ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ 15 വയസ്സുള്ള പെൺകുട്ടിയെ അധ്യാപകൻ ബലാത്സംഗം ചെയ്തതായി പരാതി. ട്യൂഷൻ ടീച്ചർ പലതവണ ബലാത്സംഗം ചെയ്തതായാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബുധനാഴ്ച പെൺകുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി ഇതു സംബന്ധിച്ച് പരാതി നൽകി.
ട്യൂഷൻ സെന്ററിൽ വെച്ച് പ്രതി പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു. തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
2022 മുതൽ 2025 വരെ പ്രതി നടത്തിയ ട്യൂഷൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 (ബലാത്സംഗം) പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.