മരണത്തിൻ്റെ ഗന്ധം
“എന്താ മുത്തൂ കുറേ നേരമായല്ലോ സ്ക്രീനിലേക്ക് മിഴിച്ചു നോക്കി കൊണ്ടിരിക്കുന്നത്?” ഡോ. സന്ധ്യ ചോദിച്ചു.
“ഞാൻ പറഞ്ഞില്ലേ നന്ദകിഷോർ, …. കോൺട്രാക്ടർ …… ഇവിടെ റൂം എടുത്തിരിക്കുന്നു.”
“അതിനെന്താ മുത്തൂ. അയാൾ എന്തെങ്കിലും അസൈമെന്റിന് വന്നതായിരിക്കും.”
“അതെ, അതുതന്നെയാണ് പ്രശ്നം. അവൻ്റെ അസൈൻമെൻ്റ് നമ്മളാവാൻ പാടില്ലായികയൊന്നുമില്ലല്ലോ?”
“ഹേയ് മുത്തൂ, വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കണ്ട. നമ്മളെ തേടിയാണെങ്കിൽ ഈ ഹോട്ടലിൽ തന്നെ വന്നു മുറിയെടുക്കില്ലല്ലോ.”
“നമ്മൾ ഇവിടെയുണ്ടെന്ന് അറിയാതെയാണെങ്കിലോ ? ഈ ബീച്ചിലോ പരിസരത്തോ നമ്മൾ ഉണ്ടെന്നറിഞ്ഞ് വന്നതാണെങ്കിലോ ?”
“എങ്ങനെ അറിഞ്ഞു കാണും? ആരെങ്കിലും ഒറ്റി കൊടുക്കണ്ടേ?”
“ആരെങ്കിലും ഒറ്റിയിട്ടുണ്ടെങ്കിലോ?”
“ഹാ, അത് വിട് മുത്തൂ.” അത് പറഞ്ഞു സന്ധ്യ പിന്നിലൂടെ മുത്തുവിനെ കെട്ടിപ്പിടിച്ച് അവൻ്റെ പിൻ കഴുത്തിൽ ചുംബിച്ചു.
“ഇങ്ങനത്തെ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും സ്കോപ്പില്ല സന്ധ്യാ . ഒരു ലൂപ്പ് ഹോളും പാടില്ല. അവൻ ഒറ്റയ്ക്കാണോ കൂടെ ആരെങ്കിലുമൊക്കെ ഉണ്ടോ എന്നെല്ലാം അന്വേഷിക്കണം.” മുത്തു ഓരോ സിസിടിവി ക്യാമറാ ഫുട്ടേജ്ജുകൾ അരിച്ചുപെറുക്കി പരിശോധിക്കാൻ തുടങ്ങി.
……………..
“സന്ധ്യാ, സന്ധ്യാ ….” മുത്തു ഉറക്കെ വിളിച്ചു.
അപ്പുറത്തെ മുറിയിൽ നിന്ന് ഡോ.സന്ധ്യ ഓടിവന്നു.
“എന്താ മുത്തൂ, എന്താ ആകെ വല്ലാതെ ഇരിക്കുന്നത് ?”
“ദാ കണ്ടില്ലേ?” മുത്തു സ്ക്രീനിലേക്ക് ചൂണ്ടിക്കൊണ്ട് തുടർന്നു “ആ സിമ്മിംഗ് പൂളിന്റെ സൈഡിൽ ഇരിക്കുന്നവനില്ലേ ? അവൻ ഒരു വാടക കൊലയാളിയാണ്, എ ഷാർപ്പ് ഷൂട്ടർ. പിന്നെ , ദാ ഇവൻ ഇന്നലെ വൈകിട്ട് റൂം എടുത്തവനാ. ഒരു സ്ഫോടന വിദഗ്ധനാണ്.”
“ഇവരെയൊക്കെ മുത്തുവിന് എങ്ങനെ അറിയാം?”
“ഞങ്ങളൊക്കെ ഒരേ തൂവൽ പക്ഷികൾ അല്ലേ?” പല പ്രോജറ്റുകൾക്കിടയിലും ഇവരെയൊക്കെ കണ്ടിട്ടുണ്ട്.”
“ഇവരുടെയൊക്കെ പേരെന്താ?”
“അങ്ങനെ സ്ഥിരമായ പേര് ഒന്നുമില്ല. ഓരോ സമയത്ത് ഓരോ പേരുകൾ.”
“നമ്മൾക്ക് പോലീസിൽ അറിയിച്ചാലോ?
“വാട്ട്?” മുത്തു അന്തംവിട്ട് സന്ധ്യയെ നോക്കി.
“സോറി, ഞാൻ ഓർക്കാതെ ചോദിച്ചതാ. പക്ഷേ മുത്തൂ …… ഇവർ നമ്മളെ തേടി ആണെന്ന് ….”
“ഒരു ഉറപ്പുമില്ല സന്ധ്യാ . പക്ഷേ, ആയിക്കൂടെന്നുമില്ല. ഞാൻ ഇന്ന് രാത്രി പോകും. നാളെ രാത്രിയിലെ തിരിച്ചെത്തുകയുള്ളൂ. നീ ഇവിടെയിരുന്ന് ഇവന്മാരുടെ നീക്കങ്ങൾ നിരീക്ഷിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നെ അറിയിക്കണം. സംശയാസ്പദമായ എന്ത് കാര്യമുണ്ടെങ്കിലും അപ്പോൾ തന്നെ അറിയിക്കണം.”
“ഉം”
മുത്തു എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാമായിരുന്ന സന്ധ്യ ഒന്നും ചോദിച്ചില്ല. തൻ്റെ നെറ്റ്‌വർക്കിൽ ഉള്ള വരെ തന്റെ താമസസ്ഥലത്തു നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിൽ ചെന്നേ മുത്തു കോൺടാക്ട് ചെയ്യുമായിരുന്നുള്ളൂ. ആരും തങ്ങളുള്ള സ്ഥലം കണ്ടുപിടിക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ.
“പിന്നെ, പായ്ക്ക് ചെയ്തു വച്ചിരിക്കണം. ഷോർട്ട് നോട്ടീസിൽ ഇവിടുന്ന് മാറണ്ടി വന്നാൽ റെഡിയായിരിക്കണം.”
“ ഒഫ് കോഴ്സ്, ഞാൻ എപ്പോഴും റെഡിയാണ്. പക്ഷേ മുത്തു … ഈസ് ഇറ്റ് ദാറ്റ് സീരിയസ്? ഇത്രയും വേവലാതിപ്പെടേണ്ട കാര്യമുണ്ടോ ?”
“ഞാൻ പോയി അന്വേഷിക്കട്ടെ. അതുവരെ ഇറ്റീസ് വെരി സീരിയസ്.”
“ ഉം” ഡോ.സന്ധ്യ തലയാട്ടിക്കൊണ്ട് പറഞ്ഞു. അവളുടെ മുഖത്തും ആശങ്കകൾ ഉരുണ്ടുകൂടി.
ഇമ്മാനുവേലിന് ഇത്തരം കാര്യങ്ങളിൽ അസാമാന്യമായ എക്സ്പീരിയൻസ് ഉണ്ട്. ഇമ്മാനുവേലിന്റെ ഇൻട്യൂയിഷൻസ് എപ്പോഴും ശരിയാവാറുമുണ്ട്. ആശങ്കയോടെ സന്ധ്യ മനസ്സിൽ പറഞ്ഞു.
അവർ തങ്ങളെ തേടിയാണ് വന്നതെങ്കിൽ……. ഇനി എങ്ങോട്ട് പോകും….. എവിടെപ്പോയി ഒളിക്കും…..
എല്ലാം അവസാനിക്കുകയാണോ….
അവളുടെ മനസ്സ് സംഘർഷഭരിതമായി.
ത്രുടരും)