ഹനുമാൻ സ്വാമിയുടെ ജന്മദിനത്തിൽ ആഘോഷിക്കുന്ന ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവമാണ് ഹനുമാൻ ജയന്തി.
ഈ വിശേഷദിനത്തിൽ ഹനുമാൻ പ്രതിഷ്ഠയുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും ആരാധനകളും നടത്തുന്നു.
സപ്ത ചിരഞ്ജീവികളിൽ ഒന്നായ ഹനുമാൻ സ്വാമിയുടെ ജയന്തി ദിനത്തിന്റെ പ്രത്യേകത, പൗർണമി ദിനത്തിൽ പ്രാർത്ഥനയിലൂടെ കാര്യ സാധ്യം നിമിഷനേരത്തിൽ വരമായി നൽകപ്പെടുമെന്നാണ്.
ശിവഭഗവാന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ഹനുമാൻ സ്വാമി ശ്രീരാമന്റെയും സീതാദേവിയുടെയും ഭക്തനും അഷ്ട സിദ്ധിക്കും നവവിധിക്കും പേരുകേട്ടവനാണ്. വായു പുത്രനായ ഹനുമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും, ഭക്തിയുടെയും പ്രതീകമാണ്..
ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ ക്ഷേത്രദർശനംവിശേഷപ്പെട്ടതാണെന്നും ദുഃഖ ദുരിതങ്ങൾ മാറിക്കിട്ടുമെന്നും പറയപ്പെടുന്നു. വെറ്റില മാല സമർപ്പണമാണ് ഏറ്റവും നല്ല വഴിപാടെ ന്നാണ്. ഇതിനുപിന്നിലൊരു കാരണമുണ്ട്. ശ്രീരാമചന്ദ്രന്റെ യുദ്ധവിജയം ആദ്യം അശോകവനി യിലെ സീതാദേവിയെ അറിയിക്കുന്നത് ഹനുമാൻ സ്വാമിയാണ്. ഇത്രയും നല്ലൊരു സന്തോഷവാർത്ത അറിയിച്ച സ്വാമിക്ക് എന്ത് ഉപഹാരം നൽകുമെന്ന് ഓർത്ത സീതാദേവി അവിടെയുള്ള വെറ്റില കൊടിയിൽ നിന്നും വെറ്റില ഇല ഇറുത്ത് മാലയുണ്ടാക്കി ഹനുമാൻ സ്വാമിയുടെ കഴുത്തിൽ അണിയുകയാണ്. ഇതിൽപരം സന്തോഷവും ഐശ്വര്യവും മറ്റൊന്നും ഇല്ലെന്നായിരുന്നു ഹനുമാൻ സ്വാമിക്ക്. അതുകൊണ്ടുതന്നെ വെറ്റില മാല സമർപ്പണമാണ് ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട്. ഇതിലൂടെ ഏറ്റവും നല്ല അനുഗ്രഹം കുടുംബത്തിന് ലഭിക്കുമെന്നാണ്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ വായുപുത്രൻ ആയത് കൊണ്ട് എല്ലാ തടസ്സങ്ങളിൽ നിന്നും പെട്ടെന്ന് വിമുക്തി നേടാൻ കഴിയുമെന്നാണ് വിശ്വാസം.
ഹനുമാൻ ജയന്തി ദിനത്തിൽ ശ്രീരാമജയം എന്ന് ഒരു പുസ്തകത്തിലോ, പേപ്പറിലോ (108/1008/10008) പ്രാവശ്യം എഴുതുന്നതും കൂടാതെ ഈ ദിനത്തിൽ എഴുതി തുടങ്ങുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു.
എല്ലാവർഷവും ചൈത്ര മാസത്തിലെ വെളുത്ത വാവിനുള്ള ഹനുമാൻ ജയന്തി ദിനം ശ്രീരാമചന്ദ്രനെ ഭജിക്കുന്നതും ഉത്തമമാണ്.
ഹനുമാൻ ജയന്തി ദിനത്തിലെ വ്രതാനു ഷ്ടാനം പൂർണ്ണ ഉപവാസമോ അല്ലെങ്കിൽ ഒരിക്കലോ ആണ്. വ്രതത്തിന് തലേന്നും വ്രത ദിനത്തിലും ശരീരശുദ്ധി നിർബന്ധവും, പകലുറക്കം, എണ്ണ തേച്ചുകുളി ഇവ പാടില്ലെന്നുമാണ്. ഹനുമാൻചാലിസ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും സവിശേഷമാണ്. ഹനുമാൻ ചാലിസ പ്രാരംഭ ശ്ലോകങ്ങൾ ജപിക്കുന്നതിലൂടെ ഈ ജന്മവും കഴിഞ്ഞ ജന്മവും ചെയ്ത പാപങ്ങളിൽ നിന്നും മോചനം ലഭിക്കും
എന്നുകൂടി വിശ്വാസമുണ്ട്.
ശനി ദോഷം മാറിക്കിട്ടാൻ നെയ് വിളക്ക് തെളിയിക്കുന്നതും, ശത്രു ദോഷത്തിന് വടമാലയും, സാമ്പത്തിക ദുരിതം, കട ബാധ്യതയുള്ളവർക്ക് സിന്ദൂര ചാർത്ത് നടത്തുന്നതും നല്ലതാണെന്നാണ്.
ഹനുമാൻ ജയന്തി ദിനത്തിൽ ശിവാംശമായ ഹനുമാൻ സ്വാമിക്ക് പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തിയേ ആഹാരം പാകം ചെയ്യാൻ പാടുള്ളൂ എന്നും, ഈ ഭക്ഷണം ആദ്യം പൂജാ മുറിയിൽ നെയ് വിളക്ക് തെളിയിച്ച് ഭഗവാന് സമർപ്പിക്കേണ്ടതാണ്.പിന്നെ ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചതിനു ശേഷം ഭക്ഷണം കഴിക്കാം.സർവ്വ ഐശ്വര്യമാണ് വർഷാവസാനം വരെ എന്ന് വിശ്വസിക്കപ്പെടുന്നു. കദളിപ്പഴം നിവേദ്യം ആയി സമർപ്പിക്കുന്നതും രോഗ ദുരിതങ്ങൾ തീരാൻ തുളസിമാല സമർപ്പണവും, നെയ് വിളക്ക്, സിന്ദൂരം എന്നിവ സമർപ്പിക്കുന്നതും ഉത്തമമാണ് എന്നാണ് വിശ്വാസം.
ഭക്തർ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും, ഹനുമാന്റെ ശരീരത്തിൽ പൂശിയ സിന്ദൂരത്തിൽ നിന്നും നെറ്റിയിൽ സിന്ദൂരം പൂശുന്നത് ഭാഗ്യമായി കണക്കാക്കുകയും ചെയ്യുന്നു. ഇതിന് പിന്നിലൊരു ഐതിഹ്യമുണ്ട്. സീത സിന്ദൂരം ചാർത്തിയിരുന്നത് കണ്ട് ഇതെന്തിനാണെന്ന് ചോദിച്ച ഹനുമാൻ സ്വാമിയോട് തന്റെ ഭർത്താവിന്റെ ദീർഘായുസ്സ് ഇതുറപ്പാക്കുമെന്ന് മറുപടി നൽകി. ഇതേ തുടർന്ന് രാമന്റെ അമർത്ത്യത ഉറപ്പാക്കാൻ ഹനുമാൻ തന്റെ ശരീരം മുഴുവൻ സിന്ദൂരം പുരട്ടി.
ഹിന്ദു വിശ്വാസമനുസരിച്ച് അഞ്ജനയുടെയും കേസരിയുടെയും പുത്രനായിരുന്ന ഹനുമാൻ സ്വാമി. പവൻ പുത്രൻ, ബജ്രംഗ് ബലി,
ഓം മഹാബൽ, ഓം ഉദ്ധികരൻ,
ഓം സീതാ ശോക വിനാശൻ ഇങ്ങനെ മറ്റ് പേരുകളിലും അറിയപ്പെടുന്നു. ഉത്തമ ഭക്തിയോടെ ഭജിച്ചാൽ ക്ലേശങ്ങളിൽ അകപ്പെടാതെ ഹനുമാൻ സ്വാമി കാത്തു രക്ഷിക്കുമെന്നാണ്.
ഏവർക്കും ഹനുമാൻ ജയന്തി ആശംസകൾ
മനോഹരമായ ലേഖനം ജിഷ. ആശംസകൾ

സ്നേഹം സന്തോഷം ചേച്ചി

Good
സ്നേഹം സന്തോഷം
