പഞ്ചശുദ്ധികൾ
ഭാരത പര്യടനത്തിനു ശേഷം ശ്രീ നാരായണ ഗുരുദേവൻ, വർക്കലയിൽ വിശ്രമിക്കുന്ന അവസരത്തിൽ ഒരു പത്ര പ്രതിനിധി ഗുരുവുമായി നടത്തിയ അഭിമുഖ വേളയിൽ ഗുരുദേവൻ പഞ്ച ശുദ്ധികളെപ്പറ്റി സംസാരിച്ചു. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മനശുദ്ധി, കർമ്മശുദ്ധി എന്നിവയാണ് മനുഷ്യൻ ആചരിക്കേണ്ട പഞ്ചശുദ്ധികൾ എന്ന് പറയുകയുണ്ടായി. ,ആത്മീയ പഥത്തിലൂടെ ലക്ഷ്യത്തിലേക്കു നടക്കുന്ന ഏവരും അനുഷ്ഠിക്കേണ്ട ചില കർമ്മപദ്ധതികളാണിവ. ശരീരശുദ്ധി പാലിക്കാൻ ദിവസവും രണ്ടു നേരം കുളിച്ച് ശരീരം ശുദ്ധി വരുത്തണം. ശുദ്ധവസ്ത്രം ധരിക്കണം. ശരീരപരിചരണത്തിലും ആരോഗ്യ പാലനത്തിലും ശ്രദ്ധിക്കണം. എന്നാൽ നാം ശരീരമാണെന്നു ധരിക്കരുത്. മാത്രമല്ല വേഷവിധാനവും ശരീരബോധം ഉണ്ടാക്കുന്നവയായിരിക്കരുത്.
അടുത്തത് ആഹാര ശുദ്ധിയാണ്. ഇതിനെകുറിച്ച് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ “”വിൻബെർഗ്ഗ് “സസ്യാഹാര രീതി ആശാസ്യമല്ലെന്ന് തെളിയിക്കാനായി കടുവ, പുലി, മുതലായ മൃഗങ്ങൾക്കു് 30 ദിവസം അടുപ്പിച്ച് സസ്യ ഭക്ഷണം കൊടുത്തു. അപ്പോൾ അവ തികച്ചും ശാന്തരായതായി കണ്ടുവത്രെ. ഇതിനെ കുറിച്ച് ഭഗവദ്ഗീതയിൽ 16-ാം അദ്ധ്യായത്തിൽ ഭഗവാൻ പറയുന്നുണ്ട് “”യതോ അന്ന തദോ മന “ അതായത് you are, what you eat. ഗീതയിൽ പറയുന്നത് ‘’ സാത്വിക, രാജസ, താമസ സ്വഭാവമുള്ള ആഹാരത്തെ പറ്റിയാണ്. ശരീരത്തിനു വേണ്ടി മാത്രമുള്ള ആഹാരം പോരാ, ഒപ്പം അവ മനസ്സിനെ ശുദ്ധീകരിക്കുന്നതുമാകണം. സാത്വിക ആഹാരം മനസ്സിനെ സാത്വിക ചിന്തയിലേക്കു നയിക്കും. ഒന്നു മനസ്സിലാക്കുക.ആഹാരം മനസ്സിനെ സ്വാധീനിക്കുന്നുണ്ടന്നകാര്യം ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. നാം കഴിക്കുന്ന ആഹാരത്തിൻ്റെ പകുതി മല മായും കാൽഭാഗം പോഷകമായും ബാക്കി കാൽഭാഗം മനസ്സായും മാറുന്നുണ്ട്. വീട്ടിൽ സദ്വീകാരങ്ങളോടെ ഭക്ഷണം പാകം ചെയ്താൽ മാത്രമേ ആഹാരം സാത്വികമാവുകയുള്ളൂ. തൻ്റെ ഭർത്താവിൻ്റെയും കുട്ടികളുടേയും നന്മ കാംക്ഷിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അത് രുചികരവും ആരോഗ്യപ്രദവുമാകുന്നു. പാചകത്തിൽമാത്രമല്ല, ഏതു പ്രവർത്തിയിലും മനസ്സും കൂടി പ്രവർത്തിച്ചാലെ ആകർമ്മം വിജയിക്കുകയുള്ളൂ. ശാപവാക്കുകളോടെ, അല്ലെങ്കിൽ അതൃപ്തി നിറഞ്ഞ മനസ്സോടെ ഉണ്ടാക്കുന്ന ആഹാരം താമസം ആയിരിക്കും.
മൂന്നാമത്തെ വാക്ശുദ്ധിയാണ്. എന്ത് പറയണം എന്നറിയുന്നതിനോടൊപ്പം എന്തു പറയരുത് എന്നും നാം ചിന്തിക്കണം. നല്ലതിനെ പ്രകീർത്തിക്കാനും ഈശ്വരനെ സ്തുതിക്കാനുമായി നമുക്ക് തന്നിട്ടുള്ള നാവുകൊണ്ട് പരദൂഷണം, അപവാദം, നിന്ദ എന്നിവയൊക്കെ നാം ചെയ്യുന്നത് ഒഴിവാക്കുക. വാക്കുകൾ അഗ്നിയാണ് അത് പറയുന്നവനെയും കേൾക്കുന്നവനെയും ദഹിപ്പിക്കും. ഈ തത്ത്വം ഓഫീസ്സുകളിലും വീട്ടിലും മാത്രമല്ല നാം പെരുമാറുന്ന എല്ലാ മേഘലകളിലും പാലിക്കാൻ ശ്രമിക്കുക.
പഞ്ചശുദ്ധികളിൽ നാലാമത്തേത് മന:ശുദ്ധിയാണ്. മന:ശുദ്ധിയുള്ളവർക്ക് അന്യരിലെ നന്മ കാണാൻ കഴിയും. അന്യർക്ക് നന്മ ചെയ്യാൻ അവർക്കേ കഴിയൂ.അത്തരക്കാർക്ക് ടൻഷൻ ഉണ്ടാവുകയില്ല. ആരോഗ്യമുള്ള ഒരു മനസ്സിൻ്റെ ഉടമയാവുമ്പോഴും ശാന്തിയും സമാധാനവും നുകരാൻ കഴിയുമ്പോഴുമാണ് ഒരാൾ ധന്യനാവുന്നത്.
നാം ഇന്നലെ എങ്ങോ ഒരു അജ്ഞാത സ്ഥലത്തു നിന്ന് വന്നു. നാളെ എവിടേക്കോ പോകുന്നു. അതിനിടയിലുള്ള ഇന്നാണ് ജീവിതം. സ്വാമി ചിന്മയാനന്ദനോട് ഒരാൾ ദു:ഖത്തോടെ പറഞ്ഞു “ I want peace. How can I get “ അതിന് സ്വാമിജി ചിരിച്ചു കൊണ്ട് പറഞ്ഞത് “ Avoid the first two words. Then you will get the third. I എന്ന ഞാനും want എന്ന ആഗ്രഹങ്ങളും ഒഴിവാക്കുക. അപ്പോൾ സമാധാനം ലഭിക്കും.
അഞ്ചാമത്തെ കർമ്മശുദ്ധിയാണ്. ഏതു കർമ്മവും ഫലേച്ഛ കൂടാതെ സ്വധർമ്മമെന്ന വിചാരത്തോടെ ഈശ്വരാർപ്പിതമായി ചെയ്യുമ്പോൾ അത് കർമ്മയോഗമാകുന്നു.- പുണ്യകർമ്മമാകുന്നു. നല്ല മനസ്സുള്ളവനു മാത്രമേ നല്ല കർമ്മം ചെയ്യാൻ കഴിയുകയുള്ളൂ.