Thursday, December 26, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 48) ✍അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 48) ✍അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയമുള്ള കുഞ്ഞുക്യൂട്ടുകാരേ,

എല്ലാവർക്കും സുഖമാണെന്നു കരുതട്ടെ. കഴിഞ്ഞ ലക്കങ്ങളെല്ലാം വായിച്ചല്ലോ ഈ പുതിയ ആഴ്ചയിൽ നമ്മുടെ മുന്നിലെത്തുന്ന വിശേഷപ്പെട്ട
ദിനമാണ് നവംബർ 11. ദേശീയ വിദ്യാഭ്യാസദിനമാണ് അന്ന്. സ്വതന്ത്രേന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിനം കൂടെയാണ് ഈ ദിവസം. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലിന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്. 1888 നവംബർ 11-ന് മക്കയിൽ ജനിച്ച മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയവിദ്യാഭ്യാസദിനമായി ആഘോഷിക്കുന്നത്.

അതുപോലെ,
ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും മനസ്സിൽ തെളിയുന്നൊരു വ്യക്തിയുണ്ട്. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്.

1889 നവംബർ 14 നാണ് നെഹ്റു ജനിച്ചത്. കുട്ടികളോടുള്ള സ്‌നേഹവും അടുപ്പവുംമൂലം ചാച്ചാജി എന്ന ഓമനപ്പേരിട്ട് അവർ നെഹ്റുവിനെ വിളിക്കാൻ തുടങ്ങി.തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും ചൂടി പുഞ്ചിരിക്കുന്ന മുഖവുമായി കുട്ടികൾക്കൊപ്പം സമയംചെലവഴിക്കാൻ നെഹ്റു തല്പരനായിരുന്നു. കുട്ടികളാണ് സമൂഹത്തിൻ്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണദ്ദേഹം.

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ട ശ്രദ്ധകേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമപൗരന്മാരായി വളരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ പുരോഗതിയിൽ നെടുംതൂണുകളായ രണ്ടുജ്ജ്വല വ്യക്തിത്വങ്ങളെ ഓർമ്മിക്കാൻ ലഭിച്ച അസുലഭ സന്ദർഭമാണ് ഈ ആഴ്ചയിൽ വന്നുചേർന്നത്.

ഇനി മാഷ് എഴുതിയ ഒരു കവിത പാടാം.
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎

🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓

നമ്മുടെ ചാച്ചാജി
++++!!!!!++++!!!!!!++++

ചിത്രത്തിൽച്ചിരിതൂകിയിരിപ്പൂ
നമ്മുടെ ചാച്ചാജി.
ഭാരത നാടിന്നഭിമാനം വാ –
നോളമുയർത്തിയവൻ.
സ്വാതന്ത്ര്യത്തിൽ പുലരിക്കായ് രണ-
ധീരത കാട്ടിയവൻ.
സ്നേഹത്തിൽ നിറകുടമായമ്മ –
യ്ക്കാദരവേകിയവൻ.

പാൽനുരപോലെ പുഞ്ചിരിതൂകും
നമ്മുടെ ചാച്ചാജി.
റോസാപ്പൂവിൻ നിർമ്മലഭാവം
നെഞ്ചിൽ ചൂടിയവൻ.
ആതുരർ, പീഡിതരെല്ലാവർക്കും
അലിവായ് മാറിയവൻ.
നിറവിൻവഴിയേ നമ്മെ നയിച്ചൊരു
നവഭാരത ശില്പി.

കുട്ടികൾ നമ്മുടെ കുസൃതികളിഷ്ട –
പ്പെട്ടൊരു ചങ്ങാതി.
നന്മകൾ കുളിരും നല്ലൊരു സുദിനം
നവമ്പർ പതിന്നാല്.
ജവഹർലാലീ ഭാരത മണ്ണിൽ
പിറന്ന പുണ്യദിനം.
ഒന്നിച്ചണിയായ് പാടാം നമ്മൾ
ഒരേയൊരിന്ത്യാക്കാർ.
നമുക്കു തമ്മിൽ സ്നേഹം പകരാം
നമ്മളൊരേ ജനത.

ഈ നവമ്പർച്ചിത്രത്തിൽ ച്ചിരി –
തുകിയിരിക്കുന്നു
കുട്ടികൾ നമ്മുടെ കുസൃതികളിഷ്ട –
പ്പെട്ടൊരു ചങ്ങാതി
പാൽനുരപോലെ പുഞ്ചിരിതൂകും
നമ്മുടെ ചങ്ങാതി.

ചാച്ചാജിയെക്കുറിച്ചുള്ള കവിത ഇഷ്ടമായില്ലേ? അതൊക്കെ പാടിപ്പഠിക്കാൻ ശ്രമിക്കണം കേട്ടാേ.

🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏

കുട്ടികളെ രസിപ്പിക്കുന്ന കഥകളും കവിതകളും ധാരാളമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബാലസാഹിത്യകാരനാണ് ഇനി കവിതകളുമായി എത്തുന്നത് – മോഹൻ മംഗലത്ത്.
എറണാകുളം ജില്ലയിൽ മുവാറ്റുപുഴയാണ് അദ്ദേഹത്തിന്റെ ജന്മനാട്.

സാങ്കേതിക വിദ്യാഭ്യാസത്തിനു ശേഷം നോർത്ത് ഫൗണ്ടേഷൻ കമ്പനിയുടെ കൊച്ചിയിലെ പ്രൊജക്ട് മാനേജരായി ജോലി ചെയ്തു.

പഠനകാലത്ത് യുഗകേസരി, പൂജ്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 1967 മുതൽ ആനുകാലികങ്ങളിലെ ബാലപംക്തികളിൽ എഴുതിത്തുടങ്ങി. നിരവധി സാഹിത്യമത്സരങ്ങളിലെ വിജയിയായിട്ടുള്ള ശ്രീ. മോഹൻ മംഗലത്ത് ഇപ്പോഴും മുൻനിര ബാലപ്രസിദ്ധീകരണങ്ങളിലെ സജീവസാന്നിധ്യമാണ്. തേവരുടെ ആന, പപ്പടവട്ടം കാലൻകരടിയും കാട്ടുകടന്നലും,(ബാലസാഹിത്യം) തുടങ്ങിയ പുസ്തകളുടെ രചയിതാവുമാണ്. മോഹൻ മംഗലത്തിൻ്റെ കവിതകളാണ് താഴെ കൊടുക്കുന്നത്.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

1. കണ്ടൻപൂച്ച
〰️〰️〰️〰️〰️

ഉണ്ടക്കണ്ണൻ കണ്ടൻപൂച്ച
കണ്ടാലവനൊരു കെങ്കേമൻ
കുണ്ടാമണ്ടികൾ കാട്ടിനടക്കും
ചുണ്ടന്നെലിയെ കണ്ടാലോ,
കണ്ടംതുണ്ടം കണ്ടിച്ചവനെ
പള്ളയിലാക്കും
സൂക്ഷിച്ചോ?

2. അങ്കവാല്.
〰️〰️〰️〰️〰️〰️

മുതകുവളഞ്ഞൊരു മുത്തശ്ശിക്ക്
കുത്തിനടക്കാൻ വടിയുണ്ടേ
പുലരും മുമ്പേയുണരും കുയിലിന്
പാടാൻ നല്ലൊരു സ്വരമുണ്ടേ
കൂട്ടിലടച്ചൊരു തത്തപ്പെണ്ണിനു
ചോപ്പേറുന്നൊരു ചുണ്ടുണ്ടേ
കൊക്കരകൂകും പൂങ്കോഴിക്കോ
അങ്കം വെട്ടാൻ വാലുണ്ടേ!

〰️〰️〰️〰️🪴🪴🪴🪴〰️〰️〰️〰️〰️〰️
നല്ല കുഞ്ഞിക്കവിതകൾ. രസകരമായ കവിതകൾ. ഇത് നമുക്ക്
പാടി രസിക്കാം. പലവട്ടം പാടുമ്പോൾ അവ ഹൃദിസ്ഥമാവും. അപ്പോൾ അവ കൂട്ടുകാരുമായി പങ്കുവെയ്ക്കണം.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

കവിതകൾക്കു ശേഷം നല്ലൊരു കഥയുമായി ഒരു മാമൻ വരുന്നുണ്ട്. പ്രസിദ്ധനായ ഒരു ബാലസാഹിത്യകാരൻ. തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിലെ പകൽക്കുറിയിൽ കെ. നാണു ആചാരിയുടെയും കെ. തങ്കമ്മയും മകനായി ജനിച്ച പകൽക്കുറി വിശ്വൻ ആണ് നിങ്ങളോട് കഥപറയാൻ എത്തുന്നത്. നാടകരചന യിലൂടെ സാഹിത്യരംഗത്തു പ്രവേശിച്ചു. ആകാശവാണിയിലും ദുരദർശനിലും മറ്റ് ടി.വി ചാനലുകളിലും കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചുവരുന്നു. കെ. എസ്. ആർ.ടി.സി.യിൽ ഉദ്യോഗസ്ഥനായിരുന്നു.

കുട്ടിക്കവിത-കടങ്കവിത,അക്ഷരച്ചെപ്പ്, കിങ്ങിണിച്ചെപ്പ്, കുറുങ്കവിതകൾ,
101 കടങ്കവിതകൾ, തൊപ്പിയും പീപ്പിയും, പുരാണകടങ്കവിതകൾ , ശ്രീവത്സം (101 പുരാണ കടങ്കവിതകൾ), കുയിലനും പൂത്തുമ്പിയും, പൊന്നോണത്താലം,
രാമായണംപ്രശ്നോത്തരി, പുരാണകഥാമൃതം, അക്ഷരപ്പൂന്തേൻ , കഥാകവിതകൾ, പുരാണതീർത്ഥം (101 പൂരാണ കടങ്കഥകൾ),പാടാൻ പോരൂ കുയിലുകളേ… രാമായണം ചോദ്യം ഉത്തരം, പുരാണത്തിലെ തീമൊഴികൾ, 151 കടങ്കവിതകൾ, ചക്കരക്കിണ്ണം, പുരാണത്തിലെ രസക്കഥകൾ, ആവണിത്തേര്, രാമായണം ചോദ്യോത്തരങ്ങളിലൂടെ, 201 കടങ്കവിതകൾ .പുരാണത്തിലെ കുറ്റവും ശിക്ഷയും, കിളിത്തൂവൽ സമർപ്പണം, യാത്ര പിന്നെയും യാത്ര, ചില്ലറക്കാര്യം, വ്യസനസങ്കീർത്തനം, തീത്തുള്ളികളും തീക്കൊള്ളികളും, അമ്യതേത്ത്,
എന്നെ വായിച്ചവരിലൂടെ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

നവോത്ഥാന സംസ്കൃതി പുരസ്‌കാരം, പ്രൊഫ. വി. സാംബശിവൻ സ്‌മാരക പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, മടവൂരാശാൻ പ്രതിഭാ പുരസ്കാരം, മാത്യു എം. കുഴിവേലി സ്‌മാരക ബാലസാഹിത്യ പുരസ്‌കാരം, തെളിനീർ
പുരസ്ക‌ാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വിലാസം
അക്ഷയ, കുടവൂർ പി.ഒ., തിരുവനന്തപുരം, പിൻ : 695 313,

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ദൈവം പൊറുക്കുന്ന തെറ്റ്
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

”ഉണ്ണീ മോനേ, എഴുന്നേല്ക്കൂ. മണി ആറു കഴിഞ്ഞു. അമ്മ ഇന്നലേ പറഞ്ഞതല്ലേ രാവിലെ എഴുന്നേല്ക്കണമെന്ന്, വേഗം കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ നോക്ക്.. ”
അമ്മ അവനെ വിളിച്ചുണർത്തി. അടുക്കളയിൽ കൊണ്ടുപോയി കട്ടൻകാപ്പി പകർന്ന് കൊടുത്തു.

“വേഗം പല്ലുതേച്ച് കുളിച്ചിട്ടു വാ. ഇന്ന് അച്ഛൻ്റെ പിറന്നാളാണെന്ന് മോൻ മറന്നോ? മോൻ അമ്പലത്തിൽ പോയി അച്ഛനു വേണ്ടി വഴിപാടു നടത്തണം. വന്നിട്ടു വേണം സ്‌കൂളിൽ പോകാൻ, വേഗമാകട്ടെ.”
അമ്മ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ആ വാക്കുകൾ കേട്ടപ്പോൾ തലേദിവസം പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം അവനോർത്തു.

ഇന്ന് ഇടവമാസത്തിലെ മൂലം നാളാണ്. അച്ഛന് നാല്പത്തിരണ്ടു വയസ്സു തികയുന്ന ദിവസം; അച്ഛൻ്റെ എല്ലാ പിറന്നാളിനും അമ്പലത്തിൽ പോകാറുണ്ട്. നേർച്ചകളും വഴിപാടുകളും നടത്താറുണ്ട്. മിക്കവാറും അമ്മയോടൊപ്പമാണ് പോയിരുന്നത്. ഇന്ന് ഉണ്ണി തനിച്ച് പോകാറായി. അവന് കഴിഞ്ഞ മാസത്തിൽ പന്ത്രണ്ടുവയസ്സു കഴിഞ്ഞു.

വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ശ്രീക്യഷ്ണക്ഷേത്രത്തിൽ ഇതിനകം അവൻ പലപ്രാവശ്യം ഒറ്റയ്ക്ക് പോയിട്ടുണ്ട്. അന്നൊക്കെ പോകുമ്പോഴോ വരുമ്പോഴോ ക്ലാസ്സിൽ പഠിക്കുന്ന ആരെയെങ്കിലും വഴിയിൽ വച്ച് കണ്ടിട്ടുണ്ട്. തിരിച്ചു വരുമ്പോഴാണെങ്കിൽ അമ്മയോടു ചോദിക്കാതെ തന്നെ പ്രസാദം അവർക്ക് കൊടുത്തിട്ടുമുണ്ട്. അമ്മ അറിഞ്ഞപ്പോൾ ഒരിക്കലും വഴക്കു പറഞ്ഞിട്ടില്ല. അത് ഉണ്ണിക്ക് അമ്മയോടുള്ള സ്നേഹം വർദ്ധിപ്പിച്ചിട്ടേയുള്ളൂ.

ഉണ്ണി കുളിച്ചു വേഷംമാറി വന്നപ്പോൾ അമ്മ തലേദിവസം വാങ്ങി ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്ന പുഷ്പഹാരവും നേർച്ചയ്ക്കും വഴിപാടിനുമുള്ള പണവും അവനെ ഏല്പ്പിച്ചു.

“മോനേ അച്ഛൻ്റെ പേരിൽ ഒരു പുഷ്പാഞ്ജലി, ഒരു നെയ് വിളക്ക്, ഒരു പാൽപ്പായസം. അച്ഛന്റെ നാളും പേരും പറഞ്ഞ് രസീത് എഴുതിക്കണം. എല്ലാമറിയാമല്ലോ. വഴിയിലെങ്ങും നിന്ന് സമയം കളയാതെ വേഗം വരണം. വരുമ്പോഴേക്കും സ്‌കൂളിൽ പോകാൻ വേണ്ടതെല്ലാം അമ്മ ഒരുക്കിവയ്ക്കാം. ഇതാ ഇരുപത്തിയഞ്ചു രൂപയുണ്ട്. ഭദ്രമായി സൂക്ഷിച്ചോളണം.”

കാര്യങ്ങളെല്ലാം വിശദമായിപ്പറഞ്ഞ് അമ്മ മകനെ യാത്രയയച്ചു. ഗൾഫിലുള്ള അച്ഛനെ ഓർത്തു കൊണ്ടവൻ നടന്നു. മൂന്നുവർഷമായി അച്ഛൻ പോയിട്ട്. ഇതുവരെ വന്നിട്ടില്ല. ഈ വർഷം ഓണത്തിനച്ഛൻ വരും. കഴിഞ്ഞ ആഴ്ച വന്ന എഴുത്തിലും ആ കാര്യം വ്യക്തമായി എഴുതിയിരുന്നു. അച്ഛൻ ഗൾഫിൽ പോയതിനു ശേഷം ഏതമ്പലത്തിൽ ഏതു കാര്യത്തിന് പണം ചോദിച്ചാലും അമ്മ കൊടുക്കും. നേർച്ചയ്ക്കും വഴിപാടിനുമായി എത്ര പണം വേണമെങ്കിലും ചെലവാക്കും.

“എന്തിനാണമ്മേ ഇത്രയും പണം കൊടുക്കുന്നത്?”
“മോനേ, നാട്ടിലുള്ള ദൈവങ്ങളുടെ സഹായം കൊണ്ടാ അച്ഛൻ അവിടെ സുഖമായി കഴിയുന്നത്.”
എന്നും അമ്മയുടെ വിശദീകരണം അതാണ്.

ഉണ്ണി നാട്ടുപാത പിന്നിട്ട് മെയിൻ റോഡിലെത്തി. . അതിരാവിലെ ആയതുകൊണ്ട് റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. കടകൾ പലതും അടഞ്ഞുകിടക്കുന്നു.
മരുന്നു കട മാത്രം തുറന്നിട്ടുണ്ട്. അത് രാത്രിയിലും അടക്കാറില്ല. അടുത്തൊരാശുപത്രിയുള്ളതുകൊണ്ട് ആവശ്യക്കാർക്കു വേണ്ടി എപ്പോഴും തുറന്നു വച്ചിരിക്കും. റോഡ് മുറിച്ചു കടന്നപ്പോൾ ആരോ അവന്റെ പേര് വിളിച്ചു.
അവൻ നാലുപാടും നോക്കി. അകലെ അടഞ്ഞുകിടന്ന കടയുടെ തിണ്ണയിൽ നിന്നും ഒരു പയ്യൻ ഓടിവരുന്നു. ആളെ പെട്ടെന്ന് മനസ്സിലായി -കണ്ണൻ!

