Sunday, December 22, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 21) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 21) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്

പ്രിയമുള്ള കുഞ്ഞുങ്ങളേ,

എല്ലാവർക്കും സുഖമെന്ന് കരുതുന്നു. വർഷാവസാനപ്പരീക്ഷയുടെ പിരിമുറുക്കത്തിലാണ് എന്നറിയാം. പഠിച്ചതൊക്കെ ഓർമ്മിച്ചെടുക്കണം. അതു വ്യക്തമായും പരീക്ഷാക്കടലാസിൽ പകർത്തണം. ലേശം ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടെങ്കിലും എല്ലാവരും അതെല്ലാം തരണം ചെയ്തു കഴിഞ്ഞു. ഇനി വേനലവധിയാണ്. ആഹ്ലാദദിനങ്ങൾ. പക്ഷേ ഭൂമി ചൂടായ ദിവസങ്ങളാണ്. നിങ്ങളും ജീവജാലങ്ങളും ദാഹജലത്തിനു വേണ്ടി കൊതിക്കുകയാണ്. ജീവൻ്റെ എല്ലാമെല്ലാമാണ് ജലം എന്നോർക്കണം. ഒരു തുള്ളി പോലും വൃഥാ നഷ്ടമാക്കരുത്. ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം ഇക്കാര്യങ്ങൾ ഓർമ്മപ്പെടുത്തുവാനായിട്ടാണ് നാം ജലദിനാചരണം നടത്തുന്നത്.
ഇന്ന് ലോകജലദിനമാണ്. സംസ്ഥാനം കടുത്ത ചൂടിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ലോകജലദിനം എത്തുന്നത്. പലയിടത്തും ജലക്ഷാമം അനുഭവപ്പെടുമ്പോൾ ജലം അമൂല്യമാണെന്ന ഓർമപ്പെടുത്തലാണ് ഈ ദിനം നൽകുന്നത്. ‘ജല-ശുചിത്വ പ്രതിസന്ധി പരിഹരിക്കാൻ മാറ്റം.
ത്വരിതപ്പെടുത്തുന്നു എന്നതായിരുന്നു 2023 ലെ ദിനാചരണ സന്ദേശം.

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ഈ ദിനത്തിൽ നമുക്കാേരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. ലോകത്തിൻ്റെ പൊതുസ്വത്തായ വെള്ളം മലിനപ്പെടുത്താതെ സൂക്ഷിച്ചും നഷ്ടപ്പെടുത്താതെ സംരക്ഷിച്ചുമാണ് ഞാൻ ഉപയോഗിക്കുകയുള്ളു.

തുടർന്ന് കുഞ്ഞുങ്ങളേ നിങ്ങൾക്കു വേണ്ടി മാഷെഴുതിയ ഒരു കുഞ്ഞു കവിതയാണ്. അച്ഛനും അമ്മയും മക്കളും ചേർന്ന സന്തോഷമുള്ള ഒരു കുംടുംബത്തെ ഈ കവിതയിൽ കാണാം.

🐓🐓🐓🐓🐓🐓🐓🐓🐓

കവിതയുടെ പേര്

അച്ഛനും മക്കളും

കൊക്കര കൊക്കര പാടി നടന്ന്
മക്കളിതെങ്ങോട്ടാ?
ചക്കരമാവിൻ ചോട്ടിലൊരിത്തിരി
ചിക്കിച്ചികയാനാ .
അക്കരെ നിന്നു കുറുക്കൻ വന്നാൽ
മക്കള് പേടിക്യോ?
ഇക്കരെ ഞങ്ങളോടൊപ്പം നായ –
ച്ചെക്കനുമുണ്ടച്ഛാ .
ചപ്പിലയുള്ളിൽ പാമ്പുകൾ വന്നാൽ
അപ്പോഴുമെന്താകും ?
മാവിൻ കൊമ്പിൽ തൂവൽമിനുക്കണ
മയിലുകളുണ്ടച്ഛാ .
കൂർമ്പൻചുണ്ടും നഖവും കാട്ടി
പരുന്തു വന്നാലോ?
കവണയിൽ കല്ലുമെടുത്തീ വീട്ടിലെ
കുസൃതിക്കുഞ്ഞുണ്ട്
ചൊകചൊകയുള്ളൊരു പൂവുംതുള്ളി –
ച്ചകന്നു പൂങ്കോഴി
ചികചികയെന്നുചിലച്ചു നടന്നു
കോഴിക്കുഞ്ഞുങ്ങൾ ..!

***********************

മാഷിൻ്റെ കവിത ഇഷ്ടമായോ? ഇനിയൊരു കഥയാവാം. മലയാളത്തിൻ്റെ പൊന്നാനിത്തനിമ എന്നു കേട്ടിട്ടില്ലേ, ആ തറവാട്ടിൽ നിന്നുമാണ് കഥ പറയാനൊരു മാമൻ എത്തുന്നത്. – റജികുമാർ പുലാക്കാട്.
പൊന്നാനി താലൂക്കിലെ ആലങ്കോട് ഉദിനൂപറമ്പിൽ പുലാക്കാട്ട് വീട്ടിൽ അമ്മു അമ്മയുടെയും ബാലൻ നായരുടെയും മകനാണ്. കക്കിടിപ്പുറം കെ.വി.യു.പി.സ്ക്കുൾ , മൂക്കുതല ഗവ.എച്ച്. എസ്.എസ്. എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിനു ശേഷം പൊന്നാനി എം.ഇ.എസ്, അനന്തപ്പൂർ ശ്രീകൃഷ്ണദേവരായ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നതപഠനം.

ഇപ്പോൾ ആന്ധ്ര പ്രദേശിൽ ജോലി ചെയ്യുന്നു. ഭാര്യ ദീപയും മക്കൾ അക്ഷര , അദ്വൈത് എന്നിവരുമായി സന്തോഷപ്രദമായി ജീവിക്കുന്നു.
കവർട്ട് (നോവൽ), രാത്രിവണ്ടികൾ (കഥാസമാഹാരം), രക്തം സാക്ഷി (കവിത കൾ),
എന്നിവ ശ്രീ . പുലാക്കാടിൻ്റെ പ്രസിദ്ധീകരിച്ച കൃതികളാണ്.

മലയാളത്തിലെ ആനുകാലികങ്ങളിൽ എപ്പോഴും സജീവമായ ശ്രീ റജികുമാർ പുലാക്കാട് എൻ്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങിയാണ് കുട്ടികൾക്കുവേണ്ടി ഈ കഥ എഴുതിയത്. ബാലസാഹിത്യത്തിലെ കന്നിക്കഥ. മുതിർന്നവർക്കു വേണ്ടി ധാരാളം കാമ്പുറ്റ രചനകൾ മെനയുന്ന റജികുമാർ ബാലസാഹിത്യത്തിലും കൃതഹസ്തനായിത്തീരുമെന്ന് ആദ്യകഥ തന്നെ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ ഒരു നിമിത്തമായതിൽ ഞാൻ അഭിമാനിക്കുകയാണ്.
റജികുമാർ പുലാക്കാടിൻ്റെ കഥ
🌟🌟🌟🌟🌟🌟🌟🌟🌟

💥💥💥💥💥💥💥💥💥
കാശിക്കു പോയ പൂശാരിക്കുരങ്ങൻ
*************************************************

അത്യാർത്തിക്കാരനായ പൂശാരിക്കുരങ്ങന് കാശിയിലേക്ക് പോകാൻ ആശതോന്നി. കാശിയിൽ പോയി ശിവനെ പ്രാർത്ഥിച്ചാൽ ധാരാളം കാശും സമ്പത്തും കിട്ടും എന്ന് ആർത്തിക്കാരനായ പൂശാരിക്കുരങ്ങനോട് കൂട്ടുകാരനായ കിട്ടൻ കുറുക്കൻ പറഞ്ഞ് പറ്റിച്ചതാണ്.
കാശിക്കു പുറപ്പെട്ട പൂശാരിക്കുരങ്ങന്റെ കൂടെ ഭാര്യയും മക്കളും സേവകനും കാശിക്കു പോകാനിറങ്ങി. ഇടതിങ്ങിയ മരങ്ങളും വള്ളിപ്പടർപ്പുകളും ക്രൂര ജന്തുക്കളുമുള്ള കാട്ടിലൂടെ കുറെ നടന്നപ്പോൾ പൂശാരിക്കുരങ്ങന്റെ മകൻ പപ്പുക്കുരങ്ങന് നല്ല ദാഹം തോന്നി. അവനത് അച്ഛനോടു പറഞ്ഞു. ചുറ്റുപാടും നിരീക്ഷിച്ച പൂശാരിക്കുരങ്ങൻ അവസാനം കാട്ടിലൂടെ താഴേക്ക് ഒഴുകിപ്പോകുന്ന ഒരു കൊച്ചരുവി കണ്ടു.
സന്തോഷത്തോടെ അരുവിയിലേക്ക് വെള്ളം കുടിക്കാനായി നടന്ന പൂശാരിക്കുരങ്ങന്റെയും കുടുംബത്തിന്റെയും മുന്നിൽ എവിടെനിന്നോ ഒരു കാട്ടുകള്ളൻ ചാടിവീണു. അരയിൽ നിന്ന് കറുത്തു മിനുങ്ങുന്ന കത്തിയെടുത്ത് കാട്ടുകള്ളൻ അലറി :
” ആഭരണങ്ങളെല്ലാം തന്നിട്ട് പോ. ഇല്ലെങ്കിൽ കുത്തിമലർത്തി കുടലെടുക്കും ഞാൻ.”
കാട്ടുകള്ളൻ തന്റെ കറുത്ത കത്തി പൂശാരിക്കുരങ്ങന്റെ ചങ്കിൽ മുട്ടിച്ചു.
” പ്രാണനുണ്ടെങ്കിൽ ആഭരണങ്ങൾ ഇനിയും വാങ്ങാം.”പൂശാരിക്കുരങ്ങൻ ചിന്തിച്ചു. എന്നിട്ട് ഭാര്യയുടെയും മക്കളുടെയും ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം അഴിച്ച് കാട്ടുകള്ളനു കൊടുത്തു.
കാശിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തശേഷം കാട്ടുകള്ളൻ അപ്രത്യക്ഷനായി.
നേരം സന്ധ്യയായി. ഏതെങ്കിലും സത്രത്തിൽ എത്തിയാൽ വിശ്രമിക്കാമായിരുന്നു എന്നു വിചാരിച്ച് കാട്ടിലൂടെ മുന്നോട്ടു നടന്നു. അതിനിടയിൽ ശക്തമായ കാറ്റും മഴയും തുടങ്ങി. മഴ കൊള്ളാതിരിക്കാനായി അടുത്ത കുന്നിനു മുകളിൽ കണ്ട, പടർന്നു പന്തലിച്ചാെരു മരത്തിനു ചുവട്ടിൽ പൂശാരിക്കുരങ്ങനും കുടുംബവും ചൂളിപ്പിടിച്ചിരുന്നു. പെട്ടെന്ന് മഴയിൽനിന്ന് രക്ഷനേടാനായി ഒരു വമ്പൻ സിംഹവും ആ മരച്ചോട്ടിലെത്തി.
പൂശാരിക്കുരങ്ങനും ഭാര്യയും കുട്ടികളും സേവകനും വമ്പൻ സിംഹത്തെക്കണ്ട് ഭയന്നുവിറച്ചു. കാശിയാത്ര കാലപുരിക്കുള്ള യാത്രയാകുമോ ഭഗവാനേ എന്ന് സങ്കടപ്പെട്ട പൂശാരിക്കുരങ്ങനോട് ഗംഭീരമായ ശബ്ദത്തിൽ വമ്പൻ സിംഹം  പറഞ്ഞു :
“എനിക്കു വിശക്കുന്നു. നിങ്ങളിലൊരാളെത്തന്നാൽ മറ്റുള്ളവരെ വെറുതെ വിടാം.”
വമ്പൻ സിംഹത്തിന്റെ വാക്കുകേട്ട് പൂശാരിക്കുരങ്ങൻ ദീർഘമായി ആലോചിച്ചു. എന്നിട്ടു പറഞ്ഞു:
“രാജാവേ, അങ്ങയുടെ വിശപ്പടക്കാൻ ഞങ്ങളുടെ സേവകനെ എടുത്തോളൂ. ഞങ്ങൾ കാശിയിൽ തൊഴാൻ പോവുകയാണ്.”
മഴ മാറിയപ്പോൾ വമ്പൻ സിംഹം പൂശാരിക്കുരങ്ങന്റെ സേവകനെയും കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു.
രാത്രിയായി. കണ്ണിൽക്കുത്തുന്ന ഇരുട്ട്. തണുപ്പും തുടങ്ങി. കാട്ടിൽനിന്ന് നാട്ടിലേക്കിറങ്ങുന്ന വഴിയോരത്തു കണ്ട പഴയൊരു സത്രത്തിൽ രാത്രി തങ്ങാൻ അവർ തീരുമാനിച്ചു. കയ്യിൽ കരുതിയിരുന്ന കാട്ടുകിഴങ്ങുകൾ ഭക്ഷിച്ച് വിശപ്പടക്കി, പൂശാരിക്കുരങ്ങനും കുടുംബവും ഉറങ്ങാൻ കിടന്നു.
അർദ്ധരാത്രിയായിക്കാണും. ഭയങ്കരമായ അട്ടഹാസത്തോടെ ബ്രഹ്മരാക്ഷസി എന്നു പേരായ ഒരു പിശാച് പൂശാരിക്കുരങ്ങനെ തിന്നാനടുത്തു. അട്ടഹാസം കേട്ട് ഞെട്ടിയുണർന്ന പൂശാരിക്കുരങ്ങൻ പേടിച്ചു വിറച്ചു.
തന്നെ തിന്നാനായി ഗുഹ പോലുള്ള വലിയ വായ തുറന്നു നിൽക്കുന്ന ബ്രഹ്മരാക്ഷസിയോട് പൂശാരിക്കുരങ്ങൻ പറഞ്ഞു,
” എന്റെ ഭാര്യയെയും മക്കളെയും ഞാൻ നിനക്കു തരാം. മൂത്തു നരച്ച എന്റെ മാംസത്തെക്കാൾ രുചി  അവരുടെ മാംസത്തിനാണ്. ”
ജീവൻ കിട്ടിയാൽ ഇനിയും കല്യാണം കഴിക്കാം, കുട്ടികളുമുണ്ടാവും കുരങ്ങൻ ചിന്തിച്ചു.
ഇനി കാശും വേണ്ട കാശിയും വേണ്ട.
ബ്രഹ്മരാക്ഷസിക്ക് തന്റെ കുടുംബത്തെ വിട്ടുകൊടുത്ത പൂശാരിക്കുരങ്ങൻ വീട്ടിലേക്ക് തിരിച്ചുനടക്കാൻ തുടങ്ങി. പെട്ടെന്ന് കാലെടുത്തു വച്ചത് ഏതാേ ഒരു കുഴിയിലേക്കാണ്!

കട്ടിലിൽ നിന്ന് ഞെട്ടി താഴെവീണ പൂശാരിക്കുരങ്ങൻ ചുറ്റും പകച്ചുനോക്കി. തന്റെ വീട്ടിലെ കട്ടിലിൽക്കിടന്ന് സ്വപ്നം കാണുകയായിരുന്നു താനെന്ന് അപ്പോഴാണ് അവന് മനസ്സിലായത്.
പൂശാരിക്കുരങ്ങന് ലജ്ജയും കുറ്റബോധവും തോന്നി. സ്വപ്നത്തിൽ ആണെങ്കിലും  സമ്പത്തിനുവേണ്ടി സേവകനെയും ഭാര്യയെയും മക്കളെയും പോലും ഉപേക്ഷിക്കാൻ തയ്യാറായ താൻ എന്തൊരു നീചനാണ്.
അന്നുതൊട്ട് മനസ്സു മാറിയ പൂശാരിക്കുരങ്ങൻ ആർത്തിയെല്ലാം ഉപേക്ഷിച്ച് ദാനധർമ്മങ്ങൾ നടത്തി കുടുംബത്തോടൊപ്പം സുഖമായി ജീവിച്ചു.   ***********************

കഥ ഇഷ്ടമായല്ലോ. പൂശാരി ക്കുരങ്ങൻ സ്വപ്നത്തിലാണെങ്കിലും തള്ളിപ്പറഞ്ഞത് സ്വന്തം കുടുംബത്തെയാണ്. അതോർത്ത് അവന് പശ്ചാത്താപമുണ്ടായി. തെറ്റു ചെയ്താൽ പശ്ചാത്തപിച്ച് മേലിൽ അത്തരം തെറ്റുകളിൽ വീഴില്ല എന്ന നന്മ തെളിയണം മനസ്സിൽ.

ഇനി ഒരു കുഞ്ഞു കവിത. കവിത പാടി നിങ്ങളെ രസിപ്പിക്കുവാൻ എത്തിയിട്ടുള്ളത് കണ്ണൂർ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്ടുകാരനായ ശ്രീ. രാജു കാഞ്ഞിരങ്ങാടാണ് കാഞ്ഞിരങ്ങാട് തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജിൽ ജോലി ചെയ്യുന്നു.

ആനുകാലികങ്ങളിൽ എഴുതുകയും ആകാശവാണിയിൽ കഥ, കവിത തുടങ്ങിയവ അവതരിപ്പിക്കുചെയ്യുന്നു. ടി.എസ്.തിരുമുമ്പ് അവാർഡ് 2019, ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020 കർഷക തൊഴിലാളി ദേശീയസമ്മേളന സംസ്ഥാനതല കവിതാരചനാ പുരസ്കാരം, തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാളരശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ തിരുവനന്തപുരം കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019,കണ്ണൂർ ടാലൻ്റ് പുരസ്കാരം ( 2021), കേരള വാർത്താപത്രം (നീർമാതളം ) കവിത പ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം, കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാനതല കവിതാ പുരസ്കാരം (2023), ഇങ്ങനെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്,

പ്രസിദ്ധീകരിച്ച പുസ്തകൾ:-
ആസുരകാലത്തോടുള്ളവിലാപം, കാൾ മാർക്സിന് , കണിക്കൊന്ന (ബാലസാഹിത്യം )
ഒരു സ്ത്രീയും പറയാത്തത് എന്നീ കവിതാ സമാഹാരങ്ങളും മലയാളരശ്മിയിലും, അക്ഷരദീപത്തിലും ഖണ്ഡശ്ശ:യായി വന്ന ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീ.രാജു കാഞ്ഞിരങ്ങാടിൻ്റെ കവിതയാണ് താഴെ കൊടുക്കുന്നത്.

🥀🥀🥀🥀🥀🥀🥀🥀🥀🥀
+++++++++++++++++++
നെയ്യപ്പം

കുട്ടൻ്റെ കൈയീന്ന് നെയ്യപ്പം
കാക്കച്ചി കൊത്തി നെയ്യപ്പം
തട്ടിയെടുത്തൊരു നെയ്യപ്പം
മാവിൻ്റെ കൊമ്പിലു വെച്ചപ്പം
വഴുതിപ്പോയി നെയ്യപ്പം
താഴെ പോയൊരു നെയ്യപ്പം
തൊടിയിലെ മുള്ളിൽ താഴ്ന്നപ്പം
പതിരില്ലാ പഴമൊഴിയറിയില്ലേ
‘കട്ടത്ചുട്ടുപോം’ ഓർത്തോളു.
🌀🌀🌀🌀🌀🌀🌀🌀🌀🌀
രാജു കാഞ്ഞിരങ്ങാടിൻ്റെ നെയ്യപ്പക്കവിത ഇഷ്ടമായി, അല്ലേ?
നെയ്യപ്പത്തിന് നല്ല മധുരവും രുചിയും. നെയ്യപ്പം തിന്നാൽ രണ്ടുണ്ടു കാര്യം. വിശപ്പും മാറും മീശേം മിനുക്കാം എന്ന ഒരു ചൊല്ലുണ്ട്. നിങ്ങൾക്കു മീശയില്ലാത്തതിനാൽ എണ്ണ തലയിൽ തേച്ചാൽ മതി കേട്ടോ. കവിതയിലൊരു പാഠമുണ്ട്, അന്യൻ്റേതു തട്ടിയെടുത്താൽ നഷ്ടമാവും.

കവിതയ്ക്കു ശേഷമൊരു കഥയാവാം. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയും ഗുരുശ്രഷ്ഠപി.ജി.കരുണാകരൻനായരുടെയും റിട്ട. അദ്ധ്യാപിക കെ.രത്നമ്മയുടെയും മകനുമായ ശ്രീ. അനീഷ്.കെ. അയിലറ യാണ് കഥ പറയുന്നത്.
എഞ്ചിനീയർ, കവി, കലാ സാഹിത്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ, പ്രഭാഷകൻ, ട്രയിനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു..

പാലക്കാട്എൻ.എസ്.എസ്.എഞ്ചിനീയറിംഗ്   കോളേജിൽ നിന്ന്  ഇലക്ട്രിക്കൽ ആന്റ്  ഇലക്ട്രോണിക്സ്‌  എഞ്ചിനീയറിംഗിൽ ബിരുദവും,  എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന്  എം.ബി.എ ബിരുദവും നേടി.  ഇപ്പോൾ കേരളസംസ്ഥാന വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ്  എക്സിക്യൂട്ടീവ്  എഞ്ചിനീയറായ ശ്രീ. അനീഷിൻ്റെ ഭാര്യ ഡോ. ആർ.പ്രീതയാണ്.  മക്കൾ: ഡോ. അശ്വിൻ അനീഷ്, ഡോ.മഞ്ജിമ അനീഷ്.

കാക്കപ്പനകൾ (കവിത) കണ്ണാംതുമ്പി(കുട്ടിക്കവിതകൾ),  മഞ്ചാടിമണികൾ (ബാലസാഹിത്യം), പ്ലാസ്മ (ശാസ്ത്രലേഖനങ്ങൾ), നിഴലുകളുടെ വർത്തമാനം (കവിത), കളിപ്പാട്ടക്കണ്ണ് (കവിത), ദൈവത്തിലേക്കുള്ള വഴികൾ (കവിത),
സ്കൂളിൽ പോകുമ്പോൾ (ബാലസാഹിത്യം ), പുലി വരുന്നേ (കഥാ കവിതകൾ) അക്ഷരച്ചിന്ത് (കുട്ടിക്കവിതകൾ), കറൻ്റിൻ്റെ കഥ ( ശാസ്ത്രം),
ഒന്നാമനാവാൻ (ബാലസാഹിത്യം) അവലോസുണ്ട (പ്രാസ കവിതകൾ)
അപ്പൂപ്പൻ താടി (ബാലസാഹിത്യം )   ബ്യൂട്ടി പാർലർ (മിനികഥകൾ), ചക്കപ്പായസം(ബാലകഥകൾ) അച്ചു കണ്ട ഒച്ച്(ബാലസാഹിത്യം ). എന്നിവയാണ് പുസ്തങ്ങൾ.തിരുമുടി, ശ്രുതിസാന്ദ്രം എന്നീ ആൽബങ്ങൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് യൂണിയൻ സംസ്ഥാനതല കവിതാ അവാർഡ്(1991), നാളെബുക്സ് കവിതാ അവാർഡ്(1996), സംസ്കൃതിഅവാർഡ് (2001),
സഹൃദയ വേദി അവാർഡ് (2005), സമന്വയം സാഹിത്യ പുരസ്കാരം,(2013) നവയുഗം കവിതാഅവാർഡ്, (2014), ഗാനരചനയ്ക്കുള്ള നന്മ അവാർഡ് (2016), കനിവ് അവാർഡ് (2017), ടി.എം.ജെ സാഹിത്യ പുരസ്കാരം(2018), യുവ കലാസാഹിതി പുരസ്കാരം (2019), ജ്ഞാനദീപം പുരസ്‌കാരം (2020) തനിമ അവാർഡ് (2021),
സുഗതകുമാരി കവിതാ അവാർഡ് (2022)  ഗാന്ധിഭവൻ പുരസ്കാരം (2022),
യുവകലാസാഹിതിയുടെ ഉമ്മന്നൂർ കവിത അവാർഡ് (2023), എഴുത്തുകൂട്ടം കവിതാ പുരസ്കാരം (2023)എന്നിവ ലഭിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ- കലാസാംസ്കാരിക രംഗങ്ങളിൽ സജീവം.സി.കേശവൻ സ്മാരക സമിതി പ്രസിഡൻറ്, മലയാറ്റൂർ ട്രസ്റ്റ് സെക്രട്ടറി, എൻ.എസ്.എസ് പ്രതിനിധി സഭാംഗം,കൊല്ലം എഴുത്തുകൂട്ടം ജില്ലാ പ്രസിഡൻ്റ്, ജ്വാല സാംസ്കാരിക സമിതി പ്രസിഡൻ്റ്, ശാന്തികേന്ദ്രം സെക്രട്ടറി,ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ചെർമാൻ തുടങ്ങി പതിനഞ്ചോളം സാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നു.

ചാനലുകളിലും ആകാശവാണിയിലും പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.
ശ്രീ. അനീഷ്.കെ. അയിലറ എഴുതിയ കഥ.

🌺🌺🌺🌺🌺🌺🌺🌺🌺🌺

☘️☘️☘️☘️☘️☘️☘️☘️☘️☘️

സത്യത്തിൻ്റെ വിജയം.

ഇയാനും റയാനും ഇരട്ടകളാണ്. രണ്ടു പേരേയും കണ്ടാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. രൂപം ഒരുപോലെയാണെങ്കിലും സ്വഭാവത്തിൽ അവർ വളരെ വ്യത്യസ്തരാണ്. ഇയാന് സുഹൃത്തുക്കൾ കുറവായിരുന്നു. എന്നാൽ റയാന് ധാരാളം കൂട്ടുകാരുണ്ടായിരുന്നു. ഇയാനിഷ്ടം മധുരപലഹാരങ്ങളാണ്,പക്ഷേ റയാന് എരിവും പുളിയുമുള്ള ഭക്ഷണങ്ങളാണ് താല്പര്യം. ഇയാൻ നിസ്വാർത്ഥനും ഉദാരമതിയും സത്യസന്ധനുമായിരുന്നു. റയാൻ സ്വാർത്ഥനും അത്യാഗ്രഹിയും.

മധ്യവേനൽ അവധിയായി. രണ്ടു പേരും പരീക്ഷകളൊക്കെ കഴിഞ്ഞ് വീട്ടിൽ കളിയും തകർക്കലും തമ്മിൽ തല്ലുമായി കഴിയുകയാണ്. ഒരു ദിവസം അവരുടെ പിതാവ് റിയാസ് രണ്ടു പേരെയും വിളിച്ച് ചില നിർദ്ദേശങ്ങൾ കൊടുത്തു. വൈകുന്നേരം രണ്ടു പേരെയും കൂട്ടി വീടിനടുത്തുള്ള സന്മാർഗ്ഗദായിനി വായനശാലയിലേക്കു പോയി. രണ്ടു പേർക്കും അംഗത്വവും എടുത്തുകൊടുത്തു. ലൈബ്രറിയിൽ നിന്നും ഓരോരുത്തർക്കും ഒരു ദിവസം രണ്ടു പുസ്തകം വീതം എടുത്തുകൊണ്ടു വരാം.പിതാവ് രണ്ടു പേർക്കും ഒരു മത്സരം വച്ചു.

അടുത്ത ദിവസം മുതൽ ഒരു മാസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുന്നയാൾക്കു 2000 രൂപയോ ആ വിലയ്ക്കുള്ള സാധനങ്ങളോ സമ്മാനമായി നൽകും. അദ്ദേഹം ഒരു കാര്യംകൂടി പ്രത്യേകം ഓർമിപ്പിച്ചു. പുസ്തകങ്ങൾ വായിക്കുന്ന എണ്ണത്തിലല്ല കാര്യം. അത് മനസ്സിലാക്കി കുറിപ്പെഴുതുന്നതിലാണ്.വലിയ പുസ്തകങ്ങൾ വായിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നതിനു വേണ്ടി ഓരോ ദിവസവും വായിക്കുന്ന പുസ്തത്തിൻ്റെ പേരും, പേജ് നമ്പരും ഉമ്മയെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്നുകൂടി നിർദ്ദേശിച്ചു.

ഓരോ ദിവസവും ഇയാനും റയാനും 2 പുസ്തകങ്ങൾ വീതം ലൈബ്രറിയിൽ നിന്നു എടുത്തു കൊണ്ടുവന്നു.

ഇയാൻ ചിട്ടയായി പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തു. റയാൻ എടുത്തു കൊണ്ടുവന്ന പുസ്തകങ്ങൾ കൂടി വായിക്കുവാൻ ഇയാൻ സമയം കണ്ടെത്തി. റയാൻ പുസ്തകം വായിക്കുവാൻ വേണ്ടത്ര സമയം ചെലവഴിക്കുന്നതായി വാപ്പായ്ക്കു തോന്നിയില്ല.

ഒരു മാസം കഴിഞ്ഞു.രണ്ടുപേരും വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റും തയ്യാറാക്കിയ പുസ്തകക്കുറിപ്പുകളുമായി വാപ്പായുടെ മുന്നിലെത്തി. അദ്ദേഹം പുസ്തകക്കുറിപ്പുകൾ പരിശോധിച്ചു. വായിച്ച പുസ്തകങ്ങളുടെ എണ്ണത്തിലും എഴുതിയ ആസ്വാദനങ്ങളുടെ കണക്കിലും റയാനാണ് മുന്നിട്ടു നിന്നത്. അവന് ഇതെങ്ങനെ സാധിച്ചുവെന്നു റിയാസ് അത്ഭുതപ്പെട്ടു. അപ്പോഴാണ് ഉമ്മ ഒരു കാര്യം സൂചിപ്പിച്ചത്. ഇയാൻ പുസ്തകങ്ങൾ ശ്രദ്ധിച്ച് വായിച്ചപ്പോൾ റയാൻ കൂടുതൽ കുറിപ്പുകൾ തയ്യാറാക്കാനാണ് നോക്കിയത്. ഓരോ പുസ്തകത്തിലുമുള്ള വിഷയങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ ഇയാൻ കൃത്യമായ മറുപടി നൽകി.റയാന് അവയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. ന്യായവിധിയനുസരിച്ച് അദ്ദേഹം സമ്മാനം ഇയാനു നൽകി.ഒരു മാസത്തിനകം വീണ്ടും പുസ്തകങ്ങളെടുത്തു വായിച്ച് ചോദിക്കുന്ന പകുതിയിലധികമെണ്ണത്തിനും കൃത്യമായി ഉത്തരം പറഞ്ഞാൽ റയാനും സമ്മാനം കൊടുക്കാമെന്ന ഉറപ്പും പിതാവ് നൽകി.
🌟🌟🌟🌟🌟🌟🌟🌟🌟🌟

കഥ വായിച്ചില്ലേ, വായനയുടെ പ്രത്യേകതയെക്കുറി യുള്ള കഥയാണ് ‘വായിക്കേണ്ടതും അറിയേണ്ടതുമെങ്ങനെയെന്ന് ഈ കഥ വായിച്ച കൂട്ടുകാർക്ക് വ്യക്തമായി കാണുമല്ലാേ അല്ലേ?

ഇനി മറ്റൊരു ചെറിയ കവിതയാണ്. കവിതയുമാ എത്തുന്നതാരാണെന്നറിയോ?
അധ്യാപകനായിരുന്ന ഗോപാലൻ നമ്പ്യാർ സാറിൻ്റെയും ടി.എം ദേവിയുടെയും മകൻ ശ്രീ. രമേഷ്.ടി.എം. കുടുക്കിമെട്ട എന്നറിയപ്പെടുന്ന അധ്യാപകനാണ്.
1992 മുതൽ കാസറഗോഡ് ജില്ലയിലും തുടർന്ന് 2008 മുതൽ കണ്ണൂർ ജില്ലയിലും അധ്യപകനായി. ഇപ്പോൾ മട്ടന്നൂർ സബ് ജില്ലയിലെ ആയിപ്പുഴ ഗവ. യു.പി സ്കൂളിലാണ് ജോലി ചെയ്യുന്നത്.

സ്ക്കൂൾ സംബന്ധമായ വിവിധ പരിപാടികൾക്കായി – ശിശുദിനം, ലഹരി വിരുദ്ധദിനം- കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങൾ, ഷോർട്ഫിലിമിനു വേണ്ടിയുള്ള ഗാനങ്ങൾ തുടങ്ങിയവ രചിക്കുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു.

ചക്കരക്കൽ മലബാർ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്ററ്റ്യൂട്ടിൽ അധ്യാപികയായ ഭാര്യ മഞ്ജുവിനോടും മക്കൾ കീർത്തന രമേഷ്, വൈഷ്ണവ് എന്നിവരൊത്ത് കണ്ണൂർ കുടുക്കിമെട്ട മീനോത്ത് വീട്ടിൽ താമസിക്കുന്നു.

ശ്രീ. രമേഷ് കുടുക്കിമെട്ടയുടെ ഒരു കുഞ്ഞു കവിതയാണ് താഴെ.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

💦💦💦💦💦💦💦💦💦💦💦

മിന്നാമിനുങ്ങ്

കൂരിരുൾ ചുറ്റും മൂടുമ്പോൾ
കൂട്ടമായി വെട്ടം ചൊരിയുന്നു.
മിന്നാമിനുങ്ങേ ചങ്ങാതീ
മിന്നുന്നതെന്തേ ചൊല്ലാമോ ?
നിന്നെക്കാണാൻ എന്തു രസം
നീ മായല്ലേ മറയല്ലേ. സൂര്യനുദിക്കും
നേരത്തോ സൂത്രക്കാരാ നീയെവിടെ?

*****************************************

കുഞ്ഞുകവിത എത്ര രസമാണല്ലേ? മിന്നാമിനുങ്ങിനെപ്പോലെ മിന്നിപ്പാറാൻ നിങ്ങൾക്കും കൊതിയുണ്ടോ? പഠിച്ചു മിടുക്കരായാൽ ആകാശത്തുകൂടെ പാറിപ്പറക്കാം, നല്ല ജോലിയൊക്കെ കിട്ടിക്കഴിഞ്ഞാൽ. അതുപോരേ?

ഇപ്രാവശ്യത്തെ വിഭവങ്ങൾക്ക് രുചിയേറെയില്ലേ? എല്ലാം ഇഷ്ടപ്പെട്ടുവോ? ഓരോ കഥയിലും കവിതയും നിങ്ങൾക്കു വേണ്ടി ചില കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. അത് കണ്ടെത്തുമ്പോഴാണ് വായന പൂർണ്ണമാവുന്നത്.
നിങ്ങളുടെ ചങ്ങാതിമാർക്കും മുതിർന്നവർക്കുമെല്ലാം ഇവ വായിച്ചു കൊടുക്കണം. അഭിപ്രായങ്ങൾ ചോദിക്കണം. ഇനി എന്തു മാറ്റമാണ് വേണ്ടത് എന്ന് അറിയിക്കണം.

കൂടുതൽ രസകരമായ രുചിക്കൂട്ടുമായി നമുക്ക് നക്ഷത്രക്കൂടാരത്തിൻ്റെ പുതിയ ലക്കത്തിൽ കാണാം.

സ്നേഹത്താേടെ,
നിങ്ങളുടെ..

കടമക്കുടി മാഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments