ചേര്‍ത്തല: ഉത്തര്‍പ്രദേശ് സ്വദേശികളായ ശുഭം ശ്രീവാസ്തവ (30), മുഹമ്മദ് സഹില്‍ (27) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയത്. ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
പ്രതികള്‍ ആദ്യം ചേര്‍ത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്സ് ആപ്പ് കോളിലൂടെ വെര്‍ച്ചല്‍ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി. പിന്നീട് തവണകളായി 61.40 ലക്ഷം രൂപ ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു. രണ്ട് ദിവസമെടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
വ്യാപാരിയുടെ മൊബൈല്‍ ഫോണ്‍ നമ്പർ മറ്റു സംസ്ഥാനങ്ങളിലെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
തട്ടിപ്പുകളിലൂടെ വരുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു പ്രതികള്‍. പണം നഷ്ട്ടപ്പെട്ടയാള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു.
ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡല്‍ഹി, ഉത്തര്‍പ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മാസങ്ങളോളം അന്വേഷണം നടത്തി. ഒടുവില്‍ ഉത്തര്‍പ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.