Thursday, November 28, 2024
Homeമതംസുവിശേഷ വചസ്സുകൾ (63) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (63) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ദൈവം നൽകിയ നന്മകൾ മറന്നു പോകരുത്? (സങ്കീ.
77: 1-15)

” ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടച്ചു കളഞ്ഞിരിക്കുന്നുവോ? (വാ. 9).

ഒരു ദിവസം മനസ്സിനെ അസാധരണമായി അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നവുമായിട്ടാണ് ഈയുള്ളവൻ ജോലി കഴിഞ്ഞു ഭവനത്തിൽ മടങ്ങിവന്നത്! ഒരു പ്രത്യേക പ്രശ്നം സംബന്ധിച്ച എന്റെ പ്രാർത്ഥനയ്ക്കു ഉത്തരം വൈകുന്നതിൽ, ഞാൻ തികച്ചും അസ്വസ്ഥനായിരുന്നു. അതു സംബന്ധിച്ചു ഞാൻ ദൈവവുമായി മല്ലടിക്കുക വരെയുണ്ടായി. “ദൈവമെ, അവിടുന്ന് എന്റെ പ്രാർത്ഥനയ്ക്കു മറുപടി നൽകുവാൻ വൈകുന്നതെന്ത്?” ഞാൻ ദൈവത്തോടു ചോദിക്കുകയുണ്ടായി.

സാവകാശം ദൈവം എന്നോട് ഇടപെടുന്നതായി എനിക്കു ഉള്ളത്തിൽ തോന്നി! “നിന്റെ മേൽ ഞാൻ ചൊരിഞ്ഞിട്ടുള്ള നന്മകൾ നീ മറന്നുപോയോ? നീ പിന്നിട്ട പാതകളിലേക്കു ഒന്നു തിരിഞ്ഞു നോക്കുക? നീ അനുഭവിച്ചിട്ടുള്ള നന്മകൾ നിന്നെ അത്ഭുത സ്തബ്ദനാക്കും”, ദൈവം ശാന്തമായി എന്നോടു പറഞ്ഞു. നമ്മുടെ സമയക്രമം അനുസരിച്ചു ദൈവം പ്രവർത്തിക്കണം എന്നാണു നാം പലപ്പോഴും ശഠിക്കുക.
ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുവാനുള്ള സഹിഷ്ണത നാം പ്രകടിപ്പിക്കാറില്ല. പകരം ദൈവത്തെ കുറ്റപ്പെടുത്താനാണു നാം ശ്രമിക്കുക.

ധ്യാന ഭാഗത്തെ മുഖ്യ പ്രതിപാദ്യം, ദൈവഭക്തനായ അസാഫ്, തന്റെ കഷ്ടതയിൽ നടത്തിയ പ്രാർത്ഥനയ്ക്കു മറുപടി നൽകുവാൻ താമസിച്ചപ്പോൾ, താൻ ഉയർത്തുന്ന പരാതികളാണ്. “ദൈവം തനിക്കു മുഖം മറച്ചു” എന്നും, “തന്നോടു കരുണ കാണിപ്പാൻ മറന്നു പോയി” എന്നും താൻ ഭയപ്പെട്ടു പോയി! (വാ.9). 2 മുതൽ 10 വരെയുള്ള വാക്യങ്ങളിൽ, തന്റെ ഉള്ളിൽ തിങ്ങി വിങ്ങി വന്ന നിരാശയാണു
ആസാഫ് വെളിപ്പെടുത്തുന്നത്. സംശയത്താലും നിരാശയാലും തന്റെ മനസ്സു കലങ്ങി. എന്നാൽ, സാവകാശം തന്റെ മനസ്സിൽ ദൈവത്തിന്റെ ഇമ്പ സ്വരം വന്നുപതിച്ചു. തന്റെ ജീവിതത്തിൽ താൻ ദൈവത്തിൽ നിന്നും പ്രാപിച്ച നന്മ
കളെക്കുറിച്ചും, താൻ അനുഭവിച്ച ദൈവീക കരുതലുകളെക്കുറിച്ചും ഉള്ള മങ്ങാത്ത
ഓർമ്മകൾ, തന്റെ മനസ്സിലേക്കു തികട്ടി വന്നു.

“ദൈവമെ നിന്റെ വഴി വിശുദ്ധമാകുന്നു. നമ്മുടെ ദൈവത്തേപ്പോലെ വലിയ ദൈവം ആരുള്ളൂ” (വാ.13) എന്നു സ്വയം ചോദിപ്പാൻ ഉതകും വിധം, അവനിലെ വിശ്വാസം ശക്തിപ്പെട്ടു. ദുർബ്ബല നിമിഷങ്ങളിൽ ഏതു മനുഷ്യനും ആസാഫിനേപ്പോലെ ചിന്തിച്ചേക്കാം? സംശയിച്ചേക്കാം? എന്നാൽ, ദൈവം നമ്മെ മറന്നു കളയുന്ന ദൈവമല്ല. അവൻ തക്ക സമയത്തു തന്നെ പ്രവർത്തിക്കും എന്നു നമുക്കു ഉറപ്പായി വിശ്വസിക്കാം? ദൈവം അതിനു നമ്മെ സഹായിക്കട്ടെ?

ചിന്തയ്ക്ക്: താൽക്കാലിക പ്രതിസന്ധികൾ, അതിനു മുമ്പു നാം അനുഭവിച്ച, ദൈവീക നന്മകളെക്കുറിച്ചുള്ള ഓർമ്മകൾ കെടുത്തിക്കളയരുത്!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments