‘അഷ്ടമംഗല്യപ്രശ്‌നത്തിൻ്റെ ആന്തരാർത്ഥം’
ഈ പ്രശ്നപ്രക്രിയയിൽ രാശിപൂജയും സ്വർണ്ണം വെയ്ക്കലും ചെയ്യുന്നതോടൊപ്പം ദക്ഷിണാമൂർത്തി പൂജയിലുള്ള ബ്രഹ്മാർപ്പണം കഴിഞ്ഞാൽ ചക്രസമീപത്തിലിരിക്കുന്ന അഷ്ടമംഗസത്തിങ്കൽ (വെളുത്ത വസ്ത്രം, ചാന്ത്, വാൽകണ്ണാടി, ചെപ്പ്, എന്നിവ ഉരുളിയിലാക്കി വെച്ചത്) വാഗ്ദേവൈ നമ: എന്ന് സരസ്വതിയ്ക്കും ഗുരുഭ്യോ നമ: എന്ന് ഗുരുക്കന്മാർക്കും വിളക്കിനു നേരെ ശ്രീയൈ നമ: എന്ന് ശ്രീ ഭഗവതിയ്ക്കും തൊഴുത് വന്ദിയ്ക്കണമെന്നാണ് ശാസ്ത്രം. മംഗല്യസാധനങ്ങൾ നിറഞ്ഞ അഷ്ടമംഗല്യത്തിൽ വാഗ്ദേവതയെ സ്മരിക്കുന്നത് ഇവിടെ പ്രത്യേകം പരിഗണന അർഹിക്കുന്നു. യോഗീശ്വരന്മാരുടെ കുണ്ഡലിനി ന്യുത്ഥാപനത്തിൽ മൂലാധാരത്തിൽനിന്ന് അനാഹതംവരെയുള്ള സഞ്ചാരത്തെ അഗ്നി ഖണ്ഡമെന്നും തുടർന്ന് സഹസ്രാരം വരെയുള്ള സഞ്ചാരത്തെ സൂര്യഖണ്ഡമെന്നും തുടർന്ന് ആജ്ഞവരെയുള്ള സഞ്ചാരത്തെ സോമഖണ്ഡമെന്നും പറയും. ഇതിൽ അഗ്നിഖണ്ഡത്തിൻ്റെ മറ്റൊരു പേരാണ് വാഗ്ഭവം എന്നത്. വാക്കുകൾ അന്ത: പ്രചോദനംകൊണ്ട് വരുന്നത് കുണ്ഡലിനി ദേവിയുടെ അനുഗ്രഹംകൊണ്ടാണെന്നാണ് തന്ത്രശാസ്ത്രതത്ത്വം.ആ പ്രചോദനത്തിൻ്റെ ഉറവിടത്തെയാണിവിടെ അഷ്ടമംഗലത്തിൽ പൂജിക്കുന്നത്. ദേവജ്ഞൻ ഉപാസകത്വം കൊണ്ട് യോഗീപദവിയോ സിദ്ധപുരുഷത്വമോ നേടിയവനാണെന്നും സ്വന്തം അന്തശക്തിയുണർന്നവനായിരിയ്ക്കണമെന്നും ഇവിടെ സൂചിപ്പിക്കുന്നു.
ആ ഉണർന്ന കുണ്ഡലിനീശക്തിയുടെ ഉത്ഥാപനം ഈ മൂന്ന് ഖണ്ഡങ്ങളിലൂടെ സഹസ്രാരചക്രം വരെ പോകുന്നുണ്ട്. ഇനി സ്വർണ്ണ നിക്ഷേപത്തെത്തുടർന്ന് ചെയ്യുന്ന അഷ്ടമംഗല്യപ്രക്രിയയെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടെന്നും പറയുന്നു. ഉദാഹരണത്തിനായി അഷ്ടമംഗല്യക്രിയയെ നമുക്ക് പരിശോധിക്കാം.
സ്വർണ്ണം വെയ്ക്കുന്നതോടുകൂടി ജ്യോതിഷക്കാരനാകട്ടെ ആ മന്ത്ര പവിത്രങ്ങളായിരിയ്ക്കുന്ന കവിടികളെ ഒന്നാമത് കുറെ വടക്കോട്ടും പിന്നെ കുറെ അതിൻ്റെ തെക്കുഭാഗം തൻ്റെ നേരെയും ബാക്കിയെ തെക്കുഭാഗമാക്കി വിഭജിക്കുന്നു. ശുഭാശുഭ നിമിത്തങ്ങളെ വിചാരിക്കുകയും വേണം. (പ്രശ്നമാർഗ്ഗം നാലാം അദ്ധ്യായത്തിൽ അമ്പത്തിരണ്ടാമത്തെ ശ്ലോകത്തിൽ ഇതിനെ പറ്റി വിശദീകരിക്കുന്നുണ്ട്.)
എന്നിട്ട് കുറച്ച് ഫലം പറഞ്ഞിട്ട് അഷ്ടമംഗല്യത്തിന് കവിടികളെ മൂന്നായി ഭാഗിച്ചുവെച്ചേടത്ത് മൂന്ന് സ്ഥാനങ്ങളിൽനിന്നും കവിടികളെ എട്ടെട്ടായി കളഞ്ഞു ബാക്കിയുള്ള സംഖ്യയെ അറിഞ്ഞിട്ട് ( 884 ൽ അധികം ഒട്ടും വരുന്നതല്ല.112 ൽ കുറയുന്നതുമല്ല.) കവിടികളെ സൂക്ഷിച്ചു വെയ്ക്കണം. (ശയശറ 56-ാം ശ്ലോക വ്യാഖ്യാനം) ഇങ്ങനെ മൂന്ന് അക്കങ്ങളായി കിട്ടുന്ന സംഖ്യ 100-10-1 എന്നീ സ്ഥാനക്രമത്തിൽ ഇടതുനിന്ന് വലത്തോട്ട് അവശേഷിച്ചുകിട്ടുന്ന സംഖ്യയാണ് അഷ്ടമംഗല്യസംഖ്യ. ഇതു കൊണ്ട് വളരെയധികം ഫലങ്ങൾ പറയുവാൻ പറ്റും. വാസ്തവത്തിൽ ഈ അഷ്ടമംഗലക്രിയകൾ ഉൾപ്പെടുന്നതു കൊണ്ടാണ് സ്വർണ്ണപ്രശ്നത്തിന് അഷ്ടമംഗലപ്രശ്നം എന്ന് പേരു വന്നതുതന്നെ.
അധോമദ്ധ്യോർദ്ധ്വഭാഗേഷു വപുഷോ ദക്ഷിണാദയ:
ഇതിനെ വലതുഭാഗത്തെ സംഖ്യകൊണ്ട് ശരീരത്തിൻ്റെ അരയിൽ നിന്ന് താഴെയുള്ള ഭാഗത്തേയും ഇടതുഭാഗത്തെ സംഖ്യകൊണ്ട് കഴുത്തിൽനിന്ന് മേലെയുള്ള ഭാഗത്തേയും നടുവിലെ സംഖ്യകൊണ്ട് അതിനടിയുലുളള ഭാഗത്തേയും ഗുണദോഷങ്ങളെ അറിയണം എന്ന് വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ 100-10-1 എന്നീ ഇടതുനിന്ന് വലത്തോട്ടു പോകുന്ന 3 അക്കങ്ങൾ ക്രമേണ കുണ്ഡലിനീ പ്രവാഹത്തിൻ്റെ സോമഖണ്ഡത്തേയും സൂര്യഖണ്ഡത്തേയും അഗ്നിഖണ്ഡത്തേയും സൂചിപ്പിയ്ക്കുന്നുവെന്ന് ഇവിടെ വ്യക്തമാക്കുന്നു. ഈ ഊർദ്ധപ്രവാഹത്തിൻ്റെ മാത്രാ സംഖ്യ 108 ആകുന്നു. ഒന്ന് മനസ്സിലാക്കുക! 21600 ശ്വാസങ്ങളാണ് മനുഷ്യൻ ഒരു അഹോരാത്രം ചെയ്യുന്നത്.ഇതിൻ്റെ പകുതി പകലായി, കുണ്ഡലിനീശക്തിയുടെ ഊർദ്ധപ്രവാഹമായി എടുത്താൽ 108 എന്ന സംഖ്യ കിട്ടും. ഇവിടെ 108 കവിടികളെയാണ് ഇപ്രകാരം വിഭജിയ്ക്കേണ്ടത് എന്ന് മനസ്സിലാക്കിയാൽ ഈ ക്രിയകൊണ്ട് ഈ പ്രശ്നസംഭവത്തിൻ്റെ കുണ്ഡലിനീസ്ഥിതിയെയാണ് തമുക്ക് കിട്ടുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിയ്ക്കും.പ്രശ്നവിചാരത്തിൽ വളരെയധികം സൂക്ഷ്മഫലങ്ങൾ ഇതുകൊണ്ട് പറയേണ്ടതായിട്ടുണ്ട്.