Logo Below Image
Friday, April 25, 2025
Logo Below Image
Homeകേരളംഇന്ന് മഹാശിവരാത്രി മഹോത്സവം :ക്ഷേത്രങ്ങള്‍ ഉത്സവത്തിനൊരുങ്ങി

ഇന്ന് മഹാശിവരാത്രി മഹോത്സവം :ക്ഷേത്രങ്ങള്‍ ഉത്സവത്തിനൊരുങ്ങി

ഇന്ന് മഹാശിവരാത്രി.ക്ഷേത്രങ്ങള്‍ ആഘോഷത്തിനൊരുങ്ങി . ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും . എങ്ങും ശിവ ഭക്തരുടെ തിരക്ക് . വിശേഷാല്‍ പൂജകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മണിനാദം മുഴങ്ങി .

ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. കേരളത്തില്‍ മിക്ക ശിവക്ഷേത്രങ്ങളും ഉത്സവലഹരിയിലാണ്. അമ്മമാരും മുതിര്‍ന്ന സ്‌ത്രീകളും ഇന്നലെ മുതല്‍ വ്രതം ആരംഭിച്ചു . ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഐശ്വര്യത്തിന് ശിവരാത്രി വ്രതം ഏറെ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം.

തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ പ്രധാന ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ശിവാലയ ഓട്ടത്തിന് തുടക്കം കുറിച്ചു .

കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ക്ഷേത്രങ്ങളില്‍ ഒരു രാത്രിയും പകലും കൊണ്ടും നഗ്‌നപാദരായി നടത്തുന്ന ദര്‍ശനമാണ് ശിവാലയ ഓട്ടം . തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തുപ്പന്നിക്കോട്, തിരുനട്ടാലം എന്നീ പന്ത്രണ്ട് ക്ഷേത്രങ്ങളില്‍ ഒരു ദിവസം കൊണ്ട് ഓടി ദര്‍ശനം നടത്തുന്ന ആചാരമാണിത്. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ആചാരമാണ് ഇതിന് പിന്നില്‍.

കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടം ആരംഭിച്ചു . വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം, കൈകളില്‍ വിശറിയുണ്ടാകും. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളില്‍ ഒന്നില്‍ പ്രസാദ ഭസ്‌മവും മറ്റേതില്‍ വഴിക്കാവശ്യമായ പണവും കരുതും. ഗോവിന്ദ, ഗോപാല എന്ന നാമം ഉദ്ധരിച്ച് പന്ത്രണ്ട് ക്ഷേത്രങ്ങളിലും എത്തുന്നു. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. ശിവാലയ ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രം തൃശൂലപാണിഭാവത്തില്‍ ശിവനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന കുഴിത്തുറ വെട്ടുവെന്നിയില്‍ നിന്ന് തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലെ തിരുമല ക്ഷേത്രം. അവിടെ നിന്ന് നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്‌ഠയുള്ള തിക്കുച്ചി ശിവക്ഷേത്രം. മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാംവിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം. മൂന്നാമത്തെ ക്ഷേത്രം തൃപ്പരപ്പാണ്. കോതയാറിന്‍റെ തീരത്തുള്ള തൃപ്പരപ്പ് ശിവക്ഷേത്രത്തില്‍ ദക്ഷനെ വധിച്ച വീരഭദ്ര രൂപത്തിലാണ് ശിവ പ്രതിഷ്‌ഠ.

കേരളീയ ശില്‍പ്പകലാരീതിയില്‍ നന്ദികേശ രൂപത്തില്‍ ശിവ പ്രതിഷ്‌ഠയുള്ള തിരുനന്തിക്കരയാണ് നാലാമത്തെ ക്ഷേത്രം. അഞ്ചാമത് പൊന്‍മന ശിവക്ഷേത്രം. ഇവിടുത്തെ ശിവന്‍ തീമ്പിലാധിപന്‍ എന്നാണ് അറിയപ്പെടുന്നത്. തീമ്പന് എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആ പേരുണ്ടായത്. അവിടെ നിന്ന് പന്നിപ്പാകം ക്ഷേത്രത്തില്‍ തൊഴണം.

കല്‍ക്കുളം ശിവക്ഷേത്രമാണ് ഏഴാമത്തേത്. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി സമേതനായ ശിവ പ്രതിഷ്‌ഠയും രഥോത്സവം നടക്കുന്നതുമായ ഏകക്ഷേത്രമാണിത്. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്‍റെ തലസ്ഥാനമായി കല്‍ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരമെന്ന് പേരിടുകയും ചെയ്‌തു. അവിടെ നിന്ന് കാലകാല രൂപത്തില്‍ പ്രതിഷ്‌ഠയും എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയവുമുള്ള മേലാങ്കോട് തൊഴണം. ചടയപ്പന്‍ അഥവ ജടയപ്പന്‍ പ്രതിഷ്‌ഠയുള്ള തിരുവിടൈക്കോട് ആണ് ഒന്‍പതാമത് തൊഴേണ്ടത്. ഇവിടുത്തെ നന്ദികേശന് ജീവന്‍ വച്ചതോടെയാണ് തിരുവിടൈക്കോട് എന്ന പേരുവന്നതാണെന്ന് ഐതിഹ്യം. അവിടെ നിന്ന് തിരുവിതാംകോട് ശിവക്ഷേത്രത്തിലെത്തണം. ആയ്, വേല്‍ രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണിത്.

മഹാവിഷ്‌ണുവിന്‍റെ വരാഹാവതാരവുമായി ബന്ധപ്പെട്ട തൃപ്പന്നിക്കോട് ശിവക്ഷേത്രമാണ് പതിനൊന്നാമതുള്ളത്. വരാഹത്തിന്‍റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണ് പ്രതിഷ്‌ഠ. ഒടുവില്‍ തിരുനട്ടാലം ശിവക്ഷേത്രത്തിലെത്തി ശങ്കര നാരായണ പ്രതിഷ്‌ഠയും ശിവപ്രതിഷ്‌ഠയും തൊഴുന്നതോടെ ശിവാലയ ഓട്ടക്രമം പര്യവസാനിക്കും.

ചെങ്കല്‍ ശിവക്ഷേത്രം, വൈക്കം ശിവ ക്ഷേത്രം, ഏറ്റുമാനൂരപ്പന്‍, എറണാകുളത്തപ്പന്‍, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തുടങ്ങിയ അതിപ്രശസ്‌ത ശിവക്ഷേത്രങ്ങളിലും ഇന്ന് വിശേഷാല്‍ ദിവസമാണ്. ഇതിന് പുറമെ നാട്ടിലെ ഓരോ ശിവക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും ലക്ഷദീപ കാഴ്‌ചകളും ഉത്സവങ്ങളും കെട്ടുകാഴ്‌ചയും കാണാനാകും.

ഉറക്കമൊഴിക്കലാണ് ശിവരാത്രി ആചാരത്തില്‍ പ്രധാനം. വ്രതാനുഷ്‌ഠാനങ്ങളോടെ തുടങ്ങുന്ന ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കുകയും പിറ്റേന്ന് ചന്ദ്രനെ കണ്ട ശേഷം ഉറങ്ങുകയും വേണമെന്നതാണ് ചിട്ട. പാലാഴി മഥനം ചെയ്‌തപ്പോള്‍ പുറത്ത് വന്ന കാളകൂട വിഷം ശിവന്‍ കുടിക്കുകയും അത് താഴേക്ക് പോകാതിരിക്കാന്‍ പാര്‍വതി ദേവി ശിവന്‍റെ കണ്ഠത്തില്‍ മുറുകെ പിടിക്കുകയും പുറത്തേക്ക് വീഴാതിരിക്കാന്‍ മഹാവിഷ്‌ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തെന്നും ഒടുവില്‍ വിഷം ശിവന്‍റെ കണ്ഠത്തില്‍ ഉറയ്ക്കുകയും ചെയ്‌തെന്നും അങ്ങനെ ശിവന്‍ നീലകണ്ഠനായെന്നുമാണ് വിശ്വാസം. ലോകം മുഴുവന്‍ അന്ന് ഉറങ്ങാതിരുന്ന് ശിവന്‍റെ ജീവന് കാവലിരുന്നതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ ശിവരാത്രി ദിനത്തിലെ ഉറക്കമൊഴിക്കല്‍. പിറ്റേദിവസം ഭൂമിയുറക്കവും.

ഏവര്‍ക്കും ശിവരാത്രിമഹോത്സവ ആശംസകള്‍ നേരുന്നു .

RELATED ARTICLES

1 COMMENT

Leave a Reply to Saimasankar Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