വഡോദര : യുപി വാരിയേഴ്‌സിനെ കീഴടക്കി ഗുജറാത്ത് ജയന്റ്‌സ് ആദ്യ ജയം ആഘോഷിച്ചു. വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ ആറ് വിക്കറ്റിനാണ് ജയം. ഉദ്‌ഘാടന മത്സരത്തിൽ ഗുജറാത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് പരാജയപ്പെട്ടിരുന്നു. ക്യാപ്‌റ്റൻ ആഷ്‌ലി ഗാർഡനറുടെ ഓൾറൗണ്ട് മികവാണ് വിജയമൊരുക്കിയത്. 32 പന്തിൽ 52 റണ്ണെടുത്ത ഓസ്‌ട്രേലിയൻ താരം അഞ്ച് ഫോറും മൂന്ന് സിക്‌സറും നേടി. പന്തെറിഞ്ഞപ്പോൾ രണ്ട് വിക്കറ്റുമുണ്ട്.
സ്‌കോർ: യുപി 143/9, ഗുജറാത്ത് 144/4 (18).
അനായാസം ജയിക്കാമെന്ന് കരുതി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ യുപി ഞെട്ടിച്ചു. ഒമ്പത് പന്തിൽ രണ്ട് വിക്കറ്റ് വീണു. സ്‌കോർബോർഡിൽ രണ്ട് റൺ മാത്രം. ഓപ്പണർ ബെത്ത്‌മൂണിയും ദയാലൻ ഹേമലതയും റണ്ണെടുത്തില്ല. ഓപ്പണർ ലോറ വോൾവഡിറ്റിനൊപ്പം (22) ആഷ്‌ലി ചേർന്നതോടെ റണ്ണുയർന്നു. മൂന്നാംവിക്കറിൽ ഇരുവരും 55 റണ്ണടിച്ചു. 28 പന്തിൽ ആഷ്‌ലി അർധസെഞ്ചുറി നേടി. ഉജ്വല ഫോമിലുള്ള താരത്തെ പുറത്താക്കി തഹ്‌ലിയ മക്‌ഗ്രാത്ത് കളി തിരിക്കാൻ ശ്രമിച്ചു. എന്നാൽ, ഹർലീൻ ഡിയോളിന് കൂട്ടെത്തിയ വെസ്‌റ്റിൻഡീസ് ഓൾറൗണ്ടർ ഡീൻഡ്ര ഡോട്ടിൻ കൂറ്റനടികളുമായി കളം പിടിച്ചു. ഹർലീനും (34) ഡോട്ടിനും (33) പുറത്തായില്ല.
ടോസ് നഷ്‌ടപ്പെട്ട യുപി ടീമിന് വലിയ സ്‌കോറുകാരുണ്ടായില്ല. ക്യാപ്‌റ്റൻ ദീപ്‌തി ശർമയാണ് (39) സ്‌കോർ 100 കടത്തിയത്. ഗുജറാത്തിനായി സ്‌പിന്നർ പ്രിയ മിശ്ര മൂന്ന് വിക്കറ്റെടുത്തു.