ക്ലാസ്സിൽ തന്റെ അടുത്തിരിക്കുന്ന കണ്ണൻ. അതിരാവിലെ അവൻ ഇവിടെ എന്തിനു വന്നു? കണ്ണൻ അപ്പോഴേക്കും അവൻ്റെ അടുത്തെത്തി ക്കഴിഞ്ഞു.

“ഉണ്ണി എവിടെ പോകുന്നു?”

“അമ്പലത്തിൽ ഇന്ന് അച്ഛന്റെ പിറന്നാളാണ്. അച്ഛനു വേണ്ടി നേർച്ചകളും വഴിപാടുകളും നടത്താൻ പോവ്വാ.. അച്ഛന്റെ എല്ലാ പിറന്നാളിനും പോകും. നീ വരുന്നോ? പാൽപ്പായസം വാങ്ങിക്കും.”

“ ഇല്ല.”

“പിന്നെ നീ എവിടെ പോകുന്നു. ഇത്ര രാവിലെ?”

“അമ്മ സുഖമില്ലാതെ ആശുപത്രിയിലാ. ഇന്നലെ രാത്രിയിലാ കൊണ്ടുവന്നത്. ”

“എന്താ സൂക്കേട്?”

“കടുത്ത പനിയും ഛർദ്ദിയും.”

“ഇപ്പോ സുഖമുണ്ടോ?”

“ഇല്ല, ഒരു മരുന്ന് വാങ്ങിച്ചുകൊടുക്കാൻ ഡോക്ട‌ർ എഴുതിത്തന്നു.”

“എന്നിട്ട് വാങ്ങിക്കൊടുത്തില്ലേ?”

“ ഇല്ല.”

“അയ്യോ, അതെന്ത്? പെട്ടെന്ന് വാങ്ങിച്ചുകൊണ്ടുകൊടുക്ക്.”

കണ്ണൻ കരയാൻ തുടങ്ങി

“കണ്ണാ, എന്തുപറ്റി? എന്തിനാ കരയുന്നത്? അമ്മയുടെ അസുഖം വേഗം മാറും. നീ മരുന്ന് വാങ്ങിച്ചു കൊണ്ടുക്കൊട്, മരുന്നുകട തുറന്നിട്ടുണ്ടല്ലോ.”

“എന്റെ കൈയ്യിൽ പൈസയില്ല, കടയിൽ കടംചോദിച്ചിട്ട് തന്നില്ല. പരിചയുമുള്ള ആരെയെങ്കിലും കാണുമ്പോൾ ചോദിക്കാനാ ഞാനിവിടെ നിന്നത്. അമ്മയുടെ അടുത്തും ആരുമില്ല.”

പറഞ്ഞുതീരുംമുമ്പ് കണ്ണൻ വീണ്ടും തേങ്ങിക്കരഞ്ഞു. അവന്റെ കരച്ചിൽ കണ്ടപ്പോൾ ഉണ്ണിക്കും സങ്കടം വന്നു. ഒന്നും പറയാൻ അവന് തോന്നുന്നില്ല. സഹായിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യും. നേർച്ചയ്ക്കുള്ള പണം കൊടുക്കുന്നതെങ്ങനെ? അമ്മ എന്തു പറയും? അമ്മയോടു ചോദിച്ചാൽ ഒരു പക്ഷേ സഹായിച്ചേനെ… അമ്മയുടെ അനുവാദം വാങ്ങിവരുമ്പോഴേക്കും ഒത്തിരി വൈകും. കൂട്ടുകാരൻ്റെ ദുഃഖം കണ്ട് വേദനയോടെ ഉണ്ണി പലതും ആലോചിച്ചു.

“കണ്ണാ”

“എന്താ ഉണ്ണി?”

“ദാ, ഈ പൈസ കൊണ്ടുപോയി അമ്മക്ക് മരുന്ന് വാങ്ങിക്ക്.”
ഉണ്ണി പോക്കറ്റിൽ നിന്നും നേർച്ചയും വഴിപാടും നടത്താനായി ഏൽപ്പിച്ചിരുന്ന പൈസയെടുത്ത് കണ്ണന് കൊടുത്തു.

“അയ്യോ, അത് വേണ്ട. അച്ഛൻ്റെ പിറന്നാളിന് നേർച്ച നടത്താനുള്ള പൈസയല്ലേ. അറിഞ്ഞാൽ അമ്മ വഴക്കുപറയില്ലേ.?”

“ഇല്ല. അമ്മയോട് ഞാൻ പറഞ്ഞോളാം.”

“എന്നാലും ഉണ്ണി, അതു ശരിയല്ല. ദൈവത്തിനുള്ള പണം….?”

“സാരമില്ല കണ്ണാ, ദൈവത്തിനെല്ലാം അറിയാമല്ലോ; നേരം കളയാതെ കണ്ണൻ അമ്മയ്ക്ക് മരുന്നു വാങ്ങിക്കൊണ്ടുക്കൊടുക്ക്, ഞാൻ അമ്പലത്തിൽ പോയി അച്ഛനുവേണ്ടി പ്രാർത്ഥിക്കാം. കൂട്ടത്തിൽ കണ്ണൻ്റെ അമ്മയ്ക്കുവേണ്ടിയും.”

അത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ എന്തുകൊണ്ടോ ഉണ്ണിയുടെ തൊണ്ടയിടറി. കണ്ണിൽ ജലം നിറഞ്ഞു. അവൻ മെല്ലെ കുനിഞ്ഞുനിന്ന് കണ്ണു തുടച്ചു. അതു കണ്ടു നിന്നപ്പോൾ കണ്ണ
ഉച്ചത്തിൽ തേങ്ങിപ്പോയി. ഉണ്ണി കൂട്ടുകാരനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
പിന്നെ കൂട്ടുകാരനോട് ഒന്നും പറയാതെ ഉണ്ണി ക്ഷേത്രത്തിലേയ്ക്ക് നടന്നു.

തനിക്കു വേണ്ടി, തന്റെ അമ്മയ്ക്കുവേണ്ടി, സ്വന്തം അച്ഛൻ്റെ പിറന്നാൾ വഴിപാടിനുള്ള പണം, തന്നു സഹായിച്ച വലിയവനായ തന്റെ കൊച്ചു കൂട്ടുകാരനെ നോക്കി പരിസരം മറന്ന് നിന്നുപോയി കണ്ണൻ.

മരുന്നുമായെത്തുന്ന മകനെ നോക്കി വഴിക്കണ്ണുമായി കിടക്കുന്ന അമ്മയെക്കുറിച്ചോർത്തപ്പോൾ കണ്ണന്റെ കാലുകൾ ചലിക്കാൻ തുടങ്ങി. ക്രമേണ അത് ഓട്ടമായി.

മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നും വാങ്ങിക്കൊണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോൾ നടന്നകലുന്ന ഉണ്ണിയെ വീണ്ടും അവൻ കണ്ടു.

അച്ഛനുവേണ്ടി പ്രാർത്ഥിക്കാൻ, ഉണ്ണി സാവധാനം ക്ഷേത്രത്തിലേക്ക് നടന്നു. നേരം പുലർന്നതിനാൽ തിരക്കു നന്നേ കുറവായിരുന്നു. ശ്രീകോവിലിനു മുന്നിൽ നിന്ന് ഏറെനേരം ഉള്ളുരുകി പ്രാർത്ഥിച്ചു. അച്ഛനുവേണ്ടി, കണ്ണൻ്റെ അമ്മയ്ക്കുവേണ്ടി, പിന്നെ ഞാൻ ചെയ്‌തത് തെറ്റാണെങ്കിൽ തന്നോട് പൊറുക്കണേ, വിവരം അറിയുമ്പോൾ അമ്മയ്ക്ക് വഴക്കു പറയാൻ തോന്നല്ലേ എന്നിങ്ങനെ പോയി അവൻ്റെ മനംനൊന്ത പ്രാർത്ഥനകൾ.

പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് ഒരാശ്വാസം പോലെ. ദൈവം എല്ലാം കേട്ട് അനുഗ്രഹിച്ചതുപോലെ.

ശ്രീകോവിലിനു മുന്നിൽ ഏറെ നേരം പ്രാർത്ഥിച്ചു നിന്ന ഉണ്ണിയെ ശാന്തിക്കാരൻ പോറ്റി കൗതുകത്തോടെ നോക്കിനിന്നു. പരിസരം മറന്നുള്ള അവൻ്റെ നിൽപ്പും ഹൃദയം തുറന്ന പ്രാർത്ഥനയും അദ്ദേഹം ശ്രദ്ധിച്ചു. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികൾ വന്നാൽ വെറുതേ ഒന്ന് കൈകൂപ്പി പ്രസാദവും വഴിപാടുകളും വാങ്ങി പെട്ടെന്ന് സ്ഥലം വിടുകയാണ് പതിവ്. പക്ഷേ ഈ കുട്ടി…! അവൻ്റെ മനസ്സിൽ ഏതോ ദുഃഖമുണ്ട്. കുറ്റബോധമുണ്ട്. ആ പിഞ്ചു മുഖത്തു നിന്ന് അദ്ദേഹമത് വായിച്ചറിയാൻ ശ്രമിച്ചു. ഉണ്ണി ശാന്തിക്കാരൻ്റെ മുന്നിൽ പ്രസാദത്തിനായി കൈനീട്ടിനിന്നു. ഒരു ചെറുചിരിയോടെ അദ്ദേഹം ചോദിച്ചു?

“എന്താ കുട്ടി, ഏറെ നേരം പ്രാർത്ഥിച്ചത്? എന്തൊക്കെയാ ദൈവത്തിനോട് പറഞ്ഞത്?”

ശാന്തിക്കാരൻ വീണ്ടും ചിരിച്ചു. പക്ഷേ- ഉണ്ണി ചിരിച്ചില്ല. അവന് ചിരിക്കാൻ കഴിഞ്ഞില്ല.

ശാന്തിക്കാരൻ രണ്ടു തുള്ളി വെള്ളവും ഒരു നുള്ള് ചന്ദനവും അവന്റെ കുരുന്ന് കൈവെള്ളയിൽ ഇട്ടുകൊടുത്തു. ഉണ്ണി ആ പ്രസാദത്തിലേയ്ക്കും ശാന്തിക്കാരന്റെ മുഖത്തേയ്ക്കും മാറിമാറി നോക്കി.

“ങും, എന്താ?”

“പ്രസാദം കുറച്ചുകൂടി വേണം. ഇന്ന് അച്ഛന്റെ പിറന്നാളാ”

“അച്ഛന്റെ പിറന്നാളായിട്ട് അർച്ചനയും വഴിപാടുകളുമൊന്നുമില്ലേ?.”

“എല്ലാം നടത്തണമെന്ന് അമ്മ പറഞ്ഞു.”

“പിന്നെ എന്താ നടത്താഞ്ഞത്? ദേ, അവിടെച്ചെന്ന് നാളും പേരും പറഞ്ഞ് രസീത് എഴുതിക്ക്.”
ശാന്തിക്കാരൻ ക്ഷേത്രത്തിന്റെ ഒരു കോണിലേയ്ക്ക് വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു.

“എന്റെ കൈയ്യിൽ പൈസയില്ല.”

“എന്തേ. അമ്മ പണം തന്നയച്ചില്ലേ?”

“ ഉം”l

“എന്നിട്ടെവിടെ? വഴിയിൽ കളഞ്ഞോ?”

“ ഇല്ല.”

“പിന്നെ.”

“ഞാൻ ഒരാൾക്ക് കൊടുത്തു.”

“ദൈവത്തിനുള്ള പണമോ? എന്തിന്? ആർക്ക് ?”

ഉണ്ണി നടന്നതെല്ലാം വിശദമായി ശാന്തിക്കാരനെ ധരിപ്പിച്ചു. എന്നിട്ടവൻ ഭീതിയോടെ അദ്ദേഹത്തിനോട് ചോദിച്ചു.

“ഞാൻ ചെയ്ത‌ത് തെറ്റാണോ? ദൈവം എന്നോട് കോപിക്കുമോ?”

കുറ്റബോധം അവൻ്റെയുള്ളിൽ നുരഞ്ഞുപൊന്തി. അവൻ തേങ്ങിക്കരഞ്ഞു. അവനെ ഏതോ ഭയം ബാധിച്ചിരിക്കുന്നതായി ശാന്തിക്കാരനു തോന്നി.

“സാരമില്ല കുട്ടി, നീ കരയാതെ. നീ ചെയ്‌തത് ദൈവത്തിന് ഇഷ്ടമുള്ള കാര്യമാ. ദൈവം നിന്നെ അനുഗ്രഹിക്കും.”
”അമ്മ എന്നെ വഴക്കുപറയും, ചിലപ്പോൾ തല്ലും…”

“എന്തിന്? വഴിപാടു നടത്താത്തതുകൊണ്ടോ? ഇല്ല കുട്ടിയെ ആരും വഴക്കു പറയില്ല. നേർച്ചയ്ക്കും വഴിപാടിനുമുള്ള പണം ദൈവം തന്നെയാ കുട്ടിയുടെ കൈയ്യിൽനിന്ന് നേരിട്ട് സ്വീകരിച്ചത്.. കുട്ടി സമാധാനമായി വീട്ടിലേക്ക് പോകൂ.”

അദ്ദേഹം അവനെ ആശ്വസിപ്പിച്ചു. ഒരു ഇലക്കീറിൽ ചന്ദനവും പൂക്കളുമെടുത്ത് ഉണ്ണിക്ക് കൊടുത്തു.

”ഇതാ അച്ഛന്റെ പിറന്നാളിനുള്ള പ്രത്യേക പ്രസാദം. ”
തെല്ലൊരാശ്വാസത്തോടും നിറഞ്ഞ ഉത്കണ്ഠയോടും ഉണ്ണി വീട്ടിലേക്കു നടന്നു. നേരം ഏറെ കഴിഞ്ഞതിനാൽ അവന്റെ അമ്മ വാതിൽക്കൽ കാത്തു നില്‌പുണ്ടായിരുന്നു.

“എന്താ മോനേ താമസിച്ചത്? അമ്മ എപ്പൊഴേ കാത്തു നിൽക്കുന്നു. വേഗം വരൂ, സ്‌കൂളിൽ പോകാൻ സമയമായി”.

”എവിടെ പാൽപ്പായസം.?”

“വാങ്ങിയില്ല.”

“എന്താ? പിന്നെച്ചെല്ലാൻ പറഞ്ഞോ?”

“ ഉം ഉം”

“എന്തു പറ്റി ഉണ്ണീ, നീ പൈസ കൊടുത്തില്ലേ?”

“ ഇല്ല”

“എൻ്റെ ദൈവമേ, ആ പൈസ നീ എന്തു ചെയ്തു?”
അമ്മയുടെ ഭാവംകണ്ട് ഉണ്ണി ഒരു നിമിഷം അറച്ചുനിന്നു. പിന്നെ എന്തുംവരട്ടെ എന്നു കരുതി ശാന്തിക്കാരൻ പോറ്റിയുടെ ഉറപ്പിന്മേൽ സാവധാനം വിവരങ്ങൾ അമ്മയെ ധരിപ്പിച്ചു.

“എന്റെ ദൈവമേ, ഈ ചെറുക്കൻ എന്തു പാപമാ വരുത്തിവച്ചിരിക്കുന്നത്?
ദൈവത്തിന് കൊടുക്കാനുള്ള പണം വല്ലവർക്കും ദാനം കൊടുക്കുകയോ? ദൈവകോപമുണ്ടാകാൻ ഇതിൽപ്പരം വല്ലതും വേണോ? എൻ്റെ മോനേ, അച്ഛന്റെ പിറന്നാളായിട്ട് തന്നെ നീ ഈ ചതി ചെയ്‌തല്ലോ. ഇതിന്റെയൊക്കെ ഫലം അദ്ദേഹം അവിടെവച്ച് അനുഭവിക്കേണ്ടി വരുമോ എന്നാർക്കറിയാം.”

അവന്റെ അമ്മ ഭീതിയോടെ, വേവലാതിയോടെ പലതും വിളിച്ചുപറയുകയും ഉണ്ണിയെ കണക്കിന് ശകാരിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഉണ്ണി മറുപടിയൊന്നും പറഞ്ഞില്ല. ശാന്തിക്കാരന്റെ വാക്കുകൾ ഒരാശ്വാസമായി, വിശ്വാസമായി അപ്പോഴും ഓർമ്മയിൽ മുഴങ്ങുന്നുണ്ടായിരുന്നു. അമ്മ പെട്ടെന്ന് കുളിച്ചുവേഷം മാറി ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നത് ഉണ്ണി ശ്രദ്ധിച്ചു. അവൻ ഒന്നും ചോദിച്ചില്ല. എങ്കിലും അമ്മ ക്ഷേത്രത്തിൽ പോകാൻ തയ്യാറെടുക്കുകയാണെന്ന് മനസ്സിലായി.

ഉണ്ണിയോട് ഒന്നും പറയാതെ ദേഷ്യത്തോടെ ഒന്നു നോക്കുക മാത്രം ചെയ്‌തിട്ട് അവർ ധൃതിയിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. സ്‌കൂളിൽ പോകാൻ സമയമാകുന്നു. കുട്ടികൾ ഒച്ചയും ബഹളവുമുണ്ടാക്കി റോഡിലൂടെ പൊയ്ക്കൊണ്ടിരുന്നു. ഉണ്ണി പലതും ആലോചിച്ചുകൊണ്ട് മുറ്റത്തു തന്നെ നിന്നു.

താൻ സ്കൂളിൽ പോയാലും കൂട്ടുകാരൻ കണ്ണൻ ഇന്നു വരത്തില്ല എന്നവൻ വേദനയോടെ ഓർത്തു. അമ്മ ആശുപത്രിയിൽ കിടക്കുമ്പോൾ, അവൻ എങ്ങനെ ക്ലാസ്സിൽ വരും. വന്നാലും അവനെങ്ങനെ പഠിക്കാൻ കഴിയും? മരുന്നു വാങ്ങിക്കൊടുത്ത പ്പോൾ ഒരു പക്ഷേ അവന്റെ അമ്മയുടെ അസുഖം കുറഞ്ഞുകാണും.

ദൈവമേ, കണ്ണൻ്റെ അമ്മയുടെ രോഗം പെട്ടെന്ന് ഭേദമാക്കണേ, അച്ഛനില്ലാത്തവനാണ് കണ്ണൻ. അമ്മ രോഗം ബാധിച്ചു കിടപ്പിലായാൽ പിന്നെ അവരെങ്ങനെ ജീവിക്കും? കണ്ണൻ എങ്ങനെ പഠിക്കും?കൂട്ടുകാരനെക്കുറിച്ചും അവൻ്റെ അമ്മയെക്കുറിച്ചുമായി രുന്നു ഉണ്ണി ഏറെ നേരം ആലോചിച്ചത്. സമയം കടന്നുപോയത് അറിഞ്ഞതേയില്ല.

ഓടിക്കിതച്ചു ക്ഷേത്രത്തിലെത്തിയ ഉണ്ണിയുടെ അമ്മയെക്കണ്ട് ശാന്തിക്കാരൻ ഉത്കണ്ഠയോടെ അന്വേഷിച്ചു.

“എന്താ ഉടനെ… പ്രസാദം മോൻ കൊണ്ടുത്തന്നില്ലേ.?”

“തിരുമേനീ, ദൈവകോപം ഉണ്ടാകാതിരിക്കാൻ ഞാൻ എന്തു ചെയ്യണം?”

“ദൈവകോപമോ? ആർക്ക്? എങ്ങനെ?”

“തിരുമേനി അറിഞ്ഞില്ലേ? ഞാൻ നേർച്ചക്കും വഴിപാടിനും കൊടുത്തയച്ച പണം അവൻ ആർക്കോ ദാനം കൊടുത്തു. ദൈവകോപമുണ്ടാകില്ലേ? അവൻ്റെ അച്ഛൻ്റെ പിറന്നാളാണിന്ന്. ആ പാപം അന്യനാട്ടിൽ നിൽക്കുന്ന അദ്ദേഹം അനുഭവിക്കേണ്ടിവരില്ലേ? അതു ചോദിക്കാനാ ഞാൻ വന്നത്? അതിനുവേണ്ടി എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം. എന്താണ് വേണ്ടതെന്ന് തിരുമേനി പറഞ്ഞാൽ മതി.”

“ഞാനറിഞ്ഞു. എല്ലാം വിശദമായി മോൻ പറഞ്ഞു. അവൻ നല്ലകുട്ടിയാ. അവൻ ചെയ്‌തത് നല്ല കാര്യമാ. അവനിൽ ദൈവം പ്രസാദിക്കും. തീർച്ച.പക്ഷേ…”

“എന്താണ്… പറയൂ തിരുമേനി?”

“നിങ്ങൾ ആ കുട്ടിയെ വേദനിപ്പിച്ചില്ലേ? അത് ദൈവം പൊറുക്കില്ല. അതിന് പ്രായശ്ചിത്തം ചെയ്യണം. ദൈവത്തിനോടല്ല, നിങ്ങളുടെ മകനോട്. വേഗം വീട്ടിലേക്ക് ചെന്ന് ആ കുഞ്ഞിനെ സമാധാനിപ്പിക്കൂ. ദൈവം ഇപ്പോൾ അവന്റെ കൂടെയാണ്. അവൻ്റെ നല്ല മനസ്സിനെ പ്രോത്സാഹിപ്പിക്കൂ. വിശക്കുന്ന എൻ്റെ മുന്നിൽ അപ്പമായും നൊമ്പരപ്പെടുന്നവൻ്റെ മുന്നിൽ ആശ്വാസമായും പ്രത്യക്ഷപ്പെടുന്നവനാണ് ദൈവം.
നിങ്ങൾക്കും ഭർത്താവിനും കുടുംബത്തിനും നല്ലതേ വരൂ… നിഷ്കളങ്കരായ കൊച്ചുകുട്ടികളുടെ കുരുന്നു ഹൃദയത്തിൽ വസിക്കാനാണ് ദൈവത്തിനെപ്പോഴുമിഷ്‌ടം. അവൻ്റെ മനസ്സ് ശാന്തമാകുമ്പോൾ, മുഖം സന്തോഷം കൊണ്ട് വികസിക്കുമ്പോൾ, ദൈവം പ്രസാദിച്ചു എന്ന് വിശ്വസിക്കാം. വേഗം വീട്ടിലേക്ക് ചെല്ലൂ.

എന്തു ചെയ്യണം, എന്തു പറയണമെന്നറിയാതെ ശങ്കിച്ചു നിന്ന അവരോട് തിരുമേനി വീണ്ടും പറഞ്ഞു.

”സംശയിക്കേണ്ട. നിങ്ങൾ വേദനിപ്പിച്ച നിങ്ങളുടെ മകനെ ആശ്വസിപ്പിച്ചുകൊണ്ട് ദൈവം ഇപ്പോൾ അവിടെയുണ്ട്. ”

“തിരുമേനി, എന്നോട് പൊറുക്കണം. ഞാൻ അറിവില്ലാതെ ‘”

ആ വാചകം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല.
“സാരമില്ല. എല്ലാ തെറ്റും പൊറുക്കാൻ ദൈവത്തിനു കഴിയും. പക്ഷേ തെറ്റാണെന്നറിഞ്ഞിട്ടും ആവർത്തിച്ചാൽ ദൈവം പൊറുക്കില്ല.”

“തിരുമേനി… മാപ്പ്… ഞാൻ പോകട്ടെ.. വലിയവനായ എന്റെ മകൻ്റടുത്തേക്ക്…
എന്റെ ദൈവത്തിൻ്റെ അടുത്തേയ്ക്ക്…!”
🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩

എത്ര നല്ല കഥ. ദൈവം വിശക്കുന്നവന് അപ്പമാണ്. സങ്കടപ്പെടുന്നവന് ആശ്വാസമാണ്. കഥയിലെ ഉണ്ണിതൻ്റെ കൂട്ടുകാരനു വേണ്ടി ചെയ്ത ത്യാഗം വലിയ പുണ്യമായിമാറി. ഉണ്ണിയെപ്പോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് നമുക്കും വേണ്ടത്.

————————–

ഇനി നമുക്ക് വേണ്ടി രണ്ട് കുഞ്ഞു കവിതകൾ പാടിത്തരുവാൻ എത്തുന്നത് ലീന കാദംബരി ടീച്ചറാണ്. കേന്ദ്ര ഗവ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ JAO ആയി വിരമിച്ച കെ.എൻ.പ്രഭാകരൻ്റെയും കേരള സർക്കാർ ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്റിൽ IEO ആയി വിരമിച്ച എം. മീനാക്ഷിയും മകൾ. ഭർത്താവ് ഹൈസ്കൂൾ ഹിന്ദി അധ്യാപകനായിരുന്നു. ഹയർസെക്കണ്ടറി അധ്യാപികയായ ലിജി, വനിതാ ശിശുവികസന ഓഫീസറായ ലിസ എന്നിവർ സഹോദരിമാരാണ്.

ചെറുപ്പം മുതൽ കവിത, കഥ, ലേഖനം, ബാലകവിത തുടങ്ങിയവ എഴുതാറുണ്ട്. ആനുകാലികങ്ങളിൽ രചനകൾ വെളിച്ചം കണ്ടിട്ടുണ്ട്.കളർചോക്ക് എന്ന കൃതിയിൽഅധ്യാപക അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള നവോത്ഥാന ക്രിയേഷൻസ് ആലപ്പുഴയുടെ നവോത്ഥാന ശ്രേഷ്ഠപുരസ്കാരം 2023.ലഭിച്ചിട്ടുണ്ട്.

എഴുതാനും, കവിതകളും, ഗാനങ്ങളും ആലപിക്കാനും ഇഷ്ടം. എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു.
ലീന കാദംബരി ഇപ്പോൾ പിറവന്തൂർ ഗുരുദേവാ ഹൈസ്കൂളിൽ മലയാളം അധ്യാപികയാണ്. കൊല്ലം ജില്ലയിലെ പിറവന്തൂർ കാദംബരിയിൽ താമസിക്കുന്നു.

ശ്രീമതി. ലീന കാദംബരി എഴുതിയ കവിതകളാണ് താഴെ കൊടുക്കുന്നത്.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴

തവളക്കുട്ടൻ.
〰️〰️〰️〰️〰️〰️

മഴ വന്നപ്പോൾ പോക്രോം പോക്രോം
പാടി വരുന്നുണ്ടേ…

തുള്ളി തുള്ളി മുറ്റത്താകെ
ചാടി വരുന്നുണ്ടേ…

ഉണ്ടക്കണ്ണൻ തവളക്കുട്ടൻ
രസിച്ചു വരുന്നുണ്ടേ…

കൂട്ടരെയെല്ലാം കൂടെക്കൂട്ടി
ഓടി വരുന്നുണ്ടേ.

കാക്കച്ചി.
〰️〰️〰️〰️

മാവിൻ കൊമ്പിലൊളിച്ചിരിക്കും
സൂത്രക്കാരി കാക്കച്ചി.

കറുപ്പിന്നഴകിൽ കാ കായെന്ന്
കരഞ്ഞിരിക്കും കാക്കച്ചി…

കട്ടു തിന്നാൻ കാത്തിരിക്കും
കൗശലമുള്ളൊരു കാക്കച്ചി…

👾👾👾👾👾👾👾👾👾👾👾👾👾👾
രണ്ടു കുട്ടിക്കവിതകൾ. നമുക്കെല്ലാവർക്കും ഇഷ്ടമായി. തവളക്കുട്ടനും കാക്കച്ചിയുമൊക്കെ കുട്ടികളുടെ ഇഷ്ടതോഴന്മാരാണല്ലോ. ലീന ടീച്ചർ എത്ര മനോഹരമായിട്ടാണ് ഈ കവിതകൾ രചിച്ചിരിക്കുന്നത് അല്ലേ?
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

എല്ലാ കവിതകളും കഥകളും കുഞ്ഞുങ്ങൾക്കിഷ്ടമായിട്ടുണ്ടാവും. കുഞ്ഞുങ്ങൾക്കു മാത്രമല്ല കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്കും .

പുതിയ കഥകളും കവിതകളുമായെത്തുന്ന പുതിയ എഴുത്തുകാരെ നമുക്ക് അടുത്ത ലക്കത്തിൽ പരിചയപ്പെടാം.

സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം

കടമക്കുടി മാഷ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments