Friday, November 22, 2024
Homeഅമേരിക്കഒരു വനിതാ ദിനം കൂടി ✍നിഷ എലിസബത്ത് 

ഒരു വനിതാ ദിനം കൂടി ✍നിഷ എലിസബത്ത് 

നിഷ എലിസബത്ത് 

അഞ്ചുമണി കഴിഞ്ഞപ്പോഴാണ് അമ്മ ബോധോദയം വന്നപോലെ എന്നെ ഒരു സഞ്ചിയുമായും തന്ന് ചായപ്പൊടി മേടിക്കാൻ അക്കരെ ചന്തയിലേക്ക് പറഞ്ഞു വിട്ടത്.

നാളെ രാവിലെ ചായ അനത്തണ്ടതാണ്. വീട്ടിൽ വേറേ പുരുഷപ്രജകൾ ഇല്ലാത്തതിനാലും ഇളയകുട്ടി ആയതിനാലും ഇതൊക്കെ എന്റെ ചുമതല ആണന്ന് ഒരു അലിഖിത നിയമം ഉള്ളപൊലെ.. എനിക്കും ഈ ഇടപാട് രഹസ്യമായി ഇഷ്ടമാണ് , വാങ്ങിവരണ്ടിയ കാര്യത്തിന്റെ എമർജൻസി പോലെ നാരങ്ങാമിഠായി വാങ്ങാൻ അനുവാദം ഉണ്ട്.

ഉണ്ണിച്ചന്റെ കടയിൽ സന്ധൃ ആയതിനാൽ നല്ല തിരക്കാണ്. ദിവസ കൂലിക്കാർ എല്ലാം പണികഴിഞ്ഞ് അത്താഴത്തിനുള്ള കോപ്പുകൾ വാങ്ങാൻ കൂടിനിൽപ്പുണ്ട് .

ആളുകളുടെ ഇടയിലൂടെ നൂഴ്ന്നു കയറി പെരുവിരലിൽ പൊങ്ങിനിന്ന് നൂറു ചായപ്പൊടി യും ചില്ലു ഭരണിയിലെ നാരങ്ങാമുട്ടായിയും വേണം എന്ന് ഉണ്ണിച്ചനോടു വിളിച്ചു പറഞ്ഞു .

വായുടെ ഒരു വശത്തുനിന്നു എതിർവശത്തേക്കു മുറുക്കാൻ തള്ളി മറിച്ച് ,മൂക്കു കണ്ണാടിക്കു മുകളിലൂടെ നോക്കി ഉണ്ണിച്ചൻ ചായപ്പൊടി തൂക്കി. പത്രപേപ്പർ കുമ്പിൾ ആക്കി അതിൽ ചായപ്പൊടി ഇട്ട് മുകളിൽ നിന്നു തൂങ്ങുന്ന ചാക്കുചരടുകൊണ്ടു മൂന്നാലാവർത്തി ചുറ്റി ,പിരിച്ച് ,വലിച്ചു പൊട്ടിച്ച് ബാക്കിവന്ന ചരട് ഒന്നു കൂടി പിരിച്ചു വച്ചു.

ആചെറിയ കെട്ടും രണ്ടു നാരങ്ങാമിഠായിയും കൂടി ഉണ്ണിച്ചൻ എന്റെ സഞ്ചിയിലേക്ക് ഇട്ടു. പറ്റെഎഴുതിക്കോളാൻ അമ്മ പറഞ്ഞു എന്നു ഉണ്ണിച്ചനോടു പറഞ്ഞിട്ട് കടയിൽ നിന്നു പഞ്ചായത്തു വഴിയിലേക്കു ഞാനിറങ്ങി നടന്നു.

പയ്യെ ഇരിട്ടു പരന്നിരിക്കുന്നു. വീട്ടിലേയ്ക്കുള്ള നടപ്പാത കുരിശു പള്ളിയുടെ സെമിത്തേരിയുടെ പുറകിലൂടെ ആണ്. . മാങ്ങാനാറിപ്പൂവുകൾ മണക്കുന്ന വഴിയരികിൽ ഇരുട്ടു കട്ടപിടിച്ചു തുടങ്ങി.

ഭയം പതിയെ എന്റെ വയറ്റിൽ തുമ്പികളെപോലെ ചിറകടിച്ചു , അപരിചിതരായ ഒന്നുരണ്ടു പേർ എതിരേ നടന്നുപോയി. അവർ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടോ? ശവക്കോട്ടയുടെ വശം കാണാതിരിക്കാൻ കൈകൊണ്ടു കണ്ണു മറച്ചു പിടിച്ചു, കാലുകൾക്കു ഒരുതളർച്ച.

അപ്പോഴാണ് ഒരു കാൽപെരുമാറ്റം പുറകിൽ ! പേടിച്ചു ഒന്നു തിരിഞ്ഞുനോക്കി . ഇരുട്ടിന്റെ പാട നീക്കി മേരിക്കുട്ടിയിടെ രൂപം തെളിഞ്ഞുവന്നു. മേരിക്കുട്ടി എന്റെ നാട്ടുകാരി തന്നെയാണ് പക്ഷേ എനിക്കു അവരെ പേടിയാണ് .

അധികം സംസാരിക്കില്ല.നല്ല ഉറച്ച ശരീരം ഒരു ഒറ്റമുണ്ട് അരയ്ക്കു മുകളിൽ കയറ്റി ഉടുക്കും, ബ്ലൗസും മാറിനു കുറുകെ ഒരു തോർത്തും .ഇതാണുവേഷം .പുറകിൽ ബ്ലൗസിന്റെ കഴുത്തുവെട്ടിനുള്ളിൽ ഒരു “വെട്ടരുവാ” തിരുകിവെച്ചിട്ടുണ്ടാവും , അതുകൊണ്ടു ആരെയും മേരിക്കുട്ടി വെട്ടിയതായി കേട്ടിട്ടില്ല പക്ഷേ അതവിടെ എപ്പോഴും ഉണ്ടാകും. കൈവീശി ആരെയും കൂസാതെയാണ് നടപ്പ് .

ആണും പെണ്ണും കെട്ടതാണ് എന്ന ഒരു പറച്ചിൽ നാട്ടുകാർക്കിടയിൽ അവരെപ്പറ്റി ഉണ്ട്. പക്ഷേമേരിക്കുട്ടി പ്രസവിച്ചിട്ടുണ്ട് ഒരേ ഒരുമകൾ എന്റെ രണ്ടു ക്ലാസിനു മുകളിലാണു പഠിക്കുന്നത്.

ആടുകച്ചവടം ആണ് മേരിക്കുട്ടിയുടെ പണി, ആടുകളെ മേടിച്ചു കശാപ്പു കടകളിൽ മറിച്ചു വിൽക്കും .

എന്റെ കണ്ണു കളിലെഭയം കണ്ട് മേരിക്കുട്ടി ചെറുതായി എന്നെ നോക്കി ചിരിച്ചു. ” പേടിയുണ്ടോ? എന്റെ കൂടെ നടന്നോളൂ” എന്നു മാത്രം പറഞ്ഞു. ഞാൻ മേരിക്കുട്ടിയുടെ പുറകേ ഒന്നും മിണ്ടാതെ നടന്നു. അരുവാ ബ്ലൗസിനു പുറകിൽ തന്നെ ഇരുപ്പുണ്ട് . വീടിന്റെ പടി എത്തിയപ്പോൾ അകത്തേക്ക് ഞാൻ ഒറ്റ ഓട്ടം വച്ചുകൊടുത്തു. മേരിക്കുട്ടിക്കു മനസ്സിൽ നന്ദി പറഞ്ഞു.

പിന്നീടു അമ്മയാണ് മേരിക്കുട്ടിയേപ്പറ്റി എന്നോടു പറഞ്ഞത് . ലക്ഷണം ഒത്ത ഒരു പെണ്ണു തന്നെ ആയിരുന്നത്രേ അവർ, ഭർത്താവിന്റെ അകാലത്തിലുള്ള മരണവും അയാൾ ഉണ്ടാക്കി വെച്ച കടങ്ങളും അവരുടെ ജീവിതം മാറ്റി മറിച്ചു . കടക്കാരും ചില നാട്ടുകാരും രത്രിയിൽ കതകിനു മുട്ടാൻ തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്ക് അവരെടുത്തണിഞ്ഞതാണ് ഇപ്പഴത്തെ ഈവേഷം .

ആടുകച്ചവടവും മനം മടുപ്പില്ലാതെ ഇറച്ചിവെട്ടും അവർചെയ്യും , ആടുകച്ചവടത്തിൽ മറ്റു പുരുഷ ഇടപാടുകാരുമായി തർക്കിക്കും ,ഇഷ്ടപ്പെടാത്തതു കണ്ടാൽ തെറിവിളിച്ച് ആട്ടി വിടും .

പരുക്കൻ ജീവിതത്തിനിടയിൽ വളർന്നു വരുന്ന മകളുടെ മുകളിൽ ഒരു കുടയായി അവർ മാറി

സന്ധൃകഴിഞ്ഞും രാത്രിയിലും നാട്ടു വഴിയിൽ മേരിക്കുട്ടിയെ കണ്ടാൽ അൽപം ഭയത്തോടെ കള്ളുകുടിയൻമാർവരെ മാറി നടക്കും .

വളർന്നപ്പോഴാണ് ഞാനവരെപ്പറ്റി ചിന്തിച്ചത്. . സ്വന്തം വിധിയോർത്ത് കരഞ്ഞു സമയം കളയാതെ സ്വന്തസുരക്ഷയ്ക്കും കുടുംബത്തിന്റെ സുരക്ഷയ്ക്കും വേണ്ടി മനസ്സിനു മൂർച്ച കൂട്ടി ജീവിതം കരുപ്പിടിക്കുന്ന ശക്തയായ ഒരു വനിതആയിരുന്നു അവർ.

ഒരു വനിതാദിനം കൂടി കടന്നു പോകുന്നു . പ്രിയപ്പെട്ട എല്ലാ വനിതകൾക്കും എന്റെ ഓർമ്മകളിലെ മേരിക്കുട്ടിക്കും ഹ്യദയം നിറഞ്ഞ ആശംസകൾ.

നിഷ എലിസബത്ത് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments