ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതിൽ രാഷ്ട്രീയപ്പാർട്ടികൾ ആശങ്കയിൽ. സുരക്ഷിതമെന്ന് പുറമേ ആശ്വസിക്കുന്നുണ്ടെങ്കിലും എല്ലാ പാർട്ടിയും പോളിങ് കുറഞ്ഞതിന്റെ കാരണംതേടി ജയസാധ്യത പരിശോധിച്ചുകൊണ്ടിരിക്കയാണ്.
പാർട്ടികൾ മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിഷനും പോളിങ് കുറഞ്ഞതിന്റെ ക്ഷീണത്തിലാണ്. കേരളമടക്കം 13 സംസ്ഥാനങ്ങളിൽ 26-നുനടക്കുന്ന രണ്ടാംഘട്ടത്തിൽ ഈ കുറവ് മറികടക്കാൻ കമ്മിഷൻ തന്ത്രങ്ങളാവിഷ്കരിക്കുന്നുണ്ട്. 102 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 65.5 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019-ലെ കണക്കുപ്രകാരം ഈ മണ്ഡലങ്ങളിൽ 69.9 ശതമാനം പോളിങ്ങുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് പോളിങ് കുറഞ്ഞതിന്റെ പ്രധാന
കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്.
കൊടുംചൂടിൽ ജനം പുറത്തിറങ്ങാതിരുന്നതാണ് കാരണമായി കരുതുന്നത്. വിട്ടുനിന്ന വോട്ടർമാരുടെ പ്രായം എത്രയെന്ന് തിരിച്ചറിയാനായിട്ടില്ല. അതുണ്ടെങ്കിൽ ആ വിഭാഗത്തെലക്ഷ്യമിട്ടുള്ള പ്രചാരണം കമ്മിഷൻ പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വലിയ താത്പര്യമില്ലാത്തതിനാലാണ് പോളിങ് കുറഞ്ഞതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുംമറ്റും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകേണ്ടതുണ്ട്. മൂന്നാംതവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ സംഘപരിവാറിന്റെ സ്ഥിരം വോട്ടുബാങ്കുകൾ ഇത്തവണ തിരഞ്ഞെടുപ്പിനെ ലാഘവത്തോടെയാകാം സമീപിച്ചതെന്ന സംശയം ബി.ജെ.പി. കേന്ദ്രങ്ങൾക്കുണ്ട്. തങ്ങൾക്കനുകൂലമായ വോട്ടർമാരും ഇങ്ങനെ ചിന്തിച്ചോയെന്ന് പ്രതിപക്ഷ കക്ഷികളും സംശയിക്കുന്നു.