ലോകത്തിന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു മഹാമാരി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ 10-15 ശതമാനം സാധ്യതയുണ്ടെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. ലോകം ഇതിനെ നേരിടാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സ്വാഭാവികമായ ഒരു മഹാമാരി ഉടലെടുക്കാനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നമ്മള്‍ അതിന് തയ്യാറാണെന്ന് കരുതുന്നത് നന്നായിരിക്കും. എന്നാല്‍ ഇതുവരെ നമ്മള്‍ അങ്ങനെയായിട്ടില്ലെന്നതാണ് വാസ്തവം’, അഭിമുഖത്തില്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
പാന്‍ഡമിക് മുന്നറിയിപ്പുകളുമായും വിമര്‍ശനങ്ങളുമായും ബില്‍ ഗേറ്റ്‌സ് നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. 2015ലെ TED ടോക്കിനിടെ രാജ്യം ഒരു മാരകമായ ‘പൊട്ടിത്തെറിക്ക്’ തയ്യാറല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം. 2022ല്‍ ആഗോള ആരോഗ്യ നയത്തില്‍ സമഗ്രമായ ശുപാര്‍ശകള്‍ വാഗ്ദാനം ചെയ്ത് ‘ഹൗ ടു പ്രിവന്റ് നെക്സ്റ്റ് പാന്‍ഡമിക്’ എന്ന പേരില്‍ അദ്ദേഹം പുസ്തകം പുറത്തിറക്കുകയും ചെയ്തു. കൊവിഡിനെ നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കുണ്ടായ വീഴ്ചയുള്‍പ്പടെ ചൂണ്ടിക്കാട്ടുന്നതായിരുന്നു പുസ്തകം.