ഉണ്ണിമോളുടെ വാര്യേത്ത് ഓണമെത്തുന്നത് കർക്കടകം ഒന്നിനാ .കർക്കടകതലേന്ന് സ്കൂൾവിട്ടു വരുമ്പോൾ കാണണ കാഴ്ച അമ്മ പറമ്പിൽനടന്നു ദശപുഷ്പം ശേഖരിക്കുന്നതായിരിക്കും. പുസ്തക സഞ്ചി താഴെവെയ്ക്കുമ്പോഴേക്ക് ഏട്ടന് നിർദേശം കിട്ടിയിരിയ്ക്കും .
അപ്പൂ ..മലേപ്പോയി കൃഷ്ണക്രാന്തി കൊണ്ടുവാ ട്ടോ. കുട്ട്യേ ശ്രദ്ധിച്ചു കൊണ്ടോവണേ .”
കുളക്കാടൻ മലയടിവാരത്തെ ഒറ്റയടിപ്പാതയ്ക്കു ഇരുവശവും കൃഷ്ണക്രാന്തി പടർന്നുനിൽപ്പുണ്ട്. ഏട്ടനോട് എവിടെപ്പോവാൻ പറഞ്ഞാലും ‘ഡും ഡും ഡും തകരമണി , ഞാനുണ്ട് പിന്നാലെ ‘ എന്ന മട്ടിൽ വാലായി അന്യേത്തിക്കുട്ടീം ണ്ടാവും .അത്അമ്മയ്ക്കറിയാം .അതാണ് “ശ്രദ്ധിച്ചു പോണേ “എന്ന താക്കീത് .മൃതസഞ്ജീവനിക്ക് പോയ ഹനുമാൻ മേരുശൈലം മൊത്തത്തിൽ കൊണ്ടുവന്നപോലെ വലിയൊരു കെട്ട് കൃഷ്ണക്രാന്തി വേരോടെ പിഴുതു തലച്ചുമടായി വീട്ടിലേക്ക് .മലയുടെ അരികുപറ്റി പൊങ്ങിനിൽക്കുന്ന ‘ആനപ്പാറ’കുട്ടികൾക്കെന്നും ഹരമാണ്. പാറക്കു സമീപത്തായി കുന്നിവാകയുടെ ഒരു കൂറ്റൻമരവും . പാറപ്പുറമേറിയാൽ അടക്കാപുത്തൂരും കുളക്കാടും മൊത്തം കാണാമെന്നു ഏട്ടൻ വീമ്പുപറയും. നിലംവിട്ടു നിൽക്കാൻ തയ്യാറാകാത്ത പേടിത്തൊണ്ടിയായ എന്നെ പ്രലോഭിപ്പിക്കാനുള്ള തന്ത്രം .എല്ലാ വർഷവും കൃഷ്ണക്രാന്തി പറിക്കൽ എന്ന ചടങ്ങിനൊപ്പം ഏട്ടൻ ഈ പാറകയറ്റവും ഒപ്പിക്കും.ആ കുന്നിവാകയിൽ ഒരാൾ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടത്രേ .ആ വിദ്വാന്റെ പ്രേതം ഇപ്പോഴും അവിടെ കറങ്ങി നടക്കുന്നുണ്ടെന്ന് വിശ്വാസം. എന്നാൽ പകൽവേളയിൽ ആർക്കും ഈ പേടിയില്ല .ഏട്ടന് ഒട്ടുമില്ല .ചിലർ ആ പാറയിൽ അള്ളിപ്പിടിച്ചു കയറാനുള്ള ശ്രമത്തിൽ വീണുപോയിട്ടുണ്ട്. ഏട്ടൻ അതൊന്നും കാര്യമാക്കില്ല .”വീട്ടിൽ പറഞ്ഞാൽ അമ്പലക്കുളത്തിൽ നീന്തുമ്പോൾ മുക്കിക്കൊല്ലും “എന്ന ഭീഷണിയും! .കൊല്ലില്ലെന്നു അറിയാമെങ്കിലും അല്പം പേടിക്കാരിയായതുകൊണ്ട് സംഭവം രഹസ്യമാക്കി വെക്കുന്നതാണുത്തമം എന്നുവെച്ചു ഞാനുമങ്ങടങ്ങും .വലിയ തലച്ചുമടുമായി വരുന്ന ഞങ്ങളെക്കണ്ടു അമ്മ മൂക്കത്തു വിരൽ വെച്ചൊരു ചോദ്യമുണ്ട് .
“അല്ല ഇതെത്ര കർക്കടത്തിനാ ? ഞാൻ ചാവോളം വരേയ്ക്കുള്ളത് ആയീലോ ന്റെ ഉണ്ണ്യേ .”
മുന്നിൽ നിരത്തി വെച്ചിരിക്കുന്ന ദശപുഷ്പകൂട്ടിലേക്ക് ഞങ്ങളുടെ കൃഷ്ണക്രാന്തിയുംചേരും .ഇതോടൊപ്പം താളും ,അടയ്ക്കാമണിയനും ഒന്നിച്ചു വലിയൊരു മണ്ണുരുളയിൽ ചെടിച്ചട്ടിയിൽ ചെടി നടുന്നപോലെ പൂഴ്ത്തി ‘പെരേമ്പിൽ കുത്താൻ ‘ റെഡിയാക്കും .വള്ളുവനാടൻ ഗ്രാമങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ആദ്യപടിയാണിത് .മനസ്സ് മന്ത്രിക്കും ..”ദേ ഓണമിങ്ങെത്തി .”
കർക്കടകം ഒന്നിന് പുലർച്ചെ നാലുമണിക്ക് എണീറ്റ് കുളിച്ച് അച്ഛൻ തലേന്ന് ഒരുക്കിവെച്ച മൺകൂട്ട് പുരപ്പുറത്തു സമർപ്പിക്കുമ്പോൾ ഉറക്കച്ചടവോടെ ഞങ്ങൾ “പൂവേ പൊലി പൂവേ “എന്നു ആർപ്പു വിളിക്കും .ആ വിളിയിൽ ഓണക്കനവുണ്ട് ..അതിന്റെ പൊലിമയുണ്ട് .പിന്നെ കാണുന്നതും കേൾക്കുന്നതുമെല്ലാം ഓണമയം
ഓണത്തിന് ശ്രീഭഗവതിയെ കുടിവച്ച് ഐശ്വര്യം വരുത്താൻ ശീവോതി (“ശ്രീഭഗവതി “എന്നതിന്റെ തത്ഭവം)ക്കൂടൊരുക്കണം !കുങ്കുമം, അക്ഷതം (അരി, നെല്ല് ഇവയുടെ മിശ്രിതം), ചാന്ത്, കണ്മഷി,ഗ്രന്ഥം, വസ്ത്രം വാൽക്കണ്ണാടി എന്നിവയ്ക്കു പുറമേ കിണ്ടിയിൽ നിറഞ്ഞ വെള്ളവും, ദശപുഷ്പമാലയും ചേർത്തുവേണം ശീവോതിക്കൂടൊരുക്കാൻ. ദശപുഷ്പം വെറുതെയങ്ങു വച്ചാൽപോരാ. വാഴയില വാട്ടി ചീന്തിയെടുത്ത് നാരുപോലെ പിരിച്ചു ദശപുഷ്പ്പങ്ങളെ ഒരു പ്രത്യേകക്രമത്തിൽ മാലയായി യൊരുക്കണം.
ആദ്യം മൂന്നു കറുകനാമ്പ്, പിന്നെ കറുകയും ചെറൂളയും കൂടെ, ശേഷം കൃഷ്ണക്രാന്തി &പൂവാംകുരുന്നില, മോക്ഷമി( മുയൽച്ചെവി) &മുക്കുറ്റി, നെല്പന &കയ്യോന്നി, ഉഴിഞ്ഞ &തിരുതാളി, വീണ്ടും മൂന്നു കറുകനാമ്പ്.ഇനി രണ്ടറ്റവും കൂട്ടിക്കെട്ടാം.. ദശപുഷ്പമാലയുമൊരുങ്ങി!
കർക്കടകം ഒന്നിനു കുളിച്ചു തൊഴുതു വന്നോളൂ. വിളക്കുവച്ച് ദശപുഷ്പം ചൂടിവന്നാലേ ചായ കിട്ടൂ ട്ടോ.. ഒന്നാന്തി മാത്രല്ല.. കർക്കടകം മുഴുവൻ!പോരുന്നോ ദശപുഷ്പം ചൂടാൻ?