തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ഇന്ന് ചര്‍ച്ചയില്ല. ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം. എന്നാല്‍, പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാർ പറയുന്നു. 3000 രൂപയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല.
ചർച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാർ ആവശ്യപ്പെട്ടു. എന്നാല്‍, വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. ഇന്നലെ ആരോഗ്യ മന്ത്രിയുമായുള്ള മൂന്നാം വട്ട ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഓണറേറിയവും പെന്ഷന്‍ അനൂകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമായിരുന്നു സമര സമിതിയുടെ നിലപാട്.
സമരക്കാരും ആരോഗ്യമന്ത്രിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ യോഗം അവസാനിച്ചത്. എന്നാലിപ്പോൾ ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നുള്ള നിലപാടാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. അതേസമയം, വിവിധ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചുള്ള സമരത്തിന് ഇനി തങ്ങളില്ലെന്ന് സമരസമിതി വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചയില്‍ സർക്കാർ നിലപാടിനെ ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ എന്തിന് അവര്‍ക്കൊപ്പമിരുന്ന് വീണ്ടും ചര്‍ച്ച നടത്തണം എന്നാണ് സമരസമിതിയുടെ ചോദ്യം.