Saturday, November 23, 2024
Homeഇന്ത്യമതസ്‌പർധ വളർത്തല്‍ ; ചാനലുകള്‍ക്ക് പിഴ, താക്കീത് ; നടപടിയുമായി എൻബിഡിഎസ്‌എ.

മതസ്‌പർധ വളർത്തല്‍ ; ചാനലുകള്‍ക്ക് പിഴ, താക്കീത് ; നടപടിയുമായി എൻബിഡിഎസ്‌എ.

ന്യൂഡൽഹി: മോദി സർക്കാരിനെയും സംഘപരിവാറിനെയും പരസ്യമായി പിന്തുണയ്‌ക്കുന്ന മൂന്ന്‌ വാർത്താചാനലുകൾ മതസ്‌പർധയും വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ന്യൂസ്‌ ബ്രോഡ്‌കാസ്റ്റിങ്‌ ആൻഡ്‌ ഡിജിറ്റൽ സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി (എൻബിഡിഎസ്‌എ) കണ്ടെത്തി. വിവാദ വാർത്താപരിപാടികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്ന്‌ മൂന്നു ദിവസത്തിനകം പിൻവലിക്കാൻ സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ്‌ എ കെ സിക്രി അധ്യക്ഷനായ അതോറിറ്റി ഉത്തരവിട്ടു. രണ്ട്‌ ചാനലുകൾക്ക്‌ പിഴയിട്ടു. ഒരു ചാനലിന്‌ താക്കീതും നൽകി.

ടൈംസ്‌ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ്‌നൗ നവ്‌ഭാരത്‌, മുകേഷ്‌ അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ്‌18ഇന്ത്യ, ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ഭാഗമായ ആജ്‌തക്ക്‌ എന്നീ ചാനലുകൾക്കെതിരെയാണ്‌ നടപടി. ടൈംസ്‌നൗ നവ്‌ഭാരത്‌ ഒരു ലക്ഷവും ന്യൂസ്‌18ഇന്ത്യ അമ്പതിനായിരവും പിഴ അടയ്‌ക്കണം. ആജ്‌തക്കിനാണ്‌ താക്കീത്‌. മൂന്ന്‌ ചാനലുകളുടെയും പരിപാടികൾ മതസ്‌പർധ സൃഷ്ടിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകൻ ഇന്ദ്രജിത്ത്‌ ഘോർപഡെ നൽകിയ പരാതിയിലാണ്‌ എൻബിഡിഎസ്‌എ നടപടി.
ടൈംസ്‌നൗ നവ്‌ഭാരതിലെ ഹിമാൻഷു ദീക്ഷിത്‌ എന്ന അവതാരകൻ വാർത്താപരിപാടിക്കിടെ വ്യത്യസ്‌ത മതവിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹങ്ങളെ ‘ലൗജിഹാദാ’യി ചിത്രീകരിച്ചത്‌ മതസ്‌പർധ സൃഷ്ടിക്കലായി എൻബിഡിഎസ്‌എ കണ്ടെത്തി. ന്യൂസ്‌18 ഇന്ത്യയിലെ അമൻ ചോപ്ര അവതാരകനായുള്ള രണ്ട്‌ പരിപാടിയും അമീഷ്‌ ദേവ്‌ഗൺ അവതാരകനായ ഒരു പരിപാടിയും മതവിദ്വേഷം പടർത്തുന്നതാണ്‌. ശ്രദ്ധ വാക്കർ കൊലപാതകത്തെ ഈ അവതാരകർ ലൗജിഹാദായി ചിത്രീകരിച്ചു.

രാമനവമി ഘട്ടത്തിലെ സംഘർഷങ്ങളെ പൊതുവിൽ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന്‌ ആജ്‌തക്കിന്റെ സുധീർ ചൗധുരി പൊതുവിൽ സാമാന്യവൽക്കരിച്ചതാണ്‌ എൻബിഡിഎസ്‌എ നടപടിക്ക്‌ കാരണമായത്‌. മൂന്ന്‌ ചാനലുകളുടെയും വാർത്താപരിപാടികൾ നിഷ്‌പക്ഷത, വസ്‌തുനിഷ്‌ഠത, കൃത്യത, സമഭാവന എന്നിവ സംബന്ധിച്ച മാധ്യമ നൈതികതയുടെയും പ്രക്ഷേപണ ചട്ടങ്ങളുടെയും ലംഘനമായും എൻബിഡിഎസ്‌എ കണ്ടെത്തി.

RELATED ARTICLES

Most Popular

Recent Comments