Saturday, November 16, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: ഉമ്പായി ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ഉമ്പായി ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

ഹിന്ദുസ്ഥാനി ഗസല്‍ എന്ന കാവ്യശാഖയെ സാധരണക്കാരുടെ ഇടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന കലാകാരനായിരുന്നു ഉമ്പായി.. പണ്ഡിതസദസുകളിലും കൊട്ടാരങ്ങളുടെ അകത്തളങ്ങളിലും മുഴങ്ങിയ ഗസലിനെ നമുക്ക് മുന്നിൽ സംഗീതമാക്കി മാറ്റി ഉമ്പായി.

കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകനായി മാറിയ ഉമ്പായിയുടെ യഥാര്‍ത്ഥ പേര് പി എ ഇബ്രാഹിം എന്നാണ്‌. ഉമ്പായിക്ക് ചെറുപ്പം മുതൽ കമ്പം സംഗീതത്തോടായിരുന്നു. എന്നാല്‍ വീട്ടില്‍ ഉമ്മയല്ലാതെ മറ്റാരും ഇത് പ്രോത്സാഹിപ്പിച്ചില്ല.

എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ഉമ്പായി തബല വായിക്കാന്‍ പഠിച്ചു. പിന്നീട് മുംബൈ നഗരത്തിലേക്ക് യാത്രയായി. അവിടെ മുജാവര്‍ അലീഖാന്റെ കീഴില്‍ സംഗീതം പഠിച്ചു. തബല വായനക്കിടയില്‍ ഉമ്പായി പാടിയ പാട്ട് കേള്‍ക്കാന്‍ ഇടയായ ഉസ്താദ് ആണ് ഉമ്പായിയിലെ ഗായകനെ കണ്ടെത്തിയത്.

ഉമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഉമ്പായി
സ്നേഹിതനായ ചലച്ചിത്ര പിന്നണി ഗായകന്‍ മെഹബൂബിന്റെ കൂടെ ഗാനമേളകളില്‍ പങ്കെടുത്തിരുന്നു. ഇതിനിടയിൽ ജീവിക്കാന്‍ വേണ്ടി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ ഇബ്രാഹിമിനു ജീവിതത്തെത്തന്നെ തിരികെ കിട്ടിയത് സംഗീതത്തിലൂടെയdരുന്നു.

ഒരിക്കല്‍ ന്യൂഡൽഹിയില്‍ ഒരു ഗാനസദസ്സില്‍ ഹിന്ദി,ഉര്‍ദു ഗാനങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ സദസ്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭാര്‍ഗവീനിലയത്തിലെ ‘താമസമെന്തേ വരുവാന്‍’ എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങിയിരുന്നു. അതിനു ശേഷമാണ് മലയാളത്തിൽ ഗസലുകള്‍ ചെയ്യാം എന്ന് ചിന്തിക്കുന്നത്.

ഉമ്പായിയുടെ ഗസല്‍ ഈണങ്ങള്‍കേട്ട് ആദ്യം പലരും നെറ്റിചുളിച്ചു. പക്ഷെ മലയാളത്തിലും കാതിന് ഇമ്പമാവുന്ന ഗസല്‍ ആവാം എന്ന് സ്വന്തം ശബ്ദത്തിലൂടെ തെളിയിച്ചോടെ ആരാധകര്‍ ആ ശബ്ദത്തെ നെഞ്ചോട് ചേർത്തു.

മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ ഒ എന്‍ വി, യൂസഫലി കേച്ചേരി, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ രചനകളുമായി ഉമ്പായിയുടെ ഗസല്‍ ആല്‍ബങ്ങള്‍ ആസ്വാദകലോകം ഏറ്റുവാങ്ങി. പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉര്‍ദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്.

മലയാളത്തില്‍ പ്രണാമം, ഗസല്‍മാല, പാടുക സൈഗാള്‍ പാടൂ, അകലെ മൌനം പോല്‍, നന്ദി പ്രിയസഖി നന്ദി, ഒരിക്കല്‍ നീ. പറഞ്ഞു, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു, മധുരമീ ഗാനം, ഹൃദയരാഗം, ഒരുമുഖം മാത്രം എന്നീ ആല്‍ബങ്ങളെല്ലാം മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നവയാണ്.

സംവിധായകൻ ജോൺ ഏബ്രഹാം ആണ് ഉമ്പായിയെ കേരളത്തിന്റെ ഗസൽ ചക്രവർത്തിയായി വിശേഷിപ്പത്. ജോണിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്.  ഉമ്പായിയുടെ ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. നിരവധി പഴയ ചലച്ചിത്രഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്..

ഗസലിന്‍റെ സുല്‍‌ത്താനെന്ന വിളിപ്പേരില്‍ അസ്വാദക മനസ്സില്‍ ഇടം നേടിയ സ്വരമാധുരി 2018 ആഗസ്റ്റ് ഒന്നിന് നമ്മോട് വിട പറഞ്ഞു.. ഹുദയത്തിലേക്ക് പെയ്തിറങ്ങിയ ആ ഗാനങ്ങൾക്ക് ഒരിക്കലും മരണമില്ല..

✍ അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments