സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കും. നിലവില്‍ 40 പുതിയ ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതോടെ, എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനമാണ് സർക്കാർ നിറവേറ്റിയതെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, നാഷണല്‍ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുന്നത്. പുതുതായി വരാനിരിക്കുന്ന 40 ഡിസ്പെൻസറികള്‍ 35 പഞ്ചായത്തുകളിലും, 5 മുൻസിപ്പാലിറ്റികളിലുമാണ് നിർമ്മിക്കുക.