“മാഷേ, SSLC പരീക്ഷയിൽ ഈ വർഷവും ഞങ്ങളുടെ സ്കൂളിന് 100 % വിജയമാണ്. മാഷ് പത്രത്തിൽ വായിച്ചില്ലായിരുന്നോ?”
“ആ വാർത്ത, ഞാൻ രാവിലെ തന്നെ അറിഞ്ഞൂ ലേഖേ. സ്കൂളിലെ ഹെഡ്മാസ്റ്ററെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ”
” ആങ്ങ്ഹാ , അപ്പോ രാവിലെതന്നെ പത്രം അരച്ചുകലക്കി കുടിച്ചേച്ച് ഇരിക്കുവാണല്ലേ ?”
“ഏയ് അങ്ങനെയൊന്നുമില്ലടോ, പത്രവായന ഇന്നും തുടരുന്ന എൻ്റെയൊരു പഴയകാല ശീലമാണ്. പിന്നെ ഇന്നത്തെ ദിവസത്തെ പത്യേകതയും പ്രധാനവാർത്തയും SSLC പരീക്ഷാഫലം തന്നെയായിരുന്നല്ലോ ? അപ്പോ സ്വാഭാവികമായും നമ്മുടെ നാട്ടിലെ ഏതെല്ലാം സ്കൂളുകളിൽനിന്നും എത്ര കുട്ടികൾ വിജയിച്ചുവെന്ന് നോക്കിപ്പോകും. ഒന്നുമല്ലെങ്കിലും ഞാനുമൊരു അധ്യാപകനായിരുന്ന ആളല്ലെ. അതാണ്..”
“ഓ, മാഷേ ഞാൻ വെറുതെ ചോദിച്ചതാണ്. ഇപ്പോ ഞാനിത് ചോദിച്ചില്ലെങ്കിലും മാഷിത് എന്നോട് പറയുമായിരുന്നല്ലേ ?”
” ആങ്ങ്ഹാ , അത് ശരിയാണ് കാരണം നിങ്ങളുടെ സ്കൂളിനും ഈ പരീക്ഷാഫലത്തിൽ അഭിമാനിക്കാനുള്ള വകയുണ്ടല്ലോ ?”
“കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം SSLC പരീക്ഷയെഴുതിയ കുട്ടികൾ കുറവാണ് എന്നാലും എല്ലാവരും ജയിച്ചു മാഷേ. ”
” ഇപ്പോ വിദ്ധ്യാലയങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചില്ലെ ? അതിൻ്റെ വ്യത്യാസങ്ങൾ എല്ലാ വിദ്ധ്യാലയങ്ങളിലും ദൃശ്യമാണ്. പരീക്ഷ എഴുതുന്നത് ഒരാളായാലും പത്ത് പേരായാലും, അവരുടെ വിജയത്തിൻ്റെ നല്ലൊരുപങ്കും അധ്യാപകർക്ക് അവകാശപ്പെട്ടതാണ്. ”
“അതെന്താ മാഷേ, പഠിക്കുന്നതും ഞങ്ങൾ. പരീക്ഷ എഴുതുന്നതും ഞങ്ങൾ. എന്നിട്ടും ക്രഡിറ്റ് മുഴുവൻ അധ്യാപകർക്ക്. ഇത് ന്യായമാണോ ?”
“ഇതിൽ ന്യായവും അന്യായവുമില്ല ലേഖേ, ഒരു കുഞ്ഞ് ജനിച്ച് വീഴുമ്പോൾത്തന്നെ നടക്കാറില്ലല്ലോ ? എത്രയോ നാളത്തെ പരിശ്രമം കൊണ്ടാണ് അത് സാധ്യമാകുന്നത് അതിനവരെ പരിശീലിപ്പിക്കുന്നതോ മാതാപിതാക്കളും. ഇതേ പ്രവർത്തിതന്നെയാണ് അറിവിൻ്റെ കാര്യത്തിൽ അധ്യാപകരും ചെയ്യുന്നത്. അറിവില്ലാ പൈതങ്ങൾക്ക് അറിവ് പകർന്നുനൽകി അവരെ വിധ്യാസമ്പനാരാകുവാൻ സഹായിക്കുന്നു. യഥാർത്ഥത്തിൽ നിങ്ങൾ കീഴടക്കുന്ന ഒരോ അറിവിൻ്റെ ഗോപുരങ്ങളിലേക്കും എത്തിച്ചേരുവാൻ സഹായിക്കുന്ന ചവിട്ടുപടിയാണ് അധ്യാപകർ. ‘
” മാഷേ എനിക്കെല്ലാം മനസ്സിലായി. “മാതാ പിതാ ഗുരു ദൈവം. ” എന്നാണല്ലോ പറയുന്നത് അതുകൊണ്ട് എന്നും, ഇവർ തന്നെയാവണം നമ്മുടെ കാണപ്പെട്ട ദൈവങ്ങൾ. ”