Thursday, December 26, 2024
Homeഇന്ത്യഉത്തരാഖണ്ഡ് ഏകസിവിൽ കോഡ്: ഏകതയും സമത്വവുമില്ല.

ഉത്തരാഖണ്ഡ് ഏകസിവിൽ കോഡ്: ഏകതയും സമത്വവുമില്ല.

ഉത്തരാഖണ്ഡ് നിയമസഭ ഏകവ്യക്തിനിയമം (യുയുസിസി) സംബന്ധിച്ച ബിൽ അംഗീകരിച്ചിരിക്കുന്നു. ഏകവ്യക്തിനിയമം ‘ആവശ്യമോ അഭിലഷണീയമോ അല്ല’ എന്ന്‌ ജസ്‌റ്റിസ്‌ എസ്‌ ബി ചൗഹാൻ തലവനായുള്ള 21–-ാമത്‌ നിയമകമീഷൻ പറഞ്ഞത്‌ ആവർത്തിച്ച്‌ തെളിയിക്കുന്നതാണ്‌ നിർദിഷ്‌ട നിയമത്തിലെ വ്യവസ്ഥകൾ. ഇതിലുള്ള നിർദേശങ്ങൾ പലതും കേവലം പിഴവായി കാണാൻ ആകില്ല, അറു പിന്തിരിപ്പനും നിലവിലുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നതുമാണ്. അതേസമയം മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാഖ്, ഹലാല തുടങ്ങിയ ആചാരങ്ങൾ നിരോധിച്ചത്‌ മാത്രം എടുത്തുകാട്ടി നിയമത്തിന്റെ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ക്രൂരവുമായ സ്വഭാവം മറച്ചുവയ്‌ക്കാനാണ്‌ ബിജെപി വക്താക്കൾ ശ്രമിക്കുന്നത്‌. പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ ലൈംഗിക അവകാശങ്ങളെ ആക്രമിക്കുന്നതും സദാചാര പൊലീസിങ്ങിനുള്ള നിയമപരമായ അനുവാദം നൽകുന്നതുമാണിത്‌. കുറ്റവൽക്കരിക്കപ്പെട്ട ഏകവ്യക്തിനിയമം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതിനെതിരെ കോടതിയിൽ അപ്പീൽ പോകുന്നതിന് മതിയായ കാരണങ്ങളുണ്ട്.

“ഇന്ത്യയിൽ പൗരന്മാർക്ക്‌ ഒരു ഏക നിയമം ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കും” എന്ന്‌ ഇന്ത്യൻ ഭരണഘടന നിർദേശക തത്വവിഭാഗത്തിൽ പറയുന്നുണ്ട്‌. ഇവിടെ ഭരണകൂടം എന്നത് കേന്ദ്രസർക്കാരിനെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു നിയമം ആദ്യം നടപ്പിലാക്കാൻ ഒരു സംസ്ഥാന സർക്കാരിന് അവകാശമുണ്ടോ എന്നത് സംശയമാണ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കും ബാധകമായ ഒരു നിയമം ഇന്ത്യയിലുണ്ടാകണമെന്നാണ് ഏകവ്യക്തിനിയമത്തെ പിന്തുണയ്ക്കുന്നവരുടെ അടിസ്ഥാന വാദം. ‘ഒരു വീട്ടിൽ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് മറ്റൊരു നിയമവുമുണ്ടെങ്കിൽ ആ കുടുംബത്തിന്, ഭരണം നടത്താൻ കഴിയുമോ’ എന്നാണ്‌ ഇതുസംബന്ധിച്ച്‌ മുമ്പ്‌ പ്രധാനമന്ത്രി ചോദിച്ചത്‌. അപ്പോൾ രാജ്യം എങ്ങനെയാണ് ഇരട്ട സംവിധാനത്തിൽ ഓടുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. “അദ്ദേഹം മുസ്ലിം വ്യക്തിനിയമത്തെ പരാമർശിച്ചാണ്‌ അത്‌ പറഞ്ഞത്‌. എന്നാൽ, ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്‌ ആ സംസ്ഥാനത്തിന് മാത്രം ബാധകമായ ഒരു നിയമനിർമാണം നടത്തി, സ്വയം ഒരു “ഇരട്ട സംവിധാനം” സ്ഥാപിച്ചു. ഓരോ സംസ്ഥാനവും സ്വന്തം വ്യക്തിനിയമമാണ്‌ നിർമിക്കുന്നതെങ്കിൽ ഏകത എവിടെയാകും.

ഉത്തരാഖണ്ഡിലെ ഗോത്ര സമുദായങ്ങളെ ഈ നിയമത്തിൽനിന്ന്‌ ഒഴിവാക്കിയപ്പോൾത്തന്നെ അതിന്റെ ഏകത നഷ്‌ടമായി കഴിഞ്ഞു എന്നതാണ്‌ മറ്റൊരു വശം. ഏകത എന്നാൽ സമത്വമല്ലെന്ന് ഞങ്ങൾ ആവർത്തിച്ച് പറയുന്നു. ഉത്തരാഖണ്ഡിലെ നിയമം ഏകമാനമോ ജനാധിപത്യപരമോ അല്ലെന്ന്‌ വ്യക്തം.

നിലവിലുള്ള സമ്പ്രദായങ്ങളിലും അവകാശങ്ങളിലും നേരിട്ട് ഇടപെടുന്ന ഒരു നിയമം പാസാക്കുന്നതിന് മുമ്പ് കൂടിയാലോചനയും ചർച്ചയും സംവാദവും ആവശ്യമാണ്. കരടിനായി കമ്മിറ്റിക്ക് 60,000-ലധികംപേർ അഭിപ്രായങ്ങൾ നൽകിയിട്ടുണ്ടെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. അങ്ങനെയായിരിക്കാം. എന്നാൽ ഇത് കരടിനായിരുന്നു. ആലോചനയുടെ രണ്ടാംഘട്ടം കരടിൽ തന്നെ ആയിരിക്കണം. കരട്, പ്രതിപക്ഷ പ്രതിനിധികളും ഉൾപ്പെടുന്ന സഭയുടെ പ്രസക്തമായ കമ്മിറ്റിക്ക് അയക്കേണ്ടത് നടപടിക്രമമാണ്. എന്നാൽ 192 പേജുള്ള കരട് പഠിക്കാൻ സമയം നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിട്ടും അത് തള്ളപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അത് പാസാക്കാനായിരുന്നു തിടുക്കം.

നിയമം ഉത്തരാഖണ്ഡിലെ താമസക്കാർക്ക് ബാധകമാണെന്ന് ആദ്യ വകുപ്പ്‌ പറയുന്നു. നിർവചനങ്ങളുടെ പട്ടികയിൽ “റസിഡന്റ്‌’എന്നത് സംസ്ഥാനത്ത് സ്ഥിരതാമസക്കാരായവരെ മാത്രമല്ല, സംസ്ഥാനത്ത് ഒരു വർഷം മാത്രം താമസിക്കുന്നവരെയും സ്ഥലംമാറ്റം ചെയ്യപ്പെട്ട കേന്ദ്ര സർക്കാർ ജീവനക്കാരെയുംപോലും ഉൾക്കൊള്ളുന്ന വിശാലമായ അർഥത്തിലാണ് നിർവചിച്ചിരിക്കുന്നത്. ചുരുക്കത്തിൽ ഉത്തരാഖണ്ഡിന് പുറത്ത് താമസിക്കുന്നവർക്കുകൂടി നിയമം ബാധകമാക്കി.

വിവാഹ രജിസ്ട്രേഷൻ നിയമം നിർബന്ധിതമാക്കുന്നുണ്ട്‌. ഉപേക്ഷിക്കപ്പെടുകയോ വിവാഹം നിഷേധിക്കുകയോ ചെയ്യുന്ന സ്‌ത്രീകളെ സംരക്ഷിക്കാനാണിതെന്നാണ്‌ പറയുന്നത്‌. എന്നാൽ സ്ത്രീയുടെ താൽപ്പര്യമല്ല, മറിച്ച് ഒരു വിവാഹത്തെ അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം സർക്കാരിന് നൽകുക എന്നതാണ് ഉദ്ദേശ്യമെന്ന്‌ വ്യക്തം. സബ് രജിസ്ട്രാർക്ക് ഒരു വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നതിനുള്ള അവകാശം ഇത്‌ നൽകുന്നു. അപ്പീൽ അധികാരി രജിസ്ട്രാർ ജനറലാണ്, അദ്ദേഹത്തിന്റെ തീരുമാനം അന്തിമവും. ചുരുക്കത്തിൽ ദമ്പതികൾക്ക്‌ അവരുടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ സർക്കാർ ജീവനക്കാരുടെ കാരുണ്യം വേണ്ടിവരുമെന്നർഥം. ഒരു മിശ്ര വിവാഹമാണെന്ന് കരുതുക. ഉദ്യോഗസ്ഥന് അതിൽ ഇടപെടാനും അവരുടെ ജീവിതം ദുസ്സഹമാക്കാനും അവസരം ഈ നിയമം നൽകുന്നു. കൂടാതെ, രജിസ്‌ട്രാറുടെ തീരുമാനം അന്തിമമാണെന്നതിലുടെ എന്താണ് അർഥമാക്കുന്നത്. ദമ്പതികൾക്ക് കോടതിയിൽ പോകാൻ കഴിയില്ലെന്നോ. നിയമത്തിൽ പക്ഷേ, അത് വ്യക്തമാക്കുന്നില്ല. കൂടാതെ, രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ദമ്പതികളുടെ എല്ലാ സ്വകാര്യ വിവരങ്ങളും രജിസ്റ്ററിൽ ഏത് വ്യക്തിക്കും പരിശോധിക്കാം. ഇത് സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമാണ്.

നിർബന്ധിത രജിസ്ട്രേഷന്‌ മുൻകാല പ്രാബല്യവുമുണ്ട്‌. 2010-ന് മുമ്പ് വിവാഹിതരായവരെയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രജിസ്റ്റർ ചെയ്തില്ലെങ്കിൽ, 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ അടയ്‌ക്കണം. കുറ്റം തെളിഞ്ഞാൽ മൂന്ന് മാസത്തെ തടവുമുണ്ട്‌. ഒപ്പം 1955ലെ ഹിന്ദു വിവാഹനിയമം എല്ലാ വിഭാഗങ്ങളിലും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ചില സമുദായങ്ങളിൽ, ബന്ധത്തിലുള്ള സഹോദരങ്ങൾക്ക്‌ വിവാഹം കഴിക്കാം, ഇത് ഒരു ആചാരവും ഉപയോഗവുമാണ്. ഉത്തരാഖണ്ഡ് നിയമത്തിൽ ഇത് നിരോധിച്ചിരിക്കുന്നു.

വിവാഹമോചന വിഷയത്തിൽ ഇടപെടാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കോഡ് അധികാരം നൽകുന്നു. വിവാഹമോചനം അല്ലെങ്കിൽ വിവാഹം റദ്ദാക്കൽ എന്നിവയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇവിടെയും സർക്കാർ നിയമിച്ച ഉദ്യോഗസ്ഥർക്ക് വിവാഹമോചനം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുന്നതുവരെ വിവാഹമോചന നടപടികളൊന്നും ആരംഭിക്കാനാകില്ലെന്ന ഹിന്ദുവിവാഹ നിയമത്തിലെ യുക്തിയില്ലാത്ത നിയന്ത്രണം നിലനിർത്തുന്നു. ഒരു സ്ത്രീ അക്രമകാരിയായ ഇണയെ വിവാഹം കഴിച്ചാൽ, വിവാഹമോചന നടപടികൾ ആരംഭിക്കാൻ അവൾ എന്തിന് ഒരു വർഷം കാത്തിരിക്കണം.

മുത്തലാഖ് നിയമവിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചശേഷം മുസ്ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണം) നിയമം 2019 ആണ് നിലവിലുള്ളത്‌. ഉത്തരാഖണ്ഡിലെ നിയമം ഇതിലും വെള്ളം ചേർത്തിരിക്കുകയാണ്‌. 2019 ലെ നിയമം “പ്രായപൂർത്തിയാകാത്ത കുട്ടികളുടെ’ സംരക്ഷണഅവകാശം അമ്മയ്ക്ക് നൽകുമ്പോൾ, നിർദിഷ്‌ട നിയമത്തിൽ അത്‌ അഞ്ച് വയസ്സുവരെ മാത്രമായി പരിമിതപ്പെടുത്തുന്നു.
ബഹുഭാര്യത്വം മുസ്ലിം സമുദായത്തിൽ മാത്രമല്ല മറ്റ്‌ സമുദായങ്ങളിലുമുണ്ട്‌. 1.9 ശതമാനം മുസ്ലിങ്ങളും 1.3 ശതമാനം ഹിന്ദു സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തിയതായി കുടുംബാരോഗ്യ സർവേ പറയുന്നു. കൂടുതൽ പുരുഷന്മാർക്ക്‌ ഒന്നിലധികം ഭാര്യമാരുള്ളത്‌ ഗോത്രവർഗ വിഭാഗങ്ങളിലാണ്‌ (2.4 ശതമാനം) . നിക്കാഹിന്റെ മെഹർ പോലെയുള്ള നല്ല വശങ്ങളും സ്ത്രീധനരഹിത വിവാഹത്തിനുള്ള വ്യവസ്ഥയും കോഡിൽ ഉൾപ്പെടുത്താമായിരുന്നു. എന്നാൽ, ഈ പരിഷ്കാരങ്ങളൊന്നും പരിഗണിച്ചിട്ടില്ല.

നിയമത്തിൽ ഏറ്റവും കൂടുതൽ വിമർശമുയർന്നത്‌ പങ്കാളിത്തത്തിന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളിലുള്ള മനുവാദി അധിനിവേശത്തെ സംബന്ധിച്ചാണ്‌. സഹജീവനത്തെ വിവാഹത്തിന്റെ ചട്ടക്കൂടുകളിലേക്ക്‌ ഒതുക്കാനാണ്‌ ശ്രമിക്കുന്നത്‌. ഒരുമാസത്തിലേറെ സഹജീവനത്തിൽ ഏർപ്പെടുന്നവരും അത്തരം ബന്ധത്തിലേക്ക്‌ പ്രവേശിക്കണമെന്ന്‌ ഉദ്ദേശിക്കുന്നവരും നിർബന്ധമായും രജിസ്‌റ്റർ ചെയ്യണമെന്ന്‌ നിയമം അനുശാസിക്കുന്നു. ദമ്പതികൾ വേർപിരിയാൻ തീരുമാനിക്കുകയാണെങ്കിൽ, അതും രജിസ്റ്റർ ചെയ്യണം. രജിസ്ട്രാർ ഒരു ” അന്വേഷണം” നടത്തണം. അതായത്‌ ദമ്പതികളെ അവരുടെ ബന്ധത്തെക്കുറിച്ച് “അന്വേഷിക്കുന്നതിന്” തുറന്നുകൊടുക്കുന്നു. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കണം. ദമ്പതികൾ രജിസ്റ്റർ ചെയ്യാതെ ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന്‌ കണ്ടാലും നടപടിയെടുക്കണം. പൊതു ഇടങ്ങളിൽ യുവതീയുവാക്കളെ വേട്ടയാടുന്ന റോമിയോ സ്‌ക്വാഡുകളും ആന്റീ വാലന്റൈൻ ഡേ സ്‌ക്വാഡുകളും പോലെ, ഒരുമിച്ച് താമസിക്കുന്ന യുവദമ്പതികളെ ആക്രമിക്കുന്ന ഗുണ്ടാസംഘങ്ങൾക്കും നിയമപരമായ അനുമതി ലഭിക്കുമെന്നർഥം. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്‌.

വ്യക്തിനിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശം ഉറപ്പാക്കുന്നതായി അവകാശപ്പെടുന്നു. ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ ഓഹരി ഉറപ്പാക്കുന്നതിനാൽ മുസ്ലിം സ്ത്രീകൾക്ക് നേട്ടമുണ്ടാകും. നിലവിൽ മുസ്ലിം പെൺകുട്ടികൾക്ക് അവളുടെ സഹോദരന്മാരുടെ പകുതി മാത്രമേ ലഭിക്കൂ. ഈ വ്യത്യാസം ഇല്ലാതാക്കുകയാണെന്നും ഇത് അവകാശപ്പെടുന്നു. ഈ അവകാശവാദം വഞ്ചനാപരമാണ്. സ്വത്ത് ഉടമയ്ക്ക് തന്റെ മുഴുവൻ സ്വത്തുക്കളും ഇഷ്‌ടദാനം നൽകാനുള്ള അവകാശം കോഡ് നൽകുന്നു. 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ പൂർവിക സ്വത്തിലെങ്കിലും ആൺമക്കൾക്കും പെൺമക്കൾക്കും ജന്മനാ തുല്യമായ വിഹിതം നൽകിയിരുന്നു. ഈ അർഥത്തിൽ നിർദിഷ്‌ട നിയമം സ്ത്രീകൾക്ക് ഇപ്പോൾ ഉള്ള ഒരു ഉറപ്പുള്ള വിഹിതം നഷ്ടപ്പെടുത്തും.

തികച്ചും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയുള്ള ഒരു മോശം നിയമനിർമാണമായി ഇതിനെ കാണേണ്ടിവരും. ഏകത്വത്തിന്റെയും സമത്വത്തിന്റെയും കാര്യത്തിൽ തികഞ്ഞ വഞ്ചനയാണ്. ഭരണഘടനാ വിരുദ്ധമായി വ്യക്തിബന്ധങ്ങൾക്ക് മേൽ സർക്കാരിൽ അധികാരം ഉറപ്പിക്കുന്നു. എല്ലാ സമുദായങ്ങളിലും ഭൂരിപക്ഷ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. സിപിഐ എം ഈ നിയമത്തെ എതിർക്കുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

RELATED ARTICLES

Most Popular

Recent Comments