ഉത്തർപ്രദേശില്‍ കൊലപാതകക്കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. സഹാറൻപൂരിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ യോഗേഷ് രോഹില്ലയാണ് വെടിവെപ്പ് കേസില്‍ അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജീവൻ നഷ്ടമായി. വെടിയേറ്റ ഭാര്യ ഗുരുതരാവസ്ഥയിലാണ്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
ശനിയാഴ്ച സഗത്തേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭാര്യയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് ഇയാള്‍ വെടിവെച്ചത് എന്നത് ശ്രദ്ധേയമാണ്.വെടിയുതുര്‍ത്ത ഉടൻ തന്നെ ഇയാളെുടെ രണ്ട് മക്കളായ ശ്രദ്ധ (12), ദേവാൻഷ് (5) മരണപ്പെട്ടിരുന്നു. ഭാര്യ നേഹയെയും മകൻ ശിവാൻഷിനെയും (7) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ശിവാൻഷി മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ പ്രതിയായ രോഹില്ലയെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നേഹയുടെ സഹോദരൻ രജനീഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) (റൂറൽ) സാഗർ ജെയിൻ പറഞ്ഞു. പ്രതിയുടെ പക്കല്‍ നിന്ന് പിസ്റ്റൾ, നാല് ഷെല്ലുകൾ, 10 ലൈവ് കാട്രിഡ്ജുകൾ, ബാരലിൽ കുടുങ്ങിയ ഒരു കാട്രിഡ്ജ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.