Tuesday, December 24, 2024
HomeUncategorizedകല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട –കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കഥകളി ക്ലബിന്റെ 17-ാ മത് കഥകളി മേളയുടെ ഉദ്ഘാടനം അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീവിദ്യാധി രാജ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഥകളിമേള വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വും അനുഭവവും സമ്മാനിക്കും. അവിസ്മരണീയമായ ബിംബങ്ങളും ഓര്‍മ്മകളുമാണ് അവരിലേക്ക് പതിക്കപ്പെടുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ കഥകളിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കഥകളി ക്ലബ് ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.

സംസ്‌കാരത്തിന്റെ ഭാഗമായി കഥകളിയെ കരുതുന്ന അയിരൂര്‍ക്കരയ്ക്ക് ലഭിച്ച ആദരവാണ് അയിരൂര്‍ കഥകളി ഗ്രാമം എന്ന ഔദ്യോഗിക പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി അയിരൂര്‍ കഥകളി മ്യൂസിയം, തെക്കന്‍ കലാമണ്ഡലം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.കഥകളി ഗ്രാമമെന്ന അത്യപൂര്‍വമായ അംഗീകാരം നേടിയെടുക്കാന്‍ അയിരൂരിന് സാധിച്ചത് പരിശ്രമത്തിന്റെ ഫലമായാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

കഥകളിയുള്‍പ്പെടെയുള്ള കലാരൂപങ്ങളെ അറിയാനായി വിദ്യാര്‍ഥികളില്‍ കലാവാസന വളര്‍ത്തിയെടുക്കണമെന്ന് ചടങ്ങില്‍ അതിഥിയായ ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ചടങ്ങില്‍ കഥകളി ക്ലബിന്റെ 2023ലെ നാട്യഭാരതി അവാര്‍ഡ് പ്രശസ്ത ചുട്ടികലാകാരന്‍ കരിക്കകം ത്രിവിക്രമനും അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ് കഥകളി നിരൂപകയും ഗ്രന്ഥകാരിയുമായ മിനി ബാനര്‍ജിക്കും നല്‍കി മന്ത്രി ആദരിച്ചു. തുടര്‍ന്ന് പത്താം ക്ലാസിലെ മലയാളം പാഠാവലിയിലെ പ്രലോഭനം (നളചരിതം) എന്ന പാഠഭാഗത്തെ ആസ്പദമാക്കി കഥകളി അരങ്ങേറി. ഏഴു ദിവസങ്ങളിലായി നടക്കുന്ന കഥകളി മേള ജനുവരി 14 ന് അവസാനിക്കും.

കഥകളി ക്ലബ് പ്രസിഡന്റ് വി. എന്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, കഥകളി മേള ജനറല്‍ കണ്‍വീനര്‍ ടി ആര്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments