സേവനങ്ങൾ ഒട്ടുമിക്ക അപേക്ഷകർക്കും വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്നില്ലയെന്ന് വിജിലൻസ് കണ്ടെത്തി. അപേക്ഷ സമർപ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നിലയിൽ തിരുവനന്തപുരം ജില്ലയിൽ 437 അപേക്ഷകളും, കോട്ടയം ജില്ലയിൽ 365 അപേക്ഷകളും, എറണാകുളം ജില്ലയിൽ 270 അപേക്ഷകളും, പാലക്കാട് ജില്ലയിൽ 221 അപേക്ഷകളും, ഇടുക്കി ജില്ലയിൽ 176 അപേക്ഷകളും, തൃശ്ശൂർ ജില്ലയിൽ 144 അപേക്ഷകളും, കോഴിക്കോട് ജില്ലയിൽ 122 അപേക്ഷകളും, മലപ്പുറം ജില്ലയിൽ 105 അപേക്ഷകളും, കൊല്ലം ജില്ലയിൽ 102 അപേക്ഷകളും, ആലപ്പുഴ ജില്ലയിൽ 10 അപേക്ഷകളും വിജിലൻസ് കണ്ടെത്തി.

സ്ഥല പരിശോധന ആവശ്യമുണ്ടെന്ന പേരിൽ ആലപ്പുഴ ജില്ലയിൽ 797 അപേക്ഷകളും, പാലക്കാട് ജില്ലയിൽ 500 അപേക്ഷകളും, കോട്ടയം ജില്ലയിൽ 416 അപേക്ഷകളും, മലപ്പുറം ജില്ലയിൽ 304 അപേക്ഷകളും, കോഴിക്കോട് ജില്ലയിൽ 289 അപേക്ഷകളും, തിരുവനന്തപുരം ജില്ലയിൽ 284 അപേക്ഷകളും, എറണാകുളം ജില്ലയിൽ 197 അപേക്ഷകളും, തൃശ്ശൂർ ജില്ലയിൽ 187 അപേക്ഷകളും, ഇടുക്കി ജില്ലയിൽ 132 അപേക്ഷകളും, കൊല്ലം ജില്ലയിൽ 84 അപേക്ഷകളും, പത്തനംതിട്ട ജില്ലയിൽ 39 അപേക്ഷകളും വിവിധ വില്ലേജ് ഓഫീസുകളിൽ നടപടിയെടുക്കാതെ മാറ്റിവച്ചിട്ടുള്ളതായി കണ്ടെത്തി.

ചില വില്ലേജ് ഓഫീസുകളിൽ സീനിയോറിറ്റി പ്രകാരമല്ലാതെ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുന്നതായും വിജിലൻസ് കണ്ടെത്തി. ഇപ്രകാരം പാലക്കാട് ജില്ലയിൽ 288-ഉം, കോട്ടയം ജില്ലയിൽ 109-ഉം, തൃശ്ശൂർ ജില്ലയിൽ 55-ഉം, ആലപ്പുഴ ജില്ലയിൽ 8 –ഉം അപേക്ഷകളിൽ നടപടി സ്വീകരിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി.

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം ലഭിച്ച് 1048 അപേക്ഷകളിൽ 703 അപേക്ഷകളിലും നടപടിയെടുത്തിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, കരകുളം വില്ലേജ് ഓഫീസുകളിലും പത്തനംതിട്ട ജില്ലയിലെ കൂടൽ വില്ലേജ് ഓഫീസിലും, കോട്ടയം ജില്ലയിലെ വെളിയമറ്റം, കുറിച്ചി, അയർക്കുന്നം, പെരുമ്പായിക്കാട് എന്നീ വില്ലേജ് ഓഫീസുകളിലും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ വില്ലേജ് ഓഫീസിലും, ഇടുക്കി ജില്ലയിലെ കട്ടപ്പന, വണ്ണപ്പുറം, മഞ്ഞുമല, കാരിക്കോട് എന്നീ വില്ലേജ് ഓഫീസുകളിലും മലപ്പുറം ജില്ലയിലെ ഇടയൂർ വില്ലേജ് ഓഫീസിലും വയനാട് ജില്ലയിലെ മാനന്തവാടി, അമ്പലവയൽ, സുൽത്താൻ ബത്തേരി എന്നീ വില്ലേജ് ഓഫീസുകളിലും കണ്ണൂർ ജില്ലയിലെ മാടായി, ആറളം വില്ലേജ് ഓഫീസുകളിലും നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല.

എറണാകുളം ജില്ലയിലെ തിരുവാണിയൂർ വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും, കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ മറ്റൊരു വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകൾ മാറ്റി വയ്ക്കുന്നതായും തുടർന്ന് അപേക്ഷകരെ വില്ലേജ് ഓഫീസിൽ വരുത്തിയ ശേഷം ഗൂഗിൾ-പേ വഴിയും, നേരിട്ടും തുകകൾ വാങ്ങി വരുന്നതായും വിജിലൻസ് കണ്ടെത്തി. ഇതിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ വില്ലേജ് ഓഫീസിലും, ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, മഞ്ഞുമല, തങ്കമണി, കാരിക്കോട് എന്നീ വില്ലേജ് ഓഫീസുകളിലും, തൃശ്ശൂർ ജില്ലയിലെ അഞ്ചൂർ വില്ലേജ് ഓഫീസിലും, കോഴിക്കോട് ജില്ലയിലെ വെളിയമറ്റം വില്ലേജ് ഓഫീസിലും, മലപ്പുറം ജില്ലയിലെ ചേലമ്പ്ര വില്ലേജ് ഓഫീസിലും ട്രഷറിയിൽ അടക്കാനുള്ള പണം കൃത്യമായി അടക്കുന്നില്ല എന്ന് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ 13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട് , തൃശ്ശൂർ എന്നീ ജില്ലകളിലെ 7 വീതം വില്ലേജ് ഓഫീസുകളിലും ഇടുക്കി, കോഴിക്കോട്, മലപ്പുറം , കണ്ണൂർ എന്നീ ജില്ലകളിൽ 6 വീതം വില്ലേജ് ഓഫീസുകളിലും പത്തനംതിട്ട ജില്ലയിലെ 5 വില്ലേജ് ഓഫീസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതം വില്ലേജ് ഓഫീസുകളിലും കാസർകോഡ് ജില്ലയിലെ 3 വില്ലേജ് ഓഫീസുകളിലും ഉൾപ്പെടെ ആകെ 88 വില്ലേജ് ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുമെന്നും, ഇപ്പോൾ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർ ഐ പി എസ് -അറിയിച്ചു.

പോലീസ് സൂപ്രണ്ട് ശ്രീ. റെജി ജേക്കബ് ഐ.പി.എസ്, ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ട് ശ്രീ. ഇ.എസ്.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്ത മിന്നൽ പരിശോധന നടന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ. വിനോദ് കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു

RELATED ARTICLES

Most Popular

Recent Comments